UPDATES

സിനിമാ വാര്‍ത്തകള്‍

മോഷ്ടിക്കുമ്പോള്‍ മര്യാദയ്ക്ക് മോഷ്ടിച്ചൂടേ? പ്രഭാസ് ചിത്രം സഹോയ്‌ക്കെതിരേ വിമര്‍ശനവുമായി ഫ്രഞ്ച് സംവിധായകന്‍

സഹോയ്‌ക്കെതിരേ വിമര്‍ശമനവുമായി രംഗത്തു വരുന്ന ആദ്യത്തേയാള്‍ അല്ല സാലേ

പ്രഭാസ് നായകനായി എത്തിയ സഹോ തന്റെ സിനിമയുടെ മോഷണമാണെന്ന ആരോപണവുമായി പ്രമുഖ ഫ്രഞ്ച് സംവിധായകന്‍ ഴെഹോമെ സാല. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് പരിഹാസരൂപേണയുള്ള വിമര്‍ശനവുമായി സാല രംഗത്തു വന്നത്. 2008 ല്‍ റിലീസ് ചെയ്ത തന്റെ ലാര്‍ഗോ വിഞ്ച് എന്ന സിനിമ കോപ്പിയടിച്ചാണ് സഹോ ചെയ്തിരിക്കുന്നതെന്നാണ് സാലയുടെ ആരോപണം. സഹോ കണ്ട ഇന്ത്യന്‍ പ്രേക്ഷകര്‍ സാലയെ ടാഗ് ചെയ്ത് ഇത് നിങ്ങളുടെ സിനിമ തന്നെയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് രസകരമായ കമന്റുമായി ഫ്രഞ്ച് സംവിധായകനും രംഗത്ത് വന്നത്. ‘ഇന്ത്യയില്‍ ഇനിക്ക് ഭാവിയുള്ളൊരു കരിയര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു’ എന്നായിരുന്നു സാലയുടെ ആദ്യ ട്വീറ്റ്. എന്നാല്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല അദ്ദേഹം, പിന്നാലെ വന്നു അടുത്ത കമന്റ്. എന്റെ ലാര്‍ഗോയുടെ രണ്ടാമത്തെ ‘ഫ്രീമേക്ക്’ ആയാണ് സാഹോ തോന്നുന്നത്. ആദ്യത്തേതിനേക്കാള്‍ മോശം. തെലുഗ് സംവിധായകാരെ, നിങ്ങള്‍ എന്റെ വര്‍ക്ക് മോഷ്ടിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് അത് മര്യാദയ്ക്ക് ചെയ്തൂകൂടെ?

സാലയുടെ ലാര്‍ഗോയുടെ പ്രമേയം വച്ചുകൊണ്ട് സഹോയ്ക്കു മുമ്പേ ഒരു തെലുഗ് ചിത്രം ഇറങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു രസം. അതുകൊണ്ടാണ് സാലേ, ‘രണ്ടാമത്തെ ഫ്രീമേക്ക്’ എന്ന പരിഹാസം ഉപയോഗിച്ചിരിക്കുന്നത്. 2018 ല്‍ ഇറങ്ങിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അജ്ഞാതവാസി എന്ന ചിത്രവും ലാര്‍ഗോ വിഞ്ച് തന്നെയാണെന്നാണ് പ്രേക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. പവന്‍ കല്യാണ്‍ നായകനായ ആ ചിത്രം പക്ഷേ സഹോയേക്കാള്‍ കൊള്ളാമായിരുന്നുവെന്നും പറയുന്നുണ്ട്.

സഹോയ്‌ക്കെതിരേ വിമര്‍ശമനവുമായി രംഗത്തു വരുന്ന ആദ്യത്തേയാള്‍ അല്ല സാലേ. നേരത്തെയും പല വിമര്‍ശനങ്ങളും പ്രഭാസ് ചിത്രത്തിനെതിരേ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്ന് അഭിനേത്രി ലിസ റേ നടത്തിയ പരാതി ആയിരുന്നു. പ്രശസ്ത ചിത്രകാരി ഷിലോ ശിവ് സുലേമാന്റെ ആര്‍ട്ട് വര്‍ക്ക് മോഷ്ടിച്ചാണ് സഹോയുടെ പോസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു ലിസ റേയുടെ ആക്ഷേപം.

ബാഹുബലി സിരീസിനു ശേഷം റിലീസ് ചെയ്യുന്ന പ്രഭാസ് ചിത്രമാണ് സാഹോ. 350 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമ വലിയ കാത്തിരിപ്പുകള്‍ക്കുശേഷമായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ തിയേറ്റര്‍ പ്രതികരണങ്ങള്‍ സഹോയ്ക്ക് അനുകൂലമായല്ല വരുന്നത്. അതേസമയം കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സഹോ കോടികള്‍ ഉണ്ടാക്കുന്നുവെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍