UPDATES

സിനിമ

‘ബാഹുബലിയോടൊപ്പം സെക്സി ദുര്‍ഗ്ഗ തിരഞ്ഞെടുക്കാത്തതിന് നന്ദി’; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടെയ്ക്ക് ഓഫ് മാത്രമാണ് പനോരമയില്‍ ഇടം പിടിച്ചിട്ടുള്ള മലയാളം സിനിമ

ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ പുറത്ത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടെയ്ക്ക് ഓഫ് മാത്രമാണ് പനോരമയില്‍ ഇടം പിടിച്ചിട്ടുള്ള മലയാളം സിനിമ. ടെയ്ക്ക് ഓഫും സെക്സി ദുര്‍ഗ്ഗയും പട്ടികയിലുണ്ട് എന്നായിരുന്നു അവസാന നിമിഷം വരെ എന്‍ എഫ് ഡി സിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. “താന്‍ വന്യമായ ആനന്ദം അനുഭവിക്കുന്നു” എന്നാണ് ഇതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്.

ബാഹുബലി അടക്കമുള്ള സിനിമകള്‍ പനോരമയില്‍ ഇടം പിടിച്ചപ്പോഴാണ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ കിട്ടിയ സെക്സി ദുര്‍ഗ്ഗ ഒഴിവാക്കപ്പെട്ടത്.

എന്നാല്‍ സെക്സി ദുര്‍ഗ്ഗ പനോരമയില്‍ ഉള്‍പ്പെടുത്തുമെന്ന് ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു എന്നാണ് മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ സനല്‍കുമാര്‍ അഭിപ്രായപ്പെട്ടത്. “ഈ ചിത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചിത്രമാണ്. സെക്സി ദുര്‍ഗ്ഗ ഉള്‍പ്പെട്ട ലിസ്റ്റില്‍ അവര്‍ ഒപ്പുവെച്ചിരുന്നു എങ്കില്‍ ഈ ചിത്രത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുമായിരുന്നു. ഞാന്‍ ഏത് ഫിലിം ഫെസ്റ്റിവലിനേക്കാളും എന്‍റെ സിനിമയെ സ്നേഹിക്കുന്നു.” എന്നാല്‍ തന്നെ ഏറ്റവും ദുഃഖിപ്പിച്ചത് കേരള ചലച്ചിത്രോത്സവത്തില്‍ നിന്നും ഒഴിവാക്കിയതാണെന്ന് സനല്‍കുമാര്‍ പറയുന്നു. “അത് സംസ്ഥാനത്തെ കുറിച്ചും അതിന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുമുള്ള എന്റെ അമിത പ്രതീക്ഷ കാരണമാണ്. അത് എന്റെ പിഴയാണ്”

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തില്‍ പരിഗണിക്കാതെ അവഗണിക്കുകയാണ് കേരള ചലചിത്ര അക്കാദമി ചെയ്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചു സനല്‍ കുമാര്‍ സെക്സി ദുര്‍ഗ്ഗയെ ഐ എഫ് എഫ് കെയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്ര സിനിമകളെ ഉള്‍പ്പെടുത്തി സമാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സനല്‍കുമാറും സംഘവും.

റോട്ടര്‍ഡാമില്‍ പുരസ്കാരം കിട്ടിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പേരിനെ ചൊല്ലി സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. “പേരിന്റെ പേരിലുള്ള അസ്വാരസ്യങ്ങളെല്ലാം കപടമാണ്. സിനിമ കാണാതെ അതേക്കുറിച്ച് വഴക്കടിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.” എന്നാണ് സനല്‍കുമാര്‍ അന്ന് പ്രതികരിച്ചത്.

സെക്സി ദുര്‍ഗ്ഗ ഇനി എസ് ദുര്‍ഗ്ഗ; ഭാവനയ്ക്ക് കത്രിക വെയ്ക്കാന്‍ കഴിയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

പിന്നീട് സെന്‍സര്‍ ബോര്‍ഡ് പേര് മാറ്റാതെ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നു പറഞ്ഞതിനെ തുടര്‍ന്ന് എസ് ദുര്‍ഗ്ഗ എന്നു പേര് മാറ്റിക്കൊണ്ടാണ് സംവിധായകന്‍ പ്രതിഷേധിച്ചത്.മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും രംഗത്ത് വന്നിരുന്നു. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

എന്നും സംഘ പരിവാറിന്റെ കണ്ണിലെ കരടാണ് സനല്‍ കുമാര്‍ ശശിധരന്‍. തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കാനുള്ള വിധിക്കെതിരെ ഐ എഫ് എഫ് കെ വേദിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരില്‍ മുന്‍നിരയില്‍ സനല്‍കുമാര്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പനോരമയില്‍ നിന്നുള്ള ഒഴിവാക്കല്‍ രാഷ്ട്രീയമായ ഒരു പ്രതികാര നടപടി കൂടിയായിട്ടു വേണം കാണാന്‍.

മലയാളത്തില്‍ നിന്നും ഒരു ചിത്രത്തെ മാത്രം പരിഗണിച്ചപ്പോള്‍ ഒന്‍പത് മറാത്തി ചിത്രങ്ങളും ആറ് ഹിന്ദി ചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ലിജിന്‍ ജോസിന്റെ കെ ജി ജോര്‍ജ്ജിനെ കുറിച്ചുള്ള ഡോക്യുമെന്ററി ‘81/2 ഇന്‍റര്‍കട്ട്സ്-ലൈഫ് ആന്‍ഡ് ഫിലിം ഓഫ് കെ ജി ജോര്‍ജ്ജ്’, കുഞ്ഞിലയുടെ ‘ജി’ എന്നിവയാണ് മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

അതേ സമയം ‘ബാഹുബലി രണ്ടിന്റെ കൂടെ സെക്സി ദുര്‍ഗ്ഗയെ ഇന്ത്യന്‍ പനോരമയിലേക്ക് പരിഗണിക്കാതിരുന്ന ജൂറിക്ക് നന്ദി’ എന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ് പ്രതികരിച്ചത്.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍