UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ജോർജേട്ടൻസ് പൂരം: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറുന്ന അതേ ഫീലിംഗ്

യുക്തിരാഹിത്യവും നിർവികാരതയും ചേർന്ന ഒരു അനുഭവമാണ് ജോർജേട്ടൻസ് പൂരത്തിലെ കബഡി

അപര്‍ണ്ണ

ആറു മാസത്തിലധികം നീണ്ട ഇടവേളക്കും കുറെ വിവാദങ്ങൾക്കു ശേഷം വരുന്ന ദിലീപ് സിനിമയാണ് ജോർജേട്ടൻസ് പൂരം. കുട്ടികൾ, അവധിക്കാലം തുടങ്ങിയ പതിവ് ടാർഗെറ്റുകളിലേക്കാണ് ഈ സിനിമയും വരുന്നത്. ദിലീപിന്റെ തൃശൂർ സ്ലാങ് ആണ് ഹൈലൈറ്റ്. പതിവ് ‘ജനപ്രിയ’ ചേരുവകളുടെ അകമ്പടി വിളിച്ചോതുന്നതായിരുന്നു സിനിമയുടെ പ്രചാരണ ഐറ്റങ്ങള്‍ എല്ലാം.

ജോർജ് വടക്കൻ (ദിലീപ്) ഒരു പള്ളീലച്ചന്റെ മോനാണ്. അച്ചനോ ബിഷപ്പോ ഒക്കെ ആകാനാണ് അവനെ വളർത്തുന്നത്. എന്നാൽ കൂട്ടുകാർക്കൊപ്പം ഉഴപ്പി അലഞ്ഞു തിരിഞ്ഞു നടക്കാനാണ് അയാൾക്ക്‌ താത്പര്യം. നാട്ടിലെ ഒരു ഗ്രൗണ്ടാണ് അയാളുടെയും കൂട്ടുകാരുടെയും അഭയസ്ഥാനം. നാട്ടിലെ അന്തർദേശിയ കബഡി താരം മത്തായി കബഡി പരിശീലന കേന്ദ്രമാക്കി മാറ്റാൻ ഉദ്ദേശിച്ച ആ ഗ്രൗണ്ട് അയാളുടെ അപ്രതീക്ഷിത മരണത്തോടെ നാട്ടിലെ ആൺകുട്ടികളുടെയും മുതിർന്ന പുരുഷൻമാരുടെയും വിശ്രമ സങ്കേതവും കള്ളുകുടി കേന്ദ്രവുമൊക്കെ ആവുന്നു. ഇത്തരം ഒരു കൂട്ടത്തിന്റെ തലവനാണ് ജോർജ്. വീട്ടിൽ നിന്ന് വഴക്കിട്ടാലും ബഹളം വച്ചാലും എന്തെങ്കിലും ചർച്ചക്കും വായ്നോട്ടത്തിനും ഒക്കെ ഇവർ വന്നിരിക്കുന്ന ഇടമാണ് ഇത്. ഈ അലമ്പുകൾക്കിടയിൽ ജോർജിന് കന്യാസ്ത്രീ ആകാൻ പഠിക്കുന്ന മെർലിനുമായി (രജിഷ വിജയൻ) പ്രണയവുമുണ്ട്. ഇവർ പറമ്പിൽ പോയിരുന്ന് കള്ളു കുടിച്ചു ‘തമാശ’ പറയുന്നതും ഈ ‘പ്രണയ’വും മാത്രമാണ് ഒന്നാം പകുതി. അപ്രതീക്ഷിതമായി പറമ്പിന് പുതിയ അവകാശി വരുന്നു. ‘സ്ഥലത്തെ പ്രധാന പയ്യൻസ്’ കബഡി കളിച്ച് ആ അവകാശിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതാണ് രണ്ടാം പകുതി.

അശ്ലീലവും മനുഷ്യവിരുദ്ധമായ തമാശ എന്ന മട്ടിൽ പടച്ചു വിടുന്ന കുറെ സംഭാഷണങ്ങളുമാണ് സമീപകാല ദിലീപ് സിനിമകളുടെ ഹൈലൈറ്റ്. കയറ്റട്ടെ, ഇരിക്കട്ടെ, പ്രസവിപ്പിക്കട്ടെ എന്ന മട്ടിലുള്ള സംഭാഷണങ്ങൾ തിരുകി കയറ്റാൻ വേണ്ടിയാണ് മിക്ക സിനിമകളും വരുന്നത് തന്നെ. ദോഷം പറയരുതല്ലോ ഇത്തരം സംഭാഷണങ്ങൾക്ക് നല്ല വിജയസാധ്യത ഉള്ളത്രയും ലൈംഗിക നൈരാശ്യം ബാധിച്ച ഒരു കയ്യടിക്കൂട്ടം നമുക്ക് ചുറ്റുമുണ്ട്. ആ കൂട്ടം അവരെ തന്നെ വിളിക്കുന്നത് ശരാശരി പ്രേക്ഷകർ, സാധാരണ പ്രേക്ഷകർ എന്നൊക്കെയാണ്. തിയറ്റർ പേറ്റന്റിനൊപ്പം കലർപ്പു കലരാത്ത പ്രേക്ഷകകൂട്ടവും തങ്ങളാണെന്ന ആ അഹംബോധം പേറുന്നവരാണിവർ. അവർക്കു വേണ്ടി തന്നെയാണ് ഈ സിനിമയും എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പൂരത്തിന്റെ ആദ്യ പകുതിയും.

ട്യൂഷൻ ടീച്ചറുടെ കുളി, സ്ക്കൂൾ കാലത്ത് എത്തി നോക്കിയാണ് ജോര്‍ജും കൂട്ടരും തങ്ങളുടെ അലമ്പ് ജീവിതം തുടങ്ങുന്നത്. എത്തി നോക്കുന്ന കുളിയിൽ ചുരുങ്ങുന്ന മലയാളി ലൈംഗിക ഭാവനകൾ ദശാബ്ദങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ആ ‘അമ്മായിക്കാലം’ കഴിഞ്ഞ ട്യൂഷൻ ടീച്ചർ പിന്നീട് ചീഞ്ഞു തുടങ്ങിയ ഒരു പരിഹാസ വസ്തുവാകുന്നു. ആ പരിഹാസം അവരുടെ ഭർത്താവിനോട് തന്നെ ജോർജ് പങ്കുവെക്കുന്നുണ്ട്. ഒരു പെണ്ണിന് വേണ്ട മൂന്നു കാര്യങ്ങൾ അവൾക്കില്ല എന്ന് നായികയെ പറ്റി കേൾക്കുമ്പോൾ അവളെ അടിമുടി നോക്കി ഉണ്ടല്ലോ എന്നുറപ്പു വരുത്തുന്ന നായകനും കൂട്ടുകാരും, കുട്ടികളെ കൊണ്ട് നിറഞ്ഞ മുസ്ലിം ചെറുപ്പക്കാരന്റെ വീട് തുടങ്ങി പതിവ് രീതികളെ കൈവിടാതെ തന്നെയായിരുന്നു ഈ സിനിമയുടെയും തുടക്കം. പക്ഷെ പിന്നീട് വരുന്ന കബഡി മത്സരം അടക്കമുള്ള രംഗങ്ങൾ ഈ വൈകൃതങ്ങൾ ആഗ്രഹിച്ചു പോയവരെ പോലും നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു. ഏതാണ്ട് ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ പോയ അതേ അവസ്ഥ എന്ന് ചുരുക്കം.

1983 ആണെന്ന് തോന്നുന്നു സ്പോർട്സ് സിനിമകളെ മലയാളത്തിൽ ഇത്രയുമധികം ജനകീയമാക്കിയത്. സ്പീഡ് പോലെയുള്ള സിനിമകൾ ഇടയ്ക്കു വന്നു പോയതൊഴിച്ചാൽ അതിനു മുന്നേ മലയാളത്തിൽ ആ വിഭാഗത്തിന് അത്ര കണ്ടു ജനകീയത ഉണ്ടായിരുന്നില്ല. പിന്നീട് കവി ഉദ്ദേശിച്ചത് വരെയുള്ള സിനിമകൾ ഒന്നും തന്നെ ശരാശരിക്ക് മുകളിൽ പോയില്ല. ഈ സിനിമ ആവട്ടെ ഒരു കായിക സിനിമ എന്ന രീതിയിൽ ദയനീയത അതിന്റെ പരകോടിയിൽ നിൽക്കുന്ന ഒന്നായിരുന്നു. യുക്തിയും വൈകാരികതയും സമം ചേർത്തതാണ് സ്പോർട്സ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ യുക്തിരാഹിത്യവും നിർവികാരതയും ചേർന്ന ഒരു അനുഭവമാണ് ജോർജേട്ടൻസ് പൂരത്തിലെ കബഡി.

ഫാൻസ്‌ അസോസിയേഷനും മറ്റും കയ്യടിച്ച് ‘ഞാൻ എന്നെ തന്നെ വിളിക്കുന്നത്, ജനപ്രിയ നായകൻ ന്നാ’ എന്ന് പറയുന്ന തരത്തിലുള്ള തമാശകൾ വിളിച്ചു കൂവേണ്ട കാലം എന്നെ കഴിഞ്ഞു. സിനിമ ക്രാഫ്റ്റ് ആവണ്ട, ആർട്ട് ആവണ്ട, ജനകീയം പോലുമാവണ്ട. തങ്ങൾ തന്നെ പണിയിച്ച, ഊട്ടിയുറപ്പിച്ച കസേരകൾ ആടുന്നതെങ്കിലും തിരിച്ചറിയുന്ന വിഗ്രഹ നായകന്മാർക്ക് തിരിച്ചറിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഈ അലമ്പ് ഗാങിന് ഇൻ ഹരിഹർ നഗർ അനുകരണങ്ങളിൽ നിന്ന് മോചനമെങ്കിലും കിട്ടിയിരുന്നെങ്കിൽ ഒരു രംഗം എങ്കിലും ബോറടിക്കാതെ കണ്ടിരിക്കുകയെങ്കിലും ആവാമായിരുന്നു. ഗെഡീ എന്നൊക്കെ നീട്ടി വിളിച്ച് തൃശൂർ ഭാഷയെ എല്ലാ നടന്മാരും കൂടി ചേർന്ന് ഇത്രയും വൃത്തികേടാക്കുന്നതിന്റെ യുക്തിയും പിടികിട്ടുന്നില്ല.

സംസ്ഥാന അവാർഡ് നേടിയ ഒരു നടിക്ക് ചെയ്യാൻ കിട്ടുന്ന വേഷം കണ്ടാൽ സങ്കടം തോന്നും. സമീപകാലത്തു ലഭിച്ച മികച്ച എൻട്രി ആയിരുന്നു രജിഷ വിജയന് അനുരാഗ കരിക്കിൻ വെള്ളത്തിൽ. അതിനു ശേഷം ദിലീപിന്റെ തന്നെ അനുരാഗ കൊട്ടാരത്തിലെ നായികയുടെ ഒരു ഡിറ്റോ വേഷമാണ് രജിഷ ചെയ്യുന്നത്. അതിന്റെ പകുതി പോലും സ്ക്രീൻ പ്രെസെൻസ് ഇല്ലാത്ത ഒരു റോൾ. കാണാൻ ഭംഗിയുള്ള ഒരു രൂപമായി, നല്ല ചുരിദാറും ഇട്ടു നിൽക്കുന്ന ഒരു രൂപം മാത്രമാണ് അവർ ഈ സിനിമയിൽ. വിനയ് ഫോർട്ടും ഷറഫുദ്ധീനും രഞ്ജി പണിക്കരും സുനിൽ സുഖദയും എല്ലാം ക്‌ളീഷേ വേഷങ്ങളിൽ എവിടെയൊക്കെയോ വന്നു പോകുന്നുണ്ട്. അവരോടൊക്കെ ചളി പറഞ്ഞ് ദിലീപ് നിറഞ്ഞു നിൽക്കുന്നു. ആറടിയിൽ അധികം ഉയരമുള്ള മല്ലന്മാരെ കബഡി കളിച്ചു തോൽപ്പിക്കുന്നു. തോപ്പിൽ ജോപ്പന് ശേഷം കബഡിയെ ഇത്ര മോശമായി ഉപയോഗിച്ച സിനിമ കൂടിയാവുന്നു ഇത്. ബോഡി ഷേമിങ്ങും പതിവ് ദിലീപ് സിനിമാ കാഴ്ചയായി ജോർജേട്ടൻസ് പൂരത്തിലും ഉണ്ട്. വലിച്ചു നീട്ടി ഏതാണ്ട് മൂന്നു മണിക്കൂറോളം പ്രേക്ഷകരെ മുഷിപ്പിക്കുന്നുമുണ്ട് ഈ സിനിമ.

ദിലീപ് സിനിമകളുടെ ഫോർമുലകൾ അനുകരിച്ചു വരുന്ന സിനിമകളുടെ വികലാനുകരണം എന്നോ മറ്റോ പറയേണ്ടി വരും ഈ സിനിമയെ. ഫാൻസിനു സംശയമുണ്ടെങ്കിൽ ആദ്യ പകുതി കഴിയുമ്പോൾ കൂട്ടമായി ഇറങ്ങി പോകുന്ന പ്രേക്ഷകരെ കൂടി കാണുക, അവധിക്കാലത്തെ മൂന്നാം ദിവസം ഒഴിഞ്ഞു തുടങ്ങിയ കസേരകൾ കാണുക. അവർക്കു വേണ്ടികൂടിയാണ്, അവരുടേതും കൂടിയാണ് സിനിമകൾ എന്നറിയുക. സുരേഷ് ഗോപി പറഞ്ഞത് പോലെ ‘ഭീഷണി അല്ല, രോദനം; ആ സിനിമ കണ്ടിറങ്ങി പോരാൻ കഴിയാത്ത ഒരുവളുടെ രോദനം’. ഇതിലും കൂടുതൽ ആ സിനിമയെ ചുരുക്കാൻ അറിയില്ല, ഇനി നിർബന്ധമാണെങ്കിൽ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ എന്ന് പറയാം.

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍