UPDATES

സിനിമാ വാര്‍ത്തകള്‍

ആ കെണിയില്‍ വീഴരുത് സാമുവല്‍, ഈ വിവാദം യഥാര്‍ത്ഥ വംശവെറിയന്മാര്‍ക്കാണ് ഗുണം ചെയ്യുന്നത്; മാല പാര്‍വതി

മലയാള സിനിമയെ കുറിച്ച് ആരൊക്കെയോ തെറ്റായ വിവരങ്ങളാണ് നിങ്ങള്‍ക്ക് തന്നിരിക്കുന്നത്

മലയാള സിനിമയില്‍ അഭിനയിച്ച തനിക്ക് വംശീയവിവേചനം അനുഭവിക്കേണ്ടി വന്നെന്നും, കറുത്ത നിറക്കാരനും ആഫ്രിക്കക്കാരനുമായതുകൊണ്ട് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തന്നതെന്നും, കൂടുതല്‍ പണം പിന്നീട് നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്നുമുള്ള നൈജീരിയന്‍ നടനും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അഭിനയിച്ച സാമുവല്‍ അബിയോള റോബിന്‍സന്റെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. സാമുവിലിനെ പിന്തുണച്ച് പലരും വരുന്നുണ്ടെങ്കിലും, സാമുവലിന്റെ ആരോപണങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണെന്നും ആരൊക്കെയോ ചേര്‍ന്ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പുറത്താണ് സാമുവിലിന്റെ ഈ വികാരപ്രകടനങ്ങളുമെന്നാണ് വലിയൊരു വിഭാഗവും പറയുന്നത്.

നടിയും സാമൂഹികപ്രവര്‍ത്തകയുമായ മാല പാര്‍വതി സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി നൈജീരിയന്‍ നടന്‍ ആരെല്ലാമാലോ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നു വിശദീകരിച്ച് എഴുതുന്നുണ്ട്. പാര്‍വതി സാമുവലിനോടായി പറയുന്നത് ഇപ്രകാരമാണ്;

പ്രിയപ്പെട്ട സാമുവല്‍, മലയാള സിനിമയിലെ ഒരു അഭിനേതാവാണ് ഞാനും. അമ്പതു സിനിമകള്‍ക്കു മേല്‍ ഞാന്‍ ചെയ്തിട്ടുണ്ട്. നമ്മള്‍(അഭിനേതാക്കള്‍) ഷൂട്ടിംഗിനു വരുന്നതിനു മുന്നേ നിര്‍മാതാക്കള്‍ നമ്മുടെ പ്രതിഫലം നിശ്ചയിച്ചിരിക്കും, അതാണ് ഇവിടുത്തെ രീതി. എന്നാല്‍ നമുക്ക് ആ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു വിലപേശല്‍ നടത്താനുള്ള അവസരം കിട്ടും. എന്നാല്‍ ഒരിക്കല്‍ നമ്മളത് അംഗീകരിച്ചാല്‍ പിന്നെയതില്‍ മാറ്റമില്ല. അതുപോലെ, പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും പ്രതിഫലം കിട്ടാറുമില്ല.

ഈ ചിത്രം വളരെ കുറഞ്ഞ ബഡ്ജറ്റിലുള്ളതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സംവിധായകന്‍ പുതുമുഖമാണ്. സൗബിനെ മാറ്റി നിര്‍ത്തിയാല്‍ പുതുമുഖങ്ങളെ വച്ചാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഇങ്ങനെയൊരു ചിത്രം എടുക്കുന്നത് വലിയ റിസ്‌ക് ആണ്. കരാര്‍ പ്രകാരമുള്ള മുഴുവന്‍ പ്രതിഫലവും താങ്കള്‍ കിട്ടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലാത്ത പക്ഷം പ്രമോഷന്‍ പരിപാടികള്‍ക്ക് താങ്കള്‍ വരില്ലായിരുന്നു.

ഈ സിനിമയുടെ മൂല്യം താങ്കള്‍ മനസിലാക്കണം. അതിനൊപ്പം നില്‍ക്കണം. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ അനാരോഗ്യപരമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്, മാത്രമല്ല, സ്ഥാപിത അജണ്ടകളുമായി കാത്തിരിക്കുന്ന, യഥാര്‍ത്ഥ വംശവെറിക്കാര്‍ക്കാര്‍ക്കാണ് ഇതിന്റെ ഗുണം കിട്ടുന്നത്. ഈ സിനിമയില്‍ ഒരു രാഷ്ട്രീയമുണ്ട്, സാമുവല്‍. ദയവു ചെയ്ത് ഒരു വിവാദം ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം എത്രയാണെന്ന് ഞാന്‍ കേട്ടിരുന്നു, അതൊരിക്കലും മോശമായ പ്രതിഫലമല്ല.

മലയാളത്തിലെ ഏതാനും അഭിനതാക്കള്‍ക്ക് മാത്രമാണ് 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ പ്രതിഫലം കിട്ടുന്നത്. പുതുമുഖങ്ങളുടെ കാര്യം വിടു, സഹ കഥാപാത്രങ്ങളായയി വരുന്ന പ്രമുഖരായ അഭിനേതാക്കള്‍ക്കുപോലും ആറേഴു ലക്ഷത്തിനു മുകളില്‍ പ്രതിഫലം കിട്ടുന്നില്ല. പുതമുഖങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് സാധാരണ പ്രതിഫലം കിട്ടുന്നത്. താങ്കള്‍ക്ക് കിട്ടിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണ്. ആ കെണിയില്‍ താങ്കള്‍ ദയവ് ചെയ്ത് വീഴരുത്.

ഞങ്ങളെല്ലാവരും ഈ ചിത്രത്തില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു, നന്നായി ഇരിക്കൂ…

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍