UPDATES

വീഡിയോ

ചെയര്‍മാന്‍ കാവോയ്ക്ക് കീഴിലെ ‘അമേരിക്കൻ ഫാക്റ്ററി’; ഒരു ചൈനക്കാരന്‍ നടത്തുന്ന ഫാക്ടറിയെക്കുറിച്ച് ബരാക് ഒബാമയും മിഷേലും നിര്‍മ്മിക്കുന്ന ആദ്യ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍

തന്റെ തന്നെ പിതാവിനെ, കുടുംബത്തെയാണ് ആ തൊഴിലാളികളില്‍ കണ്ടത് എന്നാണ് ചിത്രം കണ്ട മിഷേല്‍ ഒബാമ പ്രതികരിച്ചത്

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും നേതൃത്വത്തില്‍ ഉള്ള ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ച ‘അമേരിക്കൻ ഫാക്ടറി’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്ന് (ഓഗസ്റ്റ് 21) നെറ്റ്ഫ്ലിക്സില്‍. ആഗോളവൽക്കരണത്തിന്റെ തിരിച്ചടികള്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയ വെല്ലുവിളികളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഓസ്കാര്‍ നോമിനേഷന്‍ നേടിയിട്ടുള്ള സ്റ്റീവൻ ബോഗ്നറുടെയും ജൂലിയ റീചെർട്ടിന്റെയും സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് ട്രക്ക്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ തുടർച്ചയാണ് അമേരിക്കൻ ഫാക്ടറി.

അമേരിക്കന്‍ നഗരമായ ഓഹിയോയിലെ വ്യവസായാനന്തര കാലഘട്ടത്തിലേക്ക് ഒരു എത്തിനോട്ടമാണ് ചിത്രമെന്നാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തെ കുറിച്ച് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് പൂട്ടിപോയ ഒരു കമ്പനി വീണ്ടും പുനരാരംഭിക്കുകയാണ്. ഒരു ചൈനീസ് കോടീശ്വരൻ [കാവോ ദേവാങ്] ഉപേക്ഷിക്കപ്പെട്ട ജനറൽ മോട്ടോഴ്‌സ് പ്ലാന്റിൽ ഒരു പുതിയ [കാർ ഗ്ലാസ്] ഫാക്ടറി തുറക്കുകയും 2,000 അമേരിക്കക്കാരെ ബ്ലൂ കോളർ ജോലിക്കാരായി നിയമിക്കുകയും ചെയ്യുന്നു. ആദ്യ ദിനങ്ങളിലെ പ്രതീക്ഷയും പ്രത്യാശയും ചൈനീസ് ഹൈ ടെക് സാങ്കേതിക വിദ്യയും അമേരിക്കന്‍ തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിമാറുന്നു.

2008ല്‍ ഫാക്ടറി അടച്ചുപൂട്ടിയതിന് ശേഷം അത് വീണ്ടും തുറക്കുന്നത് കാത്തിരിക്കുകയായിരുന്നു തൊഴിലാളികള്‍. എന്നാല്‍ 2014ല്‍ തുറന്ന കമ്പനിയുടെ മാനേജ്മെന്‍റ് രീതികള്‍ തൊഴിലാളികളുടെ ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. അവര്‍ ചിന്തിച്ചതിനെക്കാള്‍ വലുതായിരുന്നു സാംസ്കാരികമായ വിടവ് എന്നു സംവിധായകന്‍ സ്റ്റീവൻ ബോഗ്നര്‍ പറഞ്ഞു.

തന്റെ തന്നെ പിതാവിനെ, കുടുംബത്തെയാണ് ആ തൊഴിലാളികളില്‍ കണ്ടത് എന്നാണ് ചിത്രം കണ്ട മിഷേല്‍ ഒബാമ പ്രതികരിച്ചത്. പ്രശസ്തമായ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍