UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ടാമൂഴം ഉപേക്ഷിച്ചു; അടഞ്ഞ അധ്യായമെന്ന് നിർമാതാവ് ബി ആര്‍ ഷെട്ടി

എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് ചിത്രത്തിന്റെ നിർമാതാവ് ഡോ ബി ആർ ഷെട്ടി. എന്നാൽ മഹാഭാരതം സിനിമയാക്കണമെന്ന ആഗ്രഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തിരക്കഥ സംബന്ധിച്ച കേസില്‍ ശ്രീകുമാര്‍ മേനോന് കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍റെ അപ്പീൽ ഫാസ്ട്രാക്ക് കോടതിയും തള്ളി. കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് ഇപ്പോള്‍ നിലനിൽക്കുയുമാണ്.

ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന് ചിലര്‍ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍