UPDATES

സിനിമ

ഒറിജിനലിന് ഒരു കോപ്പിയേ ഉള്ളൂ; കമലിന്റെ ആമിയില്‍ മാധവിക്കുട്ടി ഇല്ലാതില്ല

എന്നാൽ ആസ്വാദകന് ചിരപരിചിതയായ കമലയെ കണ്ട് സംതൃപ്തരായി തിയേറ്ററിൽ നിന്ന് തിരിച്ചിറങ്ങാനുള്ള അവസരം സിനിമയുടെ അവസാനം ഉണ്ടാകുന്നു എന്നത് ആശ്വാസകരമാണ്

മലയാളികളുടെ അത്ഭുതമാണ് ആമി എന്ന മാധവിക്കുട്ടി. ഡൽഹിക്ക് കുത്തബ് മിനാർ എന്ന പോലെയോ  ആഗ്രയ്ക്ക് താജ് മഹൽ പോലെയോ ആണത്. ഒരത്ഭുതവും രണ്ടു തവണ നിർമ്മിക്കാനാവില്ല എന്നതുപോലെ മാധവിക്കുട്ടിയെ ജീവിതത്തിലോ സിനിമയിലോ അനുകരിക്കാനാവില്ല. ഒറിജിനലിന് ഒരു കോപ്പിയേ ഉള്ളൂ.

കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയിൽ മാധവിക്കുട്ടി ഇല്ലാതില്ല. എന്നാൽ അത് അവരുടെ സിറോക്സ് കോപ്പിയാണ്. വിവരങ്ങൾ കൃത്യമാണ്. എന്നാൽ അത് ഒറിജിനൽ ടെക്സ്റ്റല്ല എന്നുമാത്രം.

പ്രതീക്ഷിച്ചതു പോലെ നാലപ്പാട്ടെ പ്രൗഢിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആ പ്രൗഢി ഒന്നുകൂടി കൂട്ടാനാവണം വള്ളത്തോളിനേം കുട്ടികൃഷ്ണമാരാരേം ചങ്ങമ്പുഴ കൃഷ്ണപിള്ളയേയുമെല്ലാം ഒരു കാറിൽ അങ്ങോട്ട് വരുത്തിയത്. എല്ലാ നായർ സിനിമകളിലുമെന്ന പോലെ തിരളുകയും പുരളുകയും സ്വപ്നം കാണുകയും കുസൃതിക്കുടുക്കയായത് കാരണം അമ്മായിമാർ ഓടിച്ചിട്ട് പിടിക്കുകയും ചെയ്യുന്ന പെൺകുട്ടിയാണ് ഈ സിനിമയിലേയും കുഞ്ഞ് ആമി. കമലയുടെ ജീവിതത്തിൽ കാൽപ്പനികതയുണ്ട്. എഴുത്തിലുമുണ്ട്. ഒരർത്ഥത്തിൽ കാൽപ്പനികമല്ലാത്ത കൗമാരജീവിതം ആർക്കാണുള്ളത്. എന്നാൽ തേഞ്ഞു പോയ കാൽപ്പനികതയുടെ പകർപ്പുകൾ കൊണ്ട് കമലയുടെ ജീവിതത്തെ അലങ്കരിക്കാനാവില്ല എന്നെങ്കിലും നാം തിരിച്ചറിയണമായിരുന്നു.

എന്റെ കഥയും നീർമാതളം പൂത്ത കാലവും കൂട്ടിക്കുഴക്കുന്നതിനിടയിൽ എവിടെയോ ആണ് ആമിയുടെ ആത്മാവ് നഷ്ടപ്പെട്ടു പോയത്. സത്യത്തിൽ ആത്മകഥകളിലുളളതിനേക്കാൾ ആമിയുടെ ആത്മാവുള്ളത് അവരുടെ കഥകളിലാണ്. അവർ എഴുതിയ ആരുടെയൊക്കെയോ  കഥകളിൽ. ബഷീറിനെപ്പോലെ എല്ലാ കഥകളും ആത്മചരിതങ്ങളാക്കിയ ഒരു എഴുത്തുകാരി അവരുടെ ഉള്ളിലുണ്ട്. അതു കൂടാതെ അവരുടെ ഒരു ജീവിത ചിത്രീകരണവും പൂർത്തിയാവുകയില്ല.

എന്റെ കഥയിലെ മാധവദാസിന്റെ പുരുഷ സുഹൃത്തിനെപ്പോലെ ചന്ദന മരങ്ങളിലെ സ്ത്രീ സുഹൃത്ത് കമലയുടെ ജീവിതത്തിലും ഉണ്ടാവണം. സ്നേഹിക്കാനറിയാവുന്ന ഒറ്റയാണുങ്ങളെയും ഞാൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ കമല ഒരു സ്ത്രീ സുഹൃത്തിനെ അന്വേഷിക്കാതിരിക്കുമോ? അല്ലെങ്കിൽ കമല  എന്ന മധുര കുസുമത്തിൽ ആകൃഷ്ടയായി ഒരു വണ്ടിണിയും എത്താതെ പോകുമോ?

എന്റെ കഥയിലെ കാമാർത്തയായ കമലയെ അന്വേഷിച്ചുവരുന്ന പ്രസാധകനായരെ ഓടിച്ചു വിടുന്ന മാധവിക്കുട്ടിയിലൂടെ അവരുടെ ചാരിത്ര്യത്തെ സംശുദ്ധമാക്കി നിർത്തുന്ന ഒരു കമേഴ്സ്യൽ സിനിമാ തന്ത്രമുണ്ട് ഈ സിനിമയിൽ. ജീവിതത്തിൽ ആ രംഗം ശരിയായിരിക്കാം. എന്നാൽ മാധവിക്കുട്ടിയുടെ ജീവിതത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു രംഗമായിട്ടാണ് അത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

കാമുകന്റെ വണ്ടിയിൽ നിന്നിറങ്ങി ഭർത്താവിന്റെ ആലിംഗനത്തിലേക്ക് ഓടിച്ചെല്ലുന്ന നിഷ്കളങ്ക പ്രണയമുണ്ട് അവരുടെ പല കഥകളിലും. സ്വന്തം ജീവിതത്തിനു കൂടി ബാധകമായ ഈ അംശങ്ങളൊന്നും സ്പർശിച്ച് മലിനപ്പെടാതെ പൊതുബോധവിശുദ്ധിയിൽ സിനിമയെ സുരക്ഷിതമാക്കുന്നതിൽ സംവിധായകൻ ശരിക്കും വിജയിച്ചിട്ടുണ്ട്. വിദ്യാ ബാലൻ വരാതിരുന്നത് നന്നായി എന്ന് സംവിധായകൻ പറഞ്ഞതിന്റെ പൊരുൾ ഇതാവണം.
എന്നാൽ കാണികൾ വിദ്യാ ബാലനെ ശരിക്കും മിസ് ചെയ്യുന്നത് ഇവിടെയാണ്. മേക്കപ്പിന്റെ വെച്ചു കെട്ടലുകളില്ലാതെ യുവതിയും പ്രണയിനിയും ഉന്മാദിയുമായ മാധവിക്കുട്ടിയെ ശരീരത്തിലും ആത്മാവിലും വഹിക്കാൻ വിദ്യാബാലന് ഒരു പക്ഷെ, കഴിയുമായിരുന്നു.

ഉട്ടോപ്യയിലെ രാജാവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആമിയും മനോഹരമായിരിക്കാം, മാധവിക്കുട്ടി വികാരമായവര്‍ക്കതിനാകില്ല; വിനോദ് മങ്കര/ അഭിമുഖം

മഞ്ജു വാര്യരുടെ കൈയിൽ നിന്ന് വഴുതിപ്പോയ മാധവിക്കുട്ടി ശരിക്കും ഒരു സങ്കടക്കാഴ്ചയാണ്.  വിവാഹ ശേഷം മഹാനഗരത്തിൽ ഭർതൃമതിയായി കഴിയുന്ന, തിരസ്കൃതയും ഏകാകിയും എന്നാൽ പ്രണയം കൊണ്ട് ലോകത്തെ മുഴുവൻ തന്റെ ആലിംഗനത്തിൽ നിർത്താൻ കഴിയുന്നവളുമായ കമലയെ സിനിമയിലെവിടെയും നാം കാണുന്നില്ല, ഒരു പക്ഷെ സിനിമയിലെ അവസാനത്തെ ചില രംഗങ്ങളിലൊഴിച്ച്. പൂനെയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുവോളം കമലയുടെ ഒരു നിഴൽ മാത്രമാണ് സിനിമയിൽ നാം കാണുന്നത്. വികലമായ മേക്കപ്പു കൊണ്ട് രംഗം ഒന്നു കൂടി വികൃതമാവുകയും ചെയ്തു.

എന്നാൽ ആസ്വാദകന് ചിരപരിചിതയായ കമലയെ കണ്ട് സംതൃപ്തരായി തിയേറ്ററിൽ നിന്ന് തിരിച്ചിറങ്ങാനുള്ള അവസരം സിനിമയുടെ അവസാനം ഉണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. ജീവിതാവസ്ഥകളെ അതിന്റെ സ്വാഭാവികതയിൽ സ്വീകരിക്കാൻ കഴിയുന്ന ആ അപൂർവ്വനാരിയെ വെളിച്ചപ്പെടുത്താൻ സിനിമയ്ക്കും മഞ്ജു വാര്യർക്കും കഴിഞ്ഞു, അവസാന രംഗങ്ങളിൽ. ചിരിയിൽ, വർത്തമാനത്തിൽ, വേഷഭൂഷകളിൽ, സ്നേഹത്തിൽ, കാരുണ്യത്തിൽ ഒക്കെ മാധവിക്കുട്ടി നിറഞ്ഞാടുന്ന സുന്ദരമായ ദൃശ്യങ്ങൾ കൊണ്ടു മാത്രം ഈ സിനിമ വിജയിച്ചു എന്നു പറയാം. ഒപ്പം, കമലിനെപ്പോലെ ശരാശരിയായ ഒരു സംവിധായകന് ഇതിൽ കൂടുതൽ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയില്ല എന്നും നമുക്കറിയാം.

ഒടുവിലാ പ്രണയം

ആവശ്യത്തിൽ കൂടുതൽ വിവാദങ്ങളുണ്ടാക്കിയ ആ വിസ്മയ ജീവിതം വിവാദത്തിന്റെ പാരമ്യതയിലെത്തിയത് ഒടുവിലത്തെ പ്രണയത്തിലൂടെയാണ്. ജിഹാദല്ലാത്ത ഒരു പ്രണയം, ഇരുവിഭാഗങ്ങൾ അണിനിരന്ന ഒരു ജിഹാദായി മാറുന്നത് നമ്മുടെ കൺമുമ്പിൽ നാം കണ്ടതാണ്. മലയാളിയുടെ കാപട്യത്തെ വെളിപ്പെടുത്തിയ ഈ ജീവിത സന്ദർഭത്തെ സിനിമ ശരിയായി ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. പ്രണയത്തിന്റെ മതവും മതത്തിനു വേണ്ടിയുള്ള പ്രണയവും ആവശ്യത്തിൽ കൂടുതൽ കാലുഷ്യം സൃഷ്ടിച്ച ഇക്കാലത്ത് കമല കമലാ സുരയ്യയായത് മലയാളി ഒരിക്കലും മറക്കാൻ പാടില്ലാത്തതും എന്നാൽ ഒരിക്കലും പഠിക്കാനിടയില്ലാത്തതുമായ ഒരു പാഠമാണ്. മതം മാറ്റമുൾപ്പടെ പലതും എത്ര ലളിതവും സ്വകാര്യവുമാണ് എന്ന പാഠം.

ടിക്കറ്റെടുത്ത് കാണുന്നവര്‍ സിനിമ മോശമെങ്കില്‍ അത് പറയും; തെറിവിളിയാണോ സര്‍ മറുപടി?

ഒപ്പം ഒരു കാര്യം കൂടി. പ്രണയത്തിൽ ധീരനായ ഒരു പുരുഷനെയെങ്കിലും കാണാനാകാതെയാണ് അവർ ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. ആരെയും പ്രകടമായി കുറ്റപ്പെടുത്താതെ തന്നെ സിനിമ ഈ സത്യം പറഞ്ഞു. അവസാന പ്രണയത്തിലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന നായകനോട് സിനിമ കാണിച്ച കാരുണ്യം ശ്രദ്ധേയമാണ്. അയാൾ ജീവിച്ചിരിക്കുന്നതു കൊണ്ടു തന്നെ ഈ കാരുണ്യ പ്രകടനം ഒരു സ്വാഭാവിക നീതിയായി കാണികൾ കണക്കിലെടുത്തോളും. ഒരു കാര്യത്തിലേ സംശയമുള്ളൂ; ആരായിരുന്നു അയാൾ? സിനിമയിലെ സൂചനകളെ നമുക്ക് കണ്ണടച്ചു വിശ്വസിക്കാമോ? അല്ലെങ്കിൽ അതൊക്കെ പോട്ടെ. ഒരു പ്രണയമുണ്ടായിരുന്നു എന്നു നമുക്ക് വിശ്വസിക്കാം. ഒരു പ്രണയം ആർക്കും എപ്പോഴും സാധ്യമാണ്; മാധവിക്കുട്ടിക്ക് പ്രത്യേകിച്ചും.

മാധവിക്കുട്ടിയെക്കുറിച്ചുള്ള ഒരു സിനിമ നാം കണ്ടു എന്നു മാത്രം മനസ്സിലാക്കിയാൽ മതി. അവരെക്കുറിച്ച് ഇറങ്ങാനിടയുള്ള അനേകം സിനിമകളിൽ ആദ്യത്തേത്. അതിൽ കൂടുതലൊന്നുമില്ല.  മികച്ച  സിനിമ ഇറങ്ങാനിരിക്കുന്നതേയുള്ളൂ; അതിനുള്ള കാലം ഇനിയും വന്നെത്തിയിട്ടില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

ടൊവിനോ തോമസ്/അഭിമുഖം; മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്റെ കലഹങ്ങളത്രയും

പ്രിയ കമല്‍ കാവിപുതച്ച ഫാസിസ്റ്റുകള്‍ പുറത്ത് കാത്തുനില്‍പ്പുണ്ട്, അവര്‍ക്ക് വഴിമരുന്നിടരുത്

മാധവിക്കുട്ടിയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ് ചിലര്‍; കമല്‍

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

നാസിര്‍ കെ.സി

നാസിര്‍ കെ.സി

അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍