തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പത്തു ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റ് നിര്‍ദേശം വന്നത്.
സിനിമ ടിക്കറ്റിന് 10 % വിനോദ നികുതി ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിനെതിരെ പരാതിയുമായി സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പത്തു ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റ് നിര്‍ദേശം വന്നത്. അതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സിനിമാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സിനിമാവ്യവസായം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന് മേല്‍ അധിക പത്തു ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ടു വച്ചത്. ഇതേ തുടർന്നുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച്ച സിനിമാമേഖലയിലെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടത്.