UPDATES

സിനിമ

രോഹിത്, കാശ്മീര്‍, ജെഎന്‍യു… സ്വതന്ത്ര ചലച്ചിത്രങ്ങളുടെ ഏകവേദിയാണ് നിങ്ങള്‍ അടച്ചു പൂട്ടുന്നത്

ഈ മൂന്ന് ചിത്രങ്ങളും പറയുന്ന രാഷ്ട്രീയം പരിശോധിച്ചാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നുംതന്നെ രാജ്യത്ത് പ്രദര്‍ശിപ്പിക്കേണ്ട എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാകും

കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കും പുതിയൊരു മാനം കൂടി നല്‍കിയിരിക്കുകയാണ്. രാമചന്ദ്രന്‍ പിഎന്‍ സംവിധാനം ചെയ്ത രോഹിത് വെമുലയെക്കുറിച്ചുള്ള ദ അണ്‍ ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നസ്, കാശ്മീരിനെക്കുറിച്ച് ഫാസില്‍ എന്‍ സി, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദ ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍, കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ജെഎന്‍യു സമരകാലത്തെക്കുറിച്ചുള്ള മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

പൊതു പ്രദര്‍ശനത്തിനല്ലാത്ത ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നാണ് നിയമം. ടെലിവിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ഉത്തരവാദിത്വം അതാത് ചാനലുകള്‍ക്കാണ്. ചലച്ചിത്രമേള ഒരു പൊതുപ്രദര്‍ശനമായി പെടുത്തിയിട്ടില്ലെങ്കിലും ഐ&ബി മിനിസ്ട്രിയുടെ സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. പങ്കെടുക്കുന്ന ഡെലിഗേറ്റുകളുടെ ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡോടെ മേള നടത്താനാണ് മന്ത്രാലയം നല്‍കുന്ന അനുമതി. തെരഞ്ഞെടുക്കപ്പെട്ട കാഴ്ചക്കാര്‍ മാത്രമേ ചിത്രങ്ങള്‍ കാണുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനാണ് ഇത്. അതിനാലാണ് ചലച്ചിത്രമേളകള്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.

ഷോട്ട്ഫിലിമുകള്‍ക്കോ ഡോക്യുമെന്റികള്‍ക്കോ ഇത്തരത്തില്‍ അനുമതി നിഷേധിക്കപ്പെട്ട സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ മുന്‍ സെക്രട്ടറിയായ മനോജ് കുമാര്‍ കെ പറയുന്നു. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ കാ ബോഡി സ്‌കേപ്, ഇതിന് മുമ്പ് പാപ്പിലിയോ ബുദ്ധ എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിശദാംശങ്ങളില്‍ നിന്നും ചിത്രം പറയുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കുറി മന്ത്രാലയം ഈ ചിത്രങ്ങളെ ബ്ലാക് ലിസ്റ്റ് ചെയ്തതായിരിക്കും ഈ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കാരണമെന്നും മനോജ് കുമാര്‍ സംശയിക്കുന്നു.

പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോട്ട്ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഐ&ബി മന്ത്രാലയത്തിന്റെ അനുമതിക്കായി കേരള സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ മൂന്ന് ചിത്രങ്ങള്‍ക്ക് എക്‌സംപ്ഷന്‍ ലഭിച്ചില്ല. ഈ മൂന്ന് ചിത്രങ്ങളും പറയുന്ന രാഷ്ട്രീയം പരിശോധിച്ചാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ രാജ്യത്ത് പ്രദര്‍ശിപ്പിക്കേണ്ട എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാകും. സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഈ തീരുമാനത്തെ വിശേഷിപ്പിച്ചതും അതിനാലാണ്. യഥാക്രമം രോഹിത് വെമുല, കാശ്മീര്‍, ജെഎന്‍യു എന്നിവയാണ് ഈ മൂന്ന് ചിത്രങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഐഎഫ്എഫ്‌കെയിലാണെങ്കിലും ഐ & ബി മന്ത്രാലയം ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കാരണം വ്യക്തമാക്കാറില്ലെന്നും കമല്‍ പറയുന്നു. ഇത്തരം വിലക്കുകള്‍ വന്നാല്‍ തങ്ങള്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാറില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പക്ഷെ സാധാരണ നിലയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ച് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടും. എന്നാല്‍ ഈമാസം പതിനാറിന് ആരംഭിക്കുന്ന ചലച്ചിത്ര മേളയ്ക്ക് മുമ്പായി ഈ അനുമതി ലഭ്യമാകുമെന്ന പ്രതീക്ഷയില്ലെന്ന് കമല്‍ തന്നെ പറയുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഭാഗം മാത്രമാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും കമല്‍ വിശദമാക്കുന്നു. കാരണം, അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം എന്താണെന്ന് മാത്രമാണ് ഐ & ബി മിനിസ്ട്രി ചോദിക്കുന്നത്. ചിലപ്പോള്‍ അവര്‍ക്ക് നിര്‍ദ്ദേശം കാണും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ എവിടെയും പ്രദര്‍ശിപ്പിക്കരുതെന്ന്. സെന്‍സറിംഗ് വിഷയം മന്ത്രാലയം തീരുമാനിക്കേണ്ടതാണ്. സെന്‍സര്‍ ചെയ്യപ്പെടേണ്ടതില്ല എന്ന് മന്ത്രാലയം പറഞ്ഞാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ.

ഹൃസ്വചലച്ചിത്രമേള ഒരു പൊതുപ്രദര്‍ശനമല്ല. ദേശീയതലത്തില്‍ ഒരു അന്താരാഷ്ട്ര ഷോട്ട്ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്നതാണ് നമ്മുടെ ഈ മേളയുടെ പ്രത്യേകത. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ മറ്റൊരു മേള നടക്കുന്നത് മിഫ് ആണ്. ഐ & ബി മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിലിംസ് ഡിവിഷനാണ് അത് നടത്തുന്നത്. അവിടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മാത്രമേ നടപ്പാകൂവെന്ന് ഉറപ്പാണ്. അപ്പോള്‍ സ്വതന്ത്ര ചിന്താഗതികള്‍ പ്രതിഫലിക്കുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് രാജ്യത്തുള്ള ഏക വേദിയാണ് കേരളത്തിലെ ചലച്ചിത്രമേള. സെന്‍സര്‍ ചെയ്യാതെ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ ഈ ചിത്രങ്ങള്‍ മറ്റൊരിടത്തും പ്രദര്‍ശിപ്പിക്കാനാകില്ലെന്ന അവസ്ഥയാണ് വരുന്നതെന്നും കമല്‍ വ്യക്തമാക്കുന്നു. ഈ നിഷേധം സാംസ്‌കാരിക ഇടങ്ങള്‍ക്ക് മേല്‍ നടത്തുന്ന കടന്നുകയറ്റമാണെന്നും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന മലയാളി കാത്തു ലൂക്കോസ് ആണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേവലം 18 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള തന്റെ ചിത്രത്തില്‍ നിരോധിക്കപ്പെടാന്‍ എന്താണുള്ളതെന്ന് മനസിലാകുന്നില്ലെന്നാണ് കാത്തുവിന്റെ പ്രതികരണം. മാര്‍ച്ച്, ഏപ്രില്‍ കാലഘട്ടങ്ങളില്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധങ്ങള്‍ ഡോക്യുമെന്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നത്. ഉമര്‍, അനിര്‍ബാന്‍, കനയ്യകുമാര്‍ എന്നിവരുടെ അഭിമുഖങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെഎന്‍യുവിനെ ദേശവിരുദ്ധരുടെയും ബുദ്ധിജീവികളായ വിപ്ലവകാരികളെയും സൃഷ്ടിക്കുന്ന സര്‍വകലാശാലയായാണ് മാധ്യമങ്ങള്‍ അതിനെ ചിത്രീകരിച്ചിരുന്നത്. പക്ഷെ എന്താണ് അവിടുത്തെ യഥാര്‍ത്ഥ വിപ്ലവം. ജെഎന്‍യുവില്‍ അത്രയും ശക്തമായ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂപംകൊണ്ടത് എങ്ങനെയാണെന്നാണ് ഈ ചിത്രം പറയുന്നത്. ബിജെപിക്കെതിരെ സംസാരിക്കുന്ന ചിത്രങ്ങളെയാണ് അവര്‍ തടഞ്ഞതെന്നത് അവരുടെ രാഷ്ട്രീയമാണെന്നും കാത്തു പ്രതികരിച്ചു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍