UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ഹാഫ് ഗേൾഫ്രണ്ട്: ഉത്തമ ബോളിവുഡ് ചേരുവകള്‍; ഒപ്പം ചേതന്‍ ഭഗത്തിന്റെ സംസ്കാരിയും

സദാചാരഭ്രംശ ഭയം കൊണ്ടാണോ എന്നറിയില്ല, ഫക്ക് മീ ഓർ ഫക്ക് ഓഫ് പോലുള്ള നോവലിലെ ഹിറ്റ് സംഭാഷണങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടില്ല

അപര്‍ണ്ണ

ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് സിനിമയാവുന്നത് പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കുമൊന്നും അത്രയൊന്നും കൗതുകമുണ്ടാക്കിയ ഒന്നായിരുന്നില്ല. ടു സ്റ്റേറ്റ്സിനു ശേഷം അദ്ദേഹം എഴുതിയതെല്ലാം ഏറിയും കുറഞ്ഞും തിരക്കഥകൾ ആയിരുന്നു എന്നതു തന്നെയായിരുന്നു കാരണം. കയി പൂച്ഛോയും കിക്കുമെല്ലാമായി എഴുത്തിലെന്ന പോലെ സിനിമയിലും സജീവമാണ് ചേതൻ ഭഗത് ഇപ്പോൾ. എന്തായാലും മോഹിത് സൂരിയാണ് ഹാഫ് ഗേൾ ഫ്രണ്ടിന്റെ സംവിധായകനാകുന്നത്. ബാഹുബലിയും നാലഞ്ച് മലയാള സിനിമകളും ഉള്ളതിനാൽ കേരളത്തിൽ വളരെ അപൂർവം തീയേറ്ററുകളിൽ വളരെ അപൂർവം ഷോയേ ഹാഫ് ഗേൾഫ്രണ്ട്   ഉള്ളൂ.

നോവൽ വായിച്ചവരെ വളരെ പ്രകടമായ വ്യത്യാസമൊന്നും അനുഭവിക്കാൻ വിടുന്നില്ല സിനിമ. ബിഹാറിലെ ദരിദ്രനും അപരിഷ്കൃതനുമായ മാധവ് ഝായും (അർജുൻ കപൂർ) ഡല്‍ഹിയിലെ കോടീശ്വര പുത്രി റിയാ സോമാനിയും (ശ്രദ്ധാ കപൂർ) ഡല്‍ഹി സെൻറ് സ്റ്റീവൻസിലെ മഴക്കാലത്ത് കണ്ടു മുട്ടുന്നു. നഗരവും ഇംഗ്ലീഷുമെല്ലാം തിരിച്ചു പോകാൻ പ്രേരിപ്പിച്ചപ്പോഴും റിയ മാധവിനു കൂട്ടാവുന്നു. വീട്ടിലെ സംഘർഷങ്ങളിൽ നിന്നും മരവിപ്പിൽ നിന്നും റിയയെ രക്ഷിക്കുന്നതും മാധവുമായുള്ള ബന്ധമാണ്. പ്രണയം തുറന്നു പറയാൻ ശ്രമിക്കുന്ന മാധവിനോട് റിയ പറയുന്നത് താനയാളുടെ ഹാഫ് ഗേൾഫ്രണ്ട് ആണെന്നാണ്. ഈ അവസ്ഥയുടെ സംഘർഷം താങ്ങാനാവാതെ ഇവർ വഴക്കിടുന്നു. വഴക്കിനിടയിൽ നിർബന്ധിത വിവാഹത്തിനു വഴങ്ങി റിയ കോളേജും നാടും വിടുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പരസ്പര സാന്നിധ്യങ്ങളും അസാന്നിധ്യങ്ങളും ആകസ്മികതകളും ഒക്കെയാണ് ഹാഫ് ഗേൾഫ്രണ്ട്.

ഉപരി, മധ്യവർഗ ജീവിതവും അതിനുള്ളിലെ ആശയക്കുഴപ്പങ്ങളുമൊക്കെ ചേതൻ ഭഗതിന്റെ ഇഷ്ട വിഷയങ്ങളാണ്. കോർപ്പറേറ്റ് ജീവിത സമസ്യകളുടെ എഴുത്തുകാരൻ എന്നദ്ദേഹത്തിന് വിളിപ്പേരുള്ളതും അതുകൊണ്ടാണ്. ഇത്തരം ഉപരി, മധ്യവർഗ ജീവിതത്തിന്റെ നിഴലിൽ തന്നെയാണ് അദ്ദേഹത്തിന്റെ അതിസാധാരണക്കാരായ നായികാ, നായകന്മാരും ജീവിക്കുന്നത്. റെവല്യൂഷൻ 20-20-യിലെ പത്രപ്രവർത്തനവും വൺ ഇന്ത്യൻ ഗേളിലെ ഫെമിനിസവും സാമ്പത്തിക ശാസ്ത്ര ചിന്തയും പോലെ ഹാഫ് ഗേൾഫ്രണ്ടിലെ മാധവിന്റെ ബിഹാറി ഗേൾസ് സ്ക്കൂളും ഗ്രാമീണ ജീവിതവും അയാൾക്ക് ബിൽ ഗേറ്റ്സിലേക്കും ലണ്ടനിലേക്കും എത്താനുള്ള ചവിട്ടുപടികളാണ്. ആ ഇന്ത്യൻ മധ്യവർത്തി സ്വപ്നം കൂടിയാണ് ചേതൻ ഭഗതിന്റെ വിജയരഹസ്യം. ആ ചേതൻ ഭഗത് രീതിയെ ചലിപ്പിക്കുകയാണ് മോഹിത് സൂരി ചെയ്തത്.

റിലേഷൻഷിപ്പ് കൺഫ്യൂഷൻ ഇന്ത്യൻ മധ്യവർത്തി സമൂഹത്തിൽ അത്ര അപ്രധാന വിഷയമല്ല. പ്രണയം ഒരു പ്രത്യേക പ്രായത്തിലെ സ്ത്രീ – പുരുഷ ബന്ധമാണെന്നും വിവാഹത്തോടെ അത് ശുഭപര്യവസായി ആകുമെന്നുമുള്ള ധാരണയിൽ മുന്നോട്ട് നീങ്ങുന്ന സമൂഹമാണിത്. ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾ പ്യാറി (പ്രണയം)ൽ നിന്ന് ശാദി (വിവാഹം)യിലേക്കുള്ള ദൂരത്തിൽ ചുറ്റിക്കറങ്ങിയ കാലമുണ്ടായിരുന്നു. പണവും ജാതിയും തുല്യമായാൽ മാത്രം സംഭവിക്കേണ്ട ഒന്നാണ് ശാദി എന്നും സിനിമകൾ പറഞ്ഞു വച്ചിരുന്നു. ഒരുപാടു കാലങ്ങൾക്കിപ്പുറമാണ് ബന്ധങ്ങളിൽ വ്യക്തികൾക്കിടയിൽ വരാവുന്ന ആശയക്കുഴപ്പങ്ങളെ കുറിച്ചൊക്കെ ബോളിവുഡ് സംസാരിച്ചു തുടങ്ങിയത്‌. A Lot Like Love, ഹം തും ആയി റീമേക്ക് ചെയ്യപ്പെടുന്നത് കഷ്ടിച്ച് രണ്ടു ദശാബ്ദങ്ങൾ കഴിഞ്ഞാണ്. അപ്പോഴും സാമ്പത്തിക, ജാതീയ അന്തരങ്ങളാണ് അത്തരം ആശയക്കുഴപ്പങ്ങളായി  മാറുന്നത്. ഹാഫ് ഗേൾഫ്രണ്ട് അതിൽ നിന്നും മാറി വ്യക്ത്യധിഷ്ഠിതമായി ബന്ധങ്ങളെ കാണുന്നു എന്നു പറയുന്നു. പക്ഷെ അതൊരു പുറംമോടി മാത്രമാണ്. റിയയെ ഹാഫ് ഗേൾഫ്രണ്ട് ആക്കുന്നത്, പാതിയിൽ വച്ച് എല്ലാം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് അവളും ഇന്ത്യൻ സംസ്കാരത്തിന്റെ തടവറയിൽ ആണെന്നതാണ്. ഹം ആപ് കേ ഹേ കോൻ എന്ന ചോദ്യത്തിന്റെ ‘സംസ്കാരി’ ഉത്തരം തന്നെയാണ് ഹാഫ് ഗേൾഫ്രണ്ട്.

അർജുൻ കപൂർ ഇംഗ്ലീഷറിയാത്ത ബിഹാറിയായപ്പോഴും നഗരവത്കൃതനായ ബോളിവുഡ് ഹീറോ അയാളിൽ മുഴച്ചു നിന്നു. ശ്രദ്ധാ കപൂറിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് റിയാ സോമാനി. ഒരിടവേളക്കു ശേഷമാണ് പ്രാധാന്യമുള്ള റോളിൽ സീമാ ബിശ്വാസിനെ കാണുന്നത്. നോവൽ കവറിനോടു സാമ്യമുള്ള ദൃശ്യങ്ങൾ  കാണാൻ ഭംഗിയുണ്ട്. സ്റ്റേ എ ലിറ്റിൽ ലോംഗർ എന്ന തീം സോങ്ങ് ബ്രദേഴ്സ് ഓസ്ബോളിന്റെ പ്രശസ്ത കൺട്രി ആൽബത്തെ ഓർമിപ്പിച്ചു. എഡിറ്റിങ്ങും ക്യാമറയും തിരക്കഥയേയും സംവിധാനത്തെയും പോലെ പൂർണമായും നോവലിനെ ആശ്രയിച്ചു. സദാചാരഭ്രംശ ഭയം കൊണ്ടാണോ എന്നറിയില്ല, ഫക്ക് മീ ഓർ ഫക്ക് ഓഫ് പോലുള്ള നോവലിലെ ഹിറ്റ് സംഭാഷണങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടില്ല.

ഹാഫ് ഗേൾഫ്രണ്ടിന്റെ സിനിമാവിഷ്കാരം എന്നതിലുപരി സംഭാഷണങ്ങളെ മയപ്പെടുത്തി കഥാപാത്രങ്ങൾക്ക് രൂപമുണ്ടാക്കുക എന്ന ദൗത്യമാണ് മോഹിത് സൂരി ചെയ്യുന്നത്. വായനാനുഭവത്തെ ദൃശ്യവത്കരിക്കുമ്പോൾ മിക്കപ്പോഴും കഥാപാത്രങ്ങൾക്ക് വായനക്കാരുടെ മനസിലുള്ള രൂപം നഷ്ടപ്പെടും. ആ വെല്ലുവിളി ഏറ്റെടുക്കാനോ നഷ്ടം സഹിക്കാനോ തയ്യാറുള്ള ചേതൻ ഭഗത്, ബോളിവുഡ് പ്രണയ ആരാധകരെ തൃപ്തിപ്പെടുത്തും ഹാഫ് ഗേൾഫ്രണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍