UPDATES

സിനിമാ വാര്‍ത്തകള്‍

ക്രിസ്റ്റഫര്‍ നൊലാൻ ചിത്രത്തിലൂടെ ഡിംപിൾ കപാഡിയ ഹോളിവുഡിലേക്ക്

ടെനെറ്റ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാജ്യാന്തര ചാരവൃത്തിയാണ് പ്രമേയമാക്കുന്നത്

ലോക പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡ് നടി ഡിംപിൾ കപാഡിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ടെനെറ്റ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാജ്യാന്തര ചാരവൃത്തിയാണ് പ്രമേയമാക്കുന്നത്.

ഏഴ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ നൊലാന്റെ ആക്‌ഷൻ എപിക് സിനിമയായിരിക്കും. തിരക്കഥ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംവിധായകനാണ് നൊലാൻ. സിനിമയിൽ അഭിനയിക്കാൻ വിളിച്ച റോബർട്ട് പാറ്റിൻസന് തിരക്കഥ വായിക്കുവാൻ നൽകിയത് അടച്ചു പൂട്ടിയ മുറിയിൽവച്ചാരുന്നെന്നും. ഒഡീഷനിലൂടെയായിരുന്നു ഡിംപിളിനെ തിരഞ്ഞെടുത്തതെന്ന് അവരുടെ മാനേജറായ പുർവി മാധ്യമങ്ങളോട് പറഞ്ഞു.

‘ഡിംപിളിന്റെ വേഷത്തെക്കുറിച്ച് ചെറിയൊരു കാര്യം മാത്രമാണ് വെളിപ്പെടുത്തിയിരുന്നത്. ഒഡീഷനു വേണ്ടി തിരക്കഥയിൽ ഉള്‍പ്പെടുത്തിയ രംഗമല്ല നൽകുക. ഡിംപിള്‍ മുമ്പ് അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് നൊലാനും ടീമും ഒഡീഷനായി വിളിച്ചത്. ഒഡീഷൻ ടേപ്പ് കണ്ടതിനു ശേഷം കാസ്റ്റിങ് ഡയറക്ടറും നൊലാനും ഡിംപിളിനെ തിരഞ്ഞെടുക്കുകയായിരുന്നു’. ഡിംപിളിന്റെ മാനേജർ പറഞ്ഞു.

ഇന്റർസ്റ്റെല്ലാർ, ഡൺകിർക് തുടങ്ങിയ നൊലാൻ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഹൊയ്തി വാൻ ഹൊയ്െതമയാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ലുഡ്‌വിഗ് ഗൊരാൻസൺ ആണ് സംഗീതം.

ആരോൺ ടെയ്‌ലർ ജോൺസൺ, കെന്നത്ത് ബ്രാണഗ്, മൈക്കല്‍ കെയ്ൻ, ജോൺ ഡേവിഡ് വാഷിങ്ടൺ, റോബര്‍ട്ട് പാറ്റിൻസൺ, എലിസബത്ത്, ഡെബിക്കി, ക്ലെമെൻ പോസി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വർഷം ജൂലൈ 17ന് തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍