UPDATES

സിനിമാ വാര്‍ത്തകള്‍

ജയലളിതയ്ക്കൊപ്പം ശശികലയ്ക്കും പ്രാധാന്യം; ‘ശശിലളിത’ ഒരുങ്ങുന്നു

അവസാന നാളുകളിലെ ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും ചിത്രത്തിന് ആധാരമാകുമെന്നാണ് വാർത്തകൾ.

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒന്നിലേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തലൈവി എന്ന പേരില്‍ ജയലളിതയുടെ കഥ സിനിമയാക്കുമെന്ന് സംവിധായകന്‍ എ.എല്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജയലളിതയാകുന്നത് കങ്കണ റണാവത്ത് ആണ്. കൂടാതെ സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയും ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ജയലളിതയുടെ കഥപറയാൻ മറ്റൊരു ബയോപിക്ക് കൂടി അണിയറയിൽ ഒരുങ്ങുന്നു. കെ ജഗദീശ്വര റെഡ്ഡിയാണ് ‘ശശിലളിത’ എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ചർച്ചയായിരുന്നു.

ജയലളിതയ്ക്കൊപ്പം തന്നെ ശശികലയ്ക്കും പ്രാധാന്യം നല്‍കുന്നതു കൊണ്ട് ചിത്രത്തിന് ‘ശശിലളിത’ എന്ന് പേരു നല്‍കിയതെന്ന് ജഗദീശ്വര റെഡ്ഡി പറഞ്ഞു. അവസാന നാളുകളിലെ ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും ചിത്രത്തിന് ആധാരമാകുമെന്നാണ് വാർത്തകൾ.
ജയലളിതയേയും ശശികലയേയും അവതരിപ്പിക്കാനുള്ള അഭിനേതാക്കൾക്കായുള്ള അന്വേഷണത്തിലാണ് അണിയറപ്രവർത്തകർ. തീരുമാനമായാല്‍ മെയ് ആദ്യവാരത്തോടെ ഷൂട്ടിങ് ആരംഭിക്കുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയിന്റെയും പ്രിയദര്‍ശിനിയുടെയും ചിത്രങ്ങള്‍ക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍ ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി വെബ് സീരിസ് സംവിധാനം ചെയ്യുമെന്നും റിപോർട്ടുകൾ ഉണ്ട്. രമ്യ കൃഷ്ണനായിരിക്കും പ്രധാന വേഷത്തിലെത്തുകയെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍