UPDATES

സിനിമ

ഈ ഊളപ്പടത്തെക്കുറിച്ച് പൃഥ്വിരാജിനും ആഷിഖ് അബുവിനും വിമന്‍ കളക്ടീവിനും എന്താണ് പറയാനുള്ളത്?

പ്രിയപ്പെട്ട സുഹൃത്ത് ഒമര്‍ ലുലൂ, ഈ ചങ്ക്‌സ് ആനന്ദത്തിന്റെയല്ല ആഭാസത്തിന്റെതാണ്

മിനി ഐ ജി

മിനി ഐ ജി

കാലങ്ങളായി ആവര്‍ത്തിക്കപ്പെടുന്ന, സ്റ്റൈലന്‍ കാറിലും ബൈക്കിലുമായുള്ള കോളേജ് സംഘത്തിന്റെ വരവ്. തുടര്‍ന്നങ്ങോട്ട് പ്രേക്ഷകരുടെ യുക്തിയെ കേറി കൊങ്ങായ്ക്കു പിടിച്ചുകൊണ്ടുള്ള ഒരൊറ്റ പോക്കാണ് ചങ്ക്‌സ് എന്ന ഒമര്‍ ലുലു സിനിമ. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ ക്ലാസില്‍ മരുന്നിനുപോലും ഒരു പെണ്ണില്ലാത്തതില്‍ വിഷമിച്ചു കഴിയുന്ന നായകസംഘത്തിന് ആശ്വാസമായി റൊമാരിയോയുടെ കളിക്കൂട്ടുകാരി റിയ എത്തുന്നു. സിനിമയുടെ ഒടുവിലായി മാത്രം വെളിപ്പെടുന്ന ആ വരവിന്റെ കാരണമൊക്കെ അതിദയനീയം എന്നു മാത്രമെ പറയാന്‍ പറ്റൂ. ഫണ്‍ സിനിമ എന്ന പേരില്‍ സത്രീകളെ തുടക്കം മുതല്‍ ഒടുക്കംവരെ ‘തേച്ചു’ കൊണ്ടുള്ള ഈ ചിത്രം പകരം ചെയ്യേണ്ടിയിരുന്നത് പ്രേക്ഷകരെ നിരനിരയായി നിര്‍ത്തി കക്ഷം പൊന്തിച്ച് ഇക്കിളിയാക്കി വിടുകയായിരുന്നു.

സിനിമയുടെ ആരംഭത്തില്‍ തന്നെ അധ്യാപിക ജോളിയെ ലാക്കാക്കി ധര്‍മജന്റെ കഥാപാത്രത്തിന്റെ പാട്ട്. പണ്ട് ഇടവേള ബാബുവിനെ കോളേജില്‍ കണ്ടു മടുത്ത് അദ്ദേഹം വിവാഹം കഴിച്ചുപോകാന്‍ പൊങ്കാലയിട്ടവരുണ്ടത്രേ. അതുപോലെ ധര്‍മജനൊന്നു വലുതായെങ്കില്‍ എന്നാഗ്രാഹിച്ചു പോകും. ധര്‍മജന്റെ ‘ മിസ്സേ, കാണാട്ടോ’ എന്ന വാചകത്തില്‍ വ്രീളാവിവശയാകുന്നു അധ്യാപിക. കഴിയുന്നില്ല, സാറിനു വട വേണമായിരുന്നെങ്കില്‍ എന്റെ വട തരമായിരുന്നല്ലോ എന്ന് അധ്യാപിക. ഏതു നൂറ്റാണ്ടിലാണ് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നതും ആസ്വദിക്കപ്പെടുന്നതും?

"</p

ഒമര്‍ ലുലു, നിങ്ങള്‍ക്ക് കേരളത്തിലെ സ്‌കൂളുകളുമായോ കോളേജുകളുമായോ ബന്ധമുണ്ടെങ്കില്‍ അറിയാമായിരിക്കും, ഇവിടുത്തെ സ്ത്രീപുരുഷ ബന്ധങ്ങളിലെ അനാരോഗ്യപ്രവണതകള്‍ എങ്ങനെയാണ് പെണ്‍കുട്ടികളെ ശത്രുക്കളായി കാണാന്‍ ആണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്ന്. നിങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതുപോലെ അപമാനിക്കപ്പെടേണ്ട, ചവിട്ടിത്തേയ്‌ക്കേണ്ട ‘ചരക്കാ’യാണ് അവന്‍ അവളെ കാണുന്നത്. കുറ്റം അവന്റെതല്ല, നിങ്ങളെപോലുള്ളവരുടെ സ്വാധീനത്തിലമര്‍ന്ന സമൂഹത്തിന്റെതാണ്.

മറ്റൊരു ദയനീയ ദൃശ്യമാണ് അറ്റന്‍ഡന്‍സ് എടുക്കുന്ന സോണി മിസ്സ്. തന്റെ ആകാരവടിവുകള്‍ പ്രദര്‍ശിപ്പിച്ച് ഉലാത്തി ഏതു കോളേജിലാണ് അധ്യാപികമാര്‍ ഹാജരെടുക്കുന്നത്. അപ്പോഴുണ്ട്, അധ്യാപകന്‍ വന്നു പറയുന്നു, എല്ലാ കുട്ടികളെയും ക്ലാസില്‍ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രമായിരുന്നു അതെന്ന്. ഫണ്ടമെന്റല്‍ ഇക്വേഷന്‍സ് പഠിപ്പിക്കുവാന്‍ അദ്ദേഹം നിരത്തുന്നത് സിനിമയിലെ മാദകബിംബങ്ങളായ അനുരാധ, തമന്ന, കാതറിന്‍, സില്‍ക്ക് എന്നിവരെയാണ്. ജഡത്തെയും ബലാത്സംഗം ചെയ്യുന്ന ഒരു സമൂഹം ഇങ്ങനെയാണ് ഉണ്ടായിവരുന്നത്. ഒമര്‍ ലുലു, നിങ്ങളുടെ കച്ചവട സിനിമയിലൂടെ അന്തസുറ്റ ചിന്തകള്‍ നിരത്തണമെന്നു പറയുന്നില്ല, കൊഴുത്തു വെളുത്ത സ്ത്രീ മാംസം പ്രദര്‍ശിപ്പിച്ച് ഈച്ചകളെ കൂട്ടത്തോടെ ആകര്‍ഷിക്കുക എന്നതാണ് നിങ്ങളുടെ രീതിയെന്ന് അറിയാഞ്ഞിട്ടുമല്ല. പക്ഷേ ഇത്രയും താഴുമ്പോള്‍ ഒമര്‍ നിങ്ങളുടെ സിനിമയിലെ വരികള്‍ തന്നെയെടുത്ത് പറയട്ടെ ‘മതി ചളു മതി…’

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ക്ലാസ്സുകളിലെന്താണ് നടക്കാറ്? ഒരു ചെറിയ ഗൃഹപാഠം ചെയ്യാമായിരുന്നു സുഹൃത്തേ. കാമ്പസ് എന്നത് മദ്യത്തിലും ലഹരിയിലും സ്ത്രീവിരുദ്ധതയിലും അഭിരമിക്കാനുള്ള ഇടമെന്ന് നിങ്ങള്‍ കരുതുന്നുവോ? സമീപകാല അനുഭവങ്ങളിലെ തിരിച്ചടികളില്‍ നിന്നും പാഠം നിങ്ങള്‍ ഉള്‍ക്കൊള്ളില്ല എന്നാണോ? പൃഥ്വിരാജിന്റെയും ആഷിഖ് അബുവിന്റെയും വിമന്‍ കളക്ടീവിന്റെയും ഈ സിനിമയെക്കുറിച്ചുള്ള പ്രതികരണമറിയണമെന്നുണ്ട്…

"</p

ഈയിടെ ചര്‍ച്ചകളില്‍ വരുന്ന രണ്ട് ചെറുപ്പക്കാരാണ് പള്‍സര്‍ സുനിയും ശ്രീറാം വെങ്കിട്ടരാമനും. ഉത്തരവാദപ്പെട്ട ഒരു അധ്യാപകസമൂഹത്തെ, രക്ഷിതാക്കളെ നമുക്ക് ശ്രീറാമിനു പിറകില്‍ കാണാന്‍ കഴിയും. നമ്മുടെ സമൂഹത്തിനു വേണ്ടത് ഉത്തരവാദിത്വബോധമുള്ള ശ്രീരാമിനെപോലുള്ളവരെയാണ്. പേപിടിച്ച സുനിമാരെയല്ല. ഇത്തരത്തിലുള്ളവരെ സൃഷ്ടിക്കുന്നതിന് ഒന്നാമത്തെ കാരണം ഇത്തരം സിനിമകള്‍ തന്നെ എന്നു പറയേണ്ടിയിരിക്കുന്നു.

നായകകഥാപാത്രത്തെ കറുത്തവനെന്ന് പറഞ്ഞ് പരിഹസിക്കുന്നത് വാസ്തവത്തില്‍ ആ കഥാപാത്രത്തെ പ്രേക്ഷകരുമായി അടുപ്പിക്കാനല്ല, നായികയിലൂടെ നിറംകൊണ്ട് നമ്മള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്ന പൊതുസമൂഹത്തിന്റെ നിലപാട് വ്യക്തമാക്കാനാണ്.

ഷെറിന്‍ എന്ന കഥാപാത്രത്തെ അപഹാസ്യമായി ലെസ്ബിയന്‍ ആയി അവതരിപ്പിക്കുകയും ഒടുവില്‍ ആ അവസ്ഥയില്‍ നിന്നും ‘സ്വതന്ത്രയാക്കു’ന്നുമുണ്ട് സിനിമയില്‍. ലൈംഗികതയുടെ തെരഞ്ഞെടുപ്പുകളുടെ പേരില്‍ മനുഷ്യനെ വേട്ടയാടുന്നതിനെതിരേ പ്രതിഷേധങ്ങളും നിയമനിര്‍മാണവും നടക്കുമ്പോള്‍, ഇവിടെ ഹാ! കഷ്ടം! ഷെറിന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകളില്‍ ‘ഊളകളുടെ സംസ്ഥാന സമ്മേളനം’. ഹരീഷ് കണാരന്റെ മറ്റൊരു കഥാപാത്രമായ പ്രേമേട്ടന്‍ പറഞ്ഞതുപോലെ ഇത്തരം സിനിമകള്‍ സൃഷ്ടിക്കുന്നവരെ പറ്റമായി വിസ കൊടുത്ത് എങ്ങോട്ടെങ്കിലും പറഞ്ഞയക്കാനാകുമോ? രാജ്യസ്‌നേഹപരമായ ഉദാത്തനടപടിയാകും അത്.

"</p

അധ്യാപികമാരെ ചരക്കുകളാക്കിയും വിദ്യാഭ്യാസ കമ്പോളത്തില്‍, വിഡ്ഡികളായ മാതാപിതാക്കളെ സാക്ഷികളാക്കിയും ഒന്നും ചെയ്യാതെ ജീവിക്കുവാന്‍ സമ്പന്നയായ പെണ്‍കുട്ടിയെ വളച്ചും നിങ്ങള്‍ പറയുന്നത്, അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകളെ കാണുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്ന, സ്ത്രീവിരുദ്ധ ലൈംഗിക തമാശകള്‍ ആഘോഷിക്കുന്ന സമൂഹം തന്നെയാണ് പ്രതിഫലിപ്പിക്കപ്പെടുന്നത് എന്നാണ്.

ഈ ഇക്കിളിക്കഥകളില്‍ അഭിരമിക്കാതെ ഉത്തരവാദിത്വബോധമുള്ള വിദ്യാര്‍ത്ഥി, അധ്യാപിക, സ്ത്രീസമൂഹം ഒന്നടങ്കം ഈ സിനിമയെ തള്ളിപ്പറയുമെന്ന് ആശിക്കുന്നു. സമാധാനപരമായി, അന്തസ്സോടെ ജീവിക്കുവാന്‍ സ്ത്രീക്കു വേറൊരു സമൂഹം സൃഷ്ടിക്കാനാവില്ല എന്നതുകൊണ്ട് തിരുത്തലുകള്‍ ത്വരിതമാക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മിനി ഐ ജി

മിനി ഐ ജി

സംവിധായിക, എഴുത്തുകാരി, ലണ്ടനിലെ സെന്‍ട്രല്‍ സെയിന്റ്. മാര്‍ട്ടിന്‍സില്‍ നിന്നും പെര്‍ഫോമന്‍സ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍