UPDATES

സിനിമ

ഓമനക്കുട്ടന്റെ അഡ്വഞ്ചേഴ്‌സ് കൊള്ളാം; പക്ഷേ, താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍…

ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത നായകനും ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയുമുള്ള നായികയും മുതൽ എല്ലാം വ്യത്യസ്തമാണ്.

അപര്‍ണ്ണ

അപര്‍ണ്ണ

പുതുമുഖം രോഹിത് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ പ്രത്യേകതയുള്ള ട്രെയിലർ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഓർമ നഷ്ടപ്പെട്ടു പോയ നായകനായിരുന്നു പരസ്യങ്ങളിലെ  ഹൈലൈറ്റ്. പുതുമയുള്ള ആ ട്രെയിലറിൽ തന്നെ പരീക്ഷണ സിനിമ എന്നുള്ള സൂചനകളും ഉണ്ടായിരുന്നു. നായകനും നായികയും മാത്രമുള്ള ആ ട്രെയിലർ പ്രേക്ഷകർ കണ്ടു ശീലിച്ച രീതിയിൽ ഉള്ളതായിരുന്നില്ല. അത് കൊണ്ട് തന്നെ അതുണ്ടാക്കുന്ന കൗതുകവും വെല്ലുവിളിയും സിനിമക്ക് ഉണ്ടായിരുന്നു

ഓമനക്കുട്ടൻ (ആസിഫ് അലി) മൈസൂരിലെ ഒരു സൗകാര്യ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളാണ്. അന്തഃർമുഖനും ആത്മവിശ്വാസമില്ലാത്തവനുമായ ഇയാൾ ചുറ്റുമുള്ളവരുടെ പരിഹാസത്തിന് നിരന്തരം ഇരയായിക്കൊണ്ടിരുന്നിരുന്നു. പേര് മുതൽ എല്ലാം അയാളെ ഒറ്റപ്പെടുത്തി. ആ ഒറ്റപ്പെടലിനെ മറികടക്കാൻ തന്റെ ശബ്ദം കൊണ്ട് ഓഫീസിലും സൗകാര്യ ജീവിതത്തിലും അയാൾ സമാന്തരമായ ഒരു ലോകം ഉണ്ടാക്കിയെടുക്കുന്നു. ആ ലോകത്ത് അയാൾ നിരവധി സുന്ദരികളുടെ സൂപ്പർഹീറോ ആവുന്നു. ഇതിനിടയിൽ പല്ലവി (ഭാവന) എന്ന പെൺകുട്ടിയോട് അയാൾക്ക്‌ പ്രണയമുണ്ടാവുന്നു. ആ പ്രണയത്തിലെ സ്വത്വ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാഹചര്യങ്ങും പ്രശ്നങ്ങളും വെല്ലുവിളികളുമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ.

സിനിമയുടെ തുടക്കം ആവശ്യത്തിലധികം മന്ദഗതിയിലാണെന്നു പറയാം. ഓമനക്കുട്ടനെ എസ്റ്റാബ്ലിഷ്‌ ചെയ്യാനുള്ള സന്ദർഭങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി സൃഷ്ടിക്കുക മാത്രമാണ് ആ ഭാഗത്തുടനീളം സിനിമ ചെയ്തത്. ആ സ്ലോ പേസ് കണ്ടിരിക്കാനുള്ള ക്ഷമ പ്രേക്ഷകർക്കുണ്ടോ എന്ന് സംശയമാണ്. മൈസൂരിലെ ഒരു കോർപറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു പുതുതലമുറ പാവം പാവം രാജകുമാരൻ ആണ് ഓമനക്കുട്ടൻ എന്ന് തോന്നി സിനിമയുടെ ആദ്യത്തെ കുറെ ഭാഗങ്ങളിൽ. തന്റെ രൂപത്തിൽ ഓമനക്കുട്ടന് ഇല്ലാത്ത ആത്മവിശ്വാസം, പ്രണയ നിരാസം, പരിഹാസങ്ങൾ തുടങ്ങി പാവം പാവം രാജകുമാരന്മാർ നിരന്തരം സഞ്ചരിക്കുന്ന സഹതാപ വഴികളിൽ കൂടിത്തന്നെയാണ് ഈ ഘട്ടത്തിൽ സിനിമയും സഞ്ചരിക്കുന്നത്. ആ വഴിയിൽ യാതൊരു പുതുമയും ഇല്ല. ആവശ്യത്തിലധികം നീണ്ട വഴിയുമാണ് അത്. അവിടെ അയാളെ പോലെ തന്നെ പ്രേക്ഷകരും അസ്വസ്ഥരാകാനാണ് സാധ്യത.

പിന്നീടാണ് അപ്രതീക്ഷിത വഴികളിലേക്ക് സിനിമ നീങ്ങുന്നത്. ഓർമ നഷ്ടപ്പെടൽ മുതലുള്ള ഭാഗങ്ങൾ മറ്റൊരു തരം പരീക്ഷണത്തിലേക്ക് സിനിമയെ മാറ്റുന്നു. സ്വയം അന്വേഷിച്ചു നടക്കുന്ന ഓമനകുട്ടന്റേയും അയാളുടെ കൂടെ കൂടേണ്ടി വന്ന പല്ലവിയുടെയും കഥയാണ് ഈ ഘട്ടത്തിൽ പറയുന്നത്. അവിടെ കോമഡിയും അസ്തിത്വ അന്വേഷണവും കൂട്ടി ചേർത്തിരിക്കുന്നു. ഈ മിക്‌സിംഗിന് തീർച്ചയായും പുതുമയുണ്ട്. ഒരു പുതുമുഖ സംവിധായകൻ ആയി നിന്ന് കൊണ്ട് വെല്ലുവിളികൾ നിറഞ്ഞ ഈ പരീക്ഷണം നടത്തിയ ധൈര്യം അംഗീകരിച്ചേ മതിയാവൂ. രണ്ടേമുക്കാൽ മണിക്കൂറിൽ അധികം നീളമുണ്ട്‌ സിനിമക്ക്. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ കണ്ണ് തള്ളുന്ന അടികളോ ഒന്നുമില്ല. വളരെ മന്ദഗതിയിലാണ് കഥ വികസിക്കുന്നത്. ചില ഷോട്ടുകളുടെ നീളം അത്ഭുതപ്പെടുത്തും. കേവല വിനോദോപാധി എന്ന നിലയിൽ നമ്മൾ പരിചയിച്ച ഹാസ്യമോ ഡ്രാമായോ അല്ല സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരാൾ സ്വയം കണ്ടെത്തുന്ന യാത്ര എന്നൊക്കെ പറയാമെങ്കിലും വഴികൾ വ്യത്യസ്തമാണ്. ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത നായകനും ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയുമുള്ള നായികയും മുതൽ എല്ലാം വ്യത്യസ്തമാണ്.

പക്ഷേ എല്ലാ വ്യത്യസ്തതക്കും അപ്പുറം എവിടെയൊക്കെയോ സംവിധായകന്റെ കൈവിട്ടു പോകുന്നുണ്ട് സിനിമ. പറയാൻ ശ്രമിച്ച അസ്തിത്വ ദു:ഖവും ആക്ഷേപ ഹാസ്യവും ഒന്നും അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഓമനക്കുട്ടന്റെ സാഹസികതകൾ തുടങ്ങുന്നതും അവസാനിക്കുന്നതും പ്രേക്ഷകരിലേക്ക് എത്തുന്നില്ല. വല്ലാത്ത ലാഗിങ്‌, അനവസരത്തിൽ വലിഞ്ഞു കയറുന്ന പാട്ടുകൾ, ഒരു ആവശ്യവുമില്ലാത്ത  കഥാപാത്രങ്ങളുടെ അപ്രതീക്ഷിത എൻട്രി, വല്ലാതെ ക്‌ളീഷേ ആയ സസ്പെൻസുകൾ, കാലഹരണപ്പെട്ട കൊട്ടേഷനുകൾ, ദാസനും വിജയനും കണ്ടു മുട്ടിയ പോലുള്ള വില്ലന്മാർ ഒക്കെ സിനിമയുടെ രസംകൊല്ലികളാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹാസ്യത്തിന് വേണ്ടി ഹാസ്യം നിറക്കുന്ന പോലുള്ള അവസ്ഥ സിനിമയിൽ ഉടനീളം ഉണ്ട്. ഒന്നാം പകുതി കഴിഞ്ഞപ്പോൾ ഓമനകുട്ടനെ ധീരനാക്കണോ മണ്ടനാക്കണോ എന്ന ആശയക്കുഴപ്പം സംവിധായകനും ഉള്ള പോലെ.

ഹോളിവുഡിലൊക്കെ കാണും പോലെ നായകൻറെ  മനസിന്റെ ആശയക്കുഴപ്പങ്ങൾ മലയാള സിനിമ അധികം ഇപ്പോൾ ശ്രദ്ധിക്കാറില്ല. അസ്തിത്വ ദുഃഖത്തെയും കാലഹരണപ്പെട്ട ഒന്നായാണ് ഇവിടത്തെ സിനിമാ പ്രവർത്തകർ സ്വീകരിക്കാറ്. ആത്മവിശ്വാസമില്ലാത്ത നായകനെ കണ്ടു കിട്ടാനേ ഇല്ല ഇവിടെ. അപ്പോൾ ഒരു പുതുമുഖ സംവിധായകൻ കാണിച്ച ധൈര്യം നല്ലതാണ്. പക്ഷെ ഈ നായകനെയും അയാളുടെ മനസിനെയും ദു:ഖങ്ങളെയും കൊണ്ട് എവിടെ പോകണം, എന്തുചെയ്യണം എന്ന് സംവിധായകനും അറിയാത്ത പോലെ തോന്നും സിനിമ കണ്ടാൽ. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ ഏതു തരത്തിൽ സ്വീകരിക്കുന്ന പ്രേക്ഷകരും കുതിരവട്ടം പപ്പുവിനെ ഓർക്കും, കാരണം ഈ സിനിമയുടെ കഥയേയും അവസ്ഥയേയും എല്ലാം അദ്ദേഹം രണ്ടോ മൂന്നോ വാചകത്തിൽ പറഞ്ഞിട്ടുണ്ട്, ”താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ….”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍