UPDATES

സിനിമ

മൊഴിമാറ്റമില്ല, പത്രപരസ്യമില്ല, പോസ്റ്റര്‍ പോലുമില്ല; തനിത്തെലുങ്കിൽ ഒരു പടം കേരളത്തില്‍ ഹിറ്റ്

ഗീതാ ഗോവിന്ദത്തിന്റെ വിജയം കേരളത്തിലെ തിയേറ്ററുകാരെയും വിതരണക്കാരനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്

ശൈലന്‍

ശൈലന്‍

ശങ്കരാഭരണത്തിന്റെ കാലം മുതൽ തന്നെ തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്ത് കേരളത്തിലെത്തുകയും മലയാളികളെ വലിയ തോതിൽ മലയാളികളെ ആകർഷിക്കുകയും ചെയ്യാറുണ്ട്. അല്ലു അർജുൻ എന്ന നടന്റെ കാലമെത്തുമ്പോഴേക്കും അത് പിടിവിട്ട ലെവലിലെത്തുകയും ബാഹുബലി സീരിസുകളിലൂടെ തെലുങ്ക് സിനിമ കേരളത്തിലെ തിയേറ്ററുകളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നത് നമ്മൾ അറിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെയും രാജ് മൗലിയുടെയും കൂടെ രാംചരൺ, മഹേഷ്ബാബു എന്നിവരും മലയാളികളുടെ തെലുങ്ക് സ്നേഹത്തിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കളാണ് എന്നും കാണാം. എന്നാൽ അപ്പോഴൊന്നും കണ്ടിട്ടില്ലാത്ത മറ്റൊരു പ്രതിഭാസമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഒരു തെലുങ്ക് സിനിമ യാതൊരു വിധ മൊഴിമാറ്റങ്ങളും സബ്ടൈറ്റിലുകളുമില്ലാതെ കേരളത്തിൽ ഉടനീളമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു‌-അത് അപ്രതീക്ഷിതമായ വിജയം നേടുകയും ചെയ്യുന്നു. ഗീതാ ആർട്സിന്റെ ‘ഗീതഗോവിന്ദം’.

രണ്ടാഴ്ച മുൻപ് ആന്ധ്രാപ്രദേശിലെയും തെലങ്കാനയും തിയേറ്ററുകളിൽ റിലീസ് ചെയ്ത ഗീതഗോവിന്ദം അവിടെ വൻ വിജയമായി മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. പത്രപരസ്യങ്ങളോ പോസ്റ്ററുകളോ ഒന്നുമില്ലാതെ ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിലും ഇന്നത്തെ സിനിമാ കോളത്തിലും കണ്ടതിന്റെ മാത്രം സൂചനയാൽ തിയേറ്ററിലെത്തിയപ്പോൾ ശരിക്കും ഞെട്ടി. മുക്കത്തെ പോലൊരു ചെറുകിട പട്ടണത്തിലെ റോസ് സിനി സെക്കന്റ് സ്ക്രീന്റെ ഹാൾ ഏകദേശം നിറഞ്ഞിരിക്കുന്നു. പ്രേക്ഷകരുടെ ഒരു കാര്യമേയ്.. സിനിമയുടെതായി ഒരു സിംഗിൾ പോസ്റ്റർ പോലും തിയേറ്ററിന്റെ മുന്നിലെങ്കിലും പ്രദർശിപ്പിക്കാതെയാണ് ഇത് എന്ന് ഒന്നും കൂടി ഓർക്കുക. ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ മാത്രം പേനകൊണ്ട് ഒരു വെള്ളക്കടസിൽ അത്ര വൃത്തിയില്ലാത്ത കയ്യക്ഷരത്തോടെ എഴുതി വച്ചതാണ് സിനിമയ്ക്കായുള്ള ഏക ഡെക്കറേഷൻ.

പരശുറാം സംവിധാനം ചെയ്തിരിക്കുന്ന ഗീതഗോവിന്ദത്തിൽ അർജുൻ റെഡ്ഡി ഫെയിം ദേവർകൊണ്ട വിജയ് ആണ് നായകൻ. അർജുൻ റെഡ്ഡിയിലൂടെ ടിയാൻ ടോറന്റ് വഴി നേടിയെടുത്ത കൾട്ട് ഹീറോ പദവി ഇവിടത്തെ യുവപ്രേക്ഷകരെയും നന്നായി സ്വാധീനിച്ചിരിക്കുന്നു എന്ന്‌ വേണം കരുതാൻ. സ്വാഭാവികമായും 25വയസിന് താഴെയുള്ള ചങ്കുകൾ തന്നെയായിരുന്നു ഭൂരിഭാഗവും.

സിനിമയെന്ന നിലയിൽ ഗീതഗോവിന്ദം ഒരു അസാമാന്യ സംഭവമൊന്നുമല്ല. സാധാരണമായ ഒരു പ്രണയത്തെ സോഫ്റ്റ് മൂഡിൽ രസകരമായി ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ.. ഒരു ദീർഘദൂര ബസ് യാത്രയിൽ ഒരേ സീറ്റിലാവുന്ന ഗോവിന്ദും ഗീതയും തമ്മിലുണ്ടാകുന്ന ബന്ധം നമ്മൾക്ക് തീർത്തും പരിചിതമായ വഴികളിലൂടെ തന്നെയാണ് മുന്നോട്ടുപോവുന്നത്. പരിചയപ്പെടൽ, തെറ്റിദ്ധാരണ, തെറ്റിദ്ധാരണ മാറ്റാനുള്ള വെപ്രാളങ്ങൾ, അതിനിടയിൽ ഉണ്ടായി വരുന്ന പ്രണയം, അതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, സ്വാഭാവികമായ മറികടക്കലുകൾ എന്നിങ്ങനെ ഒരു ലോലപാതയിലൂടെ ആരെയും ഒട്ടും വിഷമിപ്പിക്കാത്ത മട്ടിലാണ് സംവിധായകൻ പരശുറാം ഗീതഗോവിന്ദത്തെ മുന്നോട്ട് നയിക്കുന്നത്.

സംഗീതനിർഭരമായ ഗീതഗോവിന്ദത്തിന് മലയാളികളുമായുള്ള ഡയറക്റ്റ് ബന്ധമെന്താണെന്നു വച്ചാൽ നമ്മുടെ ഗോപീസുന്ദർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത് എന്നതാണ്. പാട്ടുകൾ മുൻപേതന്നെ യൂറ്റൂബ് വൈറലുകളായതും സിനിമയ്ക്കിവിടെ പ്രിയമേറാൻ കാരണമായിട്ടുണ്ടാവാം. അന്യഭാഷാ സംഗീതസംവിധായകർ മലയാളത്തിൽ വന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നത് പണ്ടു മുതലേ ഉള്ള ഒരു പ്രതിഭാസം ആണെങ്കിലും ഒരു മലയാളി പുറത്തുപോയി വെറ്റിക്കൊടി നാട്ടുന്നത് അത്ര സാധാരണയായ ഒരു വിഷയമല്ല എന്നതിനാൽ ഗോപി പുലി തന്നെ.

മാന്യനായി ജീവിക്കാനാഗ്രഹിക്കുകയും എന്നാൽ തെറ്റായ സാഹചര്യത്തിൽ അലവലാതിയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന യുവാവിന്റെ നിഷ്കളങ്കത തെളിയിക്കാനുള്ള പരാക്രമങ്ങളിൽ ദേവർകൊണ്ട വിജയ് സെയ്ഫ് ആയിരുന്നു. നായകന്റെ മേൽ ആദിമധ്യാന്തം ആധിപത്യം പുലർത്തുന്ന ഗീത എന്ന നായികയും രഷ്മിക എന്ന നടിയും പതിവ് തെലുങ്ക് ബബ്ബ്ലി ടൈപ്പ് തന്നെ. നായികയുടെ ജ്യേഷ്ഠൻ ആയി വരുന്ന സുബ്ബരാജ് ആണ് മറ്റൊരു ലീഡിംഗ് റോൾ ചെയ്യുന്നത്. നായികാ സഹോദരന്റെ ഗുണ്ടാ സെറ്റപ്പും ഉന്നതപോലീസ് ബന്ധങ്ങളും അപ്പാവിയായ നായകൻ അവയ്ക്കിടയിലൂടെ നൂൽക്കമ്പിയിലൂടെന്ന പോൽ നടന്നുപോകുന്നതുമൊക്കെ ഒട്ടനവധി സിനിമകളിൽ അതിനുമുമ്പ് കണ്ടതാണെങ്കിലും സൗകര്യപൂർവം കണ്ണടയ്ക്കാം. സംഭാഷണങ്ങൾ തെലുങ്കിലായതോണ്ട് അതിലെ ആവർത്തനവിരസത ഉൾക്കൊള്ളേണ്ടതില്ല എന്നൊരു ആശ്വാസമുണ്ടല്ലോ.

മലയാളികളെ മുന്നിൽ കണ്ടാണോ എന്തോ നിത്യാമേനോൻ, അനു ഇമ്മാനുവേൽ എന്നിവരുടെ ഗസ്റ്റ് റോളുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട് സിനിമയിൽ. കാറ് പഞ്ചറായി വഴിയിൽ കുടുങ്ങുന്ന നിത്യയോട് അവിടെ നിൽക്കുന്ന നായകൻ കഥ പറയുന്ന രീതിയിൽ ആണ് ഗീതാഗോവിന്ദത്തിന്റെ ആഖ്യാനം. അനുവിനെ ആണെങ്കിൽ വെറുതെ ഒരു പാട്ടിന് വേണ്ടി തിരുകിക്കയറ്റിയതാണ്.

ഏതായാലും കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദനത്തിൽ വന്ന മാറ്റങ്ങൾ തിയേറ്ററുകാരെയും വിതരണക്കാരനെയും ഒരുപോലെ ഞെട്ടിച്ചെന്ന് സംസാരത്തിൽ നിന്ന് മനസിലായി. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ലാത്ത തിയേറ്ററിൽ അതിനുള്ള സംവിധാനമായി. ചുമരുകളിൽ ഒട്ടിക്കാനുള്ള തെലുങ്ക് പോസ്റ്ററുകൾ എത്തിച്ചേർന്നു. ഇതേത്തുടർന്ന് അർജുൻ റെഡ്ഡി പോലുള്ള സിനിമകൾ തനിത്തെലുങ്കായി തന്നെ മുൻ പ്രാബല്യത്തോടെ തിയേറ്ററുകളിൽ എത്തിക്കാൻ അണിയറയിൽ നടക്കുന്നതായി അറിയുന്നു. നല്ലതിനോ ചീത്തതിനോ എന്നൊക്കെ ആർക്കറിയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍