UPDATES

സിനിമാ വാര്‍ത്തകള്‍

രാജാവിന്റെ മകൻ പിറന്നിട്ട് മൂന്നുപതിറ്റാണ്ട്: മോഹൻലാൽ അല്ല, മമ്മൂട്ടിയായിരുന്നു ഞങ്ങളുടെ മനസിലെ വിൻസെന്റ് ഗോമസ്: ഡെന്നീസ് ജോസഫ്

ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല.

രാജാവിന്റെ മകൻ എന്ന സിനിമ തിയറ്ററിലെത്തിയിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുകയാണ്. ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായി ഈ സിനിമ നിലനിൽക്കുകയാണ്. സംവിധായകൻ തമ്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ പ്രേക്ഷകർ ഏറെ ചർച്ച ചെയ്തതും അദ്ദേഹത്തിന്റെ ഈ ചിത്രമായിരുന്നു. മോഹൻലാൽ എന്ന നടനെ താര പദവിയിലേക്ക് ഉയർത്തിയതും ഈ ചിത്രമായിരുന്നു.

എന്നാൽ സിനിമ എഴുതി തുടങ്ങിയപ്പോൾ സംവിധായകന്റെ മനസിലും തിരക്കഥകൃത്ത് ഡെന്നിസ് ജോസെഫിന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം രാജാവിന്റെ മകൻ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

‘മമ്മൂട്ടിയായിരുന്നു എന്റെ മനസിൽ രാജാവിന്റെ മകൻ. പക്ഷേ അന്ന് അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. കഥ ഇഷ്ടപ്പെട്ടെങ്കിലും മറ്റ് ചില പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഇൗ സിനിമയോട് സഹകരിക്കാൻ കഴിഞ്ഞില്ല. ഇൗ സിനിമ ഉണ്ടാവുന്നത് തന്നെ സംവിധായകൻ തമ്പി കണ്ണന്താനത്തിന് വേണ്ടിയാണ്. ഒരു പരാജയപ്പെട്ട സംവിധായകൻ എന്ന പേര് മാറ്റിയെടുക്കണം എന്ന അദ്ദേഹത്തിന്റെ വാശിയാണ് ഈ സിനിമയുടെ ആദ്യ അടിത്തറ’- ഡെന്നിസ് ജോസഫ് പറയുന്നു

‘സിനിമ എഴുതി തുടങ്ങിയപ്പോൾ തമ്പിയുടെ മനസിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. അതിനൊപ്പം തമ്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഈ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അങ്ങനെ ഞങ്ങൾ അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അയാളെ കാണാൻ പോയി. ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അയാൾ വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസിൽ. അങ്ങനെയാണ് മോഹൻലാലിനോട് കഥ പറയാൻ ചെല്ലുന്നത്’- അദ്ദേഹം കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍