UPDATES

സിനിമാ വാര്‍ത്തകള്‍

‘വര്‍മ’ യില്‍ നിന്ന് പിന്‍മാറിയത് സ്വന്തം തീരുമാനപ്രകാരം; ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം അവസാനിപ്പിക്കുന്നുവെന്ന് ബാല

‘വര്‍മ’ യുടെ ഫൈനല്‍ വേര്‍ഷനില്‍ തൃപ്തരല്ലെന്ന് അറിയിച്ചാണ് നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ‘വര്‍മ’യില്‍ നിന്നു ബാലയെ പുറത്താക്കിയതായി അറിയിച്ചത്.

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രം ‘വര്‍മ’ പുനര്‍നിര്‍മിക്കാനൊരുങ്ങിയ നിര്‍മാതാക്കളുടെ തീരുമാനത്തില്‍ പ്രതികരണവുമായി  സംവിധായകന്‍ ബാല. ചിത്രത്തില്‍ നിന്നു പിന്മാറുക എന്നത് തന്റെ മാത്രം തീരുമാനമായിരിന്നുവെന്നും ധ്രുവിന്റെ ഭാവിയെ കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നുമാണ് ട്വിറ്ററിലൂടെ ബാല അറിയിച്ചിരിക്കുന്നത്.

‘വര്‍മ’ യുടെ ഫൈനല്‍ വേര്‍ഷനില്‍ തൃപ്തരല്ലെന്ന് അറിയിച്ചാണ് നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ‘വര്‍മ’യില്‍ നിന്നു ബാലയെ പുറത്താക്കിയതായി അറിയിച്ചത്. ധ്രുവ് വിക്രമിനെ വച്ചുതന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടി ചിത്രീകരിക്കാനാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിലാണ് വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ച് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും ബാലയുടെ ബി സ്റ്റുഡിയോയും ചേര്‍ന്ന് നടന്‍ വിക്രമിന്റെ സാനിധ്യത്തില്‍ തയാറാക്കിയ കരാറിന്റെ പകര്‍പ്പും ബാല ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത് രംഗത്തു വന്നത്. സിനിമയില്‍ എന്തുതരം മാറ്റം വരുത്താനുമുള്ള അവകാശം കരാര്‍ പ്രകാരം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫൂട്ടേജ്, ഫിലിം സ്റ്റില്‍, സൗണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്സഡ് ആന്‍ഡ് അണ്‍മിക്സഡ് സോങ്സ് ട്രാക്ക് എന്നിവ ബാലയുടെ ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രോജക്ടില്‍നിന്നു തന്റെ പേര് പൂര്‍ണമായി ഒഴിവാക്കിയാല്‍ മാത്രമേ കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ നിലനില്‍ക്കൂവെന്ന് ബാല കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ. ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് വര്‍മ മുഴുവനായി വീണ്ടും ചിത്രീകരിക്കുന്നു എന്ന വിവരം പുറത്തു വന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ, നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു. വലിയ ധനനഷ്ടമുണ്ടായെങ്കിലും അര്‍ജുന്‍ റെഡ്ഡി തമിഴില്‍ കാണണമെന്ന് ഇപ്പോഴുമുണ്ടെന്നും ധ്രുവിനെത്തന്നെ നായകനാക്കി പുതിയ തമിഴ് പതിപ്പ് ജൂണിലിറങ്ങുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. സംവിധായകനെ കൂടാതെ താരനിരയും പുതിയതായിരിക്കും.

മേഘ ചൗധരി, ഈശ്വരി റാവു, റെയ്സാ വില്‍സണ്‍, ആകാശ് പ്രേം കുമാര്‍ എന്നിവരായിരുന്നു വര്‍മയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് രാധന്‍ ആയിരുന്നു. എം.സുകുമാര്‍ ആയിരുന്നു ഛായാഗ്രാഹകന്‍. ധ്രുവിനെ കൂടാതെ പുതിയ ചിത്രത്തില്‍ ആരൊക്കെ ഉണ്ടാവും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍