ചോലയിലെ കഥാപാത്രം മ്ലേച്ഛമാണെന്നു പറഞ്ഞ് ലാല്‍ അഭിനയിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ ആരോപണം
ചോലയിലെ കഥാപാത്രം മ്ലേച്ഛമാണെന്നു പറഞ്ഞ് അഭിനയിക്കാന്‍ തയ്യാറായില്ലെന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തില്‍ നടന്‍ ലാലിന്റെ പ്രതികരണം. ഈ പറയുന്ന സിനിമയെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ താന്‍ ഓര്‍ക്കുന്നപോലുമില്ലെന്നാണ് ലാല്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ‘എനിക്ക് അയാളായോ, ആ കഥയോ ഓര്‍മയില്ല. അങ്ങനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതുകൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങനെ പറഞ്ഞത്;’ ലാല്‍ പറയുന്നു.
അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സനല്‍ കുമാര്‍ സിനിമയിലെ കേന്ദ്രകഥാപാത്രമാകാന്‍ ലാലിനെ സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞത്. ജോജു ചെയ്ത കഥാപാത്രത്തിനായി ലാലിനെ സമീപിച്ചിരുന്നുവെന്നും കഥ കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്, ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങള്‍ എന്നെ സമീപിച്ചതെന്നും നിങ്ങള്‍ക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാന്‍ സാധിച്ചു എന്നുമായിരുന്നുവെന്നാണ് സനല്‍കുമാര്‍ വെളിപ്പെടുത്തിയത്. ആ കഥാപാത്രം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് തന്നെ പറഞ്ഞയയ്ക്കുകയാണ് ലാല്‍ ചെയ്തതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നുണ്ട്.
ചോലയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു മനസിലാക്കിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും ലാലിന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെന്നും ഇത്തരമൊരു സിനിമ ചെയ്യുന്നത് ആലോചിക്കാന്‍ പോലും വയ്യ എന്നായിരുന്നു മറുപടിയെന്നും സനല്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ തിരക്കഥയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അഭിപ്രായം പോലും പറയാന്‍ ഇല്ല എന്നാണ് ലാല്‍ പറഞ്ഞതെന്നു കൂടി സനല്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതേ കഥാപാത്രത്തെ കുറിച്ച് ജോജുവിനോട് പറഞ്ഞപ്പോള്‍ വളരെ എക്‌സൈറ്റഡ് ആയെന്നും ഉടന്‍ തന്നെ ചെയ്യാമെന്നേല്‍ക്കുകയാണുണ്ടായതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നുണ്ട്. ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടുന്നത് ചോലയിലെ അഭിനയം കൂടി പരിഗണിച്ചാണ്.
സനല്‍കുമാര്‍ ശശിധരന്റെ അഭിമുഖം പൂര്‍ണമായി വായിക്കാം