ഡോ. അനിത എസ് എംബിബിഎസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മഹത്യയായിരുന്നു തമിഴ്‌നാട് സ്വദേശിയ അനിതയുടേത്. ഡോക്ടര്‍ ആകാന്‍ ഏറെ ആഗ്രഹിച്ച പെണ്‍കുട്ടി. പന്ത്രാണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി തന്റെ സ്വപ്‌നത്തിന് അരികില്‍ വരെയെത്തിയ ആ ദളിത് പെണ്‍കുട്ടിക്ക് മുന്നില്‍ പെട്ടെന്നായിരുന്നു വാതിലുകള്‍ അടഞ്ഞത്. നീറ്റ് പരീക്ഷയില്‍ നിസാര മാര്‍ക്കിന് പരാജയപ്പെട്ടതോടെ അനിത അവസാനിപ്പിച്ചത് അവളുടെ സ്വപ്‌നങ്ങളായിരുന്നില്ല, ജീവിതമായിരുന്നു.
അനിതയുടെ മരണം വലിയ പ്രക്ഷേഭങ്ങള്‍ക്ക് കാരണമായി. തമിഴ്‌നാടിന്റെ തെരുവുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങി. അനിതയെപോലെ, താഴെത്തട്ടില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതം തകര്‍ക്കുന്ന തരത്തില്‍ നീറ്റ് പോലുള്ള പരീക്ഷകള്‍ ഇനി തടസ്സമാകരുതെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നു. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം അനിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തു വന്നു. അനിതയ്ക്ക് ഇന്നൊരു രക്തസാക്ഷി പരിവേഷമാണ്.
അനിതയുടെ ജീവിതവും മരണവും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ആ പെണ്‍കുട്ടിയെ പ്രമേയമാക്കി ഒരു സിനിമ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആ സിനിമ ഇപ്പോള്‍ വലിയൊരു വിവാദത്തിലേക്ക് വഴിമാറായിരിക്കുന്ന വാര്‍ത്തയാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്.
രാജഗണപതിയുടെ നിര്‍മാണത്തില്‍ അജയകുമാര്‍ ആയിരുന്നു ഡോ. അനിത എസ്. എംബിബിഎസ് എന്ന പേരിട്ട സിനിമ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപനം ഉണ്ടായത്. ബിഗ് ബോസ് താരം ജൂലിയെ അനിതയെ അവതരിപ്പിക്കാനും തെരഞ്ഞെടുത്തു. പക്ഷേ, ഈ സിനിമ യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം നിറഞ്ഞിരിക്കുകയാണ്. സംവിധായകനായ അജയ് കുമാര്‍ അനിതയുടെ കുടുംബാംഗങ്ങളെ അപമാനിച്ചു എന്നതാണ് സിനിമയെ സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍. നിര്‍മാതാവായ രാജഗണപതിയും സംവിധായകനെതിരെ രംഗത്തു വന്നിട്ടുണ്ട്. അജയകുമാറിനെ മാറ്റി മറ്റൊരാളെ സംവിധായകനാക്കി താനീ സിനിമ പുറത്തിറക്കുമെന്നാണ് രാജഗണപതി പറയുന്നത്.
തനിക്കും അനിതയുടെ കുടുംബത്തിനും ഇടയില്‍ ഇപ്പോഴും നല്ലബന്ധമാണ് ഉള്ളതെന്നും അവരുടെ സമ്മതത്തോടെ തന്നെ അനിതയെക്കുറിച്ചുള്ള ചിത്രം തന്റെ ബാനറിന്റെ കീഴില്‍ പുറത്തിറക്കുമെന്ന് രാജഗണപതി പറയുന്നു.
അജയകുമാറും താനും ചേര്‍ന്നാണ് അനിതയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും തിരക്കഥയ്ക്ക് രൂപം നല്‍കിയതെന്നും രാജഗണപതി പറയുന്നു. എന്നാല്‍ അനിതയുടെ വീട്ടുകാരുടെ സമ്മതത്തോടെയാകണം-വാക്കാലോ എഴുതി നല്‍കിയോ- സിനിമ ചെയ്യാനെന്നത് താന്‍ ആദ്യമേ മുന്നോട്ടു വച്ചിരുന്ന നിര്‍ദേശമാണെന്നും രാജഗണപതി പറയുന്നു. എന്നാല്‍ അനിതയുടെ സഹോദരന്‍ മണിരത്‌നവുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം വിസമ്മതം അറിയിക്കുകയായിരുന്നു. ഇക്കാര്യം സംവിധായകനെ അറിയിച്ചതുമാണ്. എന്നാല്‍ അജയകുമാര്‍ അത് അവഗണിച്ച് സിനിമയുമായി മുന്നോട്ടു പോവുകയാണുണ്ടായത്. കൂടാതെ സംവിധായകന്‍ അനിതയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. ഇതോടെ അജയകുമാറുമായി ചേര്‍ന്ന് ഈ സിനിമ ചെയ്യേണ്ടെന്ന് താന്‍ തീരുമാനം എടുത്തതായും നിര്‍മാതാവ് പറയുന്നു. ആദ്യം വിസമ്മതം പറഞ്ഞെങ്കിലും അനിതയുടെ കുടുംബം സമ്മതിക്കും എന്ന വിശ്വാസത്തില്‍ അമ്മാവനോടും സഹോദരനോടും ഞാന്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനിടയില്‍ അജയകുമാര്‍ ചിത്രത്തിന്റെ പൂജ നടത്തുകയും ബാക്കി പ്രവര്‍ത്തികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഇതിനൊന്നും എന്നെ ക്ഷണിക്കുകയും ഉണ്ടായില്ല; രാജഗണപതി പറയുന്നു.
താനും അനിതയുടെ കുടുംബവുമായി നല്ല ബന്ധത്തിലാണെന്നും അവരെന്നെ ഒരു ചലച്ചിത്രകാരനായല്ല, കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കാണുന്നതെന്നും രാജഗണപതി പറയുന്നു. അനിതയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് തന്നെ ക്ഷണിച്ചിരുന്നതായും രാജഗണപതി അറിയിക്കുന്നു.
അനിതയെക്കുറിച്ചുള്ള സിനിമ നല്ല രീതിയില്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രമെന്നും ഒരു നല്ല സംവിധായകനെയും അണിയറ പ്രവര്‍ത്തകരെയും ഈ സിനിമയ്ക്കായി താന്‍ കണ്ടെത്തുമെന്നും രാജഗണപതി പറയുന്നു. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനു മുമ്പായി അനിതയുടെ സിനിമ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അവിടെ നിന്നെല്ലാം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നും രാജഗണപതി വിശ്വാസം പ്രകടിപ്പിക്കുന്നു.
ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്