UPDATES

സിനിമ

ആ സംഭവത്തിൽ മദ്രാസിൽ വെച്ച് എന്നെക്കണ്ട് മണി പൊട്ടിക്കരഞ്ഞു: സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തുന്നു

ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിയെ കുറിച്ചുള്ള സിനിമ മാത്രമല്ല, കറുപ്പിനോടുള്ള മനോഭാവത്തെ കുറിച്ചുള്ളതും കൂടിയാണ്

അനു ചന്ദ്ര

അനു ചന്ദ്ര

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ചാലക്കുടിക്കാരന്‍ ചങ്ങാതി”. സെന്തിൽ കൃഷ്ണ (രാജാമണി) കലാഭവൻ മണിയായി അഭിനയിച്ച് ആൽഫാ ഫിലിംസിന്റെ ബാനറിൽ ഗ്ളാസ്റ്റോൺ ഷാജി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതി തീയേറ്ററുകളിൽ ഇതിനോടകം മികച്ച പ്രതികരണവുമായി, കലാഭവൻ മണി ആരാധകരെ പൊട്ടികരയിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിന്റെ വിശേഷം സംവിധായകൻ വിനയൻ അനു ചന്ദ്രയുമായി പങ്കുവെക്കുന്നു.

കലാഭവൻ മണിയെന്ന വ്യക്തിക്കും താങ്കൾക്കുമിടയിലെ സുഹൃത്ത് ബന്ധം,ആത്മബന്ധം ഇത് മാത്രമാണോ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ സംഭവിച്ചതിന് പുറകിലെ പ്രധാനകാരണം?

ഞാൻ പലയിടങ്ങളും പറഞ്ഞിട്ടുണ്ട്, ഇത് കറുപ്പിനോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തെ കുറിച്ചുള്ള കഥ കൂടിയാണെന്ന്. കറുപ്പിന്റെ അല്ലെങ്കിൽ ദളിത് വികാരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട മണിയെന്ന വ്യക്തിയുടെ കഥ എന്നു പറയാം. കൂടാതെ മദ്യപാനത്തിനെതിരെ ഉള്ള ഒരു മെസ്സേജ് ഇതിനകത്ത് ഉണ്ട്. മദ്യപാനം ഒരാളുടെ ജീവിതം എങ്ങനെ തകർക്കുന്നു എന്ന് നമ്മൾ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും വരുന്നവരോട് നമ്മുടെ സമൂഹം എന്തെല്ലാം വലിയ നീതി പുലർത്തുന്നുവെന്നു പറഞ്ഞാലും അതൊന്നും ചെയ്യുന്നില്ല എന്നു പറയുന്ന ഒരവസ്ഥയുണ്ട്. ആത്മബന്ധം, സുഹൃത്ത് ബന്ധം എന്നതിനപ്പുറത്തേക്ക് അത്തരം ഗൗരവമുള്ള വിഷയങ്ങൾ എല്ലാം ഉൾപ്പെടുന്ന, പറയാൻ ശ്രമിക്കുന്ന ഒരു സിനിമ കൂടിയാണ് ഇത്. അതുകൊണ്ടാണ് കലാഭവൻ മണി എന്നു പറയുന്ന മഹാനടന്റെ, എന്റെ സുഹൃത്തിന്റെ, നല്ലൊരു മനുഷ്യസ്നേഹിയുടെ, നാടന്‍പാട്ടിന്റെ കുലപതിയെ കുറിച്ച് സിനിമ എടുക്കാൻ ഞാൻ തീരുമാനിച്ചത് തന്നെ. മണി മരണപ്പെട്ടത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ഞാൻ ചാലക്കുടിയിൽ നടന്ന ഒരു വലിയ യോഗത്തിൽ പങ്കു ചേരുകയുണ്ടായി. ആ യോഗത്തിൽ ഞാൻ മണിയെ പറ്റി ഒന്നൊന്നര മണിക്കൂർ സംസാരിച്ചപ്പോൾ എന്റെ മുൻപിൽ ഇരുന്നിരുന്ന ഒരാൾ എണീറ്റ് ചോദിച്ചു സർ ഇത്രയൊക്കെ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി, എന്തുകൊണ്ട് അദ്ദേഹത്തെ കുറിച്ച് ഇത്രയും സാറിന് അറിയാമെങ്കിൽ അതൊരു സിനിമയാക്കികൂടാ എന്ന്. അന്ന് അത് ചിന്തിക്കാം എന്ന് അയാളോട് പറഞ്ഞെങ്കിലും രണ്ടര വർഷത്തിനു ശേഷമാണ് അത് സിനിമയാക്കിയത്. തീർച്ചയായും ഒത്തിരി, ഹൃദയത്തിൽ തട്ടുന്ന മുഹൂർത്തങ്ങൾ ഉള്ള ജീവിതമായിരുന്നു മണിയുടേത് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് അത് സിനിമയാക്കിയത്.

കലാഭവൻ മണിയുടെ ജീവിതത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുമ്പോൾ അതിൽ അദ്ദേഹത്തോട് എത്രമാത്രം നീതി പുലർത്താൻ സാധിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നോ?

ഇത് ഒരു ബയോപിക്ക് അല്ല,എന്നാൽ മണിയുടെ കഥയാണെന്നു എടുത്തു പറയാനുള്ള കാരണം ഇദ്ദേഹത്തിന്റെ മരണം ഒക്കെ ഇപ്പോഴും സിബിഐ അന്വേഷണത്തിൽ ഇരിക്കുന്ന കാര്യമാണ് എന്നതാണ്. ഒരു കലാകാരനെന്ന നിലയിലെ എന്റെ വ്യാഖ്യാനം മാത്രമാണ് ഇതിലെ ക്ലൈമാക്സിൽ കൊടുത്തിരിക്കുന്നത്. അതുകണ്ട് ഒരു വലിയ ഞെട്ടലുളവാക്കി, പോലീസ് ഇനി കേസ് ഇങ്ങനെയൊക്കെ അന്വേഷിക്കുമോ എന്നൊക്കെ ചോദിച്ചു എനിക്ക് ഒത്തിരി മെസ്സേജസ്‌ ഒക്കെ ഇപ്പോഴേ വരുന്നുണ്ട്. പക്ഷെ മണിയുടെ കഥ എടുക്കുമ്പോൾ എന്തെല്ലാം എടുക്കണം, മണിയുമായി ബന്ധപ്പെട്ട കാര്യത്തിൽ എന്തെല്ലാം പറയണം എന്ന കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അത് നന്നായി ചെയ്യാൻ സാധിച്ചതിന്റെ ഫലമായിരിക്കാം ഇപ്പോൾ കിട്ടുന്ന നല്ല അഭിപ്രായം.

കലാഭവൻ മണിയെന്ന കഥാപാത്രം സെന്തിലിൽ എങ്ങനെയെത്തി?

ഞാൻ ഫേസ്‌ബുക്കിൽ ആളുകളെ ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ട സമയത്ത്‌ 5000 ത്തിൽ ഏറെ ആളുകൾ അപേക്ഷിക്കുകയുണ്ടായി. അതിനകത്ത് 1500ലേറെ ആളുകളെ ഫൈനലിൽ കൊണ്ടുവന്നു. അതിൽ വീണ്ടും 100 പേരെ തിരഞ്ഞെടുത്തു. പക്ഷെ അതിലാരും എന്നെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെ പുതിയ ഒരാളെ തിരഞ്ഞപ്പോൾ ആണ് സീരിയലിൽ അഭിനയിക്കുന്ന സെന്തിൽ(രാജാമണി)നെ എനിക്ക് പരിചയപ്പെടുത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ സീരിയൽ കണ്ടപ്പോൾ അതും എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ നേരിൽ വന്ന് അഭിനയിച്ചു കാണിച്ചപ്പോ എന്നെ വല്ലാതെ ഇമ്പ്രസ് ചെയ്തു അയാൾ. അങ്ങനെയാണ് അയാൾ അതിൽ എത്തുന്നത്. എനിക്ക് തോന്നുന്നു ഞാൻ ഉദ്ദേശിച്ചതിലും നല്ല നടനെ അയാളിലൂടെ കിട്ടി എന്ന്. മണിയെ പണ്ട് വാസന്തിയിലും ലക്ഷ്മിയിലും കൊണ്ട് വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു സൂപ്പർ സ്റ്ററുകളുടെ നടുക്ക് ഒരു കസേരയിട്ട് ഇയാളെ ഇരുത്തുമെന്ന്. അതുപോലെ ഞാൻ വീണ്ടും ഒരു ചലഞ്ച് പറയുകയാണ്. ഇന്നത്തെ ഏതൊരു നടന് മുൻപിലും ഒട്ടും മോശമല്ലാത്ത വിധത്തിൽ ഇരിക്കാൻ പറ്റുന്ന ഒരു നടനാണ് സെന്തിൽ(രാജാമണി). അത് അയാൾ തെളിയിച്ചു കഴിഞ്ഞു.

സിനിമയിൽ കലാഭവൻ മണി എന്ന പേരിന് പകരം രാജാമണി എന്ന പേര് നൽകുമ്പോൾ അത് പ്രേക്ഷകർക്ക് നൽകുന്ന ഒരു അതൃപ്തിയില്ലേ?

ഒത്തിരി വിവാദങ്ങൾ ഉണ്ടാക്കാവുന്ന സാധ്യതകൾ ഈ കഥക്ക് പുറകിലുണ്ട്. മണിയുടെ മരണം ഒരു കൊലപാതകമാണെന്ന് വിചാരിക്കുന്ന രീതിയിലോട്ട് വരെ കാര്യങ്ങൾ പോയതായി നമുക്കൊക്കെ അറിയാം. അതെല്ലാം കൊണ്ട് തന്നെ നിയമപരമായ ഒരു സേഫ്റ്റി സൈഡ് നോക്കിയാണ് നമ്മൾ കലാഭവൻ മണി എന്ന പേരിന് പകരം രാജാമണി എന്ന പേര് നൽകിയത്.

2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യം ഉള്ള സിനിമയിൽ പൂർണ്ണമായും കലാഭവൻ മണിയെ പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുത്താൻ സാധിച്ചോ?

ഈ പടം എഡിറ്റ് ചെയ്ത് വന്നപ്പോൾ എനിക്ക് തോന്നി ഒന്ന് രണ്ട് കാര്യങ്ങൾ കൂടി എനിക്ക് പറയാമായിരുന്നല്ലോ എന്ന്. 2 മണിക്കൂർ 40 മിനുട്ട് എന്നു പറയുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ലെങ്ത് ആണ്. ഇപ്പോൾ തന്നെ തീയേറ്റർകാർ പറയുന്നുണ്ട് രണ്ടര മണിക്കൂർ ആക്കാൻ. പക്ഷെ അത്രയും വെട്ടി മാറ്റിയാൽ അദ്ദേഹത്തിന്റെ കഥ വളരെ ചുരുങ്ങി പോകും. ഹ്യൂമറും അടിപൊളി പാട്ടുമെല്ലാം നിറഞ്ഞതാണല്ലോ കലാഭവൻ മണിയുടെ ജീവിതം. അതൊന്നും കാണിക്കാതെ അദ്ദേഹത്തിന്റർ ദുരൂഹത നിറഞ്ഞ മരണത്തെ പറ്റി മാത്രം നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ടാണ് ദൈർഘ്യം കൂടിയത്.

വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ ബോധപൂർവമുള്ള ഒരു ശ്രമം ഈ സിനിമയിൽ ഇല്ലേ?

ഉണ്ടായിരുന്നു. കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല രണ്ട് കഥാപാത്രങ്ങൾ കൊടുത്ത,13 സിനിമകളിൽ അഭിനയിപ്പിച്ചതും, ആത്മബന്ധവും ഒക്കെയുള്ള വ്യക്തിയെന്ന നിലക്ക് വിവാദങ്ങൾ സൃഷ്ടിക്കാൻ ഉള്ള അവസരങ്ങൾ ഏറെ ഉള്ള ആളാണ് ഞാൻ. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സിനിമ മേഖലക്ക് അകത്തു നടക്കുന്ന ചില രംഗങ്ങൾ ഒക്കെ ഉണ്ട്. എന്നെ ഇവരൊക്കെ എത്ര വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ തിരിച്ചു അതിനെ പറ്റി പറയുകയോ പ്രതികരിക്കുകയോ ചെയ്യുമ്പോൾ ഒരിക്കലും ആരെയും അത്രയും വേദനിപ്പിക്കില്ല. എന്നാൽ കാര്യം എല്ലാവർക്കും മനസിലാകണമെന്ന നിർബന്ധം ഞാൻ തുടക്കത്തിലേ എടുത്തിരുന്നു.

മാക്ട സംഘടന പിളർത്തി ഫെഫ്ക രൂപീകരിച്ച വിഷയമെല്ലാം ചിത്രത്തിൽ കടന്നു വരുമ്പോൾ അത് കലാഭവൻ മണി എന്ന വ്യക്തിയിൽ നിന്നും മാറി വിനയൻ എന്ന സംവിധായകന്റെ പ്രതിഷേധം കൂടിയല്ലേ അറിയിക്കുന്നത്?

അല്ല.കലാഭവൻ മണിയുടെ ജീവിതവുമായി ഒത്തിരി ബന്ധമുണ്ട് അതിന്. സലീം ബാവ സംവിധാനം ചെയ്ത പ്രമുഖൻ എന്ന സിനിമയുടെ പൂജ എന്നെക്കൊണ്ട് ചെയിപ്പിക്കണമെന്ന് കലാഭവൻ മണി വിളിച്ചു പറയുകയും, ഞാൻ സംഘടന പ്രശ്നമാക്കും എന്നോക്കെയുള്ള കാരണത്താൽ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ഒടുവിൽ സലീം ബാവ നിര്‍ബന്ധിച്ചിട്ട് ഞാൻ വിളക്ക് കൊളുത്തുകയുമുണ്ടായി. ഒരു പ്രധാന സീൻ ആണത് ചിത്രത്തിൽ. ആ വിളക്ക് കത്തിച്ച പേരിൽ പടത്തിന്റെ പേരു പോലും മാറ്റണമെന്നു പറഞ്ഞു ഫെഫ്ക്ക. അങ്ങനെ അവർ ആ പടത്തിന്റെ പേര് പോലും മാറ്റിച്ച് ഫെഫ്കകയിലെ മറ്റൊരാളെ കൊണ്ട് വിളക്ക് കത്തിച്ചാണ് ഗുണ്ട എന്ന പേരിൽ ആ പടം നടത്തിച്ചത്. ആ സംഭവത്തിൽ മദ്രാസിൽ വെച്ച് എന്നെക്കണ്ട് മണി പൊട്ടിക്കരഞ്ഞു.

ചിത്രത്തിലെ ഹരി എന്ന സംവിധായകനായുള്ള കഥാപാത്രം താങ്കളുടെ ആത്മാശമുള്ള കഥാപാത്രമാണല്ലോ?

ആ കഥാപാത്രത്തിന് വേണമെങ്കിൽ കുറെ അധികം കാര്യങ്ങൾ വേണമെങ്കിൽ പറയാമായിരുന്നു. എന്റെ കൈയിലാണ് പേന, ഞാൻ ആണ് സംവിധായകൻ. എനിക്ക്‌ വേണമെങ്കിൽ ദേഷ്യമുള്ളവരെ ഒക്കെ ചീത്ത വിളിക്കാമായിരുന്നു. ഞാൻ അതൊന്നും ചെയ്തില്ല.രണ്ട് സീൻ മാത്രമാണ് ഹരി സിനിമക്കകത്തെ പൊളിറ്റിക്സ്‌ പറയാനായി ഉപയോഗിക്കുന്നത്. ബാക്കി എല്ലാം നോർമൽ സീനുകളാണ്.

സിനിമയെ കുറിച്ച്, കലാഭവൻ മണിയെ കുറിച്ച് കൂടുതൽ പറയാനാഗ്രഹിക്കുന്നത്?

ഈ സിനിമ നമ്മൾ കാണുന്ന സാധാ ഒരു ബയോപിക് ആയിട്ട് കാണരുത്. ഇത് വളരെ സത്യസന്ധമായി മണിയുടെ ജീവിതം പറഞ്ഞ സിനിമയാണ്. അതിനോടൊപ്പം തന്നെ ഈ സിനിമാക്കകത് ഒരു മെസ്സേജ് ഉണ്ട്. വളരെ മഹാനായ ഒരു കലാകാരൻ, ഒരു മനുഷ്യസ്നേഹി എന്നൊക്കെ പറയുന്ന ഒരാൾ ഒടുവില്‍ തന്റെ ജീവിതം കൈയിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്‌ഥ എല്ലാം പറയുന്നുണ്ട്. ദളിത് സമൂഹത്തിൽ നിന്നും വളർന്നു വന്ന് തെങ്ങു കയറിയും, ഓട്ടോ ഓടിച്ചും ഒക്കെ ജീവിതം നിലനിർത്തിയ ഒരാൾ ഇങ്ങനെ ഒരു അഭിനയം കാഴ്ച വെച്ചു നമ്മളെ ഞെട്ടിച്ചപ്പോൾ മറ്റേ നടൻ എത്ര വലിയ ആളാണെങ്കിലും, ആൾക്ക്എത്ര വലിയ അവാർഡുകൾ കിട്ടിയിട്ടുള്ളത് ആണെങ്കിലും മണിക്ക് ഒരു പ്രോത്സാഹനമായി ആ ദേശീയ അവാർഡ് നല്കേണ്ടതായിരുന്നു എന്ന് അന്നും ഇന്നും പറയുന്ന ആളാണ് ഞാൻ. താഴെ നിന്നും വരുന്ന ആളുകളെ കൈക്കൊടുത്ത് ചേർത്ത് നിർത്തണം നമ്മൾ. ദളിതരോട് നമ്മൾ പറയുന്ന അത്ര ആത്മാർത്ഥത നമ്മൾ കാണിക്കാറുണ്ടോ എന്നുള്ള ഒരു പുനർചിന്തനം കൂടി ഈ സിനിമ കാണുന്നവർക്ക് ഉണ്ടായാൽ അത്രയും ഞാൻ സന്തോഷിക്കുന്നു.

‘എന്നെ അങ്ങോട്ട്‌ അംഗീകരിക്കാന്‍ പാടാ സാറേ…’, മണി പറഞ്ഞതിന് ഇന്നും മാറ്റമില്ല- വിനയന്‍

കുഴപ്പങ്ങളൊരുപാടുണ്ട്… പക്ഷെ, “ചാലക്കുടിക്കാരൻ” മണിച്ചേട്ടന്റെ ജീവിതമാണ്

കലാഭവന്‍ മണി, ശ്രീനാഥ്; ദിലീപ് തുറക്കുന്ന രണ്ട് കേസുകള്‍

കലാഭവന്‍ മണി: കടങ്ങള്‍ വഴിയുള്ള കള്ളക്കടത്ത്

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍