UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

മരണത്തോളം തന്നെ സ്വാഭാവികമാണ് ഈ. മ. യൌ; അത്രയേറെ ഭ്രമാത്മകവും

സിനിമ എന്നത് കാഴ്ച ശീലങ്ങളെ അട്ടിമറിക്കുന്ന ക്രാഫ്റ്റ് ആണ് എന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി എത്തിയ സിനിമ ആണ് ഈ മ യൌ

അപര്‍ണ്ണ

തിയറ്ററുകളും വ്യവസ്ഥാപിത പൊതുബോധവും തമ്മിൽ ഉള്ള ബന്ധത്തിലൊന്നും വലിയ കഥ ഇല്ല എന്ന് തെളിയിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. 80 ൽ അധികം പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ച അങ്കമാലി ഡയറീസ് കഴിഞ്ഞ കൊല്ലം തീയറ്ററുകൾ കയ്യടിയോടെ സ്വീകരിച്ച സിനിമകളിൽ ഒന്നായിരുന്നു. സിനിമ സംവിധായകന്റേതു കൂടിയാണ് എന്ന ധാരണ താരസമ്പന്നമായ മലയാള സിനിമക്ക് വളരെ കുറവായ കാലത്താണ് ലിജോ ജോസ് പല്ലിശേരി സിനിമകൾ തീയറ്ററിൽ എത്തുന്നത്. ഒരു പോപ്പുലർ സിനിമ എങ്ങനെയാവണം ഒരു ഓഫ് ബീറ്റ് സിനിമ എങ്ങനെയാവണം എന്നൊക്കെയുള്ള ധാരണകളെ ഒട്ടും പരിഗണിക്കാതെ സിനിമകൾ കൊണ്ട് അടയാളങ്ങൾ ബാക്കിയാക്കി ആണ് ലിജോ ജോസ് പല്ലിശേരി സിനിമകൾ എടുക്കുന്നത്. ആമേനും ഡബിൾ ബാരലും ഒക്കെ അത്തരം അടയാളങ്ങൾ തന്നെയാണ്. എന്തായാലും അങ്കമാലി ഡയറീസ് ഉണ്ടാക്കിയ ഭാവുകത്വം ഭൂരിഭാഗം പ്രേക്ഷകരും സ്വീകരിച്ചു. ആ ഭാവുകത്വത്തിന്റെ ബാക്കിയിലേക്കാണ് ഈ മ യൌ വന്നത്. ആദ്യ റിലീസ് ഡേറ്റിനു ദിവസങ്ങൾക്കു മുന്നേ പ്രേക്ഷകർ ഈ സിനിമക്കായി കാത്തിരുന്നു. എന്തോ സാങ്കേതിക കാരണം കൊണ്ട് ആ റിലീസ് നീട്ടി വച്ചു. ഈ മ യൌവിനെ മറവിക്ക്‌ വിട്ടുകൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് സംസ്ഥാന അവാർഡുകൾ കൊണ്ട് ആ സിനിമ വീണ്ടും സജീവമാകുന്നത്. പി എഫ് മാത്യൂസിന്റെ തിരക്കഥയിൽ വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, കൈനകരി തങ്കരാജ്, പോളി വത്സൻ, കൃഷ്ണ പദ്മകുമാർ എന്നിവർ പ്രധാന റോളുകളിൽ എത്തുന്നു.

മരിക്കുന്നത് ജനിക്കുന്നതിനോളം സ്വാഭാവികമായ ഒന്നാണെന്ന് പറയുന്നത് ഫ്രാൻസിസ് ബേക്കൺ ആണ്. നിങ്ങളുടെ മരണപ്പാട്ടു പാടി ഒരു ഹീറോയെ പോലെ സ്വന്തം വീട്ടിലേക്കു പോകൂ എന്ന് ഓർമിപ്പിക്കുന്ന ഒരു പഴംചൊല്ലും ഉണ്ട്. ഇങ്ങനെ ഒരു മരണ വീട്ടിലെ അതിസ്വാഭാവികവും അസാധാരണവും ആയ കാഴ്ചകളുടെ മിശ്രണമാണ് ഈ മ യൌ. മരണമാണ് സിനിമയിലെ പ്രധാന കഥാപാത്രം. മരണ വീടാണ് പ്രധാന കഥാ സന്ദർഭം. ഡെത്ത് അറ്റ് എ ഫ്യൂണറൽ പോലെ ലോക പ്രശസ്തമായ ഒരുപാട് ബ്ലാക്ക് ഹ്യൂമർ സിനിമകൾ ഉണ്ടെങ്കിലും മലയാളത്തിൽ മുഖ്യധാരാ സിനിമകളിൽ അത്തരം പരീക്ഷണങ്ങൾ വളരെ അപൂര്‍വ്വമായാണ് നടക്കാറ് (ഡോൺ പാലത്തറയുടെ ശവം മറ്റൊരു ഉദാഹരണമാണ്). വാവച്ചൻ മേസ്തിരി (കൈനകരി തങ്കരാജ് ) എന്ന അതിസാധാരക്കാരനായ ഒരാൾ മരിക്കുന്നു. അയാൾ ദരിദ്രനാണ്, രണ്ടു കുടുംബങ്ങൾ ഉണ്ട്, അൽഷിമേഴ്‌സ് പോലെ എന്തോ ഒരു മറവിരോഗം മാത്രമാണ് അയാളുടെ പാരമ്പര്യ സ്വത്ത്. ഏതൊരു വയോധികനായ കത്തോലിക്കനെയും പോലെ ആർഭാടം നിറഞ്ഞ ഒരു മരണം സ്വപ്നം കാണുന്നു. മാലാഖമാരിലേക്കു പോകുന്ന ഒരു സമാന്തര ലോകം അയാൾക്കുള്ളിൽ ഉണ്ട്. രണ്ടു കുടുംബങ്ങൾക്കിടയിൽ പെട്ട ആന്തരിക സംഘർഷം ഉള്ളതുകൊണ്ട് തന്നെ മകനായി ഈശിയോട് (ചെമ്പൻ വിനോദ്) മാത്രമേ പൂർണമായ ആശയ വിനിമയം സാധ്യമാകൂ. പള്ളിക്കു താൻ പണിഞ്ഞ രൂപക്കൂട് പൊളിച്ചു പുതുക്കി പണിയുകയാണെന്നറിഞ്ഞ രാത്രി പഴയ ചവിട്ടു നാടകത്തിന്റെ ഏതോ താളം ചവിട്ടുമ്പോൾ ദൃക്‌സാക്ഷികൾ പോലുമില്ലാതെ അയാൾ കുഴഞ്ഞു വീണു മരിക്കുന്നു. ഭാര്യ പെണ്ണമ്മയും (പോളി വത്സൻ), മകൾ ആന്നിസയും (കൃഷ്ണ പദ്മകുമാർ) മരുമകൾ സബിയത്തും (ആര്യ) ഈശിയും അയാളുടെ അടുത്ത സുഹൃത്തായ മെമ്പർ അയ്യപ്പനും (വിനായകനും) ആ തുറയും, മരണം മുതൽ ശവമടക്ക് വരെ അതുമല്ലെങ്കിൽ ‘പരലോക പ്രവേശം’ വരെയുള്ള കാഴ്ചകളുമാണ് സിനിമ.

ഒരേ സമയം യാഥാർത്ഥവും ഭ്രമാത്കവുമായ അനുഭവമാണ് മരണം. ഈ മ യൌ എന്ന സിനിമയും അങ്ങനെ തന്നെയാണ്. മരണ വീട് വളരെ ദുരൂഹവും ചലനാത്മകവും ആയ ഇടമാണ്. അങ്ങേയറ്റം വൈകാരികമായി തളർന്നിരിക്കുമ്പോഴും പൂർണമായും പ്രായോഗികമായി ഓരോ നിമിഷവും ഇടപെടാൻ അത് നിർബന്ധിക്കുന്നുണ്ട്. ഈ അവസ്ഥകൾ ഈശി എന്ന മകനുണ്ടാക്കുന്ന വൈകാരിക സംഘർഷങ്ങളാണ് ഈ മ യൌ എന്ന സിനിമ. ഈ സംഘർഷങ്ങളെ അയാൾ എങ്ങനെയൊക്കെ അതിജീവിക്കുന്നു എന്നതിലാണ് സിനിമ ഭൂരിഭാഗവും ഊന്നുന്നത്. അതുകൊണ്ട് തന്നെ വ്യവസ്ഥാപിതമായ കാഴ്ച ശീലങ്ങളോടും സിനിമാ താളങ്ങളോടും അതിയായ ശീലപ്പെടൽ വന്നവരിൽ നിന്ന് സിനിമ ദൂരം പാലിക്കുന്നു. ഒരു മാസ്സ് മസാല പടത്തിന്റെ തീയറ്റർ കാഴ്ച അല്ല ഇ മ യൌ. പക്ഷെ പൂർണമായും തീയറ്റർ അനുഭവം ആവശ്യപ്പെടുന്ന ഒന്നുമാണ്. ഒരു മരണ വീട്ടിൽ എന്തൊക്കെയുണ്ടാവാം? അലറിക്കരച്ചിലുകൾ, അടക്കം പറച്ചിലുകൾ, ഓടിപ്പായലുകൾ, അന്വേഷണങ്ങൾ..ചിലർ ഉറക്കെ പതം പറഞ്ഞും മറ്റു ചിലർ എല്ലാം അടക്കി ഓടി നടന്നും ഒരു മരണത്തെ അതിജീവിക്കുന്നു. ഈ അതിജീവന ശ്രമങ്ങളുടെ ഇടയിൽ എവിടെയൊക്കെയോ ആണ് ഈ മ യൌവിന്‍റെ കഥ നടക്കുന്നത്.

ഈ.മ.യൗ; ഇപ്പൊഴേ പുറത്തു പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്- ലിജോ ജോസ് പെല്ലിശ്ശേരി/അഭിമുഖം

ഒരു പരമ്പരാഗത മരണ വീട് എങ്ങനെയിരിക്കും, ആ അന്തരീക്ഷത്തെ പൂർണമായ അർത്ഥത്തിൽ കാണികൾക്ക് മുന്നിലെത്തിക്കുകയാണ് ഈ മ യൌ. കടലിരമ്പം ആണ് ഏതാണ്ട് മുഴുവൻ സമയ പശ്ചാത്തല സംഗീതം. മഴ പെയ്യുന്നുണ്ട്. എപ്പോഴൊക്കെയോ ക്ലാരനെറ്റിന്റെ ഈണം പാതി മുറിഞ്ഞു കേൾക്കുന്നുണ്ട്. സ്ത്രീകൾ അലറിക്കരയുന്നുണ്ട്. നിശ്ശബ്ദരാകുന്നവർ ഉണ്ട്. ഇതിനിടയിൽ എവിടെയൊക്കെയോ ഇരുന്നു ആ മരണത്തിന്റെ, മരിച്ച ആളുടെ, അയാളുടെ ബന്ധുക്കളുടെ ‘പിഴപ്പ്’ പറയുന്നവർ ഉണ്ട്. കുഴഞ്ഞു വീണ മരണത്തെ കൊലപാതകമാക്കി ഹരം കൊള്ളുന്നവരും, മറ്റൊരാളുടെ ദുരന്തത്തിൽ സന്തോഷിക്കാനായി അവിടെ എത്തുന്നവരും നിറഞ്ഞ ഒരിടം കൂടിയാണ് മരണ വീട്. ഇത്തരം ആക്ഷേപ ഹാസ്യങ്ങളുടെ ഒരു ഇടം കൂടിയാണ് ഈ മ യൌ. കുറ്റവും കുറവും അന്വേഷിക്കാൻ മരണ വീട്ടിൽ എത്തുന്ന നാട്ടുകാരുടെ കൂട്ടത്തിൽ ആണ് പ്രേക്ഷകരുടെയും സ്ഥാനം. ഇടയ്ക്കു നമ്മൾ കണ്ട, അനുഭവിച്ച മരണ വീടുകളിൽ കൊണ്ട് ചെന്നെത്തിച്ചും ഇടയ്ക്കു അവിടെ നിന്ന് ദൂരത്ത് നിർത്തിയും ആണ് ഈ മ യൌ നമ്മൾ അനുഭവിക്കുന്നത്. അപ്പന് വാക്ക് കൊടുത്ത മരണ സ്വപ്നങ്ങളിൽ ഒന്ന് പോലും പാലിക്കാൻ പറ്റാത്ത ഈശ്ശിയെ കണ്ടു സങ്കടപ്പെടുന്ന, അത്ഭുതപ്പെടുന്ന, നിസംഗരാകുന്ന നാട്ടുകാർ ആകുന്നു നമ്മൾ. നമ്മളും അവിടെ ഉള്ള കുറ്റങ്ങളും കുറവുകളും എണ്ണുന്നു, ചിലപ്പോൾ സഹതപിക്കുന്നു, ചിലപ്പോൾ ദൂരേക്ക് മാറി നിന്ന് നോക്കുന്നു.

ഒരു സിനിമ ഇന്റർനാഷണൽ ആകുന്നത് കണ്ടു പരിചയിച്ച വളരെ പ്രാദേശികമായ ഇടങ്ങളിൽ നിന്ന് കഥ പറയുമ്പോളാണെന്നു അങ്കമാലി ഡയറീസിലൂടെ തെളിയിച്ച ആളാണ് ലിജോ ജോസ് പല്ലിശേരി. ഈ മ യൌവിലും ആ പ്രാദേശികതയുടെ അംശങ്ങൾ ഉണ്ട്. പാവപ്പെട്ട രോഗിക്ക് വേണ്ടി പാട്ടു പാടി പണം പിരിക്കുന്ന വഴിയോര കാഴ്ചയും, നമ്മുടെ ബോധ്യത്തിനപ്പുറം ജീവിക്കുന്നവളെ ‘പറവെടിയാ’ എന്ന് അടക്കം പറഞ്ഞു തൃപ്തിയടയുന്ന മനുഷ്യരും മലയാളി കാഴ്ചകളാണ്. മാജിക്കൽ റിയലിസത്തിന്റെയും മെറ്റാഫിസിക്കൽ കാഴ്ചകളുടെയും അപ്പുറം മുഴുവനായും ഒരു മലയാളി മരണമാണ് സിനിമയിൽ ഉള്ളത്. സിനിമയിൽ വില്ലൻ സ്വഭാവമുള്ള വികാരിയച്ചനെ നായകൻ അടിച്ചിടുന്നുണ്ട്. ഒട്ടും മാസ് ഹീറോയിസത്തിൽ ഊന്നിയ ഒരു കാഴ്ച അല്ല അത്. നിസ്സഹായതയുടെ പാരമ്യത്തിൽ ഒരാൾ ചെയ്തു പോകുന്നതാണ്. ആക്ഷൻ സിനിമകളിലെ പഞ്ച് നായകന്മാർക്ക് വികാരിയച്ചൻ വില്ലൻ ആകാറുണ്ട്. സകല തിന്മയും നിറഞ്ഞ ഈ വികാരിയച്ചൻ പക്ഷെ വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ്.

അച്ചനും ഈശിക്കും അയ്യപ്പനും വാവച്ചനും പ്രാഞ്ചിക്കും ഉള്ള സ്വഭാവ തുടർച്ചകൾ സ്ത്രീ കഥാപാത്രങ്ങൾക്കില്ല. പോളി വത്സന്റെ പെണ്ണമ്മയും മകന്റെ ഭാര്യ ആയ സബിയത്തും തമ്മിൽ ആദ്യ പകുതിയിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. എല്ലാ വ്യവസ്ഥാപിത സിനിമാ പൊതുബോധ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന ഒന്ന്. പക്ഷെ പെട്ടന്ന് യാതൊരു കാരണവും ഇല്ലാതെ അവർക്കിടയിലേക്ക് പോരിന്റെയും മത്സരത്തിന്റെയും അംശങ്ങൾ കൊണ്ട് വരുന്നു. സബിയത്ത് എന്ന എല്ലാവരെയും മനസിലാക്കുന്ന ഭാര്യയും മകളും നാത്തൂനും മരുമകളും ഒക്കെ ആയവൾ സ്വർണം പോയതിൽ ഖേദിക്കുന്നു. ഈ കഥാപാത്ര നിർമിതികളിൽ സിനിമ പൊതുബോധത്തോട് ചേർന്ന് പോകുന്നു. ഈ പ്രസ്തുത പാത്ര സൃഷ്ടികളിലെ സ്ത്രീ വിരുദ്ധകൾക്കും ഉപരിയായി ഇത്ര സൂക്ഷ്മമായി എടുത്ത സിനിമയിൽ കഥാപാത്ര സ്വഭാവ തുടർച്ച അഥവാ കറക്റ്റർ പ്രോഗ്രെഷൻ എവിടെ പോയി എന്ന് അത്ഭുതം തോന്നുന്നു. സൂക്ഷ്മമായ മേക്കിങ്ങും അതിസൂക്ഷ്മമായ തിരക്കഥയും ഉള്ള ഒരു സിനിമ ആയതുകൊണ്ട് തന്നെ വ്യക്തമായി ഈ സംശയം ചോദിക്കണം എന്ന് തോന്നുന്നു.

ശബ്ദങ്ങൾ കൊണ്ട് ഇത്രയധികം സംവദിക്കപ്പെട്ട മലയാള സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കടലിരമ്പത്തിന്റെ, ആർത്തിരമ്പുന്ന മഴയുടെ, അലറിക്കരച്ചിലുകളുടെ ഒക്കെ ഈണം കൂടിയാണ് ഈ മ യൌ. സിനിമയുടെ ഇടവേളയിലും അവസാനത്തിലും നമ്മയുടെ കാതുകളിൽ ബാക്കിയാകുന്ന കടലിരമ്പവും മരണത്തിന്റെ ചൂളം വിളിയും കൂടിയാണ് ഈ മ യൌ. അതുകൊണ്ട് തന്നെ ലിജോ ജോസ് പല്ലിശേരിയുടെയും പി എഫ് മാത്യൂസിന്റെയും എന്ന പോലെ തന്നെ രംഗനാഥ് രവിയുടെ കൂടി സിനിമ ആണിത്. സിനിമക്ക് കിട്ടിയ ഏറ്റവും അർഹിക്കുന്ന അവാർഡ് രംഗനാഥ് രവിക്ക് കിട്ടിയതാണ്. ഷൈജു ഖാലിദിന്റെ ക്യാമറയും കയ്യടി അർഹിക്കുന്നു. ചിലപ്പോഴൊക്കെ രാത്രി ഇരുട്ടിന്റെ നിറമില്ലായ്മ കൂടി ആണ് സിനിമ എന്ന് പറയുന്നു ഷൈജുവിന്റെ കാമറ. ചലനങ്ങൾ ഇല്ലായ്മയുടെ കൂടി ആണ് സിനിമ കാണികളോട് സംവദിക്കുന്നത് എന്ന് ഷൈജുവിന്റെ കാമറ പറയുന്നു. ദീപു ജോസഫിന്റെ എഡിറ്റിങ്ങും പ്രശാന്ത് പിള്ളയുടെ സംഗീതവും കൂടി ചേർന്ന് സിനിമയെ പൂർത്തിയാക്കുന്നു. പി എഫ് മാത്യൂസിന്റെ ചാവുനിലവും ഇരുട്ടിൽ ഒരു പുണ്യാളനും വായിച്ചതിന്റെ തുടർച്ചാനുഭവം കൂടി തരുന്നു ഈ മ യൌ. സിനിമയിലെ താരങ്ങൾ എല്ലാം ചേർന്ന് മരണവീട്ടിൽ ഒരു രാത്രിയും പകലും ജീവിച്ചു തീർത്തു. വിനായകനും ചെമ്പൻ വിനോദും ദിലീഷ് പോത്തനും കൈനകരി തങ്കരാജും ഒക്കെ ചേർന്ന് ഉണ്ടാക്കുന്ന അന്തരീക്ഷം ആണ് സിനിമയുടെ ആത്മാവ്. വളരെ സജീവമായി തുടങ്ങിയ പോളി വത്സന്റെ പെണ്ണമ്മ മാത്രം പിന്നീട് ഏകതാനമായി ഒതുങ്ങിപ്പോയ പോലെ തോന്നി.

സിനിമ എന്നത് കാഴ്ച ശീലങ്ങളെ അട്ടിമറിക്കുന്ന ക്രാഫ്റ്റ് ആണ് എന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി എത്തിയ സിനിമ ആണ് ഈ മ യൌ. മരണം ഒരു അസംബന്ധ ജനനം ആണെന്ന സാർത്രിന്റെ, മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന എം ടി യുടെ ഒക്കെ ഒറ്റ വാചകങ്ങൾ ഒരു സിനിമ ആക്കിയാൽ എങ്ങനെ ഉണ്ടാകുമെന്നറിയാൻ ആഗ്രഹിക്കുന്നവരെയും സിനിമ തൃപ്തിപ്പെടുത്തിയേക്കാം. തിയറ്റർ കാഴ്ച മാത്രമാണ് ഈ മ യൌവിന്‍റെ പൂർണമായ കാഴ്ചയും അനുഭവവും എന്ന് മാത്രം ഓർമിപ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അകലമില്ലാത്ത സാക്ഷികള്‍; ഈ.മ.യൗവിന്റെ കഥാകാരന്‍ പി എഫ് മാത്യൂസ്/അഭിമുഖം

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍