UPDATES

സിനിമ

ഫിലിം ആര്‍ക്കൈവ്സ് സ്ഥാപകന്‍ പി കെ നായര്‍ അന്തരിച്ചു

നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറും പ്രശസ്ത ചലച്ചിത്ര പണ്ഡിതനുമായ പി കെ നായര്‍ അന്തരിച്ചു. പൂണെ സഹ്യാദ്രി ആസ്പത്രിയില്‍ വെച്ചു ഇന്ന് രാവിലെയായിരുന്നു അന്ത്യം.

നാശോന്മുഖമായ നിരവധി ഇന്ത്യന്‍ സിനിമകള്‍ പി കെ നായര്‍ കണ്ടെത്തുകയും അത് ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് കാലം ഫിലിം ആര്‍ക്കൈവ്സില്‍ ചെലവഴിച്ച അദ്ദേഹം തന്റെ ജീവിതം തന്നെ ചലച്ചിത്രങ്ങള്‍ ആര്‍ക്കൈവ് ചെയ്യുന്നതിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ്. ദാദാ സാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയ മാര്‍ദ്ദന്‍ തുടങ്ങി നിരവധി ഇന്ത്യന്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

പി കെ നായരുടെ ജീവിതവും ചലച്ചിത്ര മേഖലയില്‍ നല്കിയ സംഭാവനകളും അടിസ്ഥാനമാക്കി ശിവേന്ദ്ര സിംഗ് ദുംഗാപൂര്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് മാന്‍ എന്ന ഡോക്യുമെന്ററി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഗോവ, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമായ അദ്ദേഹം നിരവധി ക്ലാസിക്ക് ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

സത്യജിത്ത് റേ പുരസ്കാരം, ബ്രിട്ടിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സൌത്ത് ഏഷ്യന്‍ സിനിമ ഫൌണ്ടേഷനും ചേര്‍ന്ന് ‘ലൈഫ് ടൈം അച്ചീവ്മെന്‍റ് ഇന്‍ ദി ഫീല്ഡ് ഓഫ് ഫിലിം പ്രിസര്‍വേഷന്‍’ എന്ന അവാര്‍ഡും  ലഭിച്ചിട്ടുണ്ട്. 

ഫിലിം ആര്‍ക്കൈവ്സില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കാരം ശനിയാഴ്ച പൂനയില്‍ നടക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍