UPDATES

സിനിമാ വാര്‍ത്തകള്‍

പുതുമുഖ സംവിധായകരുടെ സിനിമയിൽ പ്രവർത്തിക്കുന്നത് പദ്മകുമാറിന്റെ മഹത്വം കൊണ്ട്; മാമാങ്കം വിവാദത്തില്‍ ശ്രീകുമാർ മേനോൻ

‘ചക്രം എന്ന സിനിമ ആദ്യം തുടങ്ങിയത് കമൽ സർ ആണ് പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് നിന്നുപോയ സിനിമ അത് എഴുതിയ ലോഹിതദാസ് തന്നെ വേറെ നടനെ വെച്ച് പൂർത്തിയാക്കി ഇങ്ങനെ ഒക്കെ സംഭവിക്കാവുന്നതേ ഒള്ളു’

ധ്രുവ് എന്ന നടനെ അപ്രതീക്ഷിതമായി പുറത്താക്കിയതോടെയാണ് മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. പിന്നീട് ധ്രുവിനു പകരം ഉണ്ണി മുകുന്ദന്‍ എത്തി. ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ആർട്ട്, കോസ്റ്റും എന്നീ മൂന്ന് മേഖലയിലും പുറത്താക്കൽ ഉണ്ടായി. എന്നാൽ തന്നോട് ആലോചിക്കാതെ നിർമ്മാതാവ് ഏകപക്ഷിയമായി എടുത്ത തീരുമാനം ആണിത് എന്നാണ് സംവിധായകൻ സജീവ് പിള്ള പ്രതികരിച്ചത്. ഇപ്പോഴിതാ സംവിധായകനും പുറത്താക്കപ്പെട്ടിരിക്കുന്നു.

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതികരിക്കുന്നത് ഇങ്ങനെ; ആരാണ് യഥാർത്ഥ പീഡിതൻ എന്ന് നാം മനസിലാക്കണമെന്നും, ഒരു സംവിധായകനെ വിശ്വസിച്ച് 13 കോടിയോളം രൂപ മുടക്കിയ നിർമ്മാതാവും പീഡിതനാണെന്നും ശ്രീകുമാർ മേനോൻ അഴിമുഖത്തോട് പറഞ്ഞു.

ഒരു സംവിധായകനോട് ചെയ്ത ക്രൂരമായ പ്രവർത്തിയാണിത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരുപാട് ചർച്ചകൾ നടത്തിയതിനിതു ശേഷം ഉണ്ടാക്കിയ ഒരു ഫോർമുലയാണിത്. അദ്ദേഹം ഒരു പുതുമുഖ സംവിധായകനാണ്, അതുകൊണ്ട് തന്നെ ഒരുപാട് പരിചയക്കുറവുകളും അദ്ദേഹത്തിനുണ്ടായേക്കാം. അതിനെ മറികടക്കാൻ വേണ്ടി പരിചയ സമ്പന്നരായ അസോസിയേറ്റുകളെ നിയോഗിക്കുന്നതും സ്വാഭാവികമാണ്, ശ്രീകുമാർ മേനോൻ പറയുന്നു

ഒരു നിർമ്മാതാവ് സംവിധായകൻ പറയുന്ന കഥ കേട്ടിട്ടാണ് ആ സിനിമ ചെയ്യാൻ തയ്യാറാകുന്നത്. എന്നാൽ ചിത്രീകരണം നടക്കുമ്പോൾ മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയർന്നോ എന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും, അതെ തുടർന്ന് പല തീരുമാനങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ സജീവ് പിള്ളയെ പുറത്താക്കി എന്ന് പറയുന്നത് ശരിയല്ലന്നും, ഇതേ കുറിച്ച് അദ്ദേഹത്തിനും ധാരണ ഉള്ളതായി തനിക്ക് അറിയാമായിരുന്നു എന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഈ സിനിമക്ക് വേണ്ടി ഒരുകൊല്ലത്തോളം ഡേറ്റ് കൊടുത്ത മമ്മൂക്കയും വീണ്ടും അഭിനയിക്കേണ്ടി വരികയല്ലേ? അങ്ങനെ നോക്കുമ്പോൾ എല്ലാവർക്കും നഷ്ട്ടമുണ്ടായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ധ്രുവ് എന്ന നടനെ പുറത്താക്കിയതിനെ പറ്റിയും ശ്രീകുമാർ മേനോൻ പ്രതികരിച്ചു, മുന്നറിയിപ്പില്ലാതെ 25 ദിവസത്തോളം ഷൂട്ട് ചെയ്ത ശേഷം പുറത്താക്കപെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം അമ്മയിൽ പരാതി പറയേണ്ടതാണെന്നും, പ്രതിഫലം നൽകിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

ഹിന്ദിയിലും തമിഴിലും എല്ലാം ഇതിന് സമാനമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നിർമാതാവും നടനും സംവിധായകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കാറുള്ളതാണ്. അതെല്ലാം ഒരു പരസ്പരധാരണയുടെ പുറത്താണ്. ചക്രം എന്ന സിനിമ ആദ്യം തുടങ്ങിയത് കമൽ സർ ആണ് പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് നിന്നുപോയ സിനിമ അത് എഴുതിയ ലോഹിതദാസ് തന്നെ വേറെ നടനെ വെച്ച് പൂർത്തിയാക്കി. ഇങ്ങനെ ഒക്കെ സംഭവിക്കാവുന്നതേ ഒള്ളു. പീഡിതർ എന്ന് പറയുന്നതിൽ രണ്ടുപേരും ഉൾപെടും.

കൂടാതെ കാശു മുടക്കുന്ന നിർമ്മാതാവിന് ഒരു എഗ്രിമെന്റ് ഉണ്ടാക്കാനുള്ള അവകാശമുണ്ടെന്നും, എന്നാൽ ഒരു കലാകാരൻ എന്ന നിലയിൽ ഇത്തരത്തിൽ തന്റെ ഒരു ‘പ്രൊഡക്ടുമായി’ വരുമ്പോൾ വേണ്ട മുൻകരുതൽ സജീവും എടുക്കേണ്ടിയിരുന്നു എന്ന് ശ്രീകുമാർ മേനോൻ പറയുന്നു.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിലും പദ്മകുമാർ എന്ന സംവിധായകന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. തന്റെ സിനിമയിൽ ക്രീയേറ്റിവ്‌ ആയിട്ടുള്ള ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടില്ലന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. കൂടാതെ ഒരു പുതുമുഖ സംവിധായകൻ വരുമ്പോൾ അയാൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഇത്തരത്തിൽ മുൻപരിചയമുള്ള സംവിധായകർ വരുന്നത് നല്ലതാണ്’

രഞ്ജിത്തിന്റെ സിനിമയിൽ വരെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇത്തരത്തിൽ പുതുമുഖങ്ങളുടെ സിനിമയിൽ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചു.

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍