UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡില്‍ എന്തുകൊണ്ട് പുരുഷതാരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നു? ആമിര്‍ ഖാന്‍ പറയുന്നു

നമ്മുടെ ബാലകഥകളില്‍ പോലും ആണുങ്ങളാണ് നായകന്മാരും രക്ഷകരും

ബോളിവുഡില്‍ പ്രതിഫല കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഉണ്ടോ? ഈ ചോദ്യത്തിന് ആമിര്‍ ഖാന് വ്യക്തമായ ഉത്തരമുണ്ട്. ഹിന്ദി സിനിമാലോകത്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരില്‍ മുമ്പനായ ആമിര്‍ പറയുന്നത് ഇവിടെ പ്രതിഫലം നിശ്ചയിക്കുന്നത് ലിംഗ വ്യത്യാസം നോക്കിയല്ലെന്നും തിയേറ്ററിലേക്ക് ആളെ കയറ്റാന്‍ ആര്‍ക്കു കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്നുമാണ്. ദംഗല്‍ ഗേള്‍ സൈറ വാസിം പ്രധാന കഥാപാത്രമായി വരുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി ആമിര്‍ വരുന്നുണ്ട്. സൈറയും ആമിറും പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയിലായിരുന്നു ബോളിവുഡിലെ പ്രതിഫലത്തെ ബന്ധപ്പെടുത്തി ആമിറിനോട് ചോദ്യമുണ്ടായത്.

സിനിമയില്‍ രണ്ടുതരത്തില്‍ പ്രതിഫലം ഉണ്ട്. ഒന്ന് നിങ്ങള്‍ ചെയ്ത വര്‍ക്കിന് അനുസരിച്ചുള്ളത്. അതെല്ലാവര്‍ക്കും ഒരുപോലെയായിരിക്കും. സാങ്കേതികപ്രവര്‍ക്കും അഭിനേതാക്കള്‍ക്കു തുല്യമായ പ്രതിഫലം തന്നെ ലഭിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രതിഫലത്തിലെ മറ്റൊരു തലം കൂടിയുണ്ട്. ഒരു സിനിമയെടുത്താല്‍, ആ സംഘത്തില്‍ ഒന്നോ രണ്ടോ പേര്‍ കാണും, അവരായിരിക്കും തിയേറ്ററിലേക്ക് ആളെ കൊണ്ടുവരുന്നത്. മറ്റുള്ളവര്‍ക്ക് അതുപോലെ കഴിയണമെന്നില്ല. ഇതിനെയാണ് നമ്മള്‍ സ്റ്റാര്‍ഡം എന്നു വിളിക്കുന്നത്. സലിം-ജാവേദിനെ പോലുള്ള എഴുത്തുകാര്‍, എ ആര്‍ റഹ്മാനെ പോലുള്ള സംഗീത സംവിധായകര്‍ അങ്ങനെ ആരെങ്കിലുമൊക്കെ. ആര്‍ക്കാണോ തിയേറ്ററിലേക്ക് ജനങ്ങളെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ കഴിയുന്നത് അവര്‍ക്ക് സിനിമയില്‍ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്നു. സൈറയ്ക്ക്( സൈറ വാസിം) എന്നാണോ എന്നെക്കാള്‍ കൂടുതലായി തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നത്, അന്ന് അവള്‍ എനിക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങും. അവിടെ ലിംഗവ്യത്യാസം ഒരു തടസമാകില്ല; ആമിര്‍ വ്യക്തമാക്കുന്നു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ പറയുകയാണെങ്കില്‍, ഞാന്‍ നിങ്ങളെ ആണെന്നോ പെണ്ണന്നോ മൃഗമെന്നോ ഒന്നും വേര്‍തിരിച്ചു കാണില്ല, നിങ്ങള്‍ എനിക്ക് നേട്ടം ഉണ്ടാക്കി തരുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അധികമായി പ്രതിഫലം തരാന്‍ തയ്യാറാണ്.

പുരുഷതാരങ്ങളെ സൃഷ്ടിച്ചത് സമൂഹത്തിന്റെ മനഃസ്ഥിതിയാണെന്നും ആമിര്‍ പറയുന്നു. പുരുഷാധിപത്യ സമൂഹത്തിലാണ് ആണ്‍ താരങ്ങള്‍ക്ക് കൂടുതല്‍ ആരാധകര്‍ ഉണ്ടാകുന്നത്. നടികളെക്കാള്‍ കൂടുതല്‍ പ്രതിഫലം നടന്മാര്‍ വാങ്ങുന്നതും അതുകൊണ്ടാണ്. നടന്മാരെ കണ്ടാണ് നമ്മുടെ പ്രേക്ഷകരില്‍ കൂടുതല്‍പേരും തിയേറ്ററുകളിലെത്തുന്നത്. നമ്മുടെ കുട്ടിക്കഥകളില്‍ പോലും ആണുങ്ങളാണ് നായകന്മാരും രക്ഷകരുമൊക്കെ. ഇതൊക്കെ പുരുഷതാരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിന് കാരണമാണ്. ആണുങ്ങളാണ്, പെണ്ണുങ്ങളല്ല ഹീറോകള്‍ എന്നൊരു വിചാരമുണ്ട് നമുക്ക്, അത് മാറണം; ആമിര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പോഴും ആമിര്‍ പറയുന്നത് സിനിമയില്‍ സ്ത്രീ-പുരുഷ അസമത്വം ഇല്ലെന്നാണ്. അത്തരത്തില്‍ ഒരു വേര്‍തിരിവ് ഇവിടെയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല; ആമിര്‍ പറയുന്നു. ഒരു സിനിമയെടുത്തു നോക്കിയാല്‍ പ്രാധാന്യമുള്ള ജോലി നിര്‍വഹിക്കുന്ന നിരവധി സ്ത്രീകളെ കാണാന്‍ കഴിയുമെന്നും ആമിര്‍ പറയുന്നു.

എന്റെ ഭാര്യ കിരണ്‍ റാവു, റീമ കഗ്ട്ടി, ഫറ ഖാന്‍ എന്നിവര്‍ക്ക് പുരുഷ സംവിധായകരില്‍ നിന്നും എന്തെങ്കിലും വ്യത്യാസം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. അവരുടെ ലിംഗം അവിടെയൊരു ഘടകമേയല്ല. നമുക്കെല്ലാവര്‍ക്കും ഒരേ പദവിയാണ്; ആമിര്‍ തന്റെ അഭിപ്രായം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍