ശ്രീനിവാസന്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുട്ടിമാമ’യെ കുറിച്ച് സംവിധായകന്‍ വി എം വിനു
ബാലേട്ടൻ, വേഷം എന്നീ സൂപ്പർഹിറ്റ് കുടുംബ ചിത്രങ്ങൾ സമ്മാനിച്ച വി.എം വിനു മറ്റൊരു കുടുംബ ചിത്രവുമായി എത്തുകയാണ്. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മകന്റെ അച്ഛൻ’ എന്ന കുടുംബ ചിത്രത്തിന് ശേഷം ശ്രീനിവാസൻ – വി എം വിനു കൂട്ടുകെട്ടിൽ എത്തുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ‘കുട്ടിമാമ’ക്ക്. ചിത്രം മെയ് 17 ന് തീയേറ്ററിൽ എത്തുമ്പോൾ മക്കൾ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ് ചിത്രം. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിനീത് ശ്രീനിവാസൻ കുട്ടിമാമയിൽ ഗായകനായി എത്തുന്നു. സംവിധായകൻ വി.എം വിനുവിന്റെ മകൻ വരുൺ ഛായാഗ്രാഹകനായും മകൾ വർഷ ചിത്രത്തിൽ ഗായികയായും എത്തുമ്പോൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ്.
തന്റെ പുതിയ ചിത്രത്തെക്കുറിച്ചും മലയാള സിനിമയെ കുറിച്ചും സംവിധായകൻ വി.എം വിനു അഴിമുഖത്തോട് സംസാരിക്കുന്നു
എന്താണ് കുട്ടിമാമ?
ശ്രീനിവാസൻ അവതരിപ്പിക്കുന്ന ശേഖരൻകുട്ടി എന്ന ഒരു റിട്ടേഡ് പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടുകാരെല്ലാവരും ‘കുട്ടിമാമ’ എന്നാണ് അയാളെ വിളിക്കുന്നത്. തന്റെ ഗ്രാമത്തിലുള്ളവരെ വിളിച്ചുവരുത്തി തന്റെ വീരകഥകൾ പറയുകയാണ് സ്വഭാവം. എന്നാൽ ഒരു ഘട്ടം വരെ ആളുകൾ അത് വിശ്വസിക്കുകയും. പിന്നീട് ഒരു ഘട്ടം കഴിയുമ്പോൾ അയാളെ കണ്ടാൽ ആളുകൾ ഓടുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അയാൾ പറഞ്ഞതിൽ എത്രത്തോളം സത്യം ഉണ്ടന്ന് വെളിവാക്കുന്നതാണ് ഈ സിനിമ. കോമഡി പശ്ചാത്തലത്തിൽ കുട്ടിമാമയുടെ ജീവിത കഥപറയുകയാണ് ഈ ചിത്രം.
കലാകാരന്മാർക്ക് കാലഘട്ടം പ്രശ്നമല്ല
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ കാലത്തും ഉണ്ടാകുന്നതാണ്. പുതിയ താരങ്ങൾ, പുതിയ ചിന്തകൾ, പുതിയ സാങ്കേതിക വിദ്യകൾ എന്നിങ്ങനെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കഥാപരമായ കാര്യങ്ങളിൽ ഒന്നും തന്നെ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സിനിമ കൂടുതൽ ജനകീയമായിരിക്കുകയാണ്. ഏതൊരാൾക്കും സിനിമ ചെയ്യാം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കലാകാരന്മാർക്ക് കാലഘട്ടം ഒരു പ്രശ്നമല്ല.
കല റിയലിസത്തേക്കാൾ ഒരുപടി മുന്നിലാണ്
സിനിമയെ ഒരു എന്റർടൈൻമെന്റ് മാത്രമായി കാണുന്ന വ്യക്തിയാണ് താൻ. പ്രേക്ഷകർ 2 മണിക്കൂർ ആസ്വദിക്കാനാണ് തിയേറ്ററിലേക്ക് വരുന്നത്. തിയേറ്ററിൽ ഉത്സവം സൃഷ്ട്ടിക്കുന്നവയാണ് സിനിമ. റിയലിസത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്നവയാണ് കല. നമ്മൾ കാണുന്ന ജീവിത കാഴ്ച്ചകൾക്ക് ഒരു സംവിധായകൻ നൽകുന്ന നിറങ്ങൾ ഉണ്ട്. അത്തരം നിറങ്ങൾ ചേർത്തു നൽകുന്ന സിനിമകളോടാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ട്ടം തോന്നുന്നതും തിയേറ്ററിൽ ആഘോഷിക്കപ്പെടുന്നതും. ജനങ്ങൾ അത്തരം സിനിമകൾ ആണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് മോഹൻലാലിന്റെ ലൂസിഫറും, മമ്മൂട്ടിയുടെ മധുരരാജയും. ഒരു വർഷത്തോളം തമിഴ് നാട്ടിൽ രജനികാന്തിന്റെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്.
ന്യൂ ജനറേഷൻ സിനിമകളെ കുറിച്ച്
തന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ ന്യൂ ജനറേഷൻ സംവിധായകൻ കെജി ജോർജ് ആണ്. അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞട്ടില്ല. അദ്ദേഹത്തിന്റെ യവനികയും, പഞ്ചവടിപാലവുമെല്ലാം ഇന്നും പ്രസക്തമാണ്. ഇത്തരത്തിൽ എല്ലാകാലത്തും സിനിമകളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരെല്ലാം ചെയുന്നതും കൊമേർഷ്യൽ സിനിമകൾ തന്നെയാണ്. ശ്രീനിവാസൻ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ സിനിമകൾ, ഐ വി ശശി സിനിമകൾ എല്ലാം തന്നെ പഴയ കാലത്തെ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമകളാണ്.
നടൻമാർ തീരുമാനിക്കുന്ന തരത്തിലാണ് മലയാള സിനിമയുടെ മുന്നോട്ട്പോക്ക്. പുതിയ തലമുറയിലെ താരങ്ങൾ അവർക്ക് ഇഷ്ട്ടപ്പെട്ട സംവിധായകരെ മാത്രം തിരഞ്ഞെടുക്കുന്നു. സ്വന്തമായി സിനിമകൾ നിർമിക്കുന്നു, ഡിസ്ട്രിബ്യുട്ട് ചെയ്യുന്നു. സീനിയർ സംവിധായകർ കൂടുതൽ കണിശക്കാരാണെന്ന ധാരണയും അവർക്ക് ഉണ്ടായിരിക്കാം.
എത്രയോ പുതുമുഖ സംവിധായകരാണ് ഇപ്പോൾ സിനിമയിലേക്ക് കടന്നു വരുന്നത്. അവർ വരുന്നതും പോകുന്നതുമെല്ലാം മറ്റാരുമറിയുന്നില്ല. പാട്ടുകളുടെ കാര്യത്തിൽ ആണെങ്കിൽ പോലും ദാസേട്ടനോ, ചിത്രയോ അങ്ങനെ ആരും തന്നെ വേണമെന്നില്ല. ആർക്കും പാട്ടുപാടം എന്നൊരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി കഴിഞ്ഞു. ന്യൂജനറേഷൻ കാലത്ത് ശക്തമായ വിഷയങ്ങൾ എഴുതുന്ന ആളുകൾ തന്നെ വളരെ കുറവാണ്.
മമ്മൂട്ടിക്കും മോഹൻലാലിനും പകരക്കാരില്ല, ജഗതി ശ്രീകുമാറിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു
നസീർ സാറും സത്യൻ മാഷും തിളങ്ങി നിന്ന കാലഘട്ടത്തിൽ തന്നെയാണ് ജയനും സുകുമാരനും സോമനുമെല്ലാം താരങ്ങളായി വരുന്നത്. പിന്നീട് കൂടുതൽ പ്രേക്ഷക പിന്തുണയും അവർക്ക് ലഭിച്ചു. പിന്നീട് മമ്മൂട്ടിയും മോഹൻലാലും എത്തി. അങ്ങനെ കഥാപരമായ മാറ്റങ്ങളും ഉണ്ടായി. പിന്നീട് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ദിലീപും ജയറാമും എത്തി. ഇപ്പോൾ ഇവർക്കൊപ്പം തന്നെ പ്രിത്വിയും നിവിൻ പോളിയും ടോവിനോയും ദുൽഖറും താരങ്ങളായി ഉണ്ട്. എന്നാൽ കുറച്ച് കാലം കഴിയുമ്പോൾ മോഹൻലാലും മമ്മൂട്ടിയും നിന്നപോലെ ഒരു താരങ്ങളും ഉണ്ടാകില്ല. കേരളത്തിൽ ഉള്ള എല്ലാത്തരം പ്രേക്ഷകരെയും കരയിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള രണ്ട് താരങ്ങളാണ് ഇവർ രണ്ടുപേരും.
യുവതലമുറയിലെ പ്രഗത്ഭരായ ഒട്ടേറെ നടൻമാർ ഉണ്ടെന്നിരിക്കെ ജഗതി ശ്രീകുമാറിന് പകരക്കാരനായി ഒരു നടനെ പോലും ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് അകലുന്നു
പണ്ടുകാലത്തെ പോലെ കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നില്ല. ഇന്നത്തെ സിനിമകൾ പലതും യുവാക്കളെ മാത്രം ലക്ഷ്യം വെച്ച് നിർമ്മിക്കുന്നവയാണ്. യുവാക്കൾ രണ്ടാഴ്ചകാലം സിനിമ ആഘോഷിക്കുകയും പിന്നീട് ഒരു മാസത്തിനുള്ളിൽ തന്നെ ആ സിനിമ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യപ്പെടുകയുമാണ്. ഈ ഒരു പ്രവണത കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റും. കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കും പ്രേക്ഷകരെ സിനിമ കണക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
സൂപ്പർ താരങ്ങൾക്കൊപ്പം ബാലേട്ടൻ,വേഷം എന്നീ ഹിറ്റ് കുടുംബ ചിത്രങ്ങൾ, അവർക്കൊപ്പം പിന്നീട് അത്തരം ചിത്രങ്ങൾ സംഭവിക്കാത്തത് എന്തുകൊണ്ട്
സംവിധായകൻ മാത്രം വിചാരിച്ചാൽ ഒരു മമ്മൂട്ടി ചിത്രമോ മോഹൻലാൽ സിനിമയോ ഉണ്ടാകില്ല. അവർക്ക് കൂടി ഇഷ്ടമാകുന്ന സിനിമകൾ ആയിരിക്കണം. കൂടാതെ ഒരു മുഴുനീള കുടുംബ ചിത്രം ഇന്നത്തെ സാഹചര്യത്തിൽ എത്രത്തോളം , പ്രേക്ഷകർ സ്വീകരിക്കും എന്ന കാര്യത്തിലും സംശയമുണ്ട്.
അഞ്ചു വർഷങ്ങൾക്ക് മുൻപ് മോഹൻലാലുമായി ഒരു സിനിമ ആലോചനയിൽ ഉണ്ടായിരുന്നതാണ്. കേരളത്തിലും പഞ്ചാബിലുമായി ഗുസ്തിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമായിരുന്നു അത്. മോഹൻലാൽ സർദാർജിയുടെ വേഷത്തിൽ എത്തേണ്ടിയിരുന്ന ചിത്രം അവസാന നിമിഷം ഉപേക്ഷിക്കപെടുകയായിരുന്നു.
എന്തുകൊണ്ട് ‘കുട്ടിമാമ’യായി ശ്രീനിവാസൻ
വളരെ ‘സർകാസ്റ്റിക്കായിട്ട്’ കോമഡി പറയുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കോമഡി കൈകാര്യം ചെയ്യാനുള്ള ശ്രീനിവാസന്റെ മികവ് തന്നെയാണ് അദ്ദേഹത്തെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുക്കാനുള്ള കാരണം. ശ്രീനിവാസൻ ഇതുവരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളുടെ ശൈലിയിൽ ഉള്ള ഒരു കഥാപാത്രം തന്നെയാണ് ‘കുട്ടിമാമ’.
മകന്റെ അച്ഛനിൽ വിനീത് ശ്രീനിവാസൻ, കുട്ടിമാമയിൽ ധ്യാൻ ശ്രീനിവാസൻ
ഒരു മിലിട്ടറിക്കാരനായിട്ടാണ് ധ്യാൻ ചിത്രത്തിലെത്തുന്നത്. വിനീതിനെക്കാൾ ഈ കഥാപാത്രം ധ്യാനിനാണ് കൂടുതൽ ചേരുന്നത്. ആക്ഷനും പ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയാണിത്.
നായികാ പ്രാധാന്യമുള്ള സിനിമകൾ പോലും മാർക്കറ്റ് ചെയ്യാൻ നടന്മാരെ വേണം
നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ എത്രത്തോളം വിജയിക്കുമെന്ന് പറയാൻ കഴിയില്ല. അതിന്റെ ഉദാഹരണമാണ് എന്റെ ചിത്രം മറുപടി. ഭാമയെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ചിത്രം, സ്ത്രീകൾ പോലും വേണ്ട രീതിയിൽ ഏറ്റെടുത്തില്ല.
ഉയരെയിൽ പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ടോവിനോ, ആസിഫ് അലി എന്നിവരെക്കൂടി നന്നായി മാർക്കറ്റ് ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ ഫലമായാണ് ഉയരെ ആളുകൾ ഏറ്റെടുത്തത്. മലയാള സിനിമയിൽ നായകനെ ചുറ്റിപ്പറ്റിയുള്ള സിനിമകൾ സംഭവിക്കാനാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. മറിച്ച് സിനിമകൾ ഉണ്ടാകുന്നതും അപൂർവ്വമാണ്.
സിനിമ വിജയിക്കാൻ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു നല്ല നടൻ നിർബന്ധമാണ് എന്നാൽ മാത്രമേ സിനിമ വിജയിക്കൂ എന്ന അവസ്‌ഥയുണ്ട്.