UPDATES

സിനിമ

പാട്ടിലൂടെ നേടിയതൊന്നും നഷ്ടപ്പെടുത്താതിരിക്കാന്‍ ഞാനിപ്പോള്‍ പാട്ടുകള്‍ എഴുതാറില്ല: ചുനക്കര രാമന്‍കുട്ടി/ അഭിമുഖം

‘ദേവതാരു പൂത്തു’ എന്ന ഒറ്റഗാനം മതി ചുനക്കര രാമന്‍കുട്ടി എന്ന ഗാനരചയിതാവിന് എക്കാലവും ആസ്വാദക ഹൃദയത്തില്‍ ജീവിക്കാന്‍

‘ദേവതാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍’ എന്ന വരി മാത്രം മതി ചുനക്കര രാമന്‍കുട്ടി എന്ന ഗാനരചയിതാവിനെ ചലച്ചിത്രഗാനാസ്വാദകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍. ഓര്‍ത്തുപാടാന്‍ എത്രയോ ഗാനങ്ങള്‍ പിന്നെയും തന്നിട്ടുണ്ട് ചുനക്കര. ശ്യാമിനൊപ്പം ചേര്‍ന്നൊരുക്കിയ ഹിറ്റുകള്‍ ഇന്നും മലയാളിയുടെ ഇഷ്ടഗാനങ്ങളാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുമായി വിഷ്ണു നമ്പൂതിരി നടത്തിയ അഭിമുഖം

വിഷ്ണു: മാഷിന്റെ റിംഗ് ടോണ്‍ ‘ദേവതാരു പൂത്തു’ എന്ന സ്വന്തം ഗാനം തന്നെയാണല്ലോ! അത്ര പ്രിയപ്പെട്ടതാണോ ആ ഗാനം ?

ചുനക്കര: നാടക ഗാനങ്ങള്‍, ആകാശവാണിക്കു വേണ്ടി അനേകം ലളിതഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ ഈ മേഖലകളില്‍ എണ്ണിയാലൊടുങ്ങാത്തത്ര  ഗാനങ്ങള്‍ എഴുതിയിട്ടും ഇന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടത് ദേവതാരു പൂത്തു എന്ന ഗാനം തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം പക്ഷേ ആ ഗാനത്തേക്കാള്‍ സൗന്ദര്യമുള്ള ഗാനങ്ങള്‍ ഞാന്‍ എഴുതിയതില്‍ തന്നെ ഒരുപാടുണ്ട്. ‘ആ ദിവസം’ എന്ന സിനിമയില്‍ ‘പ്രവാഹമേ നദി പ്രവാഹമേ’ എന്നൊരു ഗാനമുണ്ട്. എനിക്കിഷ്ടമാണ് ആ ഗാനം.  അതുപോലെ ചൂതാട്ടം എന്ന സിനിമയില്‍ ‘വാരിധിയില്‍ തിരപോലെ വഹ്നിയില്‍ പുക പോലെ’ എന്ന ഗാനവും എനിക്ക് ഏറെ ഇഷ്ടമാണ്, പക്ഷേ ഇവയേക്കാള്‍ ഒക്കെ ആളുകള്‍ക്ക് ഇഷ്ടം ‘ദേവതാരു പൂത്തു’ എന്ന ഗാനം തന്നെയാണ്. ഞാനും അതങ്ങ് അംഗീകരിച്ചു. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടാണ് ഞാനീ ഗാനം എഴുതുന്നത്. ‘എങ്ങനെ നീ മറക്കും’ എന്ന സിനിമക്കു വേണ്ടി. പ്രിയദര്‍ശനായിരുന്നു ആ സിനിമയുടെ കഥയെഴുതിയത്. മദ്രാസ്സില്‍ വച്ചായിരുന്നു റെക്കോഡിംഗ്. ആറ് പാട്ടുണ്ടായിരുന്നു ആ സിനിമയില്‍, പക്ഷേ കേട്ടമാത്രയില്‍ തന്നെ ആകര്‍ഷിച്ച ട്യൂണ്‍ ആയിരുന്നു ദേവതാരുവിന്റേത്. ട്യൂണ്‍ ഒക്കെ കേട്ട് കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ പറഞ്ഞു ഈ പാട്ടുകള്‍ എല്ലാം ഹിറ്റാകണം, എന്നാലേ ഈ സിനിമ വിജയിക്കൂ എന്ന്. പാട്ടിന് അത്ര പ്രാധാന്യമുണ്ട് ഈ സിനിമയില്‍; ഒരാഴ്ചയോളം സമയവും തന്നു, കോട്ടേജും തന്നു, ഞാന്‍ കോട്ടേജ് വേണ്ട എന്ന് പറഞ്ഞു. വെറുതെ അനാവശ്യമായി കാശ് ചെലവാക്കേണ്ട കാര്യമില്ലല്ലോ.

അരോമയായിരുന്നു പ്രൊഡ്യൂസ് ചെയ്തത്. അവര്‍ക്ക് അവിടെയുള്ള ബില്‍ഡിംഗിലെ റൂമിലിരുന്ന് ഞാനെഴുതിക്കോളാം എന്ന് പറഞ്ഞു. ട്യൂണൊക്കെ കേട്ട് ഉച്ചയാഹാരം ഒക്കെ കഴിഞ്ഞ് കാറില്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് തിരിച്ചു. കാറ്റ് ഒക്കെ അടിച്ചപ്പോള്‍ ശ്യാമും മറ്റാള്‍ക്കാരും ഒക്കെ പതിയെ മയങ്ങാന്‍ തുടങ്ങി. എന്റെ മനസില്‍ ആ ട്യൂണ്‍ അപ്പോഴും അങ്ങനെ കിടക്കുകയായിരുന്നു. ഞാന്‍ ഡയറിയെടുത്ത് എഴുതാനാരംഭിച്ചു. കാര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും വരികള്‍ എല്ലാം എഴുതിക്കഴിഞ്ഞിരുന്നു. ശ്യാമിനോട് ചെന്നയുടനെ ഹാര്‍മോണിയം എടുക്കാന്‍ പറഞ്ഞു, പാട്ടിന്റെ വരികള്‍ ആയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. നേരത്തെ എഴുതി കൊണ്ടുവന്നതാണോ എന്നായി എല്ലാവരുടേയും സംശയം. ശ്യാം തമിഴില്‍  വരികള്‍ എഴുതിയെടുത്തതിനുശേഷം പാടി നോക്കിയപ്പോള്‍ ട്യൂണിനോട് ചേര്‍ന്ന് തന്നെ നില്‍ക്കുന്നവയായിരുന്നു.

"</p

വി: ഒരു ഗാനരചയിതാവ് എന്ന പദവിയേക്കാള്‍ മാഷ് ഇഷ്ടപ്പെട്ടിരുന്നത് ഗായകന്റേതായിരുന്നെന്ന് തോന്നുന്നു. പലപ്പോഴും വരികള്‍ പറയുകയല്ല, പാടുകയാണല്ലോ?

ചു: സ്‌കൂളിലും, കോളേജിലും ഒക്കെ നന്നായി പാടിയിരുന്നു. പക്ഷേ സംഗീതം അഭ്യസിച്ചിട്ടില്ല. അതെനിക്കൊരു സങ്കടമായിരുന്നു എന്നും. ചുനക്കര എന്ന ഗ്രാമത്തിലെ സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എനിക്ക് വീട്ടില്‍ അധ്യാപകരെ വരുത്തി സംഗീതം പഠിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.  അടുത്തെങ്ങും നല്ല സംഗീതജ്ഞരും ഇല്ലായിരുന്നു. പാടാന്‍ എന്നും ഇഷ്ടമായിരുന്നുതാനും.

വി: ഹിറ്റുകളില്‍ ഏറെയും ശ്യാം-ചുനക്കര എന്ന സഖ്യത്തില്‍ നിന്നായിരുന്നല്ലോ?

ചു: ശ്യാമും ഞാനും തമ്മില്‍ ഒരു സംഗീതസംവിധായകന്‍ – ഗാനരചയിതാവ് എന്നതിലുപരിയായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. സിനിമയിലൂടെയാണ് ആ സൗഹൃദം വളര്‍ന്നത്. കൗമാരപ്രായം എന്ന പടത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. നാല് പാട്ടുകള്‍ ആയിരുന്നു ആ സിനിമയില്‍, എല്ലാം ജനശ്രദ്ധ പിടിച്ചുപറ്റി. ആദ്യസംരംഭം തന്നെ അംഗീകരിക്കപ്പെട്ടതോടെ തുടര്‍ന്നും എല്ലാവരും ആ ടീമിനെ തന്നെ ആവശ്യപ്പെടുകയായിരുന്നു. കാരണം ഞങ്ങള്‍ ചെയ്ത പാട്ടുകള്‍ മാത്രമല്ല പടങ്ങളും ഹിറ്റുകളായിരുന്നു. കുയിലിനെ തേടി, എങ്ങനെ മറക്കും എല്ലാം വന്‍ വിജയമായിരുന്നു. എന്ത് അഭിപ്രായം പറഞ്ഞാലും സ്വീകരിക്കും എന്നതാണ് ശ്യാമിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുത്തോട് മുത്ത് എന്ന പടത്തിന്റെ റെക്കോഡിംഗിനിടെ ഞാന്‍ ശ്യാമിനോട് ഒരു പാട്ട് മൂളി. ശ്യാമിന് അതിന്റെ ട്യൂണ്‍ നന്നായി ഇഷ്ടപ്പെട്ടു. ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടര്‍ ആയി ഞാന്‍ തന്നെ മതി എന്ന് അദ്ദേഹം പറഞ്ഞു. എന്റെ പേര് വേണ്ട എന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. ശ്യാമിന് സത്യത്തില്‍ ഓര്‍മ്മ വരാഞ്ഞതാണ്. പണ്ട് ഞങ്ങള്‍ ശ്രീ മുത്തപ്പന്‍ എന്നൊരു സിനിമ പറശ്ശിനിക്കടവ് മുത്തപ്പനെ ആസ്പദമാക്കി ചെയ്തിരുന്നു. ആ സിനിമയിലെ ഒരു പാട്ടായിരുന്നു ഞാന്‍ മൂളിയത്. വരികള്‍ മാറ്റി പാടിയെന്നെ ഉള്ളു, ട്യൂണ്‍ ശ്യാമിന്റെ തന്നെയായിരുന്നു. ഒരു ഗാനരചയിതാവിന് പാട്ടിന്റെ എല്ലാ ക്രെഡിറ്റും കൊടുക്കാന്‍ പോലും അദ്ദേഹം തയാറാണ്. അങ്ങനെയൊരു മനസ്സ് മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഇപ്പോഴും ആ ബന്ധം തുടരുന്നു. അക്കാലത്തെ ഒരു ഭാഗ്യസഖ്യം ആയിരുന്നു ഞങ്ങളിരുവരും. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ഞങ്ങളെ ആവശ്യമായിരുന്നു.

വി: എണ്‍പതുകളുടെ ആ സുവര്‍ണ്ണസഖ്യം എങ്ങനെയായിരുന്നു അകന്നത്?

ചു: ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഏകദേശം അഞ്ച് വര്‍ഷത്തോളം ഞാന്‍ ആശുപത്രികളില്‍ തന്നെയായിരുന്നു, അവര്‍ മരിക്കുന്നത് വരെ. അവരുടെ ജാതകത്തില്‍ 56 വയസ്സ് വരയേ ആയുസ്സ് ഉണ്ടായിരുന്നുള്ളു. കൃത്യം 56 വയസ്സു വരെ മാത്രമേ അവര്‍ ജീവിച്ചതുമുള്ളൂ. ഭാര്യ മരിച്ചതോടുകൂടി ഞാനെല്ലാം ഉപേക്ഷിച്ചു. പകല്‍ മുഴുവന്‍ ഉറക്കവും സിഗററ്റ് വലിയും, രാത്രി മുഴുവന്‍ വായന; വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. 2003-ല്‍ ഇതിന്റെയൊക്കെ പരിണിതഫലമായി ബൈപ്പാസ് സര്‍ജറി ചെയ്യേണ്ടിവന്നു. പടങ്ങള്‍ ചെയ്യാതെ വന്നപ്പോള്‍ പലരും നിര്‍ബന്ധിച്ചതാണ് തിരികെ വരാന്‍, പക്ഷേ തോന്നിയില്ല.

വി: മലയാള ചലച്ചിത്ര മേഖലയില്‍ ഇപ്പോള്‍ പതിവായി മാറിയിരിക്കുന്ന ശൈലിയാണ് താരങ്ങളെക്കൊണ്ട് ചിത്രത്തിലെ ഗാനങ്ങള്‍ പാടിക്കുക എന്നത്. പക്ഷേ വളരെക്കാലം മുമ്പേ തന്നെ ശ്യാം മാസ്റ്റര്‍ ഈ രീതി പരീക്ഷിച്ചിരുന്നല്ലോ?

ചു: അതേ, നീയറിഞ്ഞോ മേലെമാനത്ത് എന്ന പാട്ടില്‍ മാള അരവിന്ദനും മോഹന്‍ലാലും ചേര്‍ന്ന് പാടിയ പാട്ട്, കണ്ടൂ കണ്ടറിഞ്ഞു എന്ന ചിത്രത്തിനുവേണ്ടി. ഡയറക്ടറിന്റെ അഭിപ്രായമായിരുന്നു അവരെക്കൊണ്ട് പാടിക്കാം എന്നത്. പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വേണമെങ്കില്‍ പറയാം. മാള അരവിന്ദന്‍ തമാശയായി ആ പാട്ടിന്റെ സന്ദര്‍ഭം വിവരിച്ചപ്പോള്‍ പറഞ്ഞു, മാഷ് രണ്ട് അടിച്ചോണ്ട് എഴുതിക്കോ, നന്നാവും എന്ന്.

"</p

വി: ഈണത്തിനൊത്ത് വരികള്‍ എഴുതുന്ന ഗാനരചയിതാവ് എന്ന് വിശേഷണം പലയിടത്തും പരാമര്‍ശിച്ചു കേട്ടിരുന്നു?

ചു: സിനിമക്ക് വേണ്ടി ഗാനം എഴുതുക എന്നത് എന്റെയൊരു സ്വപ്നമായിരുന്നു. ആശ്രമം ആയിരുന്നു എന്റെ ആദ്യ ചിത്രം. എം.കെ അര്‍ജ്ജുനന്‍ മാഷിന്റെ സംഗീതം. നല്ലൊരു തുടക്കം ലഭിച്ചു എന്നത് സത്യമാണ്. പക്ഷേ ഞാനാഗ്രഹിച്ചത് വയലാറിനെപ്പോലെയും ഭാസ്‌ക്കരന്‍ മാഷിനെപ്പോലെയും എഴുതാനായിരുന്നു. പലപ്പോഴും ആലോചിച്ചതാണ് ഉപേക്ഷിച്ചിട്ട് പോകാം എന്ന്, ഒരു സ്വാതന്ത്ര്യവും കിട്ടുന്നില്ല എഴുതാന്‍. വയലാറും ഒഎന്‍വിയും ഭാസ്‌ക്കരന്‍ മാഷും വിഹായസ്സില്‍ ചിറകടിച്ച് പറന്നപ്പോള്‍ പിന്നെ വന്ന ഞാനും പൂവ്വച്ചല്‍ ഖാദറും ബിച്ചു തിരുമലയും ഒക്കെ കൂട്ടിനുള്ളില്‍ പറന്നവരായിരുന്നു. ഞാനാകെ അസ്വസ്ഥനായി. എന്നിട്ടും വാശിപിടിച്ച് എഴുതി. സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി കാവ്യഭംഗിയുള്ള വരികള്‍ എഴുതാന്‍ സാധിച്ചേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ലഭിച്ച അവസരങ്ങളിലെല്ലാം കഴിവിനൊത്ത് മനോഹരമായി എഴുതിയെന്ന് വിശ്വസിക്കുന്നു.

വി: പാട്ടെഴുത്തില്‍ നിന്ന് കവിതയിലേക്കും നോവലിലേക്കും ഒക്കെ തിരിഞ്ഞതായി കാണുന്നുണ്ടല്ലോ?

ചു: 2003-ലെ ബൈപ്പാസ് കഴിഞ്ഞതിനുശേഷം ഒരു ദിവസം ദേവരാജന്‍ മാഷ് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു, മദ്രാസിലേക്ക് വരുന്നുണ്ടോയെന്ന്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് വരാന്‍ പറ്റില്ല എന്ന് പറഞ്ഞു. അപ്പോള്‍ മാഷ് എന്നോട് പറഞ്ഞത് വീണ്ടും കവിതയിലേക്ക് തിരിഞ്ഞുകൂടെ എന്നാണ്. പത്രങ്ങളിലും വാരികകളിലും മറ്റും വിശേഷാല്‍ പ്രതികളില്‍ എഴുതാറുണ്ടായിരുന്നു. എങ്കിലും സിനിമയും ഉദ്യോഗ തിരക്കും കാരണം കവിത ഒഴിവാക്കപ്പെട്ടിരുന്നു, പക്ഷേ വീണ്ടും എഴുതി തുടങ്ങി. അങ്ങനെ 2004-ല്‍ അഗ്നിസന്ധ്യ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. അല്പം ആശങ്കയോടെയായിരുന്നു ചെയ്തത്. കവി വിഷ്ണു നമ്പൂതിരി സാറും ഒഎന്‍വി സാറും ഒക്കെ ഒരുപാട് പ്രശംസിച്ചു. അപ്പോള്‍ തോന്നിത്തുടങ്ങി കവിത വഴങ്ങുമെന്ന്. പിന്നീട് നിരവധി പുസ്തകങ്ങള്‍ എഴുതി. സിനിമയില്‍ ലഭിക്കാതിരുന്ന അംഗീകാരം കവിതയില്‍ നിന്ന് ലഭിക്കുകയായിരുന്നു. സിനിമയോടുള്ള പ്രതിപത്തി കുറയുകയായിരുന്നു, ശ്യാമുമായുള്ള വേര്‍പിരിയലും ഒക്കെ കാരണമയിരുന്നിരിക്കാം അതിന്.

വി: ദേവരാജന്‍ മാസ്റ്റര്‍ എന്ന കര്‍ക്കശക്കാരനായ സംഗീതസംവിധായകനൊപ്പമുള്ള അനുഭവങ്ങള്‍?

ചു: ദേവരാജന്‍ മാഷും എന്റെ സഹോദരനും നല്ല സുഹൃത്തുക്കളായിരുന്നു. ജ്യേഷ്ഠന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു. കായംകുളത്ത് കെപിഎസി യുടെ പരിപാടിക്ക് ഒക്കെ ചേട്ടന്‍ എന്നെ കൊണ്ടുപോകുകയായിരുന്നു. ഞാന്‍ ആ വേദികളിലൊക്കെ പാടുകയും ചെയ്തിരുന്നു. അങ്ങനെയൊരു പരിചയം മാഷിനോട് ഉണ്ടായിരുന്നു. പിന്നീട് സിനിമാരംഗത്തേക്ക് വന്നതിന് ശേഷം ഞാന്‍ ഏത് പാട്ട് ചെയ്താലും മാഷിനെ കേള്‍പ്പിക്കും. ആദ്യം ചെയ്ത പാട്ട് ഞാന്‍ മാഷിനെ കേള്‍പ്പിച്ചപ്പോള്‍ പറഞ്ഞത്, ഇത് ചലച്ചിത്രഗാനമല്ല, കവിതയാണ്.  ഇങ്ങനെയല്ല എഴുതേണ്ടത് എന്നാണ്, വര്‍ണ്ണപുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുന്ന മനോഹരമായൊരു ഹാരമായിരിക്കണം ഗാനം. പാട്ടിന്റെ പല്ലവി മാത്രമേ ആളുകള്‍ ശ്രദ്ധിക്കൂ, അനുപല്ലവിയും ചരണവും ഒന്നും ആരും ശ്രദ്ധിക്കില്ല. ഇതാണ് അടിസ്ഥാനനിയമം. കുറച്ച് നാള്‍ കഴിഞ്ഞ് ദേവതാരു പൂത്തു കേള്‍പ്പിക്കാനായി ചെന്നു, രണ്ടുതവണ കേട്ടു കഴിഞ്ഞ് മാഷ് പറഞ്ഞു ‘ഇത് ഒത്തു കേട്ടോ, ഇങ്ങനെയങ്ങ് എഴുതിയാ മതി’. മാഷിന് വേണ്ടി പിന്നീട് മൂന്നോളം സിനിമകളുടെ ഗാനങ്ങള്‍ എഴുതിയിരുന്നു.

വി: ഒരു തലമുറയുടെ പ്രതിനിധികളായ എം.ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരില്‍ തുടങ്ങി മോഹന്‍ സിത്താര, ദര്‍ശന്‍ രാമന്‍ എന്നീ പുതിയ തലമുറയുടെ സംഗീതസംവിധായകരിലേക്ക് എത്തിയപ്പോള്‍ അനുഭവിച്ചറിഞ്ഞ വ്യത്യാസങ്ങള്‍ എന്തായിരുന്നു?

ചു: യേശുദാസിന്റെ ആലാപനശൈലിക്ക് വാക്കുകളുടെ വികാരത്തെ വളരെ വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിയുന്നു, അദ്ദേഹം പാടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍  കരയുന്നു, ചിരിക്കുന്നു, സന്തോഷിക്കുന്നു. അത്രയും കഴിവുള്ള മറ്റൊരു ഗായകനുണ്ടോ, ആരെയും കുറ്റം പറയുകയില്ല. കഴിവുകള്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്നു അത്രേയുള്ളു. പ്രിയദര്‍ശന്റെ സിനിമകളില്‍ ഞാനും എം.ജി. രാധാകൃഷ്ണനും തന്നെയായിരുന്നു എല്ലായ്‌പ്പോഴും, ഞാനും ശ്യാമും പോലെ, ഞാനും രവീന്ദ്രനും കോളേജ് കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു.

വി: വ്യക്തിജീവിതത്തിലേക്ക് ഒന്നു കടക്കുകയാണ്. മിക്ക ഹിറ്റ് ഗാനങ്ങളുടെയും പ്രമേയം പ്രണയമായിരുന്നല്ലോ. മാഷിന്റെ വരികള്‍ തന്നെ ഒന്നു കടമെടുത്താല്‍ ഹൃദയവനിയില്‍ അങ്ങനെയൊരു ഗായിക ഉണ്ടായിരുന്നോ?

ചു: പാടുമെന്നുള്ളതുകൊണ്ട് പലരും ആരാധിച്ചിരുന്നു. കോളേജിലും സ്‌ക്കൂളിലും ഒക്കെ. പക്ഷേ അതൊക്കെ ബാലിശമായിരുന്നു. എന്റെ ഭാര്യ തന്നെയായിരുന്നു എന്റെ പ്രണയിനി, വിവാഹത്തിനു ശേഷമായിരുന്നെന്ന് മാത്രം. അവര്‍ക്കെന്നോട് എന്നും ആരാധനയായിരുന്നു. തികച്ചും അര്‍ത്ഥപൂര്‍ണ്ണമായൊരു ദാമ്പത്യബന്ധമായിരുന്നു ഞങ്ങളുടേത്. സംവിധായകന്‍ പി.ജെ വിശ്വംഭരന്‍ പറയും, പ്രണയഗാനം എഴുതുകയാണെങ്കില്‍ മനസ്സ് നിറയെ തങ്കമ്മ ആയിരിക്കും. എന്നും എന്നെ പിന്താങ്ങിയിരുന്നു അവര്‍.

വി: സര്‍ക്കാര്‍ ഉദ്യോഗത്തിനൊപ്പമുള്ള സിനിമപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായിരുന്നില്ലേ?

ചു: ആദ്യകാലത്ത് റെക്കോഡിംഗിനായി പോകുമ്പോള്‍ ഓഫീസര്‍മാര്‍ക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു, പിന്നീട് ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിലേക്ക് മാറിയതോടെ കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കാന്‍ തുടങ്ങി. അവിടെ കാലടി പരമേശ്വരന്‍ പിള്ള, കോന്നിയൂര്‍ കേശവന്‍ നായര്‍ തുടങ്ങിയ ആയുര്‍വേദ ആചാര്യന്മാരുണ്ടായിരുന്നു, അവര്‍ എന്നും അനുകൂലിച്ചിരുന്നു എന്റെ സിനിമാ പ്രവര്‍ത്തനങ്ങളെ. ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് നല്ലൊരു ഉദ്യോഗസ്ഥനായി തന്നെയാണ് ഞാന്‍ വിരമിച്ചത്. വിരമിച്ചപ്പോള്‍ ഗുഡ്‌സര്‍വീസ് എന്‍ട്രിയോടുകൂടിയായിരുന്നു ഔദ്യോഗിക ജീവിതത്തിന് അവസാനം കുറിച്ചത്.

"</p

വി: എം.കെ അര്‍ജ്ജുനന്‍ മാഷിന്റെ ഏതോ ഗാനത്തിന്റെ റെക്കോര്‍ഡിംഗിന് ആര്‍.കെ ശേഖറിന്റെ മകന്‍ (എ.ആര്‍. റഹ്മാന്‍) ടേപ്പ് റിക്കോര്‍ഡര്‍ ഓണാക്കാന്‍ നില്‍ക്കുന്നൊരു പഴയ ബ്ലാക്ക് & വൈറ്റ് ചിത്രം മുമ്പെന്നോ കണ്ടത് ഓര്‍മ്മിക്കുന്നു. അദ്ദേഹം ഇന്ന് ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയിരിക്കുന്നു, അര്‍ജ്ജുനന്‍ മാഷിന് ഇപ്പോഴും ഒരു പുരസ്‌ക്കാരം നല്‍കുവാനുള്ള വലിപ്പം മലയാള സിനിമാ ലോകത്തിന് കൈവന്നിട്ടില്ല. പുരസ്‌ക്കാരങ്ങള്‍ക്കായി ഗാനങ്ങള്‍ പരിഗണിക്കാതിരുന്നതിനെപ്പറ്റി?

ചു: ഒരുപാട് ദു:ഖം തോന്നിയിട്ടുണ്ട്. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. പറഞ്ഞാല്‍ അത് ചിലപ്പോള്‍ ചീപ്പ് ആയി പോയേക്കാം, ഒരു സംഘടന എനിക്ക് ജീവിതത്തിലെ ആദ്യത്തെ പുരസ്‌ക്കാരവുമായി വന്നു, അവര്‍ എന്നോട് ആവശ്യപ്പെട്ടത് 15,000 രൂപയാണ്. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. ടാഗോര്‍ തീയറ്ററില്‍ വച്ച് നടത്തുന്ന പ്രോഗ്രാം ആയത് കൊണ്ട് ചെലവുണ്ട് അതിനുവേണ്ടിയാണ് ഈ തുക എന്നാണ് അവര്‍ പറഞ്ഞത്. വാസ്തവത്തില്‍ അവാര്‍ഡുകള്‍ ഒന്നും കൊടുക്കുന്നതല്ല, വാങ്ങുന്നതാണ്. സത്യസന്ധമായ തിരഞ്ഞെടുപ്പ് നടക്കാറില്ല ഒരിക്കലും. 1958ല്‍ ഒക്കെ ഞാന്‍ നാടകത്തില്‍ സജീവമായിരുന്നു. ഏതാണ്ട് 1977 വരെ. അന്നൊന്നും ലഭിക്കാതിരുന്ന അക്കാദമി അവാര്‍ഡ് എനിക്ക് കിട്ടുന്നത് 2015-ലാണ് (പുരസ്‌ക്കാരങ്ങളുടെ ഇടയില്‍ നിന്ന് സംഗീത നാടക അക്കാദമിയുടെ ആ പുരസ്‌ക്കാരം അദ്ദേഹം എടുത്തു കാണിച്ചു). ഇതില്‍ കൂടുതല്‍ ഞാനെന്താണ് പറയേണ്ടത്. അര്‍ജ്ജുനന്‍ മാഷിനെ ആദ്യകാലത്ത് അദ്ദേഹം ചെയ്ത ഗാനങ്ങള്‍ അദ്ദേഹത്തിന്റേതല്ല എന്ന് പറഞ്ഞ് പോലും ആക്ഷേപിച്ചിട്ടുണ്ട്. പരീക്ഷണമൊക്കെ നടത്തി നോക്കി പലരും, എന്നിട്ടാണദ്ദേഹത്തെ അംഗീകരിച്ചത്.

വി: ശതാഭിഷിക്തന്‍ എന്ന പട്ടത്തിന് ഇനി കേവലം മൂന്ന് വര്‍ഷം മാത്രം. ശ്യാം-ചുനക്കര എന്ന സഖ്യം ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

ചു: ഇപ്പോള്‍ അത്തരം ഗാനങ്ങള്‍ ആവശ്യമില്ല. മെലഡിയുടെ ഉസ്താദ് ആണ് ശ്യാം.  ഇന്ന് മെലഡിക്ക് അത്രയും ശ്രോതാക്കളില്ല. ശ്യാമിന്റെ പാട്ട് ഇന്നാര്‍ക്കും ആവശ്യമില്ല. കാലഘട്ടത്തിന്റെ അഭിരുചികളില്‍ മാറിപ്പോയി. ഇപ്പോഴത്തെ രീതിയില്‍ എഴുതാന്‍ ഞാന്‍ മുതിരാറില്ല. ശ്യാം എന്നോട് പറഞ്ഞത്, ‘മാഷേ ഒരു കാരണവശാലും പാട്ട് എഴുതരുത്, എഴുതിയാല്‍ നമ്മള്‍ പാട്ടിലൂടെ നേടിയതെല്ലാം നഷ്ടമാകും’. കഴിവതും ഞാന്‍ അവസരങ്ങള്‍ വന്നാല്‍ ഒഴിവാക്കും. ഒരുപാട് നിര്‍ബന്ധിച്ചാല്‍ എന്റെ തന്നെ ശൈലിയില്‍ എഴുതിക്കൊടുക്കും, അത്രമാത്രം.

വിഷ്ണു നമ്പൂതിരി

വിഷ്ണു നമ്പൂതിരി

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍