UPDATES

സിനിമ

ദിലീപ് ജയിലില്‍ തന്നെ; പക്ഷേ സോഷ്യല്‍ മീഡിയയെ പലതായി പകുത്ത് രാമലീല

ഇവിടെയിപ്പോള്‍ പ്രേക്ഷകര്‍ ഇല്ലാതായി, പകരം ആരാധകര്‍ മാത്രമായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം

2017 ഫെബ്രുവരി 17 രാത്രി; കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ തെന്നിന്ത്യയില്‍ തന്നെ പ്രശസ്തയായ മലയാളി നായിക ക്രിമിനല്‍ സംഘത്തിനാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടത് മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയ, തുടര്‍ന്നു കൊണ്ടിരിക്കുന്ന ചലനം വളരെ വലുതാണ്. ഇതേ കേസില്‍ ഗൂഢാലോചന കുറ്റത്തിന് മലയാള സിനിമയിലെ ഏറ്റവും ശക്തനായ ഒരാള്‍ കൂടി അറസ്റ്റിലാവുന്നതോടെ സിനിമ മേഖല തന്നെ വലിയതോതില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവുക കൂടി ചെയ്തു. അതുവരെ ഉണ്ടായിരുന്ന പൊതുസമൂഹം- സിനിമ വിടവ് തച്ചുടച്ചുകൊണ്ട് സാമൂഹികമായ വിലയിരുത്തലുകള്‍ക്കും ചോദ്യം ചെയ്യലിനും കൂടി മലയാള സിനിമ മേഖല വിധേയമായി. കേവലം സിനിമാവിഷയം എന്ന നിലയില്‍ അല്ല, ഇതൊരു സാമൂഹികപ്രശ്‌നം എന്നതായി തന്നെ കാണണമെന്ന അഭിപ്രായത്തില്‍ നിന്നും സിനിമ മേഖലയ്ക്ക് മാറി നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തു. കഴിഞ്ഞ എട്ടുമാസമായി കേരളത്തിലെ സാമൂഹിക/രാഷ്ട്രീയ/സാംസ്‌കാരിക മേഖലകള്‍ നിരന്തരം ചര്‍ച്ച ചെയ്യുകയും നിലപാടുകളും ഇടപെടലുകളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ വിഷയമായി നടി ആക്രമിക്കപ്പെട്ട കേസ് മാറിയിരിക്കുന്നു.

ഇവിടെ രണ്ടു തട്ടുകളായി അഭിപ്രായങ്ങളും ഇടപെടലുകളും തരംതിരിഞ്ഞിരിക്കുന്നതും കാണാനാകും. ഒരു വിഭാഗം ആക്രമിക്കപ്പെട്ട നടിക്കും അവരുടെ നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്തുമ്പോള്‍ മറുവശത്ത് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനുവേണ്ടി ഒരു വിഭാഗവും ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചു. ഇവര്‍ക്കൊപ്പം വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവരും സിനിമമേഖലയിലെ പ്രബലവിഭാഗവും ചേരുന്നതും കണ്ടതോടെ കേരളം അതിന്റെ ഒരു പ്രധാന വിഷയമായി തന്നെ ഈ കേസിനെ നിലനിര്‍ത്തി.

ഈ സംഭവവികാസങ്ങളുടെ തുടര്‍ച്ചയാണ് രാമലീല എന്ന ദിലീപ് ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളും വ്യക്തിയാക്ഷേപങ്ങളിലേക്കും കടന്ന് ഒരു തരം പോരാട്ടം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

"</p

രാമലീല കാണില്ലെന്നു പ്രഖ്യാപിക്കുന്നവരും ആ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ത്തുന്നവരുമാണ് ഒരു ഭാഗത്ത്. ഇതിനെയാണ് മറുവിഭാഗം ചോദ്യം ചെയ്യുന്നത്. ദിലീപ് എന്ന പ്രതിയോടുള്ള എതിര്‍പ്പാണ് അദ്ദേഹത്തിന്റെതായി വരുന്ന സിനിമയോട് ഉയര്‍ത്തുന്നതെന്നു വാദിക്കുന്നവരോട് സിനിമ ഒരാളുടെ മാത്രമല്ലെന്നും അതിനു പിന്നില്‍ ഒരുപാടുപേരുടെ അധ്വാനവും സമ്പത്തും നിക്ഷേപിച്ചിട്ടുണ്ടെന്നും, എതിര്‍ക്കുന്നവര്‍ ഈ വിഭാഗങ്ങളെക്കൂടിയാണ് ഇല്ലാതാക്കാന്‍ നോക്കുന്നതെന്നുമാണ് മറുവാദക്കാര്‍ക്കുള്ള മറുപടി.

ഏറ്റവും ഹീനമായ രീതിയിലുള്ള ആക്രമണത്തിന് ഇരയാക്കപ്പെട്ട ഒരു സ്ത്രീയോടുള്ള പിന്തുണയ്ക്കും അതിനു കാരണക്കാരനായവനോടുള്ള സ്വാഭാവിക പ്രതിഷേധത്തിനുമൊപ്പം ആണ്‍ അധികാരത്തില്‍ അവകാശങ്ങളില്ലാതെ, അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഈ ബഹിഷ്‌കരണം മുന്നോട്ടുവയ്ക്കുന്നുവെന്നാണ് രാമലീലയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. തന്റെ സിനിമകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധതതയും ആണ്‍കോയ്മകളും നിര്‍ബന്ധമാക്കിയിരുന്ന ഒരാള്‍ കൂടിയാണ് പ്രസ്തുത നടന്‍ എന്നതും നടി ആക്രമിക്കപ്പെട്ട ശേഷവും അവര്‍ക്കെതിരെ മോശമായ രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയ ഒരാള്‍ എന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സിനിമ എന്നത് നടന്റെത് മാത്രമാണെന്ന ധാരണ ശരിയല്ല എന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. സിനിമ ഒരു കലയാണ്. അത് ഒരാളാല്‍ മാത്രം സൃഷ്ടിക്കപ്പെടുന്നതല്ല, സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍, തുടങ്ങി ലൊക്കേഷന്‍ ബോയി എന്ന ഏറ്റവും താഴെത്തട്ടിലുള്ളവരുടെ വരെ കൂട്ടായ പ്രവര്‍ത്തനവും പ്രയത്‌നവും കഷ്ടപ്പാടുകളുമാണെന്നും ദിലീപിനോടുള്ള വിദ്വേഷത്തിന് ഇവരെയെല്ലാവരെയും ഇരയാക്കണോയെന്നും അവര്‍ ചോദിക്കുന്നു. സ്ത്രീവിരുദ്ധതയും ആണധികാരങ്ങളും ദിലീപ് ചിത്രങ്ങളുടെ മാത്രം പ്രത്യേകതയല്ല. മലയാളത്തില്‍ ഇറങ്ങുന്ന (അങ്ങനെ കാറ്റഗറൈസ് ചെയ്യേണ്ടതില്ലെന്നും) സിനിമകളില്‍ ബഹുഭൂരിപക്ഷവും ഇതേ മനോഭവം നിറഞ്ഞ ചിത്രങ്ങളാണ്, അവയില്‍ നായകരായി വരുന്ന നടന്മാരോടില്ലാത്ത ഈര്‍ഷ്യ കുറ്റക്കാരനെന്നു കോടതി വിധി പറഞ്ഞിട്ടില്ലാത്ത ഈ നടനോട് മാത്രം എന്തുകൊണ്ടുണ്ടാകുന്നു എന്നും ഈ വിഭാഗക്കാര്‍ ചോദിക്കുന്നു.

മേല്‍പ്പറഞ്ഞ കാര്യം ദിലീപ് ആരാധകരുടെതാണെങ്കില്‍ സിനിമ ബഹിഷ്‌കരണ പദ്ധതിയെ എതിര്‍ത്ത് സാമൂഹ്യമാധ്യങ്ങളിലടക്കം വിവിധ തുറകളിലെ ഒരു വിഭാഗം കൂടി സജീവമാകുന്നുണ്ട്. ദിലീപിനെ എതിര്‍ക്കാം, ദിലീപ് സിനിമയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പാണ് ഈ കൂട്ടര്‍ ചോദ്യം ചെയ്യുന്നത്. സഞ്ജയ് ദത്തിനെ പോലൊളുടെ ചിത്രങ്ങള്‍ കേരളത്തിലും ഹിറ്റ് ആകുന്നുണ്ടല്ലോ, മുംബൈ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ്. ഇയാള്‍ക്കില്ലാത്ത അയിത്തമാണോ ദിലീപിന് എന്നാണ് അവര്‍ ഉയര്‍ത്തുന്ന യുക്തി. ഇതിനെയൊരു സദാചാര പ്രശ്‌നമായി തന്നെ കാണുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഒരു ചലച്ചിത്ര നിരൂപകന്‍ രാമലീലയെ ‘അശ്ലീല’ ചിത്രമെന്ന നിലയില്‍ കുറ്റപ്പെടുത്തിയത് ഈ കൂട്ടരുടെയും വിമര്‍ശനത്തിന് കാരണമായിരുന്നു. വ്യക്തി ചെയ്ത കുറ്റത്തിന് വ്യക്തിയെ എതിര്‍ക്കാം, അയാള്‍ക്കനുകൂലമായതും പ്രേരണയായതുമായ വ്യവസ്ഥിതിയേയും എതിര്‍ക്കാം. എന്നാല്‍ അയാളുടെ സാന്നിധ്യം ഉണ്ടെന്നപേരില്‍ ഒരു സംരഭത്തെ മൊത്തം എതിര്‍ക്കുന്നതില്‍ വിയോജിക്കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് മറുപടി ഇപ്രകാരമാണ്. മലയാള സിനിമ എന്നത് ആണ്‍താരാധിപത്യത്തിന്റെ മേഖലയാണ്. താരങ്ങളാണ് ഒരു സിനിമ ഡിസൈന്‍ ചെയ്യുന്നത്. അതിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ (പ്രത്യേകിച്ച് നായിക തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഏറെ അധികാരം പുലര്‍ത്തിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ഇതുവരെ തന്റെ സിനിമകള്‍ (ഏതാനും ചിലതൊഴിച്ച്) ഒരു ദിലീപ് ചിത്രമെന്ന നിലയില്‍ തന്നെ അയാള്‍ പ്രമോട്ട് ചെയ്യുകയായിരുന്നു. ഇവയെല്ലാം തന്നെ തികച്ചും സ്ത്രീവിരുദ്ധവും അശ്ലീലകോമഡികളും താരവാഴ്ചയും നിറഞ്ഞവയാണ്. ആയതിനാല്‍ ഇതിന്റെയെല്ലാം പ്രാഥമിക ഉത്തരവാദി ദിലീപ് തന്നെയാണ്. ഇങ്ങനെയൊരാള്‍ തന്നെ തന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കപ്പെടുന്നതിനു കാരണക്കാരനായി ജയിലില്‍ ആകുമ്പോള്‍ അയാളുടെ ഇതുവരെയുള്ള പ്രവര്‍ത്തികളോട് ഏറ്റവും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ രാമലീലയുടെ ബഹിഷ്‌കരണം ഒരു വേദിയാണ്.

പലരുടെ കഷ്ടപ്പാട് എന്ന യുക്തിയേയും എതിര്‍ക്കുന്നുണ്ട്; അതിങ്ങനെയാണ്. എല്ലാ സിനിമകളും (രാമലീല മാത്രമല്ല) കളക്ടീവ് എഫര്‍ട്ട് ആണ്. എന്നാല്‍ രാമലീലയോട് ഉണ്ടാകുന്ന വൈകാരിക സമീപനം എല്ലായിടത്തും കണ്ടിട്ടില്ല. കലാപരമായും സാങ്കേതികമായും മികവു പുലര്‍ത്തിയിട്ട് പോലും തിയേറ്ററുകളില്‍ പരാജയമായ (മനഃപൂര്‍വവും) എത്രയോ ചിത്രങ്ങള്‍ ഉണ്ട്. അപ്പോള്‍ വീണ കണ്ണീര് എത്രപേര്‍ കണ്ടിട്ടുണ്ടാവും?

തിയേറ്റര്‍ കിട്ടാതെ പോകുന്ന ചിത്രങ്ങള്‍, പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി മുന്നേറുന്നതിനിടയില്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടുന്ന ചിത്രങ്ങള്‍; ഇതെല്ലാം മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കാമ്പയിനുകളോ പ്രതിഷേധങ്ങളോ ഒരിടത്തും കാണുന്നില്ല. മാത്രമല്ല, ഇത്തരം പിന്‍വലിക്കലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും പിന്നില്‍ ഇപ്പോള്‍ പരാമര്‍ശവിധേയനായിട്ടുള്ള നടന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും പുറത്തുവന്നിട്ടുള്ളതുമാണ്. ഇങ്ങനെയൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന ബോധ്യത്തില്‍ രാമലീല അനുകൂലികളുടെ വാദങ്ങളെ കണ്ടാല്‍ അവയെ തള്ളിക്കളയാന്‍ ബദ്ധപ്പാടില്ലെന്നാണ് ഇവര്‍ പറയുന്നത്.

"</p

ഈ വാദങ്ങളെല്ലാം അതുയര്‍ത്തുന്നവരുടേതായ യുക്തിയില്‍ നിന്നുകൊണ്ട് വീക്ഷിച്ചാല്‍ ഓരോന്നിലും കാര്യമുണ്ട്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ക്കും യോജിപ്പുകള്‍ക്കും ഇടയില്‍ ഞെരുങ്ങുന്നത് സിനിമയാണ്. രാമലീല ഒരു ഒറ്റപ്പെട്ട കേസ് ആണെന്നു പറയാം. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ വരുംകാലങ്ങളില്‍ സിനിമയെ/ അതിനുള്ളില്‍ നിന്നു തന്നെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനു കാരണമാകും. ഇതൊരു ഈഗോ മെയ്ഡ് ഇന്‍ഡസ്ട്രി കൂടിയാണല്ലോ. മറ്റൊന്നു കൂടി പറയേണ്ടതുണ്ട്. ഇപ്പോള്‍ പ്രതിഷേധിക്കുന്നവരോടാണ്. പ്രേക്ഷകര്‍ എന്ന നിലയില്‍ നിന്നുകൊണ്ടാണ് എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതെങ്കില്‍ നിങ്ങള്‍ എതിര്‍ക്കുന്നയാള്‍ നിങ്ങളുടെ കൂടി സൃഷ്ടിയാണെന്ന് മനസിലാക്കണം. ഞാന്‍ ദിലീപ് സിനിമികള്‍ കാണാറില്ല, കണ്ടിട്ടില്ല എന്നൊക്കെയുള്ള വാദങ്ങള്‍ മാറ്റി വയ്ക്കുക. ദിലീപിനെ ഒരു വ്യക്തിയായി കാണാതെ ഒരു വ്യവസ്ഥിതിയായി കാണുക. ഈ വ്യവസ്ഥിതി നിര്‍മിക്കപ്പെട്ടതെങ്ങനെയാണ്? പ്രേക്ഷക പിന്തുണയോടെയല്ലാതെ അല്ല അതുണ്ടായതെന്നു പറയാന്‍ കഴിയുമോ?

ഏതാണ്ട് അറുപതുകളോടെയാണ് സിനിമയില്‍ താരങ്ങള്‍ ഉണ്ടായി വരുന്നത്. ഒരു കാലത്ത് സംവിധായകരുടെയും പിന്നീട് രചയിതാക്കളുടെയും അതുകഴിഞ്ഞ് നിര്‍മാതാക്കളുടെയും സ്വാധീനത്തില്‍ നിന്നിരുന്ന സിനിമ, സാങ്കേതിരംഗത്ത് ഉണ്ടായ ചെലവ് വര്‍ദ്ധനവില്‍ അമരുകയും കലയെന്നതില്‍ നിന്നു മാറി വ്യവസായമായി പരിണമിക്കപ്പെടുകയും ചെയ്തതോടെയാണ് താരം ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. അതെങ്ങനെയെന്ന് നോക്കിയാല്‍, അവിടെ പ്രേക്ഷകരുടെ സാന്നിധ്യം കാണാം. ഒരു നടനുമേല്‍ അയാളുടെ അഭിനയം കണ്ട് ഉണ്ടാകുന്ന ആസ്വാദക താത്പര്യം കടന്ന് അയാളുമേല്‍ ആരാധന വളര്‍ത്തി തുടങ്ങിയ പ്രേക്ഷകരില്‍ ഉണ്ടായ മതിഭ്രമമാണ് താരാരധന എന്നറിയപ്പെടുന്ന പ്രതിഭാസം. പിന്നീട് അത് ഫാന്‍സ് അസോസിയേഷന്‍ രൂപത്തിലൊക്കെ വളരെ പ്രകടമായി വളര്‍ന്നു. ഈ താരാരാധനയാണ് സിനിമ അതിന്റെ കച്ചവട തന്ത്രമാക്കിയത്. താരങ്ങളെ കൂടുതല്‍ വളര്‍ത്തേണ്ടത് അങ്ങനെയൊരു ബാധ്യതയായി മാറുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു. അങ്ങനെയാണ് സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറും ജനപ്രിയനുമൊക്കെ സൃഷ്ടിക്കപ്പെടുന്നത്. അതോടെ സിനിമ പൂര്‍ണമായി ബിസിനസ് ആയി. ഇതിലെ രസം, ഇവിടെയിപ്പോള്‍ പ്രേക്ഷകര്‍ ഇല്ലാതായി, പകരം ആരാധകര്‍ മാത്രമായി മാറിയെന്നതാണ്. ഇപ്പോള്‍ തുടരുന്നതും അതാണ്.

രാമലീലയുമായി ബന്ധപ്പെട്ട പ്രതിഷേധം ഈയൊരു സാഹചര്യത്തെ മുന്‍നിര്‍ത്തി മറ്റൊരു തരത്തില്‍ പ്രതീക്ഷയുമാക്കാം. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ മലയാള സിനിമയിലെ വളരെ ചുരുക്കം ചിലര്‍ (സംവിധായകരും എഴുത്തുകാരും നടന്മാരും) നടത്തിയ പ്രസ്താവനകള്‍ ഇനി തങ്ങളുടെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നായിരുന്നു. അവര്‍ വാക്കുപാലിക്കുന്നുണ്ടാവാം. എന്നാല്‍ സിനിമയിലും സിനിമ മേഖലയിലും സ്ത്രീവിരുദ്ധത പണ്ടേപോലെ തുടരുന്നുണ്ടെന്നതാണ് വാസ്തവം. ഈ സാഹചര്യത്തെ പൊളിക്കാനും സിനിമയിലെ ആണ്‍ അധികാര ഹുങ്കിനെ തകര്‍ക്കാനും രാമലീല പ്രതിഷേധം കാരണമാകുന്നുണ്ടെങ്കില്‍, തത്കാലം മറ്റ് യുക്തികളൊക്കെ മാറ്റിവയ്ക്കാം. അതിനു കഴിയുമെങ്കില്‍ മാത്രമെ, പില്‍ക്കാലത്ത് ഈ പ്രതിഷേധത്തെ പരാമര്‍ശിക്കേണ്ടതുള്ളൂവെന്നും പറഞ്ഞുവയ്ക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍