UPDATES

സിനിമ

ഉണ്ണികൃഷ്ണന്‍ ഒടുവില്‍ സമ്മതിച്ചു, വില്ലന്‍മാര്‍ ആരാധകരാണ്

ജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ നേരിടാം. മാറ്റമുണ്ടാകും മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും

13 ആം വയസില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച ഉണ്ണികൃഷ്ണന്‍ 21 ആം വയസില്‍ കെ പി അപ്പനെ വിമര്‍ശിച്ച് ലേഖനം എഴുതി. ലേഖനം വായിച്ച അപ്പന്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് നേരില്‍ കാണണം എന്നാവശ്യപ്പെടുകയും അതുപ്രകാരം പത്തനംതിട്ടയില്‍ നിന്നും ബസ് കയറി കൊല്ലത്ത് അപ്പന്റെ വീട്ടിലെത്തി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തെ കാണുകയും ചെയ്തു. ചായ കുടിപ്പിച്ച്, പുസ്തകങ്ങള്‍ സമ്മാനം കൊടുത്ത് അപ്പന്‍, തന്നെ വിമര്‍ശിച്ചെഴുതിയ ഉണ്ണികൃഷ്ണനെ മിടുക്കന്‍ എന്നാണ് വിളിച്ചാണ് മടക്കിയയച്ചത്.

ബൂര്‍ഷ്വയാകരുതെന്ന് 13 ആം  വയസില്‍ വായിച്ചു മനസിലാക്കിയ, വിമര്‍ശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് 21 ആം വയസില്‍ കണ്ടു മനസിലാക്കിയ ബി ഉണ്ണികൃഷ്ണന്‍, ധൈഷണിക ജീവിതങ്ങളുമായി പരിചയപ്പെട്ട്, കൊമ്പുള്ള, കൊമ്പുകോര്‍ക്കുന്ന സൗഹൃദങ്ങളെ ഇഷ്ടപ്പെട്ട് ഇവിടെ വരെ വളര്‍ന്നു വന്നു നില്‍ക്കുന്ന ഒരു കലാകാരനാണ്.

അങ്ങനെയുള്ള ഉണ്ണികൃഷ്ണന്‍ തന്റെ സിനിമക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ, പറയുന്നത് മുഴുവന്‍ പതിരല്ലെങ്കില്‍ പോലും, നേരിടുന്ന വിധം അദ്ദേഹത്തിന്റെ ബൌദ്ധിക പശ്ചാത്തലത്തിന് അത്രകണ്ട് യോജിക്കുന്നതാണോ എന്ന് സംശയമുണ്ട്.

ഭാസ്‌കര പിള്ളയെന്ന അതീവ സമ്പന്നനായ പിതാവിന്റെ ഒരേയൊരു മകന് സിനിമ ജീവിതമാര്‍ഗമൊന്നും അല്ല, ഒരു വീടുപോലും സിനിമയിലെ പണം ഉപയോഗിച്ച് വാങ്ങിയിട്ടില്ല. ആര്‍പ്പൂക്കര വരെ സൈക്കിള്‍ ചവിട്ടിപ്പോയി ത്രൂഫോയുടെ സിനിമ കണ്ടിട്ടുള്ള ബാല്യമാണുള്ളത്. പണം ഉണ്ടാക്കാനല്ലാതെ, ഫിലിം സൊസൈറ്റികളുടെ സ്വാധീനത്തില്‍ വളര്‍ന്ന്, വായനയുടെയും അതിലൂടെയുണ്ടായ ധിഷണാവൈഭത്തിന്റെ പ്രചോദനത്തില്‍ ചലച്ചിത്ര സൃഷ്ടാവായി മാറിയ ഉണ്ണികൃഷ്ണന്‍, സ്വയം മഹത്തരമെന്ന് കരുതുന്ന വില്ലന്‍ എന്ന തന്റെ ചിത്രത്തിനെതിരേ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ അത്രകണ്ട് സഹിഷ്ണുതയോടെ സ്വീകരിക്കുന്നില്ലെന്നു കാണുമ്പോള്‍, അത്ഭുതം തോന്നുന്നു.

ഉണ്ണികൃഷ്ണന്‍ തന്റെ സിനിമയുടെ വില്ലന്മാരായി കാണുന്നത് ആരാധകരെയും, മാധ്യമങ്ങളെയുമാണ്. ഒരു കൂട്ടര്‍ തങ്ങളുടെ ആരാധ്യതാരങ്ങളുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്യുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ പണത്തിനു വേണ്ടി അതിക്രമം കാണിക്കുന്നു. ഇവ രണ്ടും ഒരേപോലെ തന്റെ സിനിമയെ ദ്രോഹിക്കുന്നു എന്നതാണ് ഉണ്ണികൃഷ്ണന്റെ പ്രതിഷേധം.

"</p

സിനിമയെ തകര്‍ക്കുന്ന ആരാധാകര്‍; ശരിയാണ് ആ നിരീക്ഷണം. ആ വെട്ടുകിളികള്‍ നല്ല വിളകളെ പോലും നശിപ്പിക്കുകയാണ്. അവയുടെ കലപിലകളും കൊത്തിക്കീറലുകളും കൊണ്ട് സിനിമകളേയും നടന്മാരെയും വെറുത്തു പോവുകയാണ്. ഒരു കുലത്തിന് അന്ത്യമുണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും തമ്മില്‍ത്തല്ലി ഒടുങ്ങിയ യാദവന്മാരെ പോലെയാണവര്‍. സോഷ്യല്‍ മീഡിയ എന്നൊരു അരങ്ങ് കൂടി കിട്ടിയതോടെ അവര്‍ കൂടുതല്‍ അപകടകാരികളായി.

കോടികളുടെ കളക്ഷനല്ല, നല്ല സിനിമയുടെ അളവുകോലെന്ന് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആരാധകരോട് പറയണം; ബി ഉണ്ണികൃഷ്ണന്‍

ഇലചുരുട്ടി പുഴുക്കളെന്നോ, തേയിലക്കൊതുകുകളെന്നോ ഒക്കെ വിളിക്കേണ്ടി വരുന്ന ഈ ആരാധകരെ ആരാണ് സൃഷ്ടിച്ചത്? അതാണ് ഉണ്ണികൃഷ്ണനോട് ചോദിക്കാനുള്ളത്. ഉണ്ണികൃഷ്ണനോട് മാത്രമുള്ള ചോദ്യമല്ല, എന്നാല്‍ അദ്ദേഹത്തിനും മറുപടി പറയാന്‍ ബാധ്യത ഉണ്ട്. അഭിനേതാക്കളില്‍ നിന്നും താരങ്ങളെയും അതില്‍ നിന്നു സൂപ്പര്‍-മെഗാതാരങ്ങളെയും സൃഷ്ടിച്ചെടുത്തതുപോലെയാണ് ആസ്വാദകരില്‍ നിന്നും ആരാധകരും അവരില്‍ നിന്നും ഫാന്‍സ് അസോസിയേഷനുകളും ഉണ്ടാക്കപ്പെടുന്നത്. വിത്തിട്ടതാരാണെങ്കിലും വളമിട്ട് വെള്ളമൊഴിച്ച് വളര്‍ത്തിയത് സിനിമാക്കാര്‍ തന്നെയാണ്.

താരശരീരങ്ങളുടെ സംരക്ഷകരോട്; ദുല്‍ഖറിന്റെ പ്രായമല്ല മമ്മൂട്ടിക്ക്

ആരാധകര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട സിനിമകള്‍, ആരാധകര്‍ക്ക് വേണ്ടി മാത്രമായി ഷോ ടൈമുകള്‍, അങ്ങനെ ആരാധകര്‍ക്കു മാത്രമായി എന്തെല്ലാം… ആരാധകര്‍ക്ക് ഫസ്റ്റ് ഡേ കളക്ഷനെ കുറിച്ച് പറഞ്ഞു കൊടുത്തതും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഹൗസ് ഫുള്‍ ആക്കണമെന്ന് ആഹ്വാനം ചെയ്തതും ബ്ലോക്ക് ഓഫീസ് റെക്കോര്‍ഡ് വേണമെന്ന് വാശിപിടിപ്പിച്ചതുമെല്ലാം ആരാണ്? ഒന്നോര്‍ക്കണം, മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകളെക്കാള്‍ ഇരട്ടിയുണ്ട് ഇവിടെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഇഷ്ടപ്പെടുന്ന സാധാരണ സിനിമാസ്വാദകര്‍. അവരെക്കൂടി ഈ നടന്മാരുടെയെല്ലാം ശത്രുക്കളാക്കുന്ന തരം പ്രവര്‍ത്തികളാണ് ഉണ്ടാകുന്നത്. മമ്മൂട്ടിയോ വലുത് മോഹന്‍ലാലോ? മമ്മൂട്ടിക്കോ ഇന്‍ഡസ്ട്രി ഹിറ്റ് കൂടുതല്‍ മോഹന്‍ലാലിനോ, ട്വന്റി-20 സിനിമയില്‍ നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ, ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡ് മമ്മൂട്ടിക്കോ മോഹന്‍ലാലോ എന്നു തുടങ്ങി എന്തൊക്കെ തര്‍ക്കങ്ങള്‍. എട്ടനും ഇക്കായ്ക്കും വേണ്ടി തുടങ്ങി ഇപ്പോള്‍ കുഞ്ഞിക്കായ്ക്കും കുഞ്ഞേട്ടനും ഒക്കെ വേണ്ടി ഗീര്‍വാണങ്ങള്‍ അടിക്കുന്നതിനൊപ്പം ആരൊരാള്‍, അതാരായാലും സ്ത്രീയായാലും തങ്ങളുടെ താരങ്ങള്‍ക്കെതിരേ പറഞ്ഞുപോയാല്‍, വായില്‍ തോന്നുന്നതെന്തും വിളിച്ചു പറഞ്ഞ് കരയിപ്പിച്ച് മാപ്പ് പറയിപ്പിക്കാനുമൊക്കെ സമയം കണ്ടെത്തുന്ന ആരാധകരെ അടക്കി നിര്‍ത്താന്‍ ആരെക്കൊണ്ട് സാധിക്കാന്‍?ശരിക്കും ഉണ്ണികൃഷ്ണന്‍ സൂപ്പര്‍ താരങ്ങളോട് പറയേണ്ടത് ആരാധകരെ ഉപദേശിച്ചു നേരെയാക്കാനല്ല, സ്വയം മാറാനാണ്.

ഉണ്ണികൃഷ്ണന്‍ ഈ തമിഴ് സിനിമകള്‍ കണ്ടിട്ടുണ്ടോ?

ആരാധകരെ എതിര്‍ക്കേണ്ടി വരുമ്പോള്‍ പോലും ഉണ്ണികൃഷ്ണനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന സിനിമകളുടെ വിപണനസാധ്യതകള്‍ ഇതേ ആരാധകരില്‍ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമ ചെയ്യുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞത് ഇത് വലിയ മുതല്‍മുടക്കുള്ള ചിത്രമാണെന്നും വലിയ തുക മാര്‍ക്കറ്റില്‍ നിന്നും പിരിഞ്ഞു കിട്ടേണ്ടതുണ്ടെന്നുമാണ്. തന്റെ കൈയിലുള്ള ക്യാപിറ്റല്‍ മലയാളം കണ്ട ഏറ്റവും വലിയ താരമായ മോഹന്‍ലാല്‍ ആണെന്നും ലാലിന്റെ ജനപ്രീയത മുതലാക്കി പ്രേക്ഷകര്‍ക്കൊരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ഒരുക്കുകയാണ് ചെയ്യുന്നതെന്നുമാണ്. അന്ന് ഉണ്ണികൃഷ്ണനു വേണ്ടിയിരുന്ന ആരാധകരെയാണ് ഇന്ന് തള്ളിപ്പറയുന്നത്. താരങ്ങളെ ഉപയോഗിച്ചുള്ള എന്റര്‍ടെയ്ന്‍മെന്റ് പാക്കേജുകള്‍ പ്രേക്ഷകന് നല്‍കി, വിപണിയില്‍ നിന്നും ലാഭം നേടിക്കൊണ്ടിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ സ്വഭാവം മാറ്റിയാല്‍ അത് തിരിച്ചറിയാനുള്ള ധിഷണാബോധമൊക്കെ ആരാധകര്‍ക്കുണ്ടാകണമെന്നില്ല. അവര്‍ മിസ്റ്റര്‍ ഫ്രോഡ് എടുത്ത ഉണ്ണികൃഷ്ണന്‍ തന്നെയാകും വില്ലന്‍ എടുക്കുകയെന്നും വിശ്വസിക്കും. അവരെ അങ്ങനെ സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്

വില്ലന് മാധ്യമങ്ങള്‍ വില്ലനാകുന്നുവെന്നു ഉണ്ണികൃഷ്ണന്‍; പണം നല്‍കാത്തതിനാല്‍ മോശം റിവ്യു എഴുതുന്നുവെന്ന് ആരോപണം

"</p

വില്ലന്‍ പോലും, അതൊരു ക്ലാസ് മൂവി ആണെങ്കിലും വിപണി സാധ്യതകള്‍ കണ്ട് ഒരുക്കിയ ചിത്രമാണ്. മോഹന്‍ലാല്‍ എന്ന മികച്ച നടനൊപ്പം ഏറ്റവും വിലപിടിപ്പുള്ള താരത്തെയും ഉണ്ണികൃഷ്ണന്‍ ഉപയോഗിച്ചിരുന്നല്ലോ. വിശാല്‍, ഹന്‍സിക, ശ്രീകാന്ത് എന്നീ മറുഭാഷ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത്(വില്ലനിലെ അവരുടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മറ്റ് ഓപ്ഷനുകളൊന്നും ഇല്ലെന്നു പറഞ്ഞേക്കരുത്) മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്ന കോളിവുഡ്, ടോളിവുഡ് മാര്‍ക്കറ്റുകള്‍ ലക്ഷ്യം വച്ചു തന്നെയാണ്. ഉണ്ണികൃഷ്ണന്‍ തന്നെ സമ്മതിക്കുന്ന കാര്യം. ക്ലാസ് ആയാലും അതൊരു ബിസിനസ് പാക്കേജ് ആയി സെറ്റ് ചെയ്താല്‍ മാര്‍ക്കറ്റിന്റെ താത്പര്യത്തിനു വിരുദ്ധമായി പോയാല്‍ പരാജയപ്പെടും. സിനിമകളില്‍ മാറ്റം കൊണ്ടുവരുമ്പോള്‍ അത് വില്‍ക്കേണ്ട മാര്‍ക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിക്കണം. ഏതുതരം സ്വഭാവമാണോ പ്രകടിപ്പിക്കുന്നത്, അത് ഉണ്ടാക്കി കൊടുത്തത് ഉണ്ണികൃഷ്ണനെ പോലുള്ളവരാണ്. ഒരു ദിവസം പെട്ടെന്ന് അതു മാറ്റാന്‍ കഴിയണമെന്നില്ല, ഉണ്ണികൃഷ്ണനെ, രഞ്ജിത്തിനെ പോലുള്ളവരൊക്കെ നേരിടുന്ന പ്രതിസന്ധികള്‍ അതാണ്. നിങ്ങളിപ്പോള്‍ ക്ലാസ് സിനിമകള്‍ എടുക്കുന്നു, അതുകൊണ്ടു ചെല്ലേണ്ടത് മാസിന്റെ അടുത്തും; മാടമ്പിമാരെയും തമ്പുരാക്കന്മാരെയുമൊക്കെ കാത്തിരിക്കുന്ന മാസിന്റെയടുത്ത്. പഴയ പിഴവുകളൊക്കെയോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ടു കാര്യമുണ്ടോ?

കെ പി അപ്പനെ പോലെ ആകണമെന്ന് പറയില്ല, എങ്കിലും അല്‍പ്പം ജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ നേരിടാം. മാറ്റമുണ്ടാകും മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും…ഫാന്‍സ് അസോസിയേഷനുകളെല്ലാം പിരിച്ചു വിടപ്പെട്ട, താരരാജാക്കന്മാര്‍ സിംഹാസനങ്ങളൊഴിഞ്ഞ, മലയാള സിനിമയുടെ ആ നല്ല നാളേയ്ക്കായി കാത്തിരിക്കാം…അതിനിടയില്‍ താങ്കളുടെ നേര്‍ക്കു വരുന്ന കൊമ്പുള്ള, കൊമ്പുകോര്‍ക്കുന്നവരോട് സൗഹൃദം പുലര്‍ത്തുക…

കൂടുതലൊന്നും വേണ്ട, ഒരു മിനിമം ‘മാസ്’, ‘ക്ലാസ്’ ഞങ്ങളും പ്രതീക്ഷിക്കില്ലേ ഉണ്ണികൃഷ്ണന്‍ സാറേ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍