UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യം ഡേറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, മലയാളത്തില്‍ കഥ കേട്ട് ‘പോതും സാര്‍’ എന്നു പറഞ്ഞു; ‘മാർക്കോണി മത്തായി’യില്‍ വിജയ് സേതുപതി എത്തിയതിങ്ങനെ

മലയാളത്തിൽ കഥപറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘എന്തെങ്കിലും മനസ്സിലായോ’.

മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് മാർക്കോണി മത്തായി. സനൽ കളത്തിലിന്റെ സംവിധാനത്തിൽ ജയറാം നായകനായി എത്തുന്ന ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ തന്നെയാണ് വിജയ് സേതുപതി എത്തുന്നത്.

എന്നാൽ സിനിമയുടെ കഥപറയാനായി വിജയ് സേതുപതിയെ സമീപിച്ചപ്പോൾ ഡേറ്റുകൾ ഒന്നുമില്ലന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്നും, എന്നാൽ കഥ കേട്ട് കഴിഞ്ഞ ശേഷം തീർച്ചയായും ഈ സിനിമയുടെ ഭാഗമാകാൻ എത്തുമെന്ന ഉറപ്പ് നൽകിയെന്നും സംവിധായകൻ സനൽ കളത്തിൽ പറയുന്നു.

കഥപറയുന്ന ആവേശത്തിൽ ഭാഷപോലും താൻ മറന്ന് പോയെന്നും, മലയാളത്തിലാണ് വിജയ് സേതുപതിയോട് മാർക്കോണി മത്തായിയുടെ കഥപറഞ്ഞതെന്നും സംവിധായകൻ അഴിമുഖത്തോട് പറഞ്ഞു.

‘ചെറിയ മനുഷ്യന്‍റെ ജീവിതത്തിലേക്കൊരു വലിയ മനുഷ്യന്റെ ഇടപെടൽ. ചെറിയ മനുഷ്യനോളം തന്നെ ഹൃദയ വിശുദ്ധിയുള്ള താരമായാണ് വിജയ് സേതുപതി എത്തുന്നത്. സാധാരണക്കാരനായി ജീവിക്കുന്ന ഒരു താരമാണ് അദ്ദേഹം. യഥാർത്ഥ ജീവിതത്തിലെ വിജയ് സേതുപതിയെ തന്നെ സിനിമയിൽ കാണാനാകും. ജയറാമേട്ടനുമായിട്ടുള്ള ഒരു ചർച്ചയുടെ ഭാഗമായിട്ടാണ് വിജയ് സേതുപതി ഈ ചിത്രത്തിലേക്കെത്തുന്നത്. കഥയുടെ ചർച്ചക്കിടയിൽ വിജയ് സേതുപതിയെ പോലൊരു താരം ഈ വേഷം ചെയ്താൽ നന്നായിരിക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ, ജയറാമേട്ടനാണ് നമുക്ക് വിജയ് സേതുപതിയെ തന്നെ കൊണ്ടുവരാം എന്ന് പറഞ്ഞത്. എന്നാൽ ഡേറ്റുകൾ ഒന്നുമില്ലന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ആദ്യം കിട്ടിയത്. പിന്നീട് കഥ പറയാൻ അവസരം ലഭിക്കുകയായിരുന്നു’ – സംവിധായകൻ സനൽ കളത്തിൽ പറയുന്നു.

‘കഥ പറച്ചിലിന്റെ ആവേശത്തിൽ ഭാഷപോലും ഞാൻ വിട്ടുപോയി. മലയാളത്തിൽ കഥപറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘എന്തെങ്കിലും മനസ്സിലായോ’. ചിരിച്ചുകൊണ്ട് ‘പോതും സാർ’ എന്ന് പറഞ്ഞ് തിരികെ തമിഴിൽ മനോഹരമായിട്ട് അദ്ദേഹം ഈ കഥ ഇങ്ങോട്ട് പറഞ്ഞു തന്നു. ‘വളരെ ലളിതമായ കഥയാണ് അപ്പോൾ ക്ലൈമാക്‌സും അത്തരത്തിൽ ലളിതമായിരിക്കണം. എന്തായാലും ഞാൻ ഈ സിനിമയുടെ ഭാഗമാകാൻ വരും’ എന്ന മറുപടിയും അദ്ദേഹം നൽകി. വളരെ ആത്മാർത്ഥമായുള്ള സ്നേഹവും പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അവസാനം വരെ ഉണ്ടായിരുന്നു. 12 ദിവസത്തോളമാണ് വിജയ് സേതുപതി ഈ സിനിമയുടെ ഭാഗമായുണ്ടായിരുന്നത്’- സനൽ കളത്തിൽ കൂട്ടിചേർത്തു

എന്താണ് പടമൊന്നും ചെയ്യാത്തതെന്ന് ലാലേട്ടൻ ചോദിച്ചു?;17 വർഷത്തിന് ശേഷം മാർക്കോണി മത്തായിയുമായി സനൽ കളത്തിൽ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍