UPDATES

സിനിമാ വാര്‍ത്തകള്‍

പത്മാവതിക്ക് പ്രദര്‍ശനാനുമതി

ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശം

വിവാദ സിനിമ പത്മാവതി  പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ അനുമതി. ചിത്രത്തിന്റെ പേര് പത്മാത് എന്നാക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്താനും നിര്‍ദ്ദേശമുണ്ട്. ചരിത്രവുമായി ബന്ധമില്ലെന്ന് ചിത്രം തുടങ്ങുന്നതിന് മുമ്പ് എഴുതിക്കാണിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.

സെന്‍സര്‍ ബോര്‍ഡ് നിയമിച്ച പ്രത്യേക പാനല്‍ ആണ് ചിത്രം കണ്ട് വിലയിരുത്തിയത്. ചരിത്രകാരന്മാരും ഉള്‍പ്പെടുന്നതാണ് ഈ പാനല്‍. ചരിത്രസംഭവങ്ങള്‍ ഭാഗികമായി ഉള്‍പ്പെടുത്തിയാണ് ചിത്രം തയ്യാറാക്കിയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ പാനലിനെ അറിയിച്ചു. ഉദയ്പുര്‍ സര്‍വകലാശാലയിലെ അരവിന്ദ് സിംഗ്, ജയ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫ. കെകെ സിംഗ്, ചന്ദ്രമണി എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്.

190 കോടി രൂപ മുടക്കിയാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം നിര്‍മ്മിച്ചത്. രാജസ്ഥാനില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മുതല്‍ കര്‍ണി സേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രം കാണാതെ തന്നെ ഇതില്‍ 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പത്മാവതി റാണിയെ അവഹേളിക്കുകയാണെന്ന് സംഘടനയുടെ നേതാക്കള്‍ ആരോപിച്ചു. അലാവുദ്ദീന്‍ ഖില്‍ജിയെ പത്മാവതി പ്രേമിച്ചിരുന്നുവെന്ന രീതിയില്‍ റാണിയെ അപമാനിക്കുന്നുവെന്നാണ് അവര്‍ ആരോപിച്ചത്.

അതേസമയം ഒരു പ്രണയ കഥയല്ല ഈ ചിത്രമെന്ന് ബന്‍സാലി പലയാവര്‍ത്തി വ്യക്തിമാക്കിയിട്ടും രാജസ്ഥാന്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പ്രദര്‍ശനാനുമതി നല്‍കില്ലെന്നാണ് വിവിധ ബിജെപി സര്‍ക്കാരുകള്‍ പറയുന്നത്. ഈമാസം ഒന്നാം തിയതി നടത്താനിരുന്ന ചിത്രത്തിന്റെ റിലീസിംഗ് പ്രതിഷേധങ്ങളെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയകോം-18 അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍