UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ വിജയിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേത് മാത്രം: സംവിധായകൻ അരുൺ ഗോപി

‘ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ സാധിച്ചില്ല’

രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ചിത്രം പ്രേക്ഷകരെ വലിയ രീതിയിൽ നിരാശപെടുത്തുകയായിരുന്നു.  ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ബോക്‌സ് ഓഫീസില്‍ വിജയിക്കാതെ പോയതിന്റെ കാരണം താന്‍ തന്നെയെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ അരുണ്‍ ഗോപി. ബിഹൈന്റ്‌വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ.

‘സിനിമ വിജയിക്കാതെ പോയതിന് പ്രധാനപ്പെട്ട കാരണം ഞാനാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി. ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോടനുബന്ധിച്ച് ഞാന്‍ തന്നെ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ പോയി. പൂര്‍ണമായും എന്റെ മാത്രം തെറ്റുകൊണ്ടാണ് അതു വിജയിക്കാതെ പോയിട്ടുണ്ടാകുക. പൂര്‍ണ പിന്‍തുണയോടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ സിനിമ വിജയിക്കാഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്. അത് അവകാശപ്പെട്ട് ആരു വന്നാലും ഞാൻ സമ്മതിക്കില്ല’- അരുൺ ഗോപി പറയുന്നു

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു. പുതുമുഖം സേയാ ഡേവിഡാണ‌് നായിക.
മനോജ് കെ ജയൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ്, ധർമജൻ ബോൾഗാട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിനായി വമ്പൻ ടീമാണ് അണിചേർന്നിരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്തത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍