UPDATES

സിനിമ

വിനായകനും പ്രിയംവദയുമല്ല, തൊട്ടപ്പനിലെ ഏറ്റവും മികച്ച അഭിനേതാക്കൾ ഇവരാണ്; സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി വെളിപ്പെടുത്തുന്നു

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ പ്രധനപ്പെട്ട രണ്ട് കഥാപാത്രമാണ് ടിപ്പു എന്ന നായയും ഉമ്മുകുല്‍സു എന്ന പൂച്ചയും. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ടിപ്പുവിനെയും ഉമ്മുകുല്‍സുവിനേയും ഇൻട്രൊഡ്യൂസ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്

വിനായകൻ ആദ്യമായി ഒരു മുഴുനീള ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘തൊട്ടപ്പൻ’. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. കഥ നടക്കുന്ന തുരുത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രധാന്യം നൽകിക്കൊണ്ടാണ് പി.എസ് റഫീഖ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ പ്രധനപ്പെട്ട രണ്ട് കഥാപാത്രമാണ് ടിപ്പു എന്ന നായയും ഉമ്മുകുല്‍സു എന്ന പൂച്ചയും.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ടിപ്പുവിനെയും ഉമ്മുകുല്‍സുവിനേയും ഇൻട്രൊഡ്യൂസ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഇതിലൂടെ സംവിധായകന്‍ ആ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വെറുതെ ഈ രണ്ട് പേരുകൾ ടൈറ്റില്‍ കാർഡിൽ ഉൾപെടുത്തിയതല്ല സംവിധായകൻ. സിനിമയിൽ മറ്റെല്ലാവരേക്കാളും നന്നായി അഭിനയിച്ചത് ഈ പട്ടിയും പൂച്ചയുമാണെന്നാണ് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പറയുന്നത്.

തൊട്ടപ്പനിലെ ഏറ്റവും നല്ല അഭിനേതാക്കൾ പ്രകൃതിയും പട്ടിയും പൂച്ചയുമായിരുന്നു എന്നാണ് സംവിധായകൻ അഴിമുഖത്തോട് പറയുന്നത്. സിനിമയിൽ പെയ്‌ത അറുപതു ശതമാനം മഴയും യഥാർത്ഥ മഴയായിരുന്നു. ഇടിമിന്നലുകൾ, സൂര്യനും ചന്ദ്രനും, നിലാവും, മേഘങ്ങളും എല്ലാം യഥാർത്ഥത്തിൽ ചിത്രീകരിച്ചതാണ്. ഗ്രാഫിക്സ് വർക്കുകൾ വളരെ കുറവാണ്. അത്രത്തോളം പ്രയാസപ്പെട്ട് ചിത്രീകരിച്ചതാണ് ഓരോ രംഗങ്ങളും. സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചിട്ടുള്ളത് ഈ ഉമ്മു കുൽസുവും , ടിപ്പുവുമാണ്. അതുകൊണ്ട് തന്നെയാണ് അവരെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്തിയത്.- ഷാനവാസ് കെ ബാവക്കുട്ടി പറയുന്നു.

സിനിമക്ക് വേണ്ടി ട്രെയിൻ ചെയ്യിപ്പിച്ചെടുത്തതാണ് രണ്ട് പേരെയും. എന്നാൽ ക്ലൈമാക്സിൽ സാറ വീട്ടിൽ നിന്നിറങ്ങി പോകുമ്പോൾ പൂച്ചയും പുറകെ പോകുന്നുണ്ട്. എനിക്ക് അറിയില്ല ആ സമയത്ത് ആ പൂച്ച എങ്ങനെ ഇറങ്ങിയെന്ന്, ഒരു മാജിക് ആയിരുന്നു അത്. സാറ ഇറങ്ങി കഴിഞ്ഞ് ഷോട്ട് വെറുതെ ഒന്ന് ഹോൾഡ് ചെയ്തതാണ്. ഷാനവാസ് കൂട്ടി ചേർത്തു.

കാഴ്ച്ചയില്ലാത്ത അദ്രുമാന്റെ കണ്ണാണ് ഉമ്മുകുല്‍സു എന്ന പൂച്ച. അദ്രുമാൻ തന്റെ പൂച്ചയെ സാറക്ക് കൊടുക്കുമ്പോൾ ആ പൂച്ച അദ്രുമാനെ നോക്കുന്നുണ്ട്. അതും യഥാർത്ഥത്തിൽ സംഭവിച്ചതാണ്. സംവിധായകന് പൂച്ചയോട് സംസാരിക്കാനാകില്ലല്ലോ. ആ സമയത്ത് പൂച്ച എങ്ങനെ നോക്കി എന്തുകൊണ്ട് നോക്കിയെന്ന് എനിക്കറിയില്ല പക്ഷെ ആ നോട്ടം വളരെ ശരിയായിരുന്നു.- ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു.

സംവിധായകനെന്ന നിലയിൽ തൊട്ടപ്പന്‌ ലഭിക്കുന്ന പ്രതികരണങ്ങളിൽ സന്തോഷവാനാണെന്നും സംവിധായകന്‍ കൂട്ടിചേർത്തു.

തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ചിത്രം. വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ ആ നടന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. തൊട്ടപ്പനായി വിനായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചപ്പോൾ തൊട്ടപ്പന്റെ സന്തോഷങ്ങൾ പ്രേക്ഷകരുടെയും സന്തോഷങ്ങളായി മാറി.

തൊട്ടപ്പനും സാറ കൊച്ചും, അച്ഛനും മോളുമല്ലാത്ത ഒരു അച്ഛനും മോളും. അച്ഛനല്ലാത്ത ഒരു അച്ഛനും മോള്‍ അല്ലാത്ത ഒരു മോളും തമ്മിലുള്ള അച്ഛന്‍ മകൾ ബന്ധമാണ് തൊട്ടപ്പന്‍ എന്ന സിനിമ പറയുന്നത്.  ദിലീഷ് പോത്തൻ, റോഷൻ മാത്യു, പ്രിയംവദ, മനോജ് കെ ജയൻ, സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി, സുനിൽ സുഗത, മാസ്റ്റർ ഡാവിൻഞ്ചി തുടങ്ങിയവരാണ് സിനിമയിലെ മാറ്റ് പ്രധാന കഥാപാത്രങ്ങൾ.

Read More: തൊട്ടപ്പന്‍ എന്ന തുരുത്ത്, സാറാക്കൊച്ച് എന്ന കായലും; ജീവിത കാമനകളുടെ ദൃശ്യ വിസ്മയം

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍