UPDATES

സിനിമാ വാര്‍ത്തകള്‍

‘ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ വലിയ പരാജയമായിരിക്കാം’; അടൂര്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി

അന്നൊക്കെ ഈ പറഞ്ഞപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടാന്ന് വയ്ക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവരമൊന്നുമില്ല

തന്റെ ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്‌മി.ശോഭന ഉർവശി, രേവതി, നദിയാ മൊയ്‌തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്ദത്തിനു പിന്നിൽ ഭാഗ്യലക്ഷ്‌മി ആയിരുന്നു. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള താരമാണ് ഭാഗ്യലക്ഷ്മി.

നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ടെങ്കിലും പ്രഗല്‍ഭരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു ദു:ഖം തന്നില്‍ ബാക്കി നില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞിട്ടില്ല. സഫാരി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.

“എന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്ന് പറഞ്ഞാല്‍ അടൂര്‍ സാറിന്റെ സിനിമകളില്‍ എനിക്ക് ഡബ്ബ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതാണ്. അടൂര്‍ സാര്‍ ‘മതിലുകള്‍’ ചെയ്ത സമയത്ത് വോയിസ് ടെസ്റ്റിന് എന്നെ വിളിച്ചിരുന്നു. അന്നൊക്കെ ഈ പറഞ്ഞപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടാന്ന് വയ്ക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവരമൊന്നുമില്ല.

ഡബ്ബിങ് തുടങ്ങിയതും അദ്ദേഹം പറഞ്ഞു ‘വേണ്ട’. ഞാന്‍ ‘എന്താ സാര്‍ കുഴപ്പം’ എന്ന് ചോദിച്ചപ്പോള്‍ സാര്‍ പറഞ്ഞു, ‘അല്ല മതിലിനപ്പുറത്ത് ശോഭനയാണോ നില്‍ക്കുന്നതെന്ന് ചെറിയ സംശയം വരുന്നു’ എന്ന്. അത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിന് അപ്പുറത്തു നിന്ന് ആരാണ് സംസാരിക്കുന്നതെന്ന് ആരും കാണുന്നില്ല. ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ വലിയ പരാജയമായിരിക്കാം.

അതേ സമയം ശോഭന അഭിനയിച്ച അടൂര്‍ സാറിന്റെ സിനിമയില്‍ അദ്ദേഹം എന്റെ ശബ്ദം ഉപയോഗിച്ചിട്ടില്ല. അപ്പോഴും അദ്ദേഹം പറഞ്ഞത് ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആര്‍ടിസ്റ്റിന്റെ ശബ്ദം ആവശ്യത്തിലധികം തിരിച്ചറിയുന്ന ശബ്ദമാണ് എന്നാണ്. അത് ഒരുപരിധി വരെ എന്റെ പരാജയമായി ഞാന്‍ കാണാറുണ്ട്.” ഭാഗ്യലക്ഷ്മി പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍