ത്രില്ലർ സ്വഭാവം ആദ്യ രംഗം മുതൽ അവസാന രംഗം വരെ നിലനിർത്താനും ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്
സ്നേഹ ബന്ധങ്ങളുടെ ആർദ്രതയും എവിടെയോ പോയി മറയുന്ന സത്യസന്ധതയുടെ ഓർമപ്പെടുത്തലുമാണ് ഒരു കെ. കെ.രാജീവ് ചിത്രമായ ‘എവിടെ ‘. അച്ഛനും അമ്മയും കണ്ടിരിക്കേണ്ട ചിത്രം. തീർച്ചയായും മക്കളെ കാണിച്ചിരിക്കേണ്ട ചിത്രം. ഒറ്റ വാക്കിൽ എവിടെ സിനിമയെ ഇങ്ങനെ വായിച്ചെടുക്കാം.
ഒന്നര മാസം മുൻപ് കാണാതായ തന്റെ ഭർത്താവ് സഖറിയയെ തേടിയുള്ള ജെസിയുടെ യാത്രയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ത്രില്ലർ സ്വഭാവം ആദ്യ രംഗം മുതൽ അവസാന രംഗം വരെ നിലനിർത്താനും ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഒട്ടും മുഷിപ്പിക്കാതെ പുതിയ കാലഘട്ടത്തിന്റെ കഥയെ ഹൃദ്യമായി അവതരിപ്പിക്കുകയാണ് എവിടെ.
വലിച്ചു നീട്ടലുകളില്ലാതെ ആദ്യ രംഗം മുതൽ കഥ ആരംഭിക്കുകയാണ്. ഡ്രംസ് പ്ലയറായ സഖറിയയെ കാണാതായിട്ട് ഒന്നര മാസമായി. കാണാനില്ലെന്ന പരാതിയുമായി ഭാര്യയായ ജെസി പൊലീസ് സ്റ്റേഷനിലെത്തുന്നു. ഇതോടെ സഖറിയ എവിടെയാണ് എന്ന ജെസിയുടെ ആകുലതകളെ പ്രേക്ഷകരും നെഞ്ചിലേറ്റുന്നു. തുടർന്ന് ഭർത്താവിനെ അന്വേഷിച്ചുള്ള ജെസിയുടെയും, സഖറിയയുടെയും യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്കിടയിൽ സ്നേഹ ബന്ധങ്ങളുടെ ആഴവും മാതൃത്വത്തിന്റെ മഹത്വവുമൊക്കെ ചിത്രം പ്രേക്ഷകന് തിയറ്റർ വിട്ടിറങ്ങുമ്പോൾ അനുഭവിച്ചറിയാം. ലഹരിയ്ക്കെതിരായ വലിയൊരു ബോധവത്ക്കരണം കൂടിയാണ് ഈ ചിത്രം.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ കെ.കെ. രാജീവ് ബിഗ് സ്ക്രീനിലും തന്റെ പേര് നില നിർത്തുകയാണ് എവിടെയിലൂടെ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ചോർന്നു പോകാതെയും ആദ്യാവസാനം ആകാംക്ഷ നില നിർത്തി കഥ പറയാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കൃത്രിമത്വം കലരാതെ ഓരോ കഥാപാത്രങ്ങളെയും അച്ചടക്കത്തോടെ കൈകാര്യം ചെയ്യാനും സംവിധായകനു സാധിച്ചു എന്നതിൽ അഭിമാനിക്കാം.
ജെസിയുടെ മാനസിക സംഘർഷങ്ങളെ ചെറുചലനങ്ങളിലൂടെ പൂർണതയിൽ എത്തിക്കാൻ ആശാ ശരത്തിനും കഴിഞ്ഞിട്ടുണ്ട്. ആശാ ശരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം കൂടിയാണ് എവിടെ. ജെസിയുടെ യാത്രയിൽ താങ്ങും തണലുമാകുന്ന കുട്ടിച്ചനായി വേഷമിട്ട പ്രേം പ്രകാശും പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നുണ്ട്.
ആദ്യ പകുതിക്ക് ശേഷം ഡ്രൈവർ വേഷത്തിലെത്തുന്ന സുരാജിന്റെ ഇരുത്തം വന്ന പ്രകടനവും എവിടെയിൽ കാണാം. ജെസിയുടെ മകനായ തൊമ്മിയായി വേഷമിടുന്ന ഷിബിൻ ബെൻസണും എസ്.ഐ വേഷത്തിൽ എത്തുന്ന ബൈജു സന്തോഷും മികച്ച അഭിനയം കാഴ്ചവെച്ചു.
ഹോളിഡേ മൂവീസിന്റെ ബാനറിൽ ജൂബിലി പ്രൊഡക്‌ഷൻസ്, പ്രകാശ് മൂവി ടോൺ, മാരുതി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കാലഘട്ടം ആവശ്യപ്പെടുന്ന കഥയെ വലിച്ചു നീട്ടലുകൾ ഇല്ലാതെ പറയാൻ പതിവുപോലെ കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. സി. കൃഷ്ണനാണ് തിരക്കഥ. ചിത്രം ആവശ്യപ്പെടുന്ന മൂഡിനെ ചോർത്തി കളയാതെ ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകൻ നൗഷാദ് ഷെരീഫിനും കഴിഞ്ഞിട്ടുണ്ട്. ഔസേപ്പച്ചന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു.
Read More: കുഴിമടിയന്മാരായ ബഡക്കൂസുകൾക്ക് പറ്റിയ സാഹിത്യപ്പണി ചെയ്ത സുൽത്താൻ: ഇന്ന് ബഷീറിന്റെ 25ാം ചരമവാർഷികം