UPDATES

സിനിമ

ആനന്ദത്തിലെ ലൗലി മിസ് ഇനി അങ്കരാജ്യത്തെ ദമയന്തി: വിനീത കോശി/ അഭിമുഖം

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ യൂട്യൂബില്‍ താരമായ വിനീത കോശിയെന്ന പെണ്‍കുട്ടിയുടെ സിനിമയിലേക്കുളള കടന്ന് വരവ് തികച്ചും അവിചാരിതമായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ യൂട്യൂബില്‍ താരമായ വിനീത കോശിയെന്ന പെണ്‍കുട്ടിയുടെ സിനിമയിലേക്കുളള കടന്ന് വരവ് തികച്ചും അവിചാരിതമായിരുന്നു. യുവത്വത്തിന്റെ സൗഹൃദവും പ്രണയവും വരച്ചിടുന്ന ഗണേശ് രാജ് ചിത്രമായ ആനന്ദത്തിലെ ലൗലി മിസ്സായി വിനീത് ശ്രീനിവാസന്‍ കണ്ടെത്തിയ ഈ താരം സിനിമ, പ്രദര്‍ശനത്തിനെത്തിയത് മുതല്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടവും ആകര്‍ഷണവും സ്വന്തമാക്കിയിരിക്കുകയാണ്. സിംഗപ്പൂരില്‍ പീഡിയാട്രിക് കൗണ്‍സിലര്‍ കൂടിയായ ഈ നായിക ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയില്‍ നായികയാകാന്‍ തയ്യാറെടുക്കുകയാണ് വിനീത. വിനീതയുമായി അനു ചന്ദ്ര നടത്തിയ അഭിമുഖം 

അനു ചന്ദ്ര: സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷ് കൊണ്ട് തന്റെ ഉളളിലെ അഭിനേതാവിനെ പുറംലോകത്തെ കാണിച്ചകൊടുത്തയാളാണ് വിനീത. വിനീത കോശി എന്ന നായികയുടെ സിനിമയിലെക്കുളള കടന്ന് വരവ് ഇത്തരത്തില്‍ മുന്‍കൂട്ടി തയ്യാറെടുപ്പോടെയായിരുന്നോ?

വിനീത കോശി: മുഖ്യധാരാമാധ്യമങ്ങളെ തുടക്കത്തില്‍ അത്രകണ്ട് ഉപയോഗപ്പെടുത്തിയിരുന്ന ഒരാളല്ല ഞാന്‍. മുന്‍കാലങ്ങളില്‍ അവയിലെ സാധ്യതകളെ ഞാന്‍ സ്വീകരിച്ചിരുന്നത് ഒരു തമാശ രൂപേണെയായിരുന്നു. അതായത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം വളരെ രസകരമായി മാത്രം ഇത്തരത്തില്‍ ഞാന്‍ ചെയ്യുന്ന ഡബ്‌സ്മാഷ് പോലുളള പ്രൊഡക്ട്‌സുകള്‍ ഉള്‍പ്പെടുത്തുകയും അതിന് വരുന്ന മറുപടികളെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു വ്യക്തി. അതിനപ്പുറത്തേക്ക് വലിയ മോഹങ്ങളോ ലക്ഷ്യങ്ങളോ ഒന്നും അന്നുണ്ടായിട്ടില്ല. സുഹൃത്തുക്കളില്‍ നിന്ന് ആ സമയങ്ങളില്‍ ലഭിച്ചിരുന്ന ഒരു പ്രോത്സാഹനത്തിന്റെ പിന്‍ബലത്തിലാണ് യൂട്യൂബില്‍ ഇതൊക്കെ അപ്‌ലോഡ് ചെയ്ത് തുടങ്ങുന്നത്. യൂട്യൂബ് ചാനലുകളെ കുറിച്ചുളള ഇന്‍ഫമേഷന്‍സിനെ കുറിച്ചെല്ലാം അതിന് ശേഷമാണ് എനിക്കൊരു ധാരണയുണ്ടാകുന്നത്. പിന്നീട് അത്തരത്തില്‍ ശ്രമിച്ച് തുടങ്ങിയപ്പോള്‍, കൃത്യമായി പേയ്‌മെന്റ് എല്ലാം കിട്ടി തുടങ്ങിയപ്പോള്‍ അത് ഫ്‌ളറിഷ് ചെയ്യാനുളള ശ്രമമായി. ഇതിലെവിടെയും സിനിമ എന്നുളള ലക്ഷ്യമൊന്നും വന്നിട്ടില്ല എന്നുളളതാണ് സത്യം.


അനു: ആനന്ദത്തിലെ ലൗലി മിസ്സിനെ കണ്ടെത്തിയതില്‍ വിനീത് ശ്രീനിവാസന് തെറ്റു പറ്റിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇത്തരത്തില്‍ സിനിമയിലേക്ക് വലിയ ശ്രദ്ധ ചെലുത്താതിരുന്നിട്ടും എങ്ങനെയാണ് ഈ കഥാപാത്രത്തിലെത്തി ചേര്‍ന്നത്?

വിനീത: ഞാന്‍ പറഞ്ഞുവല്ലോ, ഡബ്‌സ്മാഷിലാണ് തുടങ്ങിയതെന്ന്. പിന്നീട് ഞാന്‍ യൂട്യൂബില്‍  expectations v/s reality എന്ന എന്റെ ഒരു പേ പെര്‍ഫോമെന്‍സ് ചെയ്തു. അത് വിനീതേട്ടന് ആരോ വാട്ട്‌സാപ്പില്‍ അയച്ച് കൊടുത്തിരുന്നു. അത് കണ്ടതില്‍ പിന്നെയാണ് എന്നെ വിളിക്കുന്നത്. വാസ്തവത്തില്‍ ആ കഥാപാത്രത്തെ രൂപകല്പന ചെയ്തപ്പോഴോ അല്ലെങ്കില്‍ ആ കഥാപാത്രത്തെ തുടക്കത്തില്‍ തെരഞ്ഞെടുത്തപ്പോഴൊന്നും വിനീത എന്ന പറയുന്ന പേഴ്‌സണ്‍ അതിലെവിടേയും ഇല്ലായിരുന്നു. ആ കഥാപാത്രം വേറെ ആരോ ആണ് ചെയ്യാനിരുന്നത്. ലാസ്റ്റ് മിനിട്ടിലാണ് അവര്‍ എന്തോ സാഹചര്യം കൊണ്ട് പിന്മാറുന്നതും പെട്ടന്നുളള ആവശ്യത്തിനായി വിനീതേട്ടന്‍ എന്നെ സജസ്റ്റ് ചെയ്യുന്നതും. ആ സമയത്ത് ഞാന്‍ സിംഗപ്പൂരില്‍ ആയിരുന്നു. ഞാന്‍ നാട്ടിലെത്തുന്നതിന്റെ പിറ്റേ ദിവസമാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. എനിക്കവിടെ നിന്ന് നാലു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യം മതിയായതിനാല്‍ വലിയ പ്രതിസന്ധി ഒന്നുമില്ലായിരുന്നു ഇവിടെയെത്താന്‍.

അനു: പൊതുവില്‍ നമ്മുടെ ജനങ്ങളുടെ കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും സിനിമ എന്ന മാധ്യമത്തില്‍ പൂര്‍ണമായ ഒരു വിശ്വാസം നിലനില്‍ക്കാറില്ല. ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ തന്നെ അതിനെ അനുകൂലിച്ച് കൊണ്ട് സമ്മതം നല്കാന്‍ വീട്ടുക്കാര്‍ തയ്യാറായോ?

വിനീത: സിനിമ എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രാവര്‍ത്തികതലത്തില്‍ വരുമ്പോള്‍ ആശങ്കയുണ്ടാകും അവര്‍ക്ക്. പിന്നെ വിനീതേട്ടനാണ് വിളിച്ചതെന്നതറിഞ്ഞപ്പോള്‍ ഒന്നും പറഞ്ഞില്ല. കാരണം വിനീതേട്ടന്റെ പേര് ഒരു ചിത്രത്തിന്റെ പ്രധാന മേഖലയില്‍/ രംഗത്ത് ഉണ്ട് എന്നത് മാത്രം മതി ഏതൊരു സിനിമാ പ്രേക്ഷകരേയും ആസ്വാദകരെയും സംബന്ധിച്ച് പ്രതീക്ഷ നല്‍കാന്‍. അത് കൊണ്ട് തന്നെ എന്നോട് ചെയ്യാന്‍ പറഞ്ഞു. ആനന്ദം സിനിമയുടെ ഷൂട്ടിങ് കഴിയുന്നത് വരെ അവര്‍ ന്യൂട്രല്‍ എന്ന് പറയുന്ന അവസ്ഥയിലായിരുന്നു. പക്ഷെ സിനിമ റിലീസ് ചെയ്ത് പ്രേക്ഷകരില്‍ നിന്നുളള പ്രതികരണത്തില്‍ അവര്‍ കൂടുതല്‍ എക്സസൈറ്റഡ് ആയി.

അനു: സിനിമാ ഇന്‍ഡസ്ട്രി എന്നു പറയുമ്പോള്‍ ഒരു സ്വത്വപ്രശ്‌നം നേരിടേണ്ട അവസ്ഥ വരുന്നില്ലേ? ഒരു തരത്തില്‍ പറഞ്ഞാല്‍ അരക്ഷിതത്വം?

വിനീത: സ്വത്വപ്രശ്‌നമെന്ന് പറയുമ്പോള്‍ പലയിടങ്ങളിലും ജെന്‍ഡര്‍ ബെയ്‌സില്‍ നമുക്ക് മാനസികമായി പല പ്രതിസന്ധികളും ഉണ്ടാകാറുണ്ട്. പക്ഷെ സിനിമയില്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. രണ്ട് സിനിമയേ ചെയ്തിട്ടുളളൂ എങ്കില്‍ കൂടിയും സെയ്ഫ് ഇന്‍ഡസ്ട്രി ആണെന്നാണ് തോന്നിയിട്ടുളളത്. കാരണം നമുക്കൊപ്പം എപ്പോഴും പേരന്റ്‌സ് ഉണ്ടായിരിക്കും, നമ്മളെ ചുറ്റിപ്പറ്റി എപ്പോഴും ആളുകള്‍ ഉണ്ടായിരിക്കും. ആ ഒരു സൗകര്യത്തെ എപ്പോഴും ഉപയോഗപ്പെടുത്തിയാല്‍ still we are safe. മറ്റൊരു ജോലിയിലും ഈ ഒരു സൗകര്യം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. നമ്മളെപ്പോഴും ഒബ്‌സര്‍വിങ് ആണെന്ന് തന്നെ പറയാം.

അനു: എപ്പോഴും കളിയും ചിരിയും നിറഞ്ഞ വിനീതയില്‍ നിന്ന് അല്‍പ സ്വല്‍പ്പം ഗൗരവം നിറഞ്ഞ ഭാവപ്പകര്‍ച്ചകളുമായി ലൗലി മിസ്സിലേക്കെത്തുന്നു, ആ ഒരു അനുഭവം എങ്ങനെയായിരുന്നു?

വിനീത: ശരിക്കും ഭയങ്കര പക്വതയുളള, എങ്ങനെയാ പറയുക; ഹൈലി മെച്ച്വേഡ് എന്നൊക്കെ പറയാവുന്ന ഒരു തരം കഥാപാത്രമായിരുന്നു അത്. ഒരു ഓഡീഷന്‍ പോലും വെക്കാതെയാണ് വിനീതേട്ടന്‍ എന്നെ അതിലെത്തിക്കുന്നത്. അത് കൊണ്ട് തന്നെ മാക്‌സിമം കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ മുഴുവന്‍ സമയവും സാരിയൊക്കെ ധരിച്ച് നടക്കുന്ന ഒരു കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ലൊക്കേഷനിലൊക്കെ മറ്റുളളവര് അടിച്ചു പൊളിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നും. കാരണം ഈ സാരിയൊക്കെ ആയത് കൊണ്ട് അടങ്ങിയിരിക്കേണ്ട അവസ്ഥയാണ്. പിന്നെ ഹമ്പിയിലൊക്കെ പോയപ്പോ, അവിടത്തെ 40 ഡിഗ്രി ചൂടില്‍ സാരി ശരിക്കും ഒരു ബുദ്ധിമുട്ടായി. എന്നാലും മൊത്തത്തില്‍ ആനന്ദത്തിലെ ആ കൂട്ടായ്മയെ ഞങ്ങള്‍ എല്ലാവരും മാക്‌സിമം ആസ്വദിച്ചിരുന്നു.


അനു: ലൗലി മിസ്സില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് എബിയിലെ ക്ലാര. അതിലേക്കെത്തുന്നതും അതിനായുളള മുന്നൊരുക്കങ്ങളും എങ്ങനെയായിരുന്നു?

വിനീത: എബിയുടെ സംവിധായകന്‍ ശ്രീകാന്ത് മുരളിയാണ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. കേരളത്തിലെ വീട്ടമ്മമാര്‍ക്ക് സ്വതസിദ്ധമായ ചില പ്രതികരണ ഭാവങ്ങളുണ്ട്. നമ്മുടെ അമ്മമാര്‍ പലപ്പോഴായി നമ്മളോട് പ്രതികരിച്ചിട്ടുളള ചില രീതികള്‍. അത്തരം ചില അമ്മ പ്രതികരണങ്ങള്‍ കോര്‍ത്തിണക്കി ഞാന്‍ ചെയ്ത how mother’s react എന്ന വീഡിയോ കണ്ടിട്ടാണ് വിളിക്കുന്നത്. പക്ഷേ തുടക്കത്തിലെ സുധീര്‍ കരമനയെ പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോഴേ കൈമുതലായുളള ധൈര്യം ചോര്‍ന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥ. ആദ്യമേ തന്നെ ഇത് ചെയ്യില്ലെന്നാണ് പറഞ്ഞത്. പിന്നെ ഇടുക്കിയിലെ ഒരു വീട്ടമ്മയുടെ അതും അസുഖബാധിതയായ വീട്ടമ്മയുടെ ബോഡി ലാംഗ്വേജ് എന്നതൊക്കെ ഭയങ്കര ടെന്‍ഷനായിരുന്നു. ബാക്കി അവരെല്ലാം കൂടി തന്ന സപ്പോര്‍ട്ടും പിന്നെ ശ്രീകാന്ത് സാര്‍ കഥ അത്ര മാത്രം വിശദീകരിച്ച് പറയുകയും ചെയ്തപ്പൊ സ്വാഭാവികമായും കഥാപാത്രത്തോട് തോന്നിയ അടുപ്പത്തിലാണ് ചെയ്യുന്നത്.

അനു: സുധീര്‍ കരമനയോടൊത്തുളള അഭിനയം? 

വിനീത: അദ്ദേഹം ചെയ്തിരുന്ന ബേബിച്ചനെന്ന കഥാപാത്രത്തിന്റെ ഭാര്യയായ ക്ലാരയായാണ് ഞാന്‍ അഭിനയിച്ചത്. അദ്ദേഹത്തില്‍ നിന്നൊക്കെ കുറേ പഠിക്കാനുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരും. 100-ലധികം സിനിമകള്‍ ചെയ്ത അദ്ദേഹത്തിന്റെ അഭിനയാനുഭവങ്ങളില്‍ നിന്ന് അദ്ദേഹം കണ്ട് പഠിച്ചതായ, അതായത് ഒരു ക്യാമറക്ക് മുമ്പിലെ പ്രകടനങ്ങളെ കുറിച്ചെല്ലാം വ്യക്തമായി പറഞ്ഞു തരും. അത് കൊണ്ട് തന്നെ കംഫര്‍ട്ട് ആയിരുന്നു. പിന്നെ നല്ലൊരു പ്രൊഫഷണല്‍ ആക്റ്റര്‍ കൂടിയാണ് അദ്ദേഹം.

അനു: വിദ്യാഭ്യാസ കാലഘട്ടത്തില്‍ അഭിനയത്തില്‍ കഴിവ് തെളിയിച്ചിരുന്നോ?

വിനീത: സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നു എന്നെ ഉളളൂ. ആ കാലമൊക്കെ അങ്ങനെയങ്ങ് പോയി. പിന്നെ സിംഗപ്പൂരില്‍ പീഡിയാട്രിക് കൗണ്‍സിലറായി ജോലി ചെയ്തു. ഇപ്പോള്‍ നിര്‍ത്തി. ഇനി… മുമ്പോട്ടെങ്ങനെ പോകുന്നു എന്ന് നോക്കാം.

അനു: ഇനി വരാനിരിക്കുന്ന അങ്കരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയെ കുറിച്ചെന്ത് പറയുന്നു?

വിനീത: ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ല ഒരു കോമഡി ഫിലിമായിരിക്കും. ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്റെ സുഹൃത്തും നവാഗത സംവിധായകനുമായ പ്രവീണ്‍ നാരായണനാണ്. ഞാനിതില്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ദമയന്തി. അദ്ദേഹം ഈ സിനിമയുടെ കഥ പറയുമ്പോള്‍ നല്ലൊരു എന്റര്‍ടെയ്‌മെന്റ് മൂവിയായിട്ടാണ് എനിക്ക് ഫീല്‍ ചെയ്തത്. അതായത് വെറുതെ ഒരു ഹ്യൂമര്‍ സൃഷ്ടിക്കാനുളള ശ്രമമല്ല ഇതിലുളളത് എന്ന് മനസ്സിലാക്കിയത് കൊണ്ടു തന്നെ ഇത് കൊച്ചു കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരെയും രസിപ്പിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

അനു: അപ്പോള്‍ നല്ലൊരു വഴിത്തിരിവ് തന്നെയാകും ഇതിലെ കഥാപാത്രമെന്ന് പറയാം?

വിനീത: പ്രയോഗത്തില്‍ വരുമ്പോള്‍ അപ്പോഴത്തെ സാഹചര്യം എന്തായിരിക്കുമെന്നത് എനിക്കറിയില്ല. എന്നാലും കഥ കേട്ടത് മുതല്‍ക്ക് ഒരുപാട് പ്രതീക്ഷ തരുന്ന കഥാപാത്രമാണിത്. പിന്നെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോ ഇപ്പോള്‍ കൂടുതലായൊന്നും പുറത്ത് വിടാന്‍ പറ്റില്ല. പിന്നെ പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, നല്ലവന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ അനില്‍ മാത്യു ആണ് ഇതിന്റെ നിര്‍മ്മാതാവ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോര്‍ജ്ജി ജോസഫ് ആണ്. എഡിററിംഗ് നിര്‍വ്വഹിക്കുന്നത് ജിത്ത് ജോഷി. ഒരുപാട് പ്രതീക്ഷകളോടെ തന്നെയാണ് ഞാനീ സിനിമയെ സമീപിക്കുന്നത്. ഇത് വരെ ചെയ്യാത്ത, എബിയില്‍ നിന്നും ആനന്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ട് തന്നെയായിരിക്കും ഞാനിതില്‍ വരിക.

അനു: മൂന്ന് സിനിമകളും നവാഗതരായ സംവിധായകരുടേത്. ആശങ്കയില്ലേ ഒട്ടും?

വിനീത: അത് യാദൃശ്ചികമായി സംഭവിച്ച് പോണതാണ്. പിന്നെ മറ്റൊരു രസകരമായ കാര്യം എന്താണെന്നു വെച്ചാല്‍ ഞാന്‍ സാന്നിധ്യമറിയിച്ച രണ്ട് സിനിമകളും ‘A’ ലെറ്ററില്‍ പേര് തുടങ്ങുന്നതാണ്. ഇപ്പോഴിതാ ഈ സിനിമയും. അപ്പൊ പറഞ്ഞ കാര്യത്തിലേക്ക് വരാം, ഞാന്‍ സ്‌ക്രിപ്‌ററ് ആണ് പ്രധാനമായും ശ്രദ്ധിക്കാറ്. പിന്നെ സിനിമയില്‍ ആര്‍ക്കും ആരെയും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. കാരണം ആരുടെ പടമാണ് നാളെ വിജയിക്കുക, പരാജയപ്പെടുക എന്നൊന്നും പറയാന്‍ പറ്റില്ല. അതിന് പുതിയ സംവിധായകര്‍, പഴയ സംവിധായകര്‍ എന്നൊന്നും ഇല്ല. സ്‌ക്രിപ്‌ററ് നന്നായി കേള്‍ക്കുക, ഇഷ്ടപ്പെട്ടാല്‍ സെലക്‌ററ് ചെയ്യുക. ഇതാണ് ഞാന്‍ ഫോളോ ചെയ്യുന്നത്. പിന്നെ ഇനിയിപ്പൊ അങ്കരാജ്യത്തെ ജിമ്മന്മാരില്‍ പ്രവീണ്‍ എന്ന് പറയുന്ന സംവിധായകനിലെ കഴിവിലും ഞാനെന്റെ വിശ്വാസമര്‍പ്പിക്കുന്നു.

അനു: എല്ലാ അവസരങ്ങളും വന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. നമ്മുടെ സമൂഹത്തിന് പലപ്പോഴും അറിയാത്തതും ഇത്തരത്തിലുള്ള ഉപയോഗപ്പെടുത്തലുകളല്ലേ?

വിനീത: എനിക്ക് തോന്നുന്നു സൊസൈറ്റി എപ്പോഴും പെണ്‍കുട്ടികളെ ഒക്കെ വല്ലാതെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി വെച്ചിരിക്കുകയാണ്. അതിന്റെ ആവശ്യമൊന്നുമില്ല. പേടിച്ച് മാറ്റി നിര്‍ത്തണ്ട. പേടി കൊണ്ട് ഒരു കാര്യവുമില്ല. എല്ലാത്തിനെയും പോസിററീവായിട്ടെടുക്കുക. എല്ലാത്തിന്റെയും പോസിററീവ് വശങ്ങള്‍ മനസ്സിലാക്കുക. എവിടെയും നമ്മള്‍ സേഫ് അല്ല. അപ്പൊ അതിനോടൊക്കെ പോരാടി അതിജീവിച്ച് നമ്മുടെ സ്പേസ് ഉണ്ടാക്കി എടുക്കുക. എല്ലാത്തിലും പോസിററീവ് നിലപാട് കൈകൊളളുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍