UPDATES

സിനിമ

അദൃശ്യതകളുടെ വേനല്‍ക്കാലം; അതിശയങ്ങളുടേയും

അംഗുലിചാലിതം എന്ന ഷോർട്ട് ഫിലിം  എടുത്ത പ്രശാന്ത്‌ വിജയ്-യുടെ ആദ്യ ഫീച്ചർ ഫിലിം ആണ് അതിശയങ്ങളുടെ വേനൽ

ഡാ ലി

ഡാ ലി

തന്റേതായ ലോകത്ത് ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ ചിന്താലോകം എങ്ങനെയാണ് വികസിക്കുന്നത്, അതിൽ മുതിർന്നവർ ഉണ്ടാക്കുന്ന ഇളക്കങ്ങൾ (perturbations) എങ്ങനെയാണ് ഇടപെടുന്നത് എന്നടയാളപ്പെടുത്തുകയാണ് ‘അതിശയങ്ങളുടെ വേനൽ’ (Summer of Miracles) എന്ന സിനിമ.

മിക്ക കുട്ടികൾക്കും, പ്രത്യേകിച്ച് ആൺകുട്ടികൾക്ക്, കളിക്കളങ്ങളുടെ തിരക്കു നിറഞ്ഞ ഒരു ബാല്യമായിരിക്കും. എന്നാൽ അപൂർവ്വം ചില കുട്ടികൾക്ക് അവരവർ അവർക്ക് ചുറ്റും തീർത്ത ഒരു ലോകമുണ്ടായിരിക്കും. മിക്കവാറും അവർ വലിയ വായനക്കാരായിരിക്കും. വായിച്ച ഏതെങ്കിലും പുസ്തകത്തിൽ കുരുങ്ങി പോകുക എന്നത് അവരുടെ ജീവിതത്തിലെ ഒരു ഘട്ടമായിരിക്കുകയും ചെയ്യും! ആ വായനയ്ക്കുള്ളിൽ തന്നെ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ച് അതിൽ നിന്നും ഇറങ്ങിപ്പോരാനാകാതെ, ദുരൂഹതകളെ അതിനുള്ളിൽ തന്നെ നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുന്ന ഒരു കാലഘട്ടം.

അതിശയങ്ങളുടെ വേനലിലെ ആനന്ദ് എന്ന അനുവാണ് ഇങ്ങനെ ഒരു പുസ്തകത്തിൽ കുരുങ്ങി പോകുന്നത്. ഇക്കാലഘട്ടത്തിൽ അനുവിന്റെ ഏറ്റവും വലിയ സ്വപ്നവും അദൃശനാകുക എന്നതാണ്. ഈ അദൃശ്യപദ്ധതിക്കായി അവൻ തന്റെ ഈ വേനലവധി ഉഴിഞ്ഞ് വച്ചിരിക്കുന്നു. ഇങ്ങനെ ഊണും ഉറക്കവും ഇല്ലാതെ ഈ പരിപാടിക്കായി മാത്രം സമയം മുഴുവൻ ചെലവഴിക്കാൻ അനുവിനൊരു കാരണമുണ്ട്. അനുവിന്റെ വായന രൂപപ്പെടുത്തിയ ചിന്താലോകം കരുതുന്നത്, കുറച്ച് കാലമായി കാണാതായ അവന്റെ അച്ഛൻ ആ വീട്ടിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ്!

അനുവിന്റെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു അവന്റെ അച്ഛൻ. ഒരിക്കലും സ്വപ്നം കാണുന്നത് നിർത്തരുത്ത് എന്നു പറഞ്ഞ് അച്ഛൻ സമ്മാനിച്ച ‘ദി ഇൻവിസിബിൾ മാൻ’ എന്ന പുസ്തകമാണ് അനുവിന്റെ അദൃശ്യപദ്ധതിയുടെ പാഠപുസ്തകം. പക്ഷേ, ഈ പുസ്തകത്തിലെ  സാങ്കല്പിക കഥയിൽ ഈ രഹസ്യസങ്കേതങ്ങൾ വെളിപ്പെടുത്തുന്നില്ല. അദൃശനാകാനുള്ള ഈ രഹസ്യ ഫോർമുല കണ്ടെത്താനാണ് ഈ വേനലവധി ദിവസങ്ങളിൽ യുറീക്ക മുതൽ ഗീത വരെയുള്ള പുസ്തകങ്ങൾ വായിക്കുന്നതും, തന്നെ അപായപ്പെടുത്തുംവിധമുള്ള  പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതും. ഈ പരീക്ഷണങ്ങൾ അനുവിനെ കൊണ്ടെത്തിക്കുന്നത് കൂടുതൽ വലിയ അപകടങ്ങളിലേക്കാണെന്ന് തിരിച്ചറിയുന്ന അമ്മയും മറ്റ് മുതിർന്നവരും അനുവിന്റെ ചിന്താലോകത്തു നിന്നും മാറി തികച്ചും 90 ഡിഗ്രിയിൽ അവന്റെ ലോകത്തെ കാണുകയും അതിനോട് പിന്നേയും 90 ഡിഗ്രി ചേർത്ത് നേരേ 180 ഡിഗ്രിയിൽ പ്രതികരിക്കുകയും ചെയ്യുന്നു.

എന്നാൽ അനുവിന്റെ ചിന്താലോകത്തിന് അവന്റേതായ ഒരു ലോജിക്കുണ്ട്. സത്യത്തിൽ, അച്ഛന്റെ അദ്യശ്യതയിൽ, അച്ഛന്റെ സമ്മാനമായ പുസ്തകത്തിൽ കുരുങ്ങി അദ്യശ്യനായി പോകുകയായിരുന്നു അനു. സയന്റിസ്റ്റുകൾക്ക് സോൾവ് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന അച്ഛൻ വാക്കിൽ  ആഴ്ന്നുപോയി അവൻ. അത് മനസ്സിലാക്കുന്നതിൽ മുതിർന്നവരുടെ ലോകം പരാജയപ്പെടുകയാണ്.

നിരവധി അടരുകളും അടുക്കുകളും ഉള്ള ഈ കുട്ടിയുടെ ലോകം മുതിർന്നവർക്ക് മനസ്സിലാക്കാൻ സാാധിക്കുന്നതേയില്ല. കുട്ടിയുടെ ചിന്താലോകവും മുതിർന്നവരുടെ ചിന്താലോകവും തമ്മിലുള്ള ആ വലിയ വ്യത്യാസം ആണ് ഈ സിനിമയുടെ ചിന്താപരിസരം.

അദൃശ്യനായിരിക്കുക എന്ന രൂപകമാണ് സിനിമ മുഴുവൻ. അനുവിന്റെ അച്ഛനെ കാണാതായതല്ല, അയാൾ അവിടെ മറഞ്ഞിരിപ്പുണ്ട് എന്നാണ് അനു ചിന്തിക്കുന്നത്. പ്രത്യേക കഴിവുകൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന കസിൻ ചേച്ചിയും അവിടൊക്കെ മറഞ്ഞിരിക്കുന്നു എന്നാണ് കുട്ടി മനസ്സിൽ. എന്നാൽ മറഞ്ഞിരുന്നു ചെയ്യാനാകുന്ന കാര്യങ്ങൾ അത്ര നിസ്സരമല്ല താനും. അതുപോലെ അദൃശനാണെന്ന തോന്നലിൽ കണ്ടുപിടിക്കുന്ന കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്ത കുട്ടിയുടെ അവസ്ഥയും സിനിമ വളരെ മിനിമൽ ആയ സീനുകളിലൂടെ പറയുന്നു.

ഇങ്ങനെ അദൃശ്യനാവാനുള്ള അനുവിന്റെ നിരന്തര പരീക്ഷണങ്ങളും അനു അദൃശ്യനാണ് എന്ന മുതിർന്നവരുടെ അഭിനയവും അവനെ  ഉത്തരവാദിത്തങ്ങളുടെ ഒരു വലിയ ലോകത്ത് കൊണ്ടെത്തിക്കുന്നു. ഈ ലോകത്തേക്ക് വാതിൽ തുറക്കുകയാണ് ‘അതിശയങ്ങളുടെ വേനൽ’ എന്ന സിനിമ. ഈ ഉത്തവാദിത്തങ്ങളുടെ ലോകം അവന് അതുവരെ അദൃശ്യമായിരുന്ന ഒന്നാണ്. ആ ലോകത്ത് അവന്റെ ഇടപെടലുകൾ നമ്മെ പരിചയപ്പെടുത്തുകയാണ് പ്രശാന്ത് വിജയ് എന്ന സംവിധായകൻ.

അംഗുലിചാലിതം എന്ന ഷോർട്ട് ഫിലിം  എടുത്ത പ്രശാന്തിന്റെ (Prasanth Vijay) ആദ്യ ഫീച്ചർ ഫിലിം ആണ് അതിശയങ്ങളുടെ വേനൽ. അതു വളരെ ഭംഗിയായി, ഏറ്റവും മിനിമലായ സീനുകളോടെ എടുത്തിരിക്കുന്നു. ശബ്ദരേഖ കേട്ടാൽ മനസ്സിലാക്കാനാകാത്ത ഒരു സിനിമയാണിത്. അനീഷ് പള്ള്യാൽ എന്ന ഡോക്ടറാണ് അനുവിന്റെ കഥ എഴുതിയിരിക്കുന്നത്. ആകെ ഉള്ള ഒരു പാട്ട് ഒരു പ്രത്യേകത രീതിയിൽ, ഒരു പക്ഷേ ചൊൽക്കവിത പോലെ, അല്ലെങ്കിൽ കുട്ടികൾ ഉണ്ടാക്കി പാടുന്ന പോലെ, ചെയ്തിരിക്കുന്നു. ബേസിൽ സി.ജെ (Basil CJ) ആണു മ്യൂസിക്. അനു ആയി അഭിനയിച്ച ചന്ദ്രകിരൺ ഒരോ സീനിലും മുഴുകിയാണ് അഭിനയിച്ചിരിക്കുന്നത്. അമ്മയായ റീന (Reina Maria)യുടെ അഭിനയവും സിനിമയുടെ കരുത്താണ്.

ഡിസംബർ 12, 14 തീയതികളിൽ അതിശയങ്ങളുടെ വേനൽ തിരുവനന്തപുരത്തെ അന്തർദേശീയ ചലചിത്രോത്സവത്തിൽ (IFFK)  പ്രദർശിപ്പിക്കുന്നുണ്ട്. അവസരമുള്ളവർ തീർച്ചയായും കാണുമല്ലോ.

ഡാ ലി

ഡാ ലി

ഗവേഷക, എഴുത്തുകാരി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍