UPDATES

സിനിമാ വാര്‍ത്തകള്‍

നാളെ ഈ സിനിമയും എടുത്ത് ‘കിണറ്റിൽ ഇടാൻ തോന്നും’ എന്ന ട്രോളുകൾ വന്നേക്കാം; ‘അഡാർ ലൗ’- ‘തണ്ണീർമത്തൻ ദിനങ്ങൾ’ താരതമ്യത്തെ കുറിച്ച് സംവിധായകൻ

‘ആ സിനിമയെ തോൽപ്പിക്കാൻ വേണ്ടി ഇറക്കിയ ഒരു ചിത്രമല്ല ‘തണ്ണീർ മത്തൻ ദിനങ്ങൾ’

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തണ്ണീർ മത്തൻ ദിനങ്ങൾ പ്രദർശനം തുടരുകയാണ്. നവാഗതനായ ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടുമ്പോൾ ഒമർ ലുലുവിന്റെ സംവിധാനത്തിൽ എത്തിയ ‘ഒരു അഡാർ ലൗ’ എന്ന ചിത്രവുമായാണ് പ്രേക്ഷകർ ഈ സിനിമയെ താരതമ്യം ചെയ്‌ത്‌. രണ്ടു ചിത്രങ്ങളും പ്ലസ് ടു പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും പറഞ്ഞപ്പോൾ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമായത് തണ്ണീർ മത്തൻ ദിനങ്ങൾ ആയിരുന്നു. സോഷ്യൽ മീഡിയയിൽ രണ്ട് ചിത്രങ്ങളെയും താരതമ്യം ചെയ്‌ത്‌ ഒട്ടേറെ പോസ്റ്റുകളും പ്രചരിച്ചിരുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ കാണുമ്പോൾ ആണ് അഡാർ ലൗനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന ട്രോളുകളും ഏറെ വൈറൽ ആയിരുന്നു. എന്നാൽ പ്രേക്ഷകർക്ക് തണ്ണീർ മത്തൻ ദിനങ്ങൾ തങ്ങളുടെ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്താൻ സാധിച്ചത് കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതെന്നും. നാളെ മറ്റൊരു സിനിമ വന്നാൽ നമ്മുടെ സിനിമ എടുത്ത് ‘കിണറ്റിൽ ഇടാൻ തോന്നും’ എന്ന ട്രോളുകൾ വന്നേക്കാമെന്നും സംവിധായകൻ ഗിരീഷ് എ.ഡി അഴിമുഖത്തോട് പറഞ്ഞു.

“അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമയാണ് ഒമർ ലുലു ഒരുക്കിയത്. പക്ഷെ പ്രേക്ഷകർക്ക് ഈ സിനിമയാകാം അവരുടെ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്താൻ സാധിച്ചത്. അതുകൊണ്ടാണ് ഈ സിനിമ കൂടുതൽ ഹിറ്റായതും. ആ സിനിമയെ തോൽപ്പിക്കാൻ വേണ്ടി ഇറക്കിയ ഒരു ചിത്രമല്ല ‘തണ്ണീർ മത്തൻ ദിനങ്ങൾ’. അഡാർ ലൗ ഇറങ്ങുന്നതിനു മുന്നേ ആലോചനയിലുള്ള ചിത്രമായിരുന്നു ഇത്. അക്കാലത്ത് ഒരു പ്ലസ്ടു പടവും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഒരിടവേളക്ക് ശേഷം വീണ്ടും ഒരു പ്ലസ്ടു പടം കൊണ്ടുവരുന്നത് ഞങ്ങളാണ് എന്ന ചിന്തയിലായിരുന്നു. പക്ഷെ ആ സമയത്ത് അഡാർ ലൗവും, ജൂണും ഒക്കെ തീയേറ്ററിൽ എത്തി. ഓരോരുത്തരുടെയും കാഴ്ച്ചപ്പാട് അനുസരിച്ചാലാണ് അവരുടെ സിനിമ ചെയ്യുക. പിന്നെ പ്രേക്ഷകരാണ് ഇത്തരം താരതമ്യങ്ങൾ നടത്തുന്നത്. അതിൽ നമുക്ക് ഇടപെടാൻ പറ്റില്ലല്ലോ. നാളെ മറ്റൊരു സിനിമ വന്നാൽ നമ്മുടെ സിനിമ എടുത്ത് ‘കിണറ്റിൽ ഇടാൻ തോന്നും’ എന്ന ട്രോളുകൾ വന്നേക്കാം. അതെല്ലാം പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്”.- ഗിരീഷ് എ.ഡി പറയുന്നു.

ബോക്സ് ഓഫീസിലും വലിയ ചലനമാണ് ചിത്രം സൃഷ്ട്ടിച്ചത്, നാല്‍പ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്‌സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27 കോടി രൂപ സിനിമ നേടിയിരുന്നു. സൂപ്പർ താര ചിത്രങ്ങളെയും മറികടന്നുകൊണ്ടുള്ള നേട്ടമാണ് ജിസിസിയിൽ തണ്ണീർ മത്തൻ ദിനങ്ങൾ സ്വന്തമാക്കിയത്. സിനിമ മാർക്കറ്റ് ചെയ്യാൻ വലിയ താരങ്ങൾ വേണ്ടന്ന് ഈ ചിത്രങ്ങൾ തെളിയിക്കുകയാണ്. വലിയ താരനിര ഒന്നുമില്ലാതെ തന്നെ ഈ വർഷത്തെ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ ഈ വലിയ വിജയത്തിൽ താൻ ഏറെ സന്തോഷവാനാണെന്ന് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ആദ്യ ചിത്രത്തിന്റെ വിജയ തുടർച്ചയായി, സിനിമയിലെ പ്രധാന കഥാപാത്രവും, തിരക്കഥ രചനയിൽ പങ്കാളിയുമായിരുന്ന ഡിനോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡിനോയ് തന്നെയാണ്. തണ്ണീർമത്തന്‍ ദിനങ്ങളുടെ നിർമ്മാതാക്കള്‍ തന്നെയായ, പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക. ഈ സിനിമയുടെ വിജയം തന്നെയാണ് ഇത്തരത്തിൽ ഒരവസരം തങ്ങൾക്ക് ലഭിക്കാൻ ഇടയാക്കിയതെന്നും സംവിധായകൻ ഗിരീഷ് എ.ഡി അഴിമുഖത്തോട് പറഞ്ഞു. എന്നാൽ ഡിനോയുടെ സിനിമയിൽ താൻ ഭാഗമല്ലെന്നും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് താനെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

 READ MORE: ’13 തവണ വരെ ഈ സിനിമ കണ്ടവരുണ്ട്’, തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി ക്ലബിലെത്തുമ്പോള്‍; സംവിധായകന്‍ ഗിരീഷ്‌ എ.ഡി സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍