UPDATES

സിനിമാ വാര്‍ത്തകള്‍

ഞാനൊരു മുസ്ലിമും നടിയും ഒറ്റയായ പെണ്‍കുട്ടിയുമായതുകൊണ്ട് മുംബൈയില്‍ എനിക്ക് താമസിക്കാനിടം കിട്ടുന്നില്ല; ഹിന്ദിതാരം ഷിറീന്‍ മിസ്ര പറയുന്നു

ഞാനൊരു MBA(MUSLIM, BACHELOR, ACTOR) ആണെന്നതുകൊണ്ട് മുംബൈയില്‍ ഒരു വീട് കിട്ടാന്‍ എനിക്ക് അര്‍ഹതയില്ലേ?

താനൊരു മുസ്ലിം പെണ്‍കുട്ടിയും അവിവാഹിതയും നടിയും ആയതിനാല്‍ മുംബൈയില്‍ താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ലെന്ന നിസ്സാഹയാവസ്ഥ പങ്കുവച്ച് ഹിന്ദി നടി ഷിറീന്‍ മിസ്ര. ഹിന്ദിയില്‍ ഏറെ പോപ്പുലറായ യേഹ് ഹെയ്ന്‍ മൊഹബത്തേന്‍ എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ പ്രശസ്തയാണ് ഷിറീന്‍.

ഒരു മുസ്ലിം ആയതുകൊണ്ട് തനിക്ക് വാടകയ്ക്ക് താമസിക്കാന്‍ വീടോ ഫ്ലാറ്റോ നല്‍കാന്‍ പലരും തയ്യാറാകുന്നില്ലെന്നാണ് ഷിറീന്‍ പറയുന്നത്. അതോടൊപ്പം, ഒരു നടിയാണെന്നതും ഒറ്റയ്ക്കാണ് എന്നതും തന്നെ ഒഴിവാക്കാനുള്ള കാരണങ്ങളാകുന്നുവെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഷിറീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്;

ഞാനൊരു MBA(MUSLIM, BACHELOR, ACTOR) ആണെന്നതുകൊണ്ട് മുംബൈയില്‍ ഒരു വീട് കിട്ടാന്‍ എനിക്ക് അര്‍ഹതയില്ലേ?

ഈ ചിത്രം ഞാന്‍ സ്വപ്‌നങ്ങളുമായി മുംബൈയില്‍ ജീവിക്കാനായി എത്തിയപ്പോള്‍ എടുത്തതാണ്. പക്ഷേ, എട്ടുവര്‍ഷത്തിനടുത്ത് ഈ നഗരത്തില്‍ ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് ഇതാണ്… ആദ്യമായി, അതേ, ഞാനൊരു നടിയാണ്. ഞാന്‍ മദ്യപിക്കില്ല, പുകവലിക്കില്ല. ഒരു ക്രിമനല്‍ പശ്ചാത്തലവും എനിക്കില്ല. പിന്നെ, എങ്ങനെയാണ് എന്റെ തൊഴിലിനെ അടിസ്ഥാനമാക്കി അവര്‍ക്കെന്നെ വിധിക്കാന്‍ കഴിയുന്നത്?

രണ്ടാമതായി, ഞാനൊരു ബാച്ചിലര്‍ ആണ്, ഞാന്‍ ബ്രോക്കര്‍മാരെ വിളിക്കുമ്പോള്‍ ലഭ്യമായ ഫ്ലാറ്റുകള്‍ക്കുപോലും ഉയര്‍ന്ന വാടകയാണ് ചോദിക്കുന്നത്. ഞാന്‍ ഒരു ബാച്ചിലര്‍ ആയി തുടരുന്നതുവരെ എക്‌സ്ട്രാ പേയ്‌മെന്റ് നല്‍കേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്. കുടുംബങ്ങളായി താമസിക്കുന്നവരില്‍ നിന്നും ശല്യം ഉണ്ടാകാറില്ലേ? എന്റെ ചോദ്യമതാണ്.

മൂന്നാമതായി, ഞാന്‍ മറ്റൊരാളെ വിളിച്ചു, അയാള്‍ ചോദിച്ചത് ഞാന്‍ ഹിന്ദുവാണോ മുസ്ലിം ആണോ എന്നായിരുന്നു, മറുപടി പറഞ്ഞപ്പോള്‍ മുസ്ലിങ്ങള്‍ക്ക് വീടില്ലെന്നും. അല്ലെങ്കില്‍ മുസ്ലിം പേര് അല്ലാത്ത ഏതെങ്കിലും സുഹൃത്തിന്റെ പേരില്‍ ഫ്ലാറ്റ് എടുക്കാന്‍. രക്തത്തില്‍ വ്യത്യാസമില്ല, പിന്നെ പേരില്‍ എന്തിരിക്കുന്നു?

മുംബൈ സ്വയം അഭിരമിക്കുന്ന അതിന്റെ സാര്‍വലൗകിക സ്വഭാവം ഇത്തരത്തില്‍ മതത്തിന്റെയും ജോലിയുടേയും വൈവാഹികനിലയുടേയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണോ? ഈ നഗരം എനിക്ക് ഇതുവരെ ഒരിടം തന്നിട്ടില്ല. പുറത്തു നിന്നും ഈ നഗരത്തിലേക്ക് വരുന്ന എന്നെപോലെ പലരും അസ്തിത്വപ്രതിസന്ധി മൂലം ഒരുപാട് ബുദ്ധിമുട്ടുകയാണ്. പലതവണ തിരസ്‌കരിക്കപ്പെട്ട ഒരാളുടെ ഹൃദയത്തോടെ ഞാന്‍ ചോദിക്കുകയാണ്; ഞാന്‍ ഈ നഗരത്തിന്റെ ഭാഗമാണോ?

ആദ്യമായി മുംബൈയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പമാണ് ഷിറീന്‍ ഈ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷിറീന്‍ മിസ്രയുടെ ഇതേ പരാതികള്‍ മുന്‍പും പല ബോളിവുഡ് താരങ്ങളും ഉയര്‍ത്തിയിട്ടുള്ളതാണ്. ബാന്ദ്രയില്‍ താമസിക്കാന്‍ ഒരു ഫ്ലാറ്റ്  അന്വേഷിച്ച തനിക്ക് ഒരു മുസ്ലിം ആയതുകൊണ്ട് അതിനു സാധിക്കാതെ വന്നെന്നു ഇമ്രാം ഹാഷ്മി പറഞ്ഞിരുന്നു. ജാവേദ് അക്തറും ശബാന ആസ്മിയും ഒരിക്കല്‍ ഇതേ പരാതി ഉയര്‍ത്തിയിരുന്നു. മുംബൈയില്‍ ഒരു ഫ്ലാറ്റ്  വാങ്ങാന്‍ ആഗ്രഹിച്ചിട്ട് അത് നടക്കാതെ പോയത് താനൊരു മുസ്ലിം ആയതുകൊണ്ടാണെന്നും സെയ്ഫ് അലി ഖാനും അതേ അവസ്ഥ നേരിടേണ്ടി വന്നതായി വായിച്ചിട്ടുണ്ടെന്നും ശബാന പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍