UPDATES

സിനിമ

ദിലീപ്, പിആര്‍ പണിക്കാര്‍ നിങ്ങള്‍ക്ക് വാങ്ങിത്തരുന്ന ലൈക്കുകളേക്കാള്‍ ഇരട്ടിയാണ് ജനത്തിന്റെ ഡിസ്‌ലൈക്കുകള്‍

സ്തുതിവചനങ്ങളും വീരഗഥകളും വാടകയ്‌ക്കെടുത്ത വിരലുകള്‍ കൊണ്ട് എഴുതിയിട്ടാല്‍ നിരവധി ഓപ്ഷനുകള്‍ മുന്നിലുള്ള സാമാന്യജനത്തെ വഞ്ചിക്കാനാകുമോ?

നടന്‍ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചാല്‍ ഒരത്ഭുതം കാണാം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് നടന്‍ അറസ്റ്റിലായി ഒരാഴ്ച കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പേജ് ലൈക്ക് 12,000 വര്‍ദ്ധിച്ചിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിലാണ് ഇത്രയധികം ലൈക്കുകള്‍ പേജിനുണ്ടായിരിക്കുന്നത്. ലൈക്ക് മാത്രമല്ല, ഓരോ പോസ്റ്റിനു താഴെ വരുന്ന കമന്റുകളും ശ്രദ്ധിക്കണം; എല്ലാം ദിലീപ് അനുകൂലമായവ. ഈ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ നല്ലരീതിയില്‍ അവരുടെ പണി ചെയ്യുന്നുണ്ട്. അവരുടെ ലക്ഷ്യം ഒന്നു മാത്രം; ദിലീപ് അനുകൂലമായ അന്തരീക്ഷമാണ് ഉയര്‍ന്നുവരുന്നതെന്നു സാമാന്യജനത്തെ ബോധ്യപ്പെടുത്തുക. ‘അഗ്നിശുദ്ധി’ തിരച്ചുവരുന്നൊരു ദിലീപിനു വേണ്ടി അവര്‍ സാമ്രാജ്യം ഒരുക്കിവയ്ക്കുകയാണ്.

മലയാള സിനിമയില്‍ പിആര്‍ഒമാര്‍ എന്നൊരു വിഭാഗമുണ്ട്. എ എസ് ദിനേശ്, വാഴൂര്‍ ജോസ്, എന്നീ പേരുകളൊക്കെ എല്ലാവര്‍ക്കും പരിചയമായിരുന്നു. ഒരു സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ തൊട്ട് പിആര്‍ഒമാരുടെ പണിയും തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍, സിനിമയെക്കുറിച്ചുള്ള ചെറുവിവരണം തുടങ്ങി അണിയറക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വച്ച് സ്വയം തയ്യാറാക്കുന്ന കുറിപ്പുകളും ചിത്രങ്ങളും പത്ര-സിനിമ മാസികകളുടെ ഓഫിസുകളില്‍ എത്തിച്ചായിരുന്നു പിആര്‍ഒമാര്‍ അവരുടെ ജോലി ചെയ്തിരുന്നത്. ഇന്നിപ്പോള്‍ പിആര്‍ഒമാരുടെ ജോലി പേരിലൊതുങ്ങി. പകരം സിനിമയുടെ പ്രചാരണവിഭാഗം ഓണ്‍ലൈന്‍ പ്രമോഷന്‍ സൈറ്റുകള്‍ കൈവശപ്പെടുത്തി. സോഷ്യല്‍ മീഡിയായുടെ സാധ്യതകള്‍ മുതലെടുത്ത് വെര്‍ച്വല്‍ പിആര്‍ഒമാര്‍ അവരുടെ തന്ത്രങ്ങള്‍ വലിയ രീതിയില്‍ വിജയിപ്പിച്ചെടുത്തതോടെ സിനിമാക്കാരും അവരെ വിശ്വസിച്ചു. ഒരു സിനിമ വിജയിപ്പിക്കാന്‍ മാത്രമല്ല, മറ്റൊരു സിനിമ പരാജയപ്പെടുത്താനും ഓണ്‍ലൈന്‍ പ്രമോട്ടര്‍മാര്‍ക്ക് കഴിയും. പണ്ടത്തെപ്പോലെ തീയേറ്ററില്‍ ആളെ വിട്ടു കൂവിക്കാനൊന്നും മുതിരേണ്ടതില്ല. പബ്ലിസിറ്റി, അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഓണ്‍ലൈനിലൂടെ ഒരു ചിത്രത്തിന് കൊടുക്കാന്‍ കഴിയുന്നതിന്റെ വ്യാപ്തി വളരെ വലുതാണ്.

ദിലീപ് ചിത്രങ്ങളുടെ (അയാള്‍ മാത്രമല്ല ഈ സൗകര്യം ഉപയോഗിക്കുന്നത്) ഓണ്‍ലൈന്‍ പ്രമോഷന്‍ നടത്തുന്നത് മലബാര്‍ ഭാഗത്തുള്ള ഒരു ഗ്രൂപ്പാണ്. നടന്റെ ഓരോ ചിത്രങ്ങളും റിലീസ് ചെയ്തശേഷം ഇവര്‍ പണം വാങ്ങാന്‍ കൊച്ചിയില്‍ വരുമായിരുന്നു. ആ വഴിയാണ് പരിചയം. സിനിമ പ്രൊമോഷന്‍ മാത്രമല്ല, പല ചലച്ചിത്ര താരങ്ങളുടെയും ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതും ഇവരാണ്. ഒരു നടന്റെ/നടിയുടെ ഫേസ്ബുക്ക് പേജ് ഒറ്റദിവസം കൊണ്ട് അമ്പതിനായരിവും ഒരു ലക്ഷവുമൊക്കെ ലൈക്കുകള്‍ വാങ്ങിക്കൂട്ടുന്നതിനു പിന്നില്‍ ഇത്തരം ഓണ്‍ലൈന്‍ പ്രമോട്ടര്‍മാരുടെ കളികളുണ്ട്. 25,000 പേജ് ലൈക്ക് ഉള്ള ഒരു പേജിലേക്ക് ഒരു നടിയുടെ/നടന്റെ പുതിയ പേജ് മേര്‍ജ് ചെയ്‌തെടുക്കുമ്പോഴാണ് ഒറ്റദിവസം കൊണ്ട് അരലക്ഷവും ഒരു ലക്ഷവുമൊക്കെ പേജ് ലൈക്കുകള്‍ കിട്ടുന്ന അത്ഭുത പ്രതിഭാസമായി ചലച്ചിത്ര താരങ്ങള്‍ മാറുന്നത്. പക്ഷേ ഫേസ്ബുക്ക് ഈ കളിക്ക് കടിഞ്ഞാണിട്ടതോടെ പ്രമോട്ടര്‍മാരുടെ തലക്കടി കിട്ടി. മാത്രമല്ല. സോഷ്യല്‍ മീഡിയ തൊട്ടാല്‍ പൊള്ളുന്നൊരിടം കൂടിയായി മാറിയതോടെ തങ്ങളുടെ പേരില്‍ വരുന്ന ചെറിയൊരു കമന്റ് പോലും വിവാദമാകുമെന്ന് തിരിച്ചറിവില്‍ പല താരങ്ങളെല്ലാം കഴിവതും സ്വയം പേജുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ ക്വട്ടേഷന്‍ കൊടുത്ത് സ്വയം വലുതാകുന്നു.

"</p

ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ നടന്റെ ഫേസ്ബുക്ക് പേജില്‍ ലൈക്കുകളും അനുകൂല കമന്റുകളുമൊക്കെ ഇങ്ങനെ കുന്നുകൂടുന്നതു കാണുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍ത്തു പോവുകയാണ്. നെഗറ്റീവ് പബ്ലിസിറ്റിപോലും താരങ്ങള്‍ക്ക് ഗുണകരമായി ഉപയോഗിക്കാന്‍ കഴിവുള്ള പിആര്‍ മാനേജ്‌മെന്റുകള്‍ മലയാള സിനിമയില്‍ പോലും ഇപ്പോള്‍ സജീവമാണ്. വെടിപ്പായി പണി ചെയ്തുപോരുന്ന ഇത്തരക്കാര്‍ ഉള്ളപ്പോള്‍ ഒരു താരം, അയാള്‍ ക്രിമിനല്‍ കേസില്‍ പെട്ടവനാണെങ്കില്‍ പോലും മര്യാദരാമനായി കൊണ്ടാടപ്പെടും.

പക്ഷേ എത്ര വലിയ പി ആര്‍ വര്‍ക്കുകള്‍ നടന്നാലും ദിലീപ് സ്വയം നഷ്ടപ്പെടുത്തിയ ഇമേജ് അയാള്‍ക്ക് തിരികെ പിടിക്കാന്‍ സാധ്യമാകുമോ എന്നതു വലിയൊരു ചോദ്യം തന്നെയാണ്. കുട്ടികളും സ്ത്രീകളുമായിരുന്നു ദിലീപിന്റെ വിജയം. അവധിക്കാലം നോക്കി ഇറങ്ങുന്ന ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ ആളെ നിറച്ചിരുന്നതിനു പിന്നിലും പ്രധാനമായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അയാളോടുള്ള ഇഷ്ടമായിരുന്നു. പണ്ട് കലാഭവനില്‍ നിന്നു സിനിമയിലേക്ക് ജയറാം പോയപ്പോള്‍ ആ സ്ഥാനത്തേക്ക വന്നയാളാണ് ദിലീപ്. ഒരു കാലത്ത് മലയാളിയുടെ ജനപ്രിയനും കുടുംബങ്ങളുടെ സ്വീകാര്യതാരവും ആയിരുന്നു ജയറാം. പിന്നീട് സിനിമയിലേക്കു വന്നപ്പോള്‍ ജയറാമിന്റെ പകരക്കാരനകാന്‍ അവിടെയും ദിലീപിനു കഴിഞ്ഞു.

ഫെബ്രുവരിയില്‍ നടന്ന ആ സംഭവത്തിനു മുമ്പു വരെ ആ ജനപ്രിയത പേരിലെങ്കിലും കൊണ്ടു നടക്കാന്‍ ദിലീപിനു കഴിഞ്ഞിരുന്നു. ഇന്നയാള്‍ പൊലീസ് വണ്ടിയില്‍ പോകുമ്പോഴും ജനങ്ങളുടെ കൂവല്‍ ഏറ്റുവാങ്ങുമ്പോഴും ചിലരുടെയൊക്കെ ഉള്ളു പിടിയുന്നുണ്ടെങ്കില്‍ അതയാളെ ഒരുകാലത്ത് ഹൃദയംകൊണ്ടു സ്‌നേഹിച്ചവരുടെതാണ്. പക്ഷേ അവര്‍ പോലും ഇനി പഴയതുപോലെ ദിലീപിനെ സ്‌നേഹിക്കണമെന്നില്ല. ഇപ്പോള്‍ അയാള്‍ക്കുവേണ്ടി അവകാശങ്ങള്‍ പറയുന്നവരുടെയോ മുന്‍കാല പുണ്യങ്ങളുടെ കണക്കു നിരത്തുന്നവരുടെയോ അതല്ലെങ്കില്‍ പുതിയതായി ഇഷ്ടം കൂടിയ ആ പന്തീരായിരം പേരുടെയോ കാര്യമല്ല, വെള്ളിത്തിരയിലെ പ്രകടനം കൊണ്ട് തങ്ങളെ സന്തോഷിപ്പിച്ച ഒരു നടനോട് ആത്മാര്‍ത്ഥമായി ഇഷ്ടം തോന്നുകയും ആരാധിക്കുകയും ചെയ്ത വലിയൊരു വിഭാഗം സാധാരണ പ്രേക്ഷകരെക്കുറിച്ചാണ് പറഞ്ഞത്. അവരുടെ ഇഷ്ടം ഏതെങ്കിലുമൊക്കെ രീതിയില്‍ പണമെറിഞ്ഞ് തിരികെ വാങ്ങാമെന്നു ദിലീപ് കരുതരുത്; ജിവീതവും സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ദിലീപിന്റെ തിരിച്ചുവരവിന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ മാതൃകയാക്കുന്നത് കാണുന്നുണ്ട്. സഞ്ജയ് ദത്തിനുമേല്‍ തെളിയിക്കപ്പെട്ടത് രാജ്യത്തിനെതിരേ ആക്രമണം നടത്തിയവരെ സഹായിച്ചെന്ന ഗുരുതരമായ കുറ്റം തന്നെയാണ്. ആറുവര്‍ഷത്തെ ശിക്ഷയും അതിനയാള്‍ക്ക് വിധിച്ചു (അത്രയും വര്‍ഷം ജയിലില്‍ കിടന്നില്ല എന്നതു വേറെ കാര്യം). ബോളിവുഡിലെ സൂപ്പര്‍ താരമായി നില്‍ക്കുമ്പോഴായിരുന്നു ഏവരെയും ഞെട്ടിച്ച് സഞ്ജയ് ദത്ത് കേസില്‍ ശിക്ഷിക്കപ്പെടുന്നത്. അതോടെ താരമെന്ന നിലയില്‍ നിന്നും വിവാദനായകനായി സഞ്ജു മാറി. പക്ഷേ സഞ്ജുവിന് ജാമ്യത്തില്‍ പുറത്തിറങ്ങുകയും മുന്നാഭായി എംബിബിഎസ്, ലഗേ രഹെ മുന്നാഭായി എന്നീ ചിത്രങ്ങളിലൂടെ തന്റെ താരപദവി തിരിച്ചെടുക്കാനും കഴിഞ്ഞു. രാജ്കുമാര്‍ ഹിറാനിയുടെ ചിത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ സഞ്ജുവിന്റെ ജീവിതത്തിന്റെ മാറ്റിമറിച്ചിലുകള്‍ പറയുന്നവ കൂടിയായിരുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ട ഒരാള്‍ ആയിട്ടുപോലും തന്റെ ആരാധക പിന്തുണ നിലനിര്‍ത്താനും താരപ്പകിട്ട് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞതിലൂടെ സഞ്ജയ് ദത്ത് ഏവരേയും അത്ഭുതപ്പെടുത്തുകയായിരുന്നു. 2013 ല്‍ വീണ്ടും ജയിലില്‍ ആവുകയും ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി തിരികെയെത്തിശേഷവും സഞ്ജയ് ദത്ത് എന്ന നടന്‍ ബോളിവുഡില്‍ തന്റെ താരമൂല്യം നിലനിര്‍ത്തി. മാത്രമല്ല, സഞ്ജുവിന്റെ ജീവിതം തന്നെ സിനിമയാകുന്നുമുണ്ട്.

"</p

പക്ഷെ, അവിടെ സഞ്ജയ്‌ ദത്തിന് അനുകൂലമായി ഭവിച്ച കുറെ കാര്യങ്ങളുണ്ടായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ചെയ്തു കൂട്ടിയതിനൊക്കെ ഇപ്പോള്‍ അയാളെ ജയിലില്‍ അയക്കേണ്ടതുണ്ടോ എന്നായിരുന്നു വലിയൊരു ജനസാമാന്യത്തിന്റെ ചിന്ത. ശരിയോ, തെറ്റോ ആകട്ടെ, ആ കുഴപ്പക്കാരനില്‍ നിന്ന് അയാള്‍ ഒരുപാട് മാറിയതായും ജനങ്ങള്‍ക്ക് തോന്നിയിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതം ആ തരത്തില്‍ ഒരു ബോളിവുഡ് സിനിമപോലെയാണ്. പക്ഷേ ദിലീപിന് അതേ സൗകര്യങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. സഞ്ജയ് ദത്തിന് ഒരു ന്യായീകരണത്തിന്റെയും ആനുകൂല്യം കൊടുക്കിന്നില്ലെങ്കില്‍ പോലും ദിലീപിന്റെ മേലില്‍ പൊലീസ് തെളിലുകള്‍ സഹിതം ആരോപിക്കുന്ന കുറ്റം അത്യന്തം ഹീനവും നീചവും തന്നെയാണ്. ഒരു പെണ്‍കുട്ടിയോട്, അതും സഹപ്രവര്‍ത്തകയും ഒരു സമയത്ത് ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നയാളോട് അയാള്‍ ചെയ്‌തെന്നു പറയുന്ന കുറ്റത്തിന് യാതൊരുവിധ ന്യായീകരണവും ഇല്ല. 1993-ല്‍ നിന്നും 2017 ലേക്ക് എത്തുമ്പോള്‍ ലോകം ഒരു വിര്‍ച്വല്‍ പേജിലേക്ക് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. സിനിമാലോകം, അത് ബോളിവുഡാണെങ്കിലും മോളിവുഡാണെങ്കിലും സമൂഹത്തിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ തുറന്നിടപ്പെട്ടിരിക്കുന്നു. സിനിമാതാരങ്ങളൊക്കെ സ്‌പെഷല്‍ കാറ്റഗറിയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. അവരും ജനകീയ വിചാരണയില്‍ പ്രതിചേര്‍ക്കപ്പെടുന്നു. ദിലീപ് എത്തിനില്‍ക്കുന്നതും അത്തരമൊരു സാഹചര്യത്തിലാണ്.

അയാളുടെ സ്തുതിവചനങ്ങളും വീരഗഥകളും വാടകയ്‌ക്കെടുത്ത വിരലുകള്‍ കൊണ്ട് എഴുതിയിട്ടാല്‍ നിരവധി ഓപ്ഷനുകള്‍ മുന്നിലുള്ള സാമാന്യജനത്തെ വഞ്ചിക്കാനാകുമോ? സിനിമയില്‍ തമാശ പറയുകയും ഉദാത്ത നായകനായി പ്രത്യക്ഷപ്പെടുകയും സ്ത്രീ-വൃദ്ധ-ബാലജനങ്ങളുടെ സംരക്ഷകനായി അവതരിക്കുകയുമൊക്കെ ചെയ്യുന്ന ഒരാളായിരിക്കാം ദിലീപ്. പക്ഷേ ദിലീപും ദിലീപിന്റെ സ്തുതിപാഠകരും തെറ്റിദ്ധരിക്കുന്നപോലെ കഥാപാത്രങ്ങളെയും നടനെയും തമ്മില്‍ തിരിച്ചറിയാതെ പോകുന്നവനല്ല പ്രേക്ഷകന്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍