UPDATES

സിനിമ

മാസ്സാണ് ബാഹുബലി

കഥകളോടും ഇതിഹാസങ്ങളോടും യുദ്ധങ്ങളോടും ഒക്കെയുള്ള സവിശേഷ ഇന്ത്യൻ താത്പര്യങ്ങൾ തന്നെയാണ് രണ്ടാം ബാഹുബലിയുടെയും കാതൽ.

അപര്‍ണ്ണ

അപര്‍ണ്ണ

ആഘോഷ കാത്തിരിപ്പിന് പൂർണ വിരാമമിട്ടു കൊണ്ട് ബാഹുബലി എത്തി. ടിക്കറ്റിനുള്ള യുദ്ധങ്ങളും കട്ടപ്പ ബാഹുബലിയെ കൊല്ലാൻ ഉള്ള കാരണവും ഒക്കെ നിറഞ്ഞു നിന്ന കുറച്ചു ദിവസങ്ങൾക്കൊടുവിലാണ് മൂന്നു മണിക്കൂറോളം നീണ്ട രണ്ടാം ബാഹുബലി എത്തുന്നത്. ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും ചർച്ചയായ ഒരു സിനിമയ്ക്കു പ്രതീക്ഷിച്ച സ്വീകരണം തന്നെയാണ് ജനങ്ങൾ നൽകിയത്. ജനപ്രിയ ഇന്ത്യൻ സിനിമയെ സംബന്ധിച്ച ചർച്ചകൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കൂടിയാണ് ബാഹുബലി നമുക്ക് മുന്നിലേക്ക് എത്തുന്നത്. വർണ കാഴ്ചകളാണോ ഗ്രാഫിക്സ് ആണോ താരങ്ങൾ ആണോ സിനിമയിൽ അധികം എന്ന ചോദ്യം കൂടി ഉയർത്തി ബാഹുബലി റെക്കോർഡ് വേഗത്തിൽ ടിക്കറ്റുകൾ വിറ്റു തീര്‍ത്തു. ഭാഷാ വ്യതിയാനങ്ങളെ കൂടി കണക്കിലെടുക്കാതെ ജനം തീയറ്ററുകളിലേക്ക് ഒഴുകുക തന്നെയാണ്. ഒന്നാം ഭാഗം നിർത്തിയ അർധോക്തിയിൽ നിന്നും സിനിമ എവിടേക്കു  കൊണ്ടുപോകും എന്ന ആകാംക്ഷയെ മറികടക്കാൻ എളുപ്പമല്ല എന്ന് തെളിയിച്ചു കൊണ്ടാണ് മാഹിഷ്മതിയിലേക്ക് ആള് കേറുന്നത്.

കട്ടപ്പ എന്ന വിശ്വസ്തനായ പടക്കുറുപ്പ് എന്തിനാണ് താൻ മകനെ പോലെ നോക്കി വളർത്തിയ അമരേന്ദ്ര ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിലാണ് ഒന്നാം ബാഹുബലി തീരുന്നതും രണ്ടാം ബാഹുബലി തുടങ്ങുന്നതും. ആ ചോദ്യത്തിന്റെ ഓർമ്മപുതുക്കലിലൂടെ തന്നെയാണ് സിനിമ വികസിക്കുന്നതും. വലിയൊരു വിജയത്തിന്റെയും അതിനേക്കാൾ വലിയ പ്രതീക്ഷകളുടെയും ഭാരം വളരെ വിജയകരമായി രാജമൗലി ഉൾക്കൊണ്ടു എന്നു തന്നെയാണ് ഒന്നാം പകുതിയിൽ പ്രേക്ഷകർക്ക് തോന്നുക. പലപ്പോഴും വിമർശനങ്ങളെ മറികടക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യ സിനിമയിൽ വളരെ കുറവായി അനുഭവപ്പെട്ട വൈകാരികതയാണ് രണ്ടാം ബാഹുബലിയുടെ ടൂൾ എന്ന് പറയാം. രണ്ടാം ബാഹുബലിയുടെ ആദ്യ പകുതിയിൽ അമരേന്ദ്ര ബാഹുബലിയുടെ അമരത്വത്തിനൊപ്പം ദേവസേനയുടെ സ്ഥൈര്യവും ശിവകാമിയുടെ ദാർഢ്യവും കട്ടപ്പയുടെ സ്നേഹവും ഒക്കെ ഇടം  നേടുന്നുണ്ട്. സാമാജ്യത്തെ കടന്ന് മനുഷ്യരായി ഇവർ മാറുന്നു. മാസ്സ് രംഗങ്ങൾ ആവ്യശപ്പെടുന്ന അളവിൽ ഒട്ടും കൂടാതെയും കുറയാതെയും അതിനെ ഇഴ ചേർത്തിട്ടുമുണ്ട് രാജമൗലി. ആ ഭാഗത്ത് ഗ്രാഫിക് ഡിസൈനർമാരുടെ അല്ല, സംവിധായകന്റെയും നടീ നടന്മാരുടെയുമാണ് ബാഹുബലി.

രണ്ടാം പകുതിയിൽ പക്ഷേ പ്രതീക്ഷകൾ ഇടക്കെങ്കിലും സംവിധായകനെ തളർത്തുന്നുണ്ട്. വൈകാരികതയിൽ നിലനിന്ന ആദ്യ പകുതിയേ റദ്ദു ചെയ്ത് മാഹിഷ്മതി സാമ്രാജ്യത്തിന്റെ കരുത്തിലൂടെയാണ് രണ്ടാം പകുതിയുടെ ആരംഭം. കാരണത്തിലേക്ക് അടുക്കുമ്പോൾ ചിലപ്പോഴൊക്കെ സംവിധായകൻ തളരും പോലെ തോന്നി. അവിടെ ഗ്രാഫിക്സ് കൊണ്ട് പ്രേക്ഷകരെ തളർത്തിയിടാനും കണ്ണ് വെട്ടിക്കാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്. അത് വരെ കെട്ടിയുയർത്തിയ തിരക്കഥയുടെയും ഡയലോഗുകളുടെയും ബലം ഇല്ലാതാവുന്നുണ്ട്. കുറെ പേരുടെ കഥ പറഞ്ഞ ആദ്യ പകുതിയിൽ നിന്നും ബാഹുബലി രാജാവിന്റെ ശക്തിയിലേക്കു മാത്രം തിരിഞ്ഞ രണ്ടാം പകുതിയിൽ എത്തുമ്പോൾ സംഭവിച്ച മാറ്റമാണത്. അത് കാണിക്കാൻ രണ്ടാം പകുതിയെ പൂർണമായും ആശ്രയിച്ചു. അങ്ങനെയാണല്ലോ ബ്രഹ്മാണ്ഡ പദവി നില നിർത്തുക സംവിധായകൻ. എഡിറ്റിങ്ങിനോളം ദുർബലമാണ് സിനിമയിലെ പാട്ടുകളും. പ്രേക്ഷകരിൽ ഒരു ചലനവും ഉണ്ടാക്കാത്ത പാട്ടുകളാണ് സിനിമയിൽ ഉള്ളത്.

തമിഴ് ഡബ്ബിങ് ആണ് കണ്ടത്. ആദ്യ ബാഹുബലിയിൽ ഒറിജിനലിനോളം ശക്തിയുണ്ടായിരുന്ന തമിഴ് ഭാഗം രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ദുർബലമാണ്. ഡബ്ബിങ് സിനിമയുടെ ഛായ പലപ്പോഴും ഉണ്ടാക്കി. ഇത് ഒഴുക്കുള്ള കാഴ്ചയിൽ നിന്നും പലപ്പോഴും ചില പ്രേക്ഷകരെയെങ്കിലും തടയുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ സംഭാഷങ്ങളുടെ സൂക്ഷ്മതക്കു പ്രാധാന്യമുണ്ട് രണ്ടാം പകുതിയിൽ. സിനിമയുടെ രണ്ടാം പാതിയിൽ ചിലപ്പോഴെങ്കിലും എഡിറ്റിങ്ങും കൈമോശം വന്നു.

പല കാരണങ്ങൾ കൊണ്ട് കയ്യടിക്കാൻ വേണ്ടി നിർമിച്ച സിനിമയാണ് ബാഹുബലി. ആ കാരണങ്ങൾ ഉള്ളവർക്ക് മാത്രം പൂർണ ആസ്വാദനം സാധ്യമായ ഒന്ന്. ആ കാരണങ്ങൾ തികച്ചും വ്യക്തിപരവുമാണ്. അതിൽ വിമർശനങ്ങളെ കൂടി കണക്കിലെടുത്തൊരു തുടർച്ചയുണ്ടാക്കി എന്നത് വലിയ ഒരു കാരണമാവാം എന്ന് തോന്നുന്നു. കാലകേയരെ ചിരിപ്പിക്കാനുള്ള ഉപകാരണമാക്കിയില്ല എന്നൊരു അവസ്ഥ അങ്ങനെ വന്നതാണ്. എരപ്പാളിയുടെ മകനെ എന്നൊക്കെയുള്ള തെറി വിളികളും ഉണ്ടായില്ല. ഒരു രാജ്യത്തിന്റെ മാനത്തെ കുറിച്ചുള്ള മിഥ്യാഭിമാനം കൊണ്ട് ജീവിക്കുന്ന ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ തിരുത്തുന്നുണ്ട്, രാജ്യമെന്നാൽ ജനങ്ങൾ ആണെന്ന്. ജനങ്ങളുടെ മാനാഭിമാനത്തിനു വേണ്ടിയാണ് നേതാവ് ഉയിർത്യാഗം ചെയ്യേണ്ടത് എന്ന ബോധമുള്ള ഒരാളാണ് ബാഹുബലി. രാജമാതാ ശിവകാമി ദേവിയും ദേവസേന രാജ്ഞിയും പരസ്പരം മാത്രമാണ് മാപ്പു പറയുന്നത്. എന്നിട്ടും മാസ്സ് ആക്കി നിലനിർത്തുന്നുമുണ്ട് സിനിമയെ.

ദേവസേനയുടെ പാത്രനിർമിതിയും സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ആദ്യ ബാഹുബലിയിലെ അവന്തിക അഴകളവുകൾ കൊണ്ട് ഭ്രമിപ്പിക്കാൻ വന്ന ശരീരമാണെങ്കിൽ ദേവസേന ഒരിക്കലും അങ്ങനെ ആകുന്നില്ല. നിനക്ക് വേണ്ടി ഏത് ദൂരവും താണ്ടാം, പക്ഷെ എന്റെ അഭിമാനം ഇല്ലാതിരുന്ന ഒരിടത്തേക്ക് ഒരടി പോലും വരില്ല എന്നവർ പ്രണയിയോട് പറയുന്നു. ശരീരം കൊണ്ട് അഭിനയിക്കുമ്പോളും ശരീരമായി അവർ മാറുന്നില്ല. തന്റെ കാമുകനോടും പങ്കാളിയോടും അവർക്ക് ആരാധനയല്ല സ്നേഹമാണ്. അവൾ ആരാധിക്കുന്നത് തന്നെക്കാൾ വലിയ ആയോധനമുറകൾ അറിയുന്ന വീരനെയാണ്. ആ വീരനെ ആരാധിച്ച നിൽപ്പിൽ അവർ തീർന്നു പോകുന്നില്ല, അയാളിൽ നിന്നവൾ അതും പഠിക്കുന്നു. അയാളോടൊപ്പം നിന്ന് യുദ്ധം ചെയ്യുന്നു. ശിവകാമിയുടെ മരുമകൾക്ക് അഹന്ത അഴകാണെന്നു പറഞ്ഞാണ് രാജമാത അവരെ സ്വീകരിക്കുന്നത്.

അവന്തികയെ പോലെ ഒരു പാട്ടിൽ തുടങ്ങിയൊടുങ്ങാത്ത ഒന്നാണ് ദേവസേന. അവരുടെ മാറിടം മറച്ച പൂക്കളെ ഓർത്ത് വിലപിക്കാൻ പ്രേക്ഷകർക്ക് ആവില്ല. ദേവസേനയാണ് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീ കഥാപാത്രം എന്നല്ല, ആൾക്കൂട്ട യുക്തികളെ അവർ മറികടക്കുന്നു എന്നുമല്ല. ബാഹുബലി എന്ന, ആനയെക്കാൾ ശക്തിയുള്ള രാജാവിന്റെ കഥയ്ക്ക് കയ്യടിക്കാൻ വന്ന ജനങ്ങളെ കൊണ്ട് ദേവസേനക്ക് വേണ്ടി കൂടി കയ്യടിപ്പിക്കുന്നുണ്ട് രാജമൗലി. ഇതിഹാസ സിനിമകളുടെ പ്രിവിലേജുകൾ മുഴുവൻ എടുത്ത ഇങ്ങനെയൊരു സിനിമയിൽ അത് അപ്രതീക്ഷിതമാണ്; അത്ര മാത്രം. പൂർണമായൊരു രാഷ്ട്രീയ ശരിയുടെ ഉദാഹരണങ്ങൾ അല്ല, രാജ്യം കയ്യിലുണ്ടായിട്ടും ഉറങ്ങാൻ കഴിയാത്ത പൽവാൽ ദേവൻ, നീതിക്കും നിയമത്തിനുമിടക്ക് പെട്ടുപോയ കട്ടപ്പ ഒക്കെ ബാഹുബലിയുടെ വായനകൾക്കു സാധ്യത തരുന്ന പാത്രസൃഷ്ടികളാണ്.

കഥകളോടും ഇതിഹാസങ്ങളോടും യുദ്ധങ്ങളോടും ഒക്കെയുള്ള സവിശേഷ ഇന്ത്യൻ താത്പര്യങ്ങൾ തന്നെയാണ് രണ്ടാം ബാഹുബലിയുടെയും കാതൽ. മഹാഭാരതം തന്നെയാണ് ആശ്രയം. കോടികളുടെ  ഞെട്ടിക്കുന്ന മുതൽ മുടക്കാണ് ടൂൾ, കോട്ട കൊത്തളങ്ങളിലെ നിറക്കൂട്ടുകൾ തന്നെയാണ് സങ്കേതം. ഇതൊക്കെ ആദ്യ പകുതിയിൽ നിന്നും കൂടിയോ കുറഞ്ഞോ എന്നുള്ളതാണ് മറ്റൊരു വിഷയം. അതൊക്കെ കാണുന്ന ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ആദ്യ പകുതിയുടെ സ്വീകാര്യത കയ്യടിയും തള്ളിക്കേറ്റവും ആദ്യ ദിനത്തിൽ തന്നെ കൂട്ടി എന്ന് മാത്രം. അതിന്റെ ബാഹുല്യം തീർച്ചയായും ഉണ്ട്. കാരണം ആദ്യ പകുതിയിൽ ശിവയിൽ നിന്ന് ബാഹുബലിയിൽ എത്താൻ ഉള്ള സമയം ഇവിടെ വേണ്ട. ബാഹുബലി രണ്ടാമത് പൂർണമായും മാഹിഷ്മതി സാമ്രാജ്യത്തെ ചുറ്റിപ്പറ്റി തന്നെയാണ് നിൽക്കുന്നത്.

തീയറ്റർ കാഴ്ച മുഴുവനായി ആവശ്യപ്പെടുന്ന ഒരു ആർട്ടോ, ക്രാഫ്റ്റോ, എഞ്ചിനീറിംഗോ എന്തോ ആണ് ബാഹുബലി. ആ ബഹളത്തിൽ വരാം, വരാതിരിക്കാം. വരാതിരിക്കുന്നവർ ക്രിമിനലുകളോ വരുന്നവർ ബുദ്ധിശൂന്യരോ ഒക്കെ ആണെന്ന് പറയുന്നത് എന്ത് യുക്തിയാണെന്നു മനസിലാവുന്നില്ല. ബാഹുബലിക്ക് ടിക്കറ്റ് എടുക്കുന്നത് നിങ്ങളെ യഥാർത്ഥ സിനിമാ പ്രേമിയോ എടുക്കാതിരിക്കുന്നത് അരസികരോ ആക്കുന്നില്ല. എന്തായാലും ബാഹുബലി നിർമ്മിതിക്ക് ആ സിനിമയുടെ പ്രേക്ഷകർ ആഗ്രഹിച്ച ഘടകങ്ങളെ കുറെയൊക്കെ സംവിധായകൻ നൽകുന്നുണ്ട്. അതിനപ്പുറമുള്ള യുക്തികളെയോ രാഷ്ട്രീയ ശരികളെയോ മറികടക്കാൻ ശ്രമിക്കാതെ തന്നെ ചില വിമർശനങ്ങളെ പരിഗണിച്ചു തിരുത്തിയിട്ടുമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍