UPDATES

സിനിമ

ഇന്ന് രാമലീല റിലീസാണ്; ന്യായീകരണങ്ങളൊക്കെ ആയ സ്ഥിതിക്ക് ഫാന്‍സിന് ഇനി തീയേറ്ററിലേക്ക് നീങ്ങാം

പക്ഷെ തൊഴിൽപരമായ അസമത്വങ്ങളുടെ, ഇരട്ടത്താപ്പുകളുടെ, അനിശ്ചിതത്വങ്ങളുടെ, വലിപ്പച്ചെറുപ്പങ്ങളുടെ ഇടത്തിൽ നിന്നും തൊഴിലാളി സ്നേഹം പറഞ്ഞ് പറ്റിച്ച് ഇങ്ങനെയൊരു കച്ചവടം നടത്തരുത്.

അപര്‍ണ്ണ

അപര്‍ണ്ണ

മലയാള സിനിമാ വ്യവസായത്തിൽ ഇതുവരെ കേൾക്കാത്ത പ്രതിസന്ധിയുടെ നിർണായക ഘട്ടമാണ് രാമലീലയുടെ റിലീസ്. സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ ദിലീപ് എന്ന വലിയ വിപണി മൂല്യമുള്ള താരം കുറ്റാരോപിതനായി ജയിലിലാകുന്നു. അയാൾ മുഖ്യവേഷത്തിലഭിനയിച്ച രാമലീല തീയേറ്ററിലെത്തുന്നു. സ്വാഭാവികമായും പ്രേക്ഷകർ സിനിമ കാണണമെന്നും കാണരുതെന്നും രണ്ടു ചേരിയിലായി. സമൂഹ മാധ്യമങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ആ ചർച്ച കൊടുമ്പിരി കൊള്ളുന്നു. തീയേറ്ററിൽ കയറാനും ബഹിഷ്കരിക്കാനുമുള്ള കാരണങ്ങൾ എല്ലായിടത്തും നിറയുന്നു.

മറ്റെല്ലാ സിനിമയ്ക്കുമുള്ള സുരക്ഷിതമായ പ്രദർശാനാവകാശം രാമലീലക്കുമുണ്ടെന്ന കാര്യം മാറ്റി നിർത്തിയാൽ സിനിമ കാണണമെന്ന ആഹ്വാനം നടത്തുന്നവർ ഉയർത്തുന്ന വാദങ്ങൾ വിചിത്രമാണ്. ആ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളെ പറ്റിയായിരുന്നു എല്ലാവരും  ആകുലപ്പെട്ടത്. ദിലീപ് എന്ന കുറ്റാരോപിതൻ ഒഴികെ സംവിധായകൻ മുതൽ ലൈറ്റ് ബോയ് വരെ എല്ലാവരും തൊഴിലാളികളാണ്. പക്ഷെ അതുപോലെ ഒരു തൊഴിലാളിയാണ് സ്വന്തം തൊഴിൽ ചെയ്ത് മടങ്ങി വരുമ്പോൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഏറ്റവും അരക്ഷിതമായ ഒരു തൊഴിലിടത്തു നിന്ന് തൊഴിലാളികളെ പറ്റി പറയുന്നത് ഇരട്ടത്താപ്പാണ്. ആദ്യം പ്രാഥമിക സുരക്ഷിതത്വത്തോടെ ജോലിയെടുക്കുക എന്ന അവകാശത്തെ സംരക്ഷിക്കാനല്ലേ ശ്രമങ്ങൾ വേണ്ടത്. പിന്നെ തൊഴിലാളികളുടെ തുച്ഛവേദനത്തിന്റെ കണ്ണീരു പറഞ്ഞു വരുന്ന മുതലാളിമാർ അത്തരം വലിപ്പച്ചെറുപ്പങ്ങളെ ഒഴിവാക്കി ഒരു തൊഴിൽ നവീകരണ യജ്ഞം നടത്തിയാണ് ആദ്യം ആത്മാർത്ഥത തെളിയിക്കേണ്ടത്. കോടികളുടെ കണക്ക് പറയുന്ന, കോടി വിജയങ്ങൾ ആഘോഷിക്കുന്ന ഒരു വലിയ വ്യവസായത്തിൽ മൂന്നക്ക മാസവരുമാനം മാത്രമുള്ളവർ ബാക്കിയുണ്ടെങ്കിൽ അത് ആ മേഖലയുടെ തൊഴിലിടമെന്ന നിലയിലുള്ള പൂർണ പരാജയമാണ്. അതിനെ പോലും വിറ്റു മാർക്കറ്റ് ചെയ്യുന്ന അവസ്ഥ ക്രൂരമാണ്.

ഇതേ തൊഴിലിടത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടി വരുന്ന കഥകൾ തിലകനിലൂടെയും വിനയനിലൂടെയും നിരന്തരം അറിഞ്ഞതാണ്. കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചും വേതന അസമത്വത്തെ കുറിച്ചും നടികൾ സംസാരിച്ചു തുടങ്ങുന്നു. വിമൻ ഇൻ സിനിമാ കളക്റ്റീവിന്റെ പ്രതിനിധി രമ്യാ നമ്പീശൻ ഏറ്റവുമധികം ഉപയോഗിച്ച വാക്ക് ‘സുരക്ഷിതത്വം’ എന്നാണ്. തൊഴിൽ സംഘടനയായ അമ്മ പ്രതിനിധികൾ, ഈ വിഷയം കൊടുമ്പിരി കൊള്ളുമ്പോൾ പ്രതികരിച്ച വിധവും തുടർന്നുണ്ടായ വിവാദങ്ങളും കുറച്ചു പേർക്കെങ്കിലും ഓർമയുണ്ടാവും. ഇങ്ങനെ പലർക്കും പല നിയമങ്ങളുള്ള ഒരു മേഖലയിൽ നിന്ന് സിനിമ വിറ്റഴിയാനുള്ള മാർഗമായി തൊഴിലാളി സ്നേഹം ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അത് തീർത്തും കപടത മാത്രമാണ്.

തൊഴിലാളി അവകാശ ബഹളങ്ങൾക്കിപ്പുറം നിങ്ങൾ എങ്ങനെയാണ് സിനിമകളിൽ, ഇതു പോലെ വിറ്റു പോകുന്ന സിനിമകളിൽ തൊഴിലാളി വർഗത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്? സാധാരണ മനുഷ്യർ തൊട്ടാൽ അറപ്പോടെ കൈ തട്ടി മാറ്റുന്ന സ്റ്റാർഡങ്ങൾ, കറുത്തവരെ, വേലക്കാരെ, ഭിന്ന ലിംഗക്കാരെ, സ്ത്രീകളെ ഒക്കെ നോക്കി സിനിമയിൽ പെരുമാറുന്ന രീതികൾ കണ്ടാലറിയാം നിങ്ങളുടെ തൊഴിലാളിപക്ഷ മനോഭാവം. കേട്ടാലറപ്പുണ്ടാക്കുന്ന ദ്വയാർത്ഥങ്ങൾ കുത്തിനിറച്ചതു കൊണ്ടു ദിലീപ് സിനിമകൾ കാണാൻ പോകില്ലെന്ന് തീരുമാനിച്ച സ്ത്രീകളും കുട്ടികളുമുണ്ടിവിടെ. നിങ്ങളുടെ സ്ഥിതിവിവര കണക്കുകളിൽ പെടാത്ത അവരും പ്രേക്ഷക ഗണത്തിൽ പെട്ടവരാണ്.

ഒരു മുതലാളിയുടെ പണത്തെ കുറിച്ചുള്ള രോദനമാണ് മറ്റൊന്ന്. നിർമാതാവിനു പണമുണ്ടാക്കി കൊടുക്കേണ്ടത് പ്രേക്ഷകലക്ഷത്തിന്റെ ബാധ്യതയല്ല. രാമലീല എന്നല്ല ഒരു സിനിമയും നിർമാതാവിന്റെ പണം തിരിച്ചു കൊടുക്കാനുള്ള നിർബന്ധ ബുദ്ധിയുമായി വരുന്നത് വിചിത്രമാണ്. ഒരു സ്വകാര്യ വ്യക്തി തന്റെ മൂലധനം ഇഷ്ടമുള്ളിടത്തു നിക്ഷേപിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നു. അതിൽ റിസ്ക് ഫാക്ടർ ഉണ്ടായേക്കാം. പക്ഷെ ആ ഫാക്ടറിനെ മറികടക്കാനുള്ള പണം പ്രേക്ഷകരിൽ നിന്ന് കരഞ്ഞു വാങ്ങുന്നത് ജനാധിപത്യ വിരുദ്ധമാണ്. അയാളുടെ ലാഭനഷ്ടം പ്രേക്ഷകരുടെ ബാധ്യതയല്ല, ആകേണ്ടതുമില്ല.

പുതിയ സംവിധായകന്റെ സിനിമ എന്ന സ്വപ്നം വിജയിപ്പിച്ച് സാക്ഷാത്കരിച്ചു കൊടുക്കേണ്ടത് പ്രേക്ഷകരുടെ ബാധ്യത എന്നാണ് മറ്റൊരു വാദം. ഇവിടെ നൂറു കണക്കിനു പുതിയ സംവിധായകർ ഇത്രയൊന്നും വലിയ തുക മുടക്കാനില്ലാത്ത നിർമാതാക്കളെയും വച്ച് സിനിമ ഇറക്കുന്നു. അപ്പോൾ കാണാറില്ല ഈ പറയുന്ന വാദങ്ങളൊന്നും. അഡ്വഞ്ചെഴ്സ് ഓഫ് ഓമനക്കുട്ടൻ പോലെ സമാന്തര  ഉദാഹരണങ്ങൾ ഒരുപാടുണ്ട്. പിന്നെ തൊഴിൽപരമായ ഒരു വ്യക്തിയുടെ സ്വപ്നങ്ങളിൽ പങ്കു ചേരണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിപരമാണ്. പ്രേക്ഷകർ എന്ന കൂട്ടത്തിലെ എല്ലാവരുടേയും സ്വയം നിർണയാവകാശം കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രേക്ഷകർ സിനിമ കാണാൻ ശാരീരികയും സാമ്പത്തികമായും ക്ലേശിക്കേണ്ടത് എന്തൊക്കെ ഘടകങ്ങൾ കൊണ്ടാണെന്ന് തീരുമാനിക്കാനുള്ള അവകാശം അവരിൽ മാത്രം നിക്ഷിപ്തമാണ്. അങ്ങനെ സിനിമ തൊഴിലിടമെന്നു വിശ്വസിച്ച് പുതുമുഖ സംവിധായകരെ ഓർത്ത് തീയേറ്ററിൽ കയറണം എന്ന് നിങ്ങൾക്ക് ആവശ്യപ്പെടാം. പക്ഷെ ഇതേ സ്വയം നിർണയാവകാശം വച്ച് സിനിമയേ കാണുന്നില്ല എന്നു തീരുമാനിക്കാനും വ്യക്തിക്ക് അവകാശമുണ്ട്‌.

താരത്തിൽ നിന്ന് കൂട്ടായ്മയിലേക്ക് തർക്കങ്ങളിലെങ്കിലും മലയാള സിനിമ വളർന്നതും വിചിത്രമാണ്. ശൃംഗാരവേലനും നാടോടിമന്നനും മര്യാദ രാമനും കാര്യസ്ഥനും ലയണും ഒക്കെ ജനപ്രിയ നായകൻ ഇൻ ആന്റ് ആസ് തന്നെയാണ്. താരസിനിമയിൽ നിന്ന്, താര ഹീറോയിസത്തിന്റെ മാർക്കറ്റിങ്ങിൽ നിന്ന് സിനിമ ചെയ്തിട്ടാണ് ഈ കളവു ചെയ്യുന്നത്. ഇവിടെ പ്രതിഫലക്കുറവിനെ പറ്റി ദശാബ്ദങ്ങളോളം നായികമാരായ നടിമാർ തന്നെ സംസാരിക്കുന്നു. താരശരീരങ്ങളാണ് സിനിമ ഇവിടെ. അതുകൊണ്ടാണ് താരത്തെ പറയുമ്പോൾ ഭയഭക്തിയോടെ പ്രജകളെ പോലെ ആരാധകവൃന്ദം യുദ്ധം ചെയ്യുന്നത്.

കുറ്റാരോപിതന്റെ സംശയാനുകൂല്യം ദിലീപിനു വേണമെന്ന അവകാശവാദവും കൗതുകകരമാണ്. ഇര ജീവിച്ചിരിക്കുന്നു എന്നതിനപ്പുറം പണ്ട് ഗോവിന്ദച്ചാമിയിലും ഇപ്പോൾ അമീറുൽ ഇസ്ലാമിലും ആരോപിക്കപ്പെട്ട കുറ്റങ്ങൾക്കു സമാനമായ ഒന്നാണ് ദിലീപിലും ആരോപിക്കപ്പെട്ടിട്ടുള്ളത്. അവർക്ക് നേരെ ചോദ്യശരങ്ങൾ, കൊല്ലാനുള്ള ആഹ്വാനങ്ങൾ ഒക്കെ നടത്തിയവർക്ക് എന്തു തെളിവിന്റ പിൻബലമാണ് അപ്പോൾ ഉണ്ടായിരുന്നത്? അവർക്ക് ഇല്ലാത്ത നൂറായിരം പ്രിവിലേജുകൾക്ക് ദിലീപ് അർഹനാവുന്നു. ആ പ്രിവിലേജുകളുടെ സുരക്ഷിതത്വത്തിൽ നിന്നു കൊണ്ട് അയാളെ സുരക്ഷിതനാക്കാൻ തീർത്തും അരക്ഷിതരായവരെ ആഹ്വാനം ചെയ്യുന്നുണ്ട് കുറേ പേർ. സെക്ഷ്വൽ ക്രൈം എന്നത് ക്രൈം ആണെന്ന ബോധ്യം വരാത്തവർ ഇപ്പോഴും പക്ഷേ ചോദിക്കുന്നുണ്ട്, വേറൊരാളെ കൊണ്ട് ചെയ്യിപ്പിച്ച് അയാൾക്കെന്ത് സുഖമാണ് കിട്ടിയതെന്ന്. റേപ്പ് എന്നാൽ (ആ വാക്കു കൊണ്ട് ഫോൾസ് ഫുൾ പെനിട്രേഷൻ എന്നു മാത്രമല്ല അർത്ഥമാക്കുന്നത് ) സെക്സല്ല, ക്രൈം ആണെന്ന പ്രാഥമിക ബോധം പോലുമില്ലാത്ത ആൾക്കൂട്ടമുണ്ടിവിടെ. അയാളുടെ കുടുംബത്തിലെ സ്ത്രീകളുടെ കണ്ണീർക്കഥ കൂടി സിനിമ ലാക്കാക്കി വിൽക്കുന്നു. കേരളത്തിൽ ജയിലിൽ കിടക്കുന്ന കുറ്റവാളികളുടെ കുടുംബങ്ങളിൽ എത്രയോ സ്ത്രീകളുണ്ട്. വൃദ്ധരും കുട്ടികളുമുണ്ട്. എത്രപേരെ ഓർത്ത് നാം കരഞ്ഞിട്ടുണ്ട്? അവരിൽ പലർക്കും കേരളത്തിലുടനീളം ഭൂമിയോ വ്യാപാര സമുച്ചയങ്ങളോ ഇല്ല. സാധാരണക്കാരുടെ മനസിനെ സെന്റിമെന്റസിൽ കുരുക്കി വലിയൊരു ക്രൈമിൽ നിന്നും അകറ്റുകയാണ് സിനിമക്കു വേണ്ടിയും അല്ലാതെയുമുള്ള ഈ പ്രചരണങ്ങൾ ചെയ്യുന്നത്.

ഇനി കാണില്ലെന്നു പറയുന്നതിന്റെ യുക്തിയെ പറ്റി… അതിനങ്ങനെ സാമ്പത്തിക, സുരക്ഷിത യുക്തിഭദ്രതകൾ ഒന്നുമില്ല. അത് ആക്രമിക്കപ്പെട്ട സിനിമാ തൊഴിലാളിയായ സ്ത്രീയോടുള്ള ഐക്യദാർഢ്യമാണ്. അവർക്കുണ്ടെന്നു ധരിച്ച പ്രിവിലേജുകൾ കള്ളമാണെന്ന തിരിച്ചറിവിന്റെ ഞെട്ടലുണ്ട്. ഇരിപ്പു സമരം കൊണ്ട് നമ്മളിൽ പലരും ബഹിഷ്കരിച്ച തുണിക്കടകളില്‍ അടിച്ചുവാരുന്ന, ചായയുണ്ടാക്കുന്ന  തൊഴിലാളികളുണ്ട്. കാക്കഞ്ചേരിയിലെ അതിജീവന സമരത്തെ തുടർന്ന് പലരും ബഹിഷ്കരിച്ച വലിയ സ്വർണ്ണ കടയിലും ആയിരക്കണക്കിന് ജോലിക്കാരുണ്ട്. പക്ഷെ ദൂരവ്യാപക ഫലത്തിന്, മനുഷ്യാവകാശ സംരക്ഷണത്തിന് ഇത്തരം ഐക്യദാർഢ്യങ്ങൾ പക്ഷെ അനിവാര്യമാണ്. കാണും എന്ന സുരക്ഷിത മാളത്തിലെ അംഗബലമോ പ്രിവിലേജുകളോ ഇല്ലെങ്കിലും അതിൽ മനുഷ്യത്വത്തിന്റെ വിശാലതയുണ്ട്. ആരാധകരുടെ, സംഘടിത ആരാധകക്കൂട്ടത്തിന്റെ, സിനിമയുടെ ടൈറ്റിൽ കാർഡിലെവിടെയോ നിമിഷ വേഗത്തിൽ പേരു മാഞ്ഞു പോകുന്നതു സ്വപ്നം കണ്ട് അനുതാപപ്പെടുന്നവരുടെ, സുരക്ഷിത നിശബ്ദതയിൽ മാറിയിരിക്കുന്നവരുടെ  സംഘബലം ആ വിശാലതയ്ക്കുണ്ടാവില്ല.

എന്തായാലും ഇന്ന് രാമലീല റിലീസാണ്. കാണണോ കാണണ്ടയോ എന്നത് തൊഴിലാളികളായ പ്രേക്ഷകരുടെ സ്വയം നിർണയാവകാശത്തിൽ നിന്ന്, നീതിബോധത്തിൽ നിന്ന് ഒക്കെ ഉണ്ടാവുന്ന തീരുമാനമാവട്ടെ. പക്ഷെ തൊഴിൽപരമായ അസമത്വങ്ങളുടെ, ഇരട്ടത്താപ്പുകളുടെ, അനിശ്ചിതത്വങ്ങളുടെ, വലിപ്പച്ചെറുപ്പങ്ങളുടെ ഇടത്തിൽ നിന്നും തൊഴിലാളി സ്നേഹം പറഞ്ഞ് പറ്റിച്ച് ഇങ്ങനെയൊരു കച്ചവടം നടത്തരുത്. ആക്രമിക്കപ്പെട്ട ഒരു തൊഴിലാളിയുടെ, നൂറുകണക്കിന് നിശബ്ദതതകളുടെ ഉറച്ച ശബ്ദം നിങ്ങളെ വല്ലാതെ പേടിപ്പെടുത്തും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍