UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

രണ്ടു ഗോളുകള്‍ക്കിടയിലെ ക്യാപ്റ്റന്റെ ജീവിതം

വൈകാരികമായി സത്യനെ ഓർക്കുന്ന, അയാളുടെ കളിമൈതാനങ്ങളെക്കാൾ അതിനു പുറത്തുള്ള ജീവിതം അടയാളപ്പെടുത്തുന്ന സിനിമയാണ് ക്യാപ്റ്റൻ.

അപര്‍ണ്ണ

ലോകത്തിനെത്ര നീളമുണ്ടാവും? പലർക്കും ഉത്തരം പലതാവും. പക്ഷെ ലോകം ഒരു കളിമൈതാനത്തോള൦ വലുതാണ്, അല്ലെങ്കിൽ ചെറുതാണ് എന്ന് പലരും പറഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ട്. അങ്ങനെയാക്കിയ ഒരുപാട് മനുഷ്യരുമുണ്ട്. അത്തരം ഒരാളാണ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻ. വി പി സത്യന്റെ ജീവിതം ഒരു നവാഗത സംവിധായകൻ സിനിമയാക്കുക, ജയസൂര്യയെ പോലൊരു പരീക്ഷണങ്ങളിലൂടെ വളരുന്ന താരം അതിൽ നായകനാകുക ഒക്കെ വലിയ വെല്ലുവിളികളാണ്. പ്രജേഷ് സെൻ എന്ന മുൻ പത്രപ്രവർത്തകന്റെ കന്നി ഫീച്ചർ ഫിലിം പ്രേക്ഷകർ കാത്തിരുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്. വാഴ്ത്തുപാട്ടുകൾ ഇല്ലാത്ത ഒരു നായകൻറെ കഥ എന്നാണ് സിനിമ സത്യന്റെ ജീവിതത്തെ കുറിച്ച് പറയുന്നത്. മലയാളത്തിൽ അങ്ങനെ മുഴുനീള സ്പോർട്സ് ബയോപ്പിക്കുകൾ, സ്പോർട്സ് സിനിമകൾ തന്നെ കുറവായതു കൊണ്ട് സിനിമയ്ക്ക് ഇറങ്ങും മുന്നേ വലിയ തരത്തിൽ ശ്രദ്ധ കിട്ടിയിരുന്നു. ഒരുപാട് കയറ്റിറക്കങ്ങൾ നിറഞ്ഞ കരിയറും ജീവിതവും ആയത് കൊണ്ട് തന്നെ സിനിമാറ്റിക് സാധ്യതകളും സത്യന്റെ കരിയറിൽ തന്നെ ഒളിഞ്ഞിരിക്കുന്നു. ജയസൂര്യ എന്ന നടൻ അഭിനയത്തിന്റെ ഓരോ അടരുകളിലും നിരന്തരം പരീക്ഷണങ്ങൾ നടത്തി വളരുന്ന നടൻ കൂടി ആയത് കൊണ്ട് പ്രേക്ഷക പ്രതീക്ഷകൾ വളരെ കൂടുതലായിരുന്നു.

രണ്ടു ഗോളുകൾക്കിടയിൽ ഉള്ള ദൂരത്തിലാണ് ക്യാപ്റ്റൻ എന്ന സിനിമ സഞ്ചരിക്കുന്നത്. ഒരു നിമിഷാർദ്ധത്തിൽ നഷ്ടപ്പെടുത്തിയ ഒന്നിനും, നിമിഷവേഗങ്ങളിൽ നേടിയ മറ്റൊന്നും. ഇതിനിടയിൽ പറയാൻ ശ്രമിച്ചത് കളിമൈതാനത്തെ ജീവനോളം സ്നേഹിച്ച ഒരാളുടെ ജീവിതത്തെ കുറിച്ചായിരുന്നു. വി പി സത്യനെ കുറിച്ച് ഏറ്റവും ആധികാരികതയോടെ ഒരു ഡോക്യുമെന്റെഷൻ നടത്താൻ ശ്രമിക്കുകയായിരുന്നു സംവിധായകൻ ചെയ്തത്. കരിയറിലെയും ജീവിതത്തിലെയും കയറ്റിറക്കങ്ങൾ ഈ രണ്ടു ഗോളുകൾക്കിടയിൽ വന്നു പോകുന്നു. കുട്ടിക്കാലം മുതലേ ജീവനായിരുന്ന ഫുട്ബോൾ, സത്യൻ എന്ന പേരിനേക്കാൾ ക്യാപ്റ്റൻ എന്ന പേര് ഇഷ്ടപ്പെട്ടിരുന്ന സത്യന്റെ വളർച്ച, തളർച്ച, പരിക്കുകൾ, ഭാര്യ അനിതയുമായുള്ള ലവ് – ഹേറ്റ് ബന്ധം, വിഷാദ രോഗം, ആത്മഹത്യ തുടങ്ങി നമ്മൾ വായിച്ചും കേട്ടും അറിഞ്ഞ സത്യനെ തന്നെയാണ് സിനിമയിൽ പ്രജേഷ് സെൻ പകർത്താൻ ശ്രമിച്ചതും. കൃത്യമായ ഒരുപാട് കാലത്തെ ഗവേഷണങ്ങൾ കൊണ്ട് മാത്രം സാധിക്കുന്ന ധൈര്യം ഏത് ബയോപ്പിക്കിനും എന്ന പോലെ ഈ സിനിമയ്ക്ക് പിന്നിലും ഉണ്ട് എന്ന് സിനിമ കാണുമ്പോൾ വ്യക്തവുമാണ്. വർഷങ്ങൾക്കു മുന്നേ വി പി സത്യന്റെ ഭാര്യ അനിതയുമായി ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ നടത്തിയ അഭിമുഖമാണ് ഈ സിനിമയെ കുറിച്ചുള്ള ചിന്തകളുടെ തുടക്കം എന്ന് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. അനിതാ സത്യന്റെ സജീവ സാന്നിധ്യം സിനിമയുടെ തുടക്കം മുതലേ ഉണ്ടായിരുന്നു എന്നതും സിനിമയുടെ സത്യസന്ധത നിലനിർത്താൻ ഒരു പ്രധാന കാരണമായിരുന്നു.

കളിയോളം ഒരു പക്ഷെ കളിയെക്കാൾ കൂടുതൽ വി പി സത്യന്റെ വ്യക്തി ജീവിതം ചർച്ച ചെയ്യുന്നുണ്ട് ക്യാപ്റ്റൻ. വിഷാദ രോഗി ആകുന്നതിനു മുന്നേ തന്നെ, വൈകാരികമായി കയറ്റിറക്കങ്ങൾ നിറഞ്ഞ സ്വഭാവമുള്ള ഒരാളായിരുന്നു ക്യാപ്റ്റനിലെ വി പി സത്യൻ. ഭാര്യ അനിതയുടെ വാക്കുകളിൽ സത്യനും ചുറ്റുമുള്ളവരും കടന്നു പോയ ഭീതിതമായ അവസ്ഥകളെ കുറിച്ചുള്ള സൂചനകൾ ഉണ്ട്. ഫ്രാൻസിന്റെ മത്സരം കാണുന്നതും തുടർന്നുള്ള രംഗങ്ങളും ഒക്കെ സിനിമയിൽ തീവ്രമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. വൈകാരികമായ രംഗങ്ങളെ വിശ്വസ്തതയോടെ പ്രേക്ഷകരിൽ എത്തിക്കാൻ ജയസൂര്യയിലെ നടനായി. നടത്തത്തിലെ ചെറിയ വ്യത്യാസങ്ങൾ മുതൽ എല്ലാം വളരെ കൃത്യമായി പുനരാവിഷ്കരിക്കാൻ ശ്രമിച്ചിട്ടും ഉണ്ട്.

ഇത് തോറ്റുപോയ ഒരാളുടെ കഥയാണ്; വിജയിച്ച ‘ക്യാപ്റ്റ’ന്റെ സംവിധായകന്‍ പ്രജേഷ് സെന്‍/അഭിമുഖം

സിനിമയ്ക്ക് ഏറ്റവും വെല്ലുവിളി ആയിരുന്നിരിക്കുക സത്യന്റെ മരണം ചിത്രീകരിക്കൽ ആയിരിക്കും. പല്ലാവരത്തെ ഒരു റെയിൽവേ സ്റ്റേഷനിൽ ആണ് സത്യന്റെ മൃതശരീരം കണ്ടത്. കടുത്ത വിഷാദ രോഗവും പരിക്കുകളും കാരണം ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്നു. ഒരു കളിമൈതാനത്തിന്റെ ഓർമകളുടെ സാന്നിധ്യം കൊണ്ട് അത്തരം രംഗങ്ങളെ കാവ്യാത്മകമാക്കാൻ സംവിധായകൻ നോക്കി. പരാജിതൻ എന്ന സങ്കല്പങ്ങളെ മറികടന്ന് ദക്ഷിണ കൊറിയക്കെതിരെ നേടിയ പെനാൽറ്റി ഷൂട്ട് ഔട്ട് ഗോളിനെ പുനരാവിഷ്ക്കരിക്കുന്നുണ്ട് സിനിമ. മരിച്ചവരൊന്നും തോറ്റവരല്ല എന്ന കാഴ്ച, സിനിമ ഒടുങ്ങുമ്പോൾ കാണികളിലേക്ക് എത്തുന്നു. സാമ്പത്തിക പ്രതിസന്ധി, ഭാര്യയുമായുള്ള പ്രശ്നങ്ങൾ, ഭാര്യയാണ് മരണത്തിനുള്ള കാരണക്കാരി എന്ന മട്ടിലുള്ള ആരോപണങ്ങൾ, അവർ അതിനെ നേരിട്ടത്, മദ്യപാനം സംബന്ധിച്ച ഓർമ്മകൾ തുടങ്ങി സത്യന്റെ മരണശേഷം വളരെ വ്യപകമായി പ്രചരിപ്പിക്കപ്പെട്ട കഥകൾ സിനിമ പൂർണമായും തമസ്കരിച്ചിരിക്കുന്നു. ജീവിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവരോടുള്ള ബഹുമാനം ആയിരിക്കാം കാരണം. ഭാര്യയുമായുള്ള ബന്ധത്തിലെ തീവ്രമായ പ്രണയവും അതിനേക്കാൾ തീവ്രമായ പ്രണയരാഹിത്യവും ക്യാപ്റ്റനിൽ ഉണ്ട്. പക്ഷെ ഫുട്ബോൾ ഒഴിവാക്കാൻ ഭാര്യ പറഞ്ഞതും മറ്റുമായുള്ള കാര്യങ്ങൾ സിനിമയിൽ ഇല്ല.

ഫുടബോൾ വലിയ തിളക്കത്തോടെ കേരളത്തിൽ നിലനിന്ന കാലത്താണ് വി പി സത്യൻ കളിമൈതാനത്തിറങ്ങുന്നത്. 1990-ലും 93-ലും നടന്ന ഫെഡറേഷൻ കപ്പ് വിജയങ്ങൾ, രണ്ടു സന്തോഷ് ട്രോഫികൾ തുടങ്ങി നിരവധി വിജയഘോഷങ്ങളുടെ സമൃദ്ധിയിലൂടെയായിരുന്നു കേരളം കടന്നു പോയത്. ആ വിജയങ്ങളിൽ വി പി സത്യന്റെ പങ്കും ചെറുതല്ല. മിഡ് ഫീൽഡറും ഡിഫെൻഡറും ആയി 90 മിനുട്ടും കളിമൈതാനത്ത് കൂടി അദ്ദേഹം ഓടി നടന്നു, അഗ്രസീവ് പ്ലയെർ എന്ന് ലോകം മൊത്തം അദ്ദേഹത്തെ വിളിച്ചു. സത്യന്റെ ടാക്ലിങ് അന്ന് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. തന്റെ ശരീരത്തെ പൂർണമായും ഉപയോഗിച്ച് മൈതാനത്തിന്റെ ഒരു ഭാഗത്തെ ആധിപത്യം നേടുക എന്നതായിരുന്നു സത്യന്റെ ഏറ്റവും വലിയ പ്രത്യേകത . ജിംഖാനയിൽ തുടങ്ങി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകൻ വരെ ആയ ആളായിരുന്നു അദ്ദേഹം. പിന്നീട് ദേശിയ ടീം കോച്ച് ആയിരുന്നു. ഇങ്ങനെയൊരാളുടെ കളി ജീവിതം അത്രയൊന്നും സ്‌ക്രീനിൽ കടന്നു വന്നിട്ടില്ല. കളി മൈതാനത്തിലെ സത്യൻ ആണ് ഹീറോ. ആ രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നേ ഇല്ല എന്ന് പറയാം. ജയസൂര്യയുടെ നോട്ടവും ഗോൾ അടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങളും മാത്രമായി ആ രംഗങ്ങൾ ചുരുക്കി.

ഞാന്‍ സത്യേട്ടനെ വീണ്ടും കാണാന്‍ പോവുകയാണ്, അതിന്റെ ആകാംക്ഷയാണ്; അനിത സത്യന്‍/അഭിമുഖം

ഒരർത്ഥത്തിൽ നോക്കിയാൽ നന്ദി ഇല്ലാത്ത കളി എന്നും നമുക്ക് ഫുട്ബോളിനെ പറയാം. ഗോൾ അടിക്കുന്നവർ മാത്രം വാഴ്ത്തപ്പെടുന്ന ഇടം ആണത്. അവിടെയാണ് ഡിഫൻഡർ ആയി സത്യൻ കാഴ്ചകളെ തിരിച്ചു വിട്ടത്. വായുവിൽ പറന്നു നിൽക്കുന്ന സത്യൻ എന്ന കളിക്കാരനെ, കാഴ്ചയെ വൈകാരികതയുടെ ബാഹുല്യത്തിൽ സിനിമ ഗാലറിക്ക് പുറത്തു നിർത്തി. രാജ്യവും സംസ്ഥാനവും ആദരവുകളിൽ നിന്ന് മരണാന്തരവും മാറ്റി നിർത്തപ്പെട്ടതു കൂടി കൂടിയാണ് വി പി സത്യന്റെ ഓർമകളെ പൂർണമാകുന്നത്. ചില ക്രിക്കറ്റ് വിരുദ്ധ പരാമർശങ്ങൾ അല്ലാതെ അതിന്റെ സാമൂഹ്യ, രാഷ്ട്രീയ മാനങ്ങൾ സിനിമ ചർച്ച ചെയ്യുന്നേ ഇല്ല. അതിനായി അനിത നടത്തിയ പോരാട്ടങ്ങൾ, ഇപ്പോൾ ഉള്ള സത്യൻ സോക്കർ ക്ലബ് ഒന്നും സിനിമയിൽ ഇല്ല. മരണത്തോടെ പൂർത്തിയാവുന്നതല്ലല്ലോ ഒരാളുടെയും ജീവിതം. ദക്ഷിണ കൊറിയയിലെ കളിക്കാർക്ക് ആ എത്നിക്ക് രൂപസാമ്യം ഇല്ലാത്തതും തീർച്ചയായും അപൂർണതയാണ്. കളിമൈതാനം ദീർഘകാലത്തിനു ശേഷം നഷ്ടമാകുന്നത് രാജ്യം നഷ്ടപ്പെടുന്ന രാജാവിനെ/ രാജ്ഞിയെ പോലെ ഒരു വ്യക്തിയെ ഭീകരമായ ഒറ്റപ്പെടലിലേക്കു തള്ളിവിടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സത്യന്റെ വിഷാദ രോഗത്തിനും ആ സ്വഭാവമുണ്ടായിരുന്നു. ആ അവസ്ഥയെ മദ്യക്കുപ്പിയുടെയും മറ്റും ചില സൂചനകൾക്കപ്പുറം വികസിപ്പിക്കാൻ സിനിമ ശ്രമിച്ചില്ല. പാപ്പച്ചൻ ഇല്ലാത്ത, കൊൽക്കത്തയിൽ ഒപ്പം താമസിച്ച ഐ എം വിജയൻ ഇല്ലാത്ത, ഷറഫലി നേരിയ ഒരു സാന്നിധ്യമായി ചരുങ്ങിയ ഇടം കൂടിയാണ് ക്യാപ്റ്റൻ സിനിമ

സ്പോർട്സ് ബയോപിക്ക് എന്നാൽ അന്തിമമായ ഒരു വിജയത്തിൽ കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തോടെ ഫ്രീസ് ചെയ്യപ്പെടുന്ന കാമറ ആണെന്ന വിശ്വാസത്തെ വെല്ലു വിളിക്കുന്നുണ്ട് ക്യാപ്റ്റൻ. മലയാളത്തിൽ സ്പോർട്സ് സിനിമകൾ എന്ന ഗണം വളരെ കുറവാണു എന്നത് തന്നെ ക്യാപ്റ്റന്റെ ഇടം കൂട്ടുന്നുമുണ്ട്. കളി മൈതാനത്തിനു പുറത്തെ വി പി സത്യനെ കുറിച്ച് പറഞ്ഞ്, ഗ്രൗണ്ടിലെ സത്യനെ അപ്രത്യക്ഷനാക്കി പൂർണമായും ഒരു സ്പോർട്സ് മൂവി എന്ന അവകാശവാദത്തിന് പിന്നിൽ നിൽക്കുന്നുമുണ്ട് ഈ സിനിമ. വൈകാരികമായി സത്യനെ ഓർക്കുന്ന, അയാളുടെ കളിമൈതാനങ്ങളെക്കാൾ അതിനു പുറത്തുള്ള ജീവിതം അടയാളപ്പെടുത്തുന്ന സിനിമയാണ് ക്യാപ്റ്റൻ.

അനിത ചേച്ചി തന്ന ധൈര്യമാണ് ആ കഥാപാത്രമാകാന്‍ എനിക്ക് കരുത്തായത്; അനു സിത്താര/ അഭിമുഖം

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍