UPDATES

സിനിമാ വാര്‍ത്തകള്‍

‘കണ്ണിൽ പൊടിയിടാനുള്ള ഭേദഗതികൾ’; ഡബ്ല്യുസിസിയുടെ എതിർപ്പുകൾ വകവെക്കാത ‘അമ്മ’ ഭരണഘടനാ ഭേദഗതി പാസ്സാക്കി

അതേസമയം യോഗം അവസാനിക്കും മുൻപ് തന്നെ ഡബ്ല്യുസിസി അംഗം കൂടിയായ നടി രേവതി യോഗ ഹാൾ വിട്ടു

താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി പാസ്സാക്കി. ഡബ്ല്യുസിസിയുടെ കടുത്ത എതിർപ്പുകൾ വകവെക്കാതയെയാണ് ഭേദഗതി പാസ്സാക്കിയത്. യോഗത്തിൽ പങ്കെടുത്ത ഡബ്ല്യുസിസി അംഗങ്ങൾ ബില്ലിനെ എതിർത്തെങ്കിലും ബാക്കിയുള്ളവർ ബില്ലിനെ കയ്യടിച്ച് പാസ്സാക്കുകയായിരുന്നു. കരട് ബില്ല് കൊണ്ടുവന്ന ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ പ്രതികരിച്ചു. എക്സിക്യൂട്ടീവിന്‍റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു.

‘അമ്മ’ എക്സിക്യൂട്ടീവിനെതിരെയും ഡബ്ല്യുസിസി ശക്തമായ എതിർപ്പാണുന്നയിക്കുന്നത്. അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ട ‘അമ്മ’ അതിനെതിരായി പ്രവർത്തിക്കുകയാണ്. ഏകപക്ഷീയമായി അമിത അധികാരത്തോടെയാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നിലകൊള്ളുന്നത്. അടിസ്ഥാനപരമായ ജനാധിപത്യം സംഘടനയ്ക്കുള്ളിലില്ല. ഇത് യുക്തിരഹിതമാണെന്നും ഡബ്ല്യുസിസി ആരോപിക്കുന്നു. പുതിയ കരട് ഭേദഗതി കൊണ്ടുവരുന്നതിനായി കൃത്യമായ ചർച്ചകളുണ്ടാകുമെന്ന് നേരത്തേ തീരുമാനമുണ്ടായിരുന്നതാണ്. ജനറൽ ബോഡിയിലെ ഈ തീരുമാനങ്ങൾ അവഗണിക്കപ്പെട്ടു. ഭേദഗതിയിൽ കൃത്യമായ ചർച്ചകളുണ്ടായില്ല എന്നും ഡബ്ല്യുസിസി അംഗങ്ങൾ വിമർശിക്കുന്നു

അതേസമയം യോഗം അവസാനിക്കും മുൻപ് തന്നെ ഡബ്ല്യുസിസി അംഗം കൂടിയായ നടി രേവതി യോഗ ഹാൾ വിട്ടു. നടി പാർവതിയും ഒപ്പം ഇറങ്ങി. രേവതിയ്ക്ക് മടങ്ങിപ്പോകാനുള്ള ഫ്ലൈറ്റ് സമയമായതിനാലാണ് ഇറങ്ങിയതെന്ന് തിരിച്ചെത്തിയ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ശേഷമാണ് ‘അമ്മ’യുടെ ഭരണഘടനാ ഭേദഗതി അംഗങ്ങൾ കയ്യടിച്ച് പാസ്സാക്കിയത്

യോഗത്തിൽ ഡബ്ല്യുസിസി തങ്ങളുടെ എതിർപ്പുകൾ രേഖാമൂലം സമർപ്പിച്ചു. കണ്ണിൽ പൊടിയിടാനുള്ള ഭേദഗതികളാണ് ‘അമ്മ’ എക്സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്ന്, കൃത്യമായി അക്കമിട്ട് നിരത്തിയാണ് ഡബ്ല്യുസിസി പറയുന്നത്. ഡബ്ല്യുസിസി ഉയർത്തുന്ന പ്രധാന എതിർപ്പുകൾ ഇങ്ങനെ;

കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ ഡബ്ല്യുസിസി പറയുന്നു. നടി ആക്രമിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചർച്ചകൾക്ക് താരസംഘടന തുടക്കമിട്ടത്. സ്വന്തം സഹപ്രവർത്തക ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും, ഇത്തരം അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയിൽ ഇല്ല. കരട് നിർദേശങ്ങൾ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഉപസമിതികളിൽ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പ് നൽകുന്നില്ല. ഈ രൂപത്തിൽ കരട് ഭേദഗതി നടപ്പാക്കാനാവില്ല. തൊഴിൽ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനർനിർമ്മിക്കണം. അതിനായി ജനറൽ ബോഡിയിൽ ചർച്ച വേണമെന്നും ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടു.

സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനമടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതാണ് ഇന്ന് യോഗം പാസ്സാക്കിയ ഒരു പ്രധാന ഭേദഗതി. കൂടാതെ സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങൾ ശക്തമായ എതിർ‍പ്പ് രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍