UPDATES

സിനിമ

ഈ മ യൗ: മരണത്തിന്റെ മറവില്‍ ജീവിതത്തോട് ചില ചോദ്യങ്ങള്‍

ഈ മ യൗവും ശവവും; മരണത്തിന്റെ രണ്ടനുഭവങ്ങള്‍; താരതമ്യത്തില്‍ അര്‍ത്ഥമില്ല

“മരണങ്ങള്‍ പല തരമുണ്ട്. പൊന്‍വെള്ളിക്കുരിശുകളും മുത്തുക്കുടകളും കണ്ണോക്കു പാട്ടും പുരോഹിതന്‍റെ ലത്തീന്‍ സംഗീതവുമുള്ള അന്തസ്സുള്ള മരണങ്ങള്‍. പനമ്പുപായക്കെട്ടും ചാരായം കുടിച്ച തോട്ടികളും ചീഞ്ഞ മണവുമുള്ള അപമാനിക്കപ്പെട്ട മരണങ്ങള്‍…”
പി എഫ് മാത്യൂസിന്‍റെ ചാവുനിലം എന്ന നോവലിലെ ചില വരികള്‍ ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്.

മാത്യൂസ് തിരക്കഥയെഴുതിയ ഈ മ യൗ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചാവുനിലവും അതിലെ മരണങ്ങളും ഓര്‍മ്മ വരും പക്ഷേ ഇത് ചാവുനിലം സിനിമയാക്കിയതല്ല. (അങ്ങിനെ ചില റിവ്യൂകളില്‍ കണ്ടു. തെറ്റാണ്.)

എങ്കിലും ഒരു ചാവുനിലത്താണ്, കഥ നടക്കുന്നത്. അഥവാ ഒരു മരണവീട്ടിലെ ഒരു ദിവസത്തെ സംഭവങ്ങളുടെ നാടകീയമായ ചിത്രീകരണമാണ് ഈ മ യൗ. തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമ. കാരണം, കടപ്പുറത്തെ ഒരു ചെറുവീട്ടിലെ സംഘര്‍ഷാത്മകമായ മരിച്ചടക്കില്‍ മഴ നനഞ്ഞു പങ്കെടുക്കുന്ന അനുഭവം തിയേറ്ററിലെ ഈ സിനിമാക്കാഴ്ച നമുക്കു സമ്മാനിക്കുന്നുണ്ട്.
മുറുക്കമുള്ള ഒരു ചെറുകഥ പോലെ ഇതു നമ്മെ രസിപ്പിക്കുകയും ഉലയ്ക്കുകയും ചെയ്യും.

ശവം എന്ന സിനിമ മുമ്പ് ഓണ്‍ലൈനില്‍ കണ്ടിട്ടുണ്ട്. (ഡോണ്‍ പാലത്തറ). വളരെ ഇഷ്ടമായ ഒരു സിനിമയാണത്. ഒരു മരിച്ചടക്കാണ് ആ സിനിമയിലും നടക്കുന്നത്. അവിടെ നാടകീയമായ സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ സാധാരണത്വത്തിലെ നാം ശ്രദ്ധിക്കാത്ത അന്തര്‍നാടകങ്ങളിലേയ്ക്ക് അതു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മരണവീടിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തെ ധ്യാനാത്മകമായി വിചിന്തനം ചെയ്യാന്‍ നമ്മെ സഹായിക്കുന്ന ഒരു സിനിമയാണത്. മുമ്പ് അങ്ങിനെയൊന്നു കണ്ടിട്ടില്ലാത്തതിനാല്‍ ശവത്തിന്‍റെ കാഴ്ചയില്‍ അപാരമായ പുതുമയും ഫ്രഷ്നെസും ഫീല്‍ ചെയ്തു.

ഈ മ യൗ മറ്റൊരു വിധമാണ്. സംഭവബഹുലമാണ് ഈ മരണവീട്. സാധാരണമല്ല. അതുകൊണ്ടു തന്നെ ഈ രണ്ടു സിനിമകളെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ശവം തിയേറ്ററില്‍ വന്നിട്ടില്ലാത്തതിനാല്‍ അധികം പേര്‍ കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ മ യൗ മേല്‍പറഞ്ഞ പുതുമയും ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ക്കും സമ്മാനിക്കും.

ഈ മ യൗ വിലെ ‘ശവം’; പുതിയ തര്‍ക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു

തന്‍റെ മരിച്ചടക്കു കേമമാക്കണം എന്നു മകനോടു പറഞ്ഞിട്ടുള്ള വാവച്ചന്‍ മേസ്തിരി മരിക്കുന്നു. മരിച്ചടക്കു കേമമാക്കാന്‍ നിര്‍ധനനായ മകന്‍ നടത്തുന്ന പെടാപ്പാടുകളും അതിന്‍റെ പരിണതികളുമാണ് ഈ മ യൗ. വാവച്ചനായി കൈനകരി തങ്കരാജും മകനായി ചെമ്പന്‍ വിനോദും മകനൊപ്പം നില്‍ക്കുന്ന സുഹൃത്ത് മെമ്പര്‍ അയ്യപ്പനായി വിനായകനും അമ്മയായി പൗളി വല്‍സനുമെല്ലാം കാഴ്ചവയ്ക്കുന്ന തികവാര്‍ന്ന അഭിനയം സിനിമയുടെ ഒരു പ്രധാന മുതല്‍ക്കൂട്ടാണ്. അതുള്‍പ്പെടെ എല്ലാ ഘടകങ്ങളെയും സമര്‍ത്ഥമായി വിളക്കിചേര്‍ത്ത് ഒരു ദൃശ്യവിസ്മയമായി നമുക്കു നല്‍കുകയാണ് സംവിധായകന്‍.

ബഹുമതികളോടെ മരിച്ചടക്കപ്പെടാന്‍ വേണ്ടിയാണോ മനുഷ്യര്‍ ജീവിക്കുന്നത്?
ഒരര്‍ത്ഥത്തില്‍ അതെ.

മരിക്കുമ്പോള്‍ നമ്മെ ചിരിപ്പിക്കുന്നെങ്കില്‍ അവര്‍ ജീവിച്ചപ്പോള്‍ നമ്മെ കരയിപ്പിച്ചവരായിരിക്കണം.വൃത്തികെട്ട വിധം ജീവിച്ചവര്‍.
അതുകൊണ്ട് ബഹുമതികളോടെ, അതായതു നാട്ടുനടപ്പനുസരിച്ചുള്ള ആചാരമര്യാദകളോടെ മരിച്ചടക്കപ്പെടുക എന്നാല്‍ മാന്യമായി ജീവിച്ചിട്ടുണ്ടാകുക എന്നും അര്‍ത്ഥമുണ്ട്.

മരണത്തോളം തന്നെ സ്വാഭാവികമാണ് ഈ. മ. യൌ; അത്രയേറെ ഭ്രമാത്മകവും

എന്നാല്‍, അങ്ങിനെ ജീവിച്ചവര്‍ക്കെല്ലാവര്‍ക്കും മാന്യമായ മരിച്ചടക്ക് കിട്ടുന്നുണ്ടോ?
ഇല്ല.

അല്ലാത്തവര്‍ക്കു കിട്ടുന്നില്ലേ?
ഉവ്വ്.

അതാണ് ലോകത്തിന്‍റെ സമസ്യ. പണവും അധികാരവും മതവും രാഷ്ട്രീയവുമെല്ലാം വിവിധ ഉപജാപങ്ങളിലൂടെ ഈ സ്വാഭാവികതകളെ ലംഘിക്കുന്നു. പണമുള്ള തെമ്മാടിയ്ക്കു കല്ലറയും പണമില്ലാത്ത നീതിമാനു തെമ്മാടിക്കുഴിയും കിട്ടുന്നു.
അധികാരത്തെ വണങ്ങി നിന്നവനു മണ്ഡപങ്ങളൊരുങ്ങുന്നു, മറുതലിച്ചവന്‍ മറക്കപ്പെടുന്നു.

സിനിമ കാണുമ്പോള്‍ നമ്മള്‍ ഇതൊന്നും ആലോചിക്കുകയില്ല. കാരണം കടപ്പുറത്തെ ആ മരണവീട്ടിലെ സംഘര്‍ഷങ്ങളില്‍ നാം മുങ്ങിപ്പോകും. അതു നമ്മുടെയും വ്യഥകളാകും. സിനിമ തീര്‍ന്നിട്ടും കുറെ നേരം കാണികള്‍ നിശബ്ദരായി നില്‍ക്കും. ആ വ്യഥകളില്‍ നിന്ന് മുക്തരാകാന്‍ സമയമെടുക്കുന്നതാണ്. അതുകഴി‍ഞ്ഞുള്ള മടക്കത്തില്‍ നാം മേല്‍പറഞ്ഞ വിധമെല്ലാം ആലോചനകളില്‍ മുഴുകും.

മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യണമെന്ന് ശ്രീനാരായണഗുരുവിനോടു ശിഷ്യര്‍ ചോദിച്ച ഒരു കഥയുണ്ട്.
സന്യാസവര്യനു ചേര്‍ന്ന സമാധിയെ കുറിച്ചാണു ചോദ്യം. ഗുരു പറഞ്ഞു, “ചക്കിലിട്ടാട്ടി തെങ്ങിനു വളമാക്കിയേര്.” മറുപടി കേട്ടു ഞെട്ടിത്തെറിച്ചു നിന്നവരെ നോക്കി ഗുരു നിസ്സാരമായി ചോദിച്ചു, “എന്തേ നോവുമോ?”

ഈ.മ.യൗ; ഇപ്പൊഴേ പുറത്തു പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്- ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം

മരിച്ചാല്‍ നോവില്ല. അതു മരിച്ചവര്‍ക്ക്. ജീവിച്ചിരിക്കുന്നവര്‍ക്കോ?
അവര്‍ക്കു നോവാന്‍ പാടുണ്ടോ?

മരണത്തിന്‍റെ മറവില്‍ നമ്മുടെ ജീവിതത്തെ കുറിച്ചു നിരവധി ചോദ്യങ്ങളുയര്‍ത്തുന്ന ഒരു സിനിമയാണ് ഈ മ യൗ.
(ക്രിസ്ത്യന്‍ മരിച്ചറിയിപ്പുകളിലെ തലവാചകമാണ് ഈ മ യൗ. ഈശോ മറിയം യൗസേപ്പേ എന്നതിന്‍റെ ചുരുക്കം. മരണാസന്നര്‍ക്കു കാതില്‍ ചൊല്ലിക്കൊടുക്കുന്ന പ്രാര്‍ത്ഥനയുമാകുന്നു അത്. പടത്തിനു ശേഷവും തിയേറ്ററില്‍ പലര്‍ക്കും അതു പിടികിട്ടിയിരുന്നില്ല.)

മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്കു മടങ്ങുകയും ചെയ്യും.

(ഷിജു ആച്ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്)

അകലമില്ലാത്ത സാക്ഷികള്‍; ഈ.മ.യൗവിന്റെ കഥാകാരന്‍ പി എഫ് മാത്യൂസ്/അഭിമുഖം

ഷിജു ആച്ചാണ്ടി

ഷിജു ആച്ചാണ്ടി

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍