UPDATES

സിനിമ

വീണ്ടും പോത്തേട്ടന്‍സ് ബ്രില്യന്‍സ്; അത്ര സിമ്പിളല്ല തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പക്ഷേ പവര്‍ഫുള്‍

മഹേഷിന്റെ പ്രതികാരം മലയാളത്തിലെ മുണ്ടു മടക്കിക്കുത്തിയ പ്രതികാരങ്ങളുടെ സ്പൂഫ് ആണെങ്കിൽ പോലീസ് ക്‌ളീഷേകൾക്കുള്ള പരിഹാസമാണ് ഈ സിനിമ

അപര്‍ണ്ണ

അപര്‍ണ്ണ

കുറെ കാലങ്ങൾക്കു ശേഷം സംവിധായകർക്ക് കയ്യടി കൊടുക്കുന്ന മലയാള സിനിമാ കാലത്തിലാണ് നമ്മൾ എത്തി നിൽക്കുന്നത്. ഒറ്റ സിനിമ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട സംവിധായകനാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം പൂർണമായും ഒരു സംവിധായകന്റെ സിനിമയായിരുന്നു. അതിനെ അതെ അർത്ഥത്തിൽ തിരിച്ചറിഞ്ഞാണ് മലയാളികൾ ഒരു വർഷത്തിനിപ്പുറവും ‘പോത്തേട്ടൻസ് ബ്രില്യൻസ്’ എണ്ണിക്കൊണ്ടേ ഇരുന്നത്. ദിലീഷിന്റെ രണ്ടാം സിനിമ അനൗൺസ് ചെയ്തത് മുതൽ വലിയ സ്വീകരണമായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേരും പോസ്റ്ററിലെ കർട്ടനും ഫോണ്ടും മുതൽ എല്ലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ച് മലയാളികൾ റിലീസിനായി കാത്തിരുന്നു.

അഗ്നിസാക്ഷിയുടെ സാക്ഷി പോലെ ശ്രദ്ധേയമായ ടെലിഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത, സ്വപാനം പോലെയുള്ള ഓഫ് ബീറ്റ് സിനിമകളുടെ സഹ തിരക്കഥാകൃത്തായ സജീവ് പാഴൂരിന്റെ സ്വതന്ത്ര തിരക്കഥ, രാജീവ് രവിയുടെ ക്യാമറ, മലയാള സിനിമക്ക് ഒട്ടും കേട്ടുകേൾവിയില്ലാത്ത ക്രിയേറ്റിവ് ഡിറക്റ്ററായി ശ്യാം പുഷ്ക്കരൻ തുടങ്ങി സിനിമയുടെ ക്രാഫ്റ്റിനെയും ആർട്ടിനെയും ഭദ്രമാക്കാൻ വന്ന നിരയെ പ്രേക്ഷകർക്ക് വിശ്വാസമായിരുന്നു. ഫഹദ്, സുരാജ്, അലൻസിയർ, പുതുമുഖം നിമിഷ ഒക്കെയാണ് പ്രധാന വേഷങ്ങൾ ചെയ്തത്. കഥയെ കുറിച്ച് യാതൊരു സൂചനയും തരാത്ത നിരവധി വ്യാഖ്യാനങ്ങൾക്കു സാധ്യതയുള്ള ട്രെയിലറും സുരാജുo നിമിഷയും ചേർന്നുള്ള പ്രണയ ഗാനവും നിമിഷങ്ങൾക്കകം വൈറൽ ആയി. നിരവധി ചർച്ചകളിൽ, ഊഹങ്ങളിൽ മുഴുകിയ പ്രേക്ഷകർക്ക് മുന്നിലേക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എത്തുന്നത്. പ്രതീക്ഷകളുടെ ഇത്രയും  ഭാരം പേറിയ റിലീസ് അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

നേർരേഖയിൽ തുടങ്ങി ഒടുങ്ങുന്ന ഒരു കഥ ഈ സിനിമക്ക് ഇല്ല. വൈക്കത്തുകാരായ ശ്രീജയും (നിമിഷ) പ്രസാദും (സുരാജ്) പ്രണയിച്ച് ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അവർ രണ്ടു പേരും കാസർഗോട്ടേക്ക് വരുന്നു. ദാരിദ്ര്യത്തിനും കഷ്ടപ്പാടിനുമിടയിൽ ഒരു ബസ് യാത്രക്കിടയിൽ ഒരു കള്ളൻ (ഫഹദ് ഫാസിൽ ) അവരുടെ ആകെ സമ്പാദ്യമായ രണ്ടര പവന്റെ താലിമാല ശ്രീജയുടെ കഴുത്തിൽ നിന്ന് മോഷ്ടിക്കുന്നു. അവർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നു. തുടർന്നുള്ള രണ്ടു ദിവസം ഇവർ മൂന്നു പേരും ഒരു പോലീസ് സ്റ്റേഷനിലെ കുറെ ജീവനക്കാരും നേരിടുന്ന വിചിത്രമായ അനുഭവങ്ങളും കാഴ്ചകളും ഒക്കെയാണ് ഒരു വരിയിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ആ തരത്തിൽ ഉർവശി തീയറ്റഴ്‌സിന്റെ കർട്ടൻ കണ്ടു പ്രേക്ഷകർ ഊഹിച്ച കഥ ഏതാണ്ട് ശരിയുമാണ്. പക്ഷെ ആ കഥ അല്ല അല്ലെങ്കിൽ അത് മാത്രമല്ല ഈ സിനിമയുടെ കാഴ്ച്ചാനുഭവം. സൂക്ഷ്മവായനക്കും രസിച്ചുള്ള അലസ കാഴ്ചക്കും ഉള്ള സാധ്യതകൾ തുറന്നു വെക്കുന്നുണ്ട്, ഒരേ സമയം പോലീസ് ഡ്രാമയും ത്രില്ലറും ഫാമിലി ഡ്രാമയും മിസ്റ്റിക്ക് മൂവിയും ഒക്കെയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

ജങ്കാറും ബോട്ടും കായലും വൈക്കത്തപ്പനും ഒക്കെയുള്ള നാട്ടിൽ ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്ന രണ്ടു പേരാണ് ശ്രീജയും പ്രസാദും. പച്ചക്കറി മാർക്കറ്റിലെ പ്രാസാദിന്റെ ജീവിതവും സൂപ്പർ മാർക്കറ്റിലെ സെയിൽസ്ഗേൾ ആയ ശ്രീജയുടെ ജീവിതവും ആ പാട്ടിനിടയിൽ തന്നെ വന്നു പോകുന്നുണ്ട്. നായർ-ഈഴവ സംഘർഷങ്ങളുടെ രാഷ്ട്രീയത്തിൽ നിന്നാണ് കഥയിൽ പിരിമുറുക്കം വരുന്നത്. ക്ഷയിച്ച നായർ തറവാട്ടിലെ പെൺകുട്ടിയാണ് ശ്രീജ. ‘ചോവോനു’മായുള്ള അവളുടെ പ്രണയത്തെ കുറിച്ചുള്ള അങ്ങാടിപ്പാട്ടുകളാണ് അവളുടെ രക്ഷിതാക്കളെ ക്ഷുഭിതരാക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള വീട് അവളുടെ അച്ഛനെ ക്ഷുഭിതനാക്കുന്നുണ്ട്. സ്നേഹത്തിനപ്പുറം അയാളെ നയിക്കുന്നത് അന്തസ്സ് സംബന്ധിച്ച ബോധ്യമാണ്. ആ ബോധ്യം കൊണ്ടാണ് ദൂരെ എവിടെയോ ഉള്ള മകളെ വിളിച്ചു ഇനിയും ഈയടുത്തൊന്നും ഇവിടെ വരേണ്ട എന്നയാൾ പറയുന്നത്. അച്ഛന്റെ അമ്പലകമ്മിറ്റി മീറ്റിങ്ങ് എങ്ങനെ പോകുന്നു എന്ന നിസംഗമായ കാര്യമറിഞ്ഞുള്ള പരിഹാസ ചോദ്യം കൊണ്ട് അവൾ അതിനെ നേരിടുന്നു. വളരെ മൃദുവായി, എന്നാൽ കാര്യഗൗരവത്തോടെ ജാത്യാഭിമാനങ്ങളും സംഘർഷങ്ങളും കൈകാര്യം ചെയ്ത ബ്രില്യൻസും ഏതായാലും പോത്തേട്ടന് അവകാശപ്പെട്ടതാണ്.

ആലപ്പുഴയിലെ വെള്ളത്തിന്റെ തണുപ്പിൽ നിന്ന് കാസർഗോട്ടെ വരൾച്ചയിലേക്കുള്ള ഷിഫ്റ്റും രാജീവ് രവിയുടെ ക്യാമറയിലൂടെ ഭദ്രവും വിശ്വസനീയവുമായിരുന്നു. പോലീസ് ഡ്രാമയിലേക്ക് സിനിമ ഈ ഘട്ടം മുതൽ വഴി മാറുന്നു. പുതിയ ജീവിതത്തിന്റെ ആശങ്കൾക്കിടയിൽ ആകെയുള്ള മുതലും നഷ്ടപ്പെട്ട് അവർ പോലീസ് സ്റ്റേഷനിൽ എത്തുന്നു. ആ ഭീതിയും അപരിചിതത്വം വരെ അവരുടെ മാത്രം കഥയായിരുന്ന നരറേറ്റിവ് അതോടെ പല വഴിക്കു ചിതറുന്നു. ദുരൂഹത മാത്രം കൈമുതലായുള്ള കള്ളന്റെയും ശിക്ഷാ ട്രാൻസ്ഫർ വാങ്ങിയ പോലീസുകാരന്റെയും ഒക്കെ കഥയായി സിനിമ വികസിക്കുന്നു.

പോലീസ് സ്റ്റേഷനിൽ ഒരിക്കലെങ്കിലും കയറിയവർക്ക്, മൊഴിയെടുക്കാൻ ഇരുന്നു കൊടുത്തവർക്ക്, പോലീസ് സ്റ്റേഷൻ വ്യവഹാരങ്ങൾക്ക് ഒരിക്കലെങ്കിലും സാക്ഷിയാവർക്ക് വളരെ വ്യക്തമായി മനസിലാക്കാം എത്ര റിയലിസ്റ്റിക്കാണ് ഈ സിനിമയിലെ ഓരോ ചലനവും എന്ന്. നീതിയെയും നിയമത്തെയും ആശ്രയിക്കാൻ എത്ര സാധാരണക്കാർ ധൈര്യപ്പെടും എന്നത് യാതൊരു അതിശയോക്തിയും ഇല്ലാത്ത ചോദ്യമാണ്. മൊഴിയെടുക്കലും സാക്ഷിയാകലും മുതൽ, ഓരോ പോലീസ് വീഴ്ചയെയും അലംഭാവത്തെയും അതിസൂക്ഷ്മമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒപ്പിയെടുക്കുന്നു. ഒരു പോലീസ് സ്റ്റേഷന്റെ അകത്തെ കാഴ്ചകൾ അതേപടി ഒപ്പിയെടുക്കുന്നു പല രംഗങ്ങളും.

നിയമ നിർവഹണത്തെ ഏറ്റവും അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന വകുപ്പെന്ന ആരോപണമുണ്ട് പോലീസ് സ്റ്റേഷന്. ആ ആരോപണത്തിന്റെ നിജസ്ഥിതിയിലേക്ക് അറിഞ്ഞോ അറിയാതെയോ ഇറങ്ങി ചെല്ലുന്നുണ്ട് സംവിധായകൻ. അവിടത്തെ അലംഭാവവും മനുഷ്യരോടുള്ള അവഗണനയും എല്ലാം സിനിമയിൽ പ്രശ്നവത്ക്കരിക്കപ്പെടുന്നുണ്ട്. ജനകീയ മലയാള സിനിമ കാലാകാലങ്ങളായി കാണിച്ചു തന്ന ആക്ഷൻ ഹീറോമാരെ ഒക്കെ നിലംപരിശാക്കികൊണ്ട് അലൻസിയർ ഓടുന്ന ഒരോട്ടമുണ്ട്. ഒരർത്ഥത്തിൽ മഹേഷിന്റെ പ്രതികാരം മലയാളത്തിലെ മുണ്ടു മടക്കിക്കുത്തിയ പ്രതികാരങ്ങളുടെ സ്പൂഫ് ആണെങ്കിൽ ഇവിടെ കണ്ട യമണ്ടൻ ഡയലോഗും തല്ലും പിന്നെ അഴിമതി വില്ലന്മാരും നിറഞ്ഞ പോലീസ് ക്‌ളീഷേകൾക്കുള്ള പരിഹാസമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് പറയാം.

വളരെ സാധാരണക്കാരായ, ശരാശരി മലയാളി ശരീരമുള്ള പോലീസുകാരാണ് സിനിമയിൽ. ഇതിൽ അഭിനയിച്ച പലരും യഥാർത്ഥ ജീവിതത്തിൽ കേരള പോലീസ് സേനയിലെ ഉദ്യോഗസ്ഥർ ആണ് എന്ന് കൂടി അറിയുക. തല്ലുമ്പോൾ ആൾക്കൂട്ടമാകുന്ന പോലീസുകാരും കള്ളന് പുറകെ ഓടുന്ന നാട്ടുകാരുമെല്ലാം നമ്മുടെ നാട്ടുകൂട്ട യുക്തികളെ നോക്കി നിർമിച്ച കഥാപാത്രങ്ങളാണ്. ബസിൽ വച്ച് കള്ളൻ എന്ന് കേട്ടവനെ ആദ്യം തല്ലാൻ ഓങ്ങിയ സെമിനാരി വിദ്യാർത്ഥിയും കണ്ണ് വരെ പർദ്ദ കൊണ്ട് മറച്ച കാസർഗോട്ടുകാരിയും ആൾക്കൂട്ട യുക്തിയ്ക്ക് പിന്നിലെ മനഃശാസ്ത്രം പറയാൻ നിർമിച്ച ഒറ്റ രംഗ കഥാപാത്രങ്ങളാണ്.

കുറ്റം, ശിക്ഷ, കുറ്റവാളി, തൊണ്ടി, സാക്ഷി മൊഴി തുടങ്ങി സാധാരണക്കാർക്ക് ഇപ്പോഴും ഭയമുണ്ടാക്കുന്ന, ഇപ്പോഴും വെച്ച് മാറാവുന്ന സംജ്ഞകളെ അതിന്റെ എല്ലാ ആശയ കുഴപ്പങ്ങളോടും കൂടി അവതരിപ്പിക്കുന്നുണ്ട് സിനിമയിൽ. ഇതൊക്കെ തിരുത്താവുന്ന, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വെച്ച് മാറാവുന്ന എന്തൊക്കെയോ ആണ് നമുക്ക് ഇപ്പോഴും. പ്രസാദിനെ പോലെ സാധാരണക്കാരായ മനുഷ്യർ ആ സംഹിതകൾക്ക് പുറത്താണ്. ആ അപരിചിതത്വം അയാളുടെ ശരീരഭാഷയിൽ ആദ്യാവസാനം ഉണ്ട്. ആകെ സമ്പാദ്യമായ രണ്ടു പവന്റെ മാല നഷ്ടപ്പെട്ട, ചോദിക്കാനും പറയാനും ആരുമില്ലാത്ത അയാള്‍ക്ക് പോലീസ് സ്റ്റേഷനെ ആശ്രയിച്ചേ മതിയാവൂ. അവർ പറയുന്നത് വിധേയത്വത്തോടെ തലയാട്ടി കേട്ടേ പറ്റൂ. ശ്രീജ നുണ പറയില്ല എന്നുറക്കെ പറഞ്ഞ് പരിഹാസ്യനാവാൻ മാത്രമേ പറ്റൂ. അവസാനം കോടതിയും കേസും ഒന്നും വേണ്ട എന്ന് നിസ്സഹായനാവാന്‍ അവനെ പറ്റൂ. തന്റെ പേര് കടമെടുത്ത കള്ളന് പുറകെ വഴക്കമില്ലാത്ത ശരീരം വച്ച് ഓടിയേ പറ്റൂ.

കള്ളനാവട്ടെ ഏത് അവസ്ഥയെയും അതിജീവിക്കാനുള്ള വഴക്കം ഉണ്ടാവണം. അയാൾക്ക് നിമിഷ വേഗത്തിൽ കാതങ്ങൾ താണ്ടണം, ഓടിയൊളിക്കാൻ കണ്ണും കാതും തുറന്നിരിക്കണം, അടി തടകൾക്കൊടുവിൽ പോലും അയാൾക്ക് താൻ എടുത്തിട്ട നിസ്സഹായതയെ മാത്രമേ ആശ്രയിക്കാനുള്ളൂ. വിശ്വസിക്കാവുന്ന കള്ളങ്ങൾ നോട്ടങ്ങളുടെ പോലും പിഴവില്ലാതെ പറയണം, കടം കൊണ്ട പേരുകൾ, വിലാസങ്ങൾ മുറുകെ പിടിക്കണം. ഇതിനിടയിൽ വിശപ്പിനെ, ഇല്ലാത്ത അല്ലെങ്കിൽ ഇല്ലെന്നു നടിക്കുന്ന മേൽവിലാസ രേഖകളെപ്പറ്റി പറഞ്ഞു പകച്ചു നിക്കണം. പൂർണമായും നിസ്സഹായനായ മനുഷ്യനായി സുരജും ദുരൂഹതകൾ ഒരു പിടിയും തരാതെ കണ്ണിൽ ഒളിപ്പിച്ച് ഫഹദും സിനിമയെ കൊണ്ട് പോയി. ഇതിനിടയിൽ എവിടെയോ സത്യത്തെയും ജീവിതത്തെയും കള്ളത്തെയും കാലത്തെയും ഒക്കെ മുറുകെ പിടിച്ച് അലൻസിയറുടെ പോലീസുകാരനും സിനിമയിൽ നിറഞ്ഞു നിന്നു. സുരാജിനെ ഇനിയും ഇത്തരത്തിൽ ഉപയോഗിച്ചില്ലെങ്കിൽ, അയാളെ ഇനിയും മണ്ടനായ നായക സിൽബന്തിയായി ചുരുക്കിയാൽ നഷ്ടം മലയാള സിനിമയ്ക്കാവും. ഫഹദ് തന്റെ പതിവ് അനായാസത നിലനിർത്തി. കന്യക ടാക്കീസിനും മഹേഷിന്റെ പ്രതികാരത്തിനും ശേഷം അലൻസിയറിന്റെ പ്രതിഭയെ പുറത്തു കാണിക്കാൻ തക്ക വേഷമായിരുന്നു പോലീസുകാരന്റേത്.

ഇതിനിടയിൽ എപ്പോഴൊക്കെയോ ആണ് പ്രസാദിൻറെയും ശ്രീജയുടെയും പ്രണയം കടന്നു വരുന്നത്. ആ പാട്ടിൽ കണ്ട പോലെ നിറങ്ങളുടെ സഹായമില്ലാതെയാണ് അവർ പ്രണയിക്കുന്നത്. വളരെ സ്വാഭാവികമായി അത് നമ്മളിലേക്ക് വരുന്നു. നിമിഷയുടെ ശ്രീജ വ്യക്തിത്വമുള്ള കഥാപാത്രമാണ്. നിറഞ്ഞ ചിരിയിലൂടെ കണ്ണിൽ ഒരു തവണ മിന്നിമറയുന്ന നോട്ടത്തിലൂടെ അവർ ജീവിതം പറയുന്നു. പോയ താലിമാലയിലല്ല, നമ്മൾ തമ്മിലുള്ള സ്നേഹത്തിലാണ് ജീവിതം എന്നവർ ഒരു നിമിഷം പതറിപ്പോയ ഭർത്താവിനെ നോക്കി ക്ഷുഭിതയായി ഓർമിപ്പിക്കുന്നുണ്ട്. ‘കുടുംബം വിട്ട് ഇറങ്ങിപ്പോയവൾ എന്ന പതിവ് ടാഗ്‌ലൈനിൽ കുരുക്കിയിടാവുന്ന ഒരു കഥാപാത്രമല്ല ശ്രീജ. കഴുവേറീടെ മോളെ എന്ന് വിളിക്കുന്ന അച്ഛനോട്,  സത്യം എന്ന് പറഞ്ഞ് നിസംഗയാവുന്ന സ്ത്രീയാണവർ. സുരാജിനും ഫഹദിനും അലൻസിയർക്കുമൊപ്പം നിമിഷ കൂടി സ്വാഭാവികമായി അഭിനയിച്ച് മുഴുമുപ്പിച്ച സിനിമ തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ഒരിക്കൽ കൂടി സിനിമയ്ക്കുള്ളിൽ കഥയോട് ചേർന്ന് നിന്നു. തിരക്കഥയും സംഭാഷണവും ക്യാമറയും കൂടിയാണ് ഈ സിനിമയുടെ ബ്രില്യൻസ്. ക്ലൈമാക്സിനോടുത്ത് കുറച്ചു നേരത്തെ എഡിറ്റിങ്ങ് മാത്രം മുഴച്ചു നിന്നു.

മലയാള സിനിമ എങ്ങനെയാണ് അന്തർദേശിയ തലത്തിൽ എത്തുന്നത്? ഉത്തരം തികച്ചും വ്യക്തിനിഷ്ഠമാണ് എന്നറിയാം. മികച്ചതെന്ന് ഖ്യാതി കേട്ട ക്ലാസിക്കുകൾ കഥ പറയുന്നത് സ്വന്തം നാട്ടിലെ ലാൻഡ്സ്‌കേപ്പിൽ നിന്നു കൊണ്ടാണ്. അതിന്റെ യുണിവേഴ്‌സാലിറ്റി മനുഷ്യാവസ്ഥകളും വികാരങ്ങളും ഒക്കെയാവാം. മലയാള സിനിമ ‘വേറെ ലെവൽ’ ആണ് എന്ന് നമ്മൾ പറയുന്നത് പലപ്പോഴും ഏതോ വിദേശ രാജ്യത്ത് നമ്മുടെ ആക്ഷൻ ഹീറോമാർ കോട്ടും സ്യൂട്ടും ഇട്ട് സ്ലോമോഷനിൽ നടക്കുമ്പോഴാണ്. എന്നാൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നടക്കുന്നത് പൂർണമായും വൈക്കത്തെ കായൽ തണുപ്പിലും കാസർഗോട്ടെ വരണ്ട ഒരു ഉൾഗ്രാമത്തിലുമാണ്. അത് അടുത്ത കാലത്തൊന്നും  പോപ്പുലർ  മലയാള സിനിമക്കു പരിചയമില്ലാത്ത അത്രയും റിയലിസ്റ്റിക് ആണ്, താരങ്ങൾ ഇല്ലാതെ നന്നായി ബീഹെവ് ചെയ്യുന്ന നടീ നടന്മാരുടെ ഒരു കൂട്ടം ചേർന്ന് വളരെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോകുന്നു. അതിനു ജാഥകൾ ഇല്ല, ഉപരിപ്ലവമായ അപാരതകൾ ഇല്ല. ഉള്ളത് സിനിമയും ആർട്ടും ക്രാഫ്റ്റും മാത്രം.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍