UPDATES

സിനിമ

ഒടുവില്‍ നിഹലാനി എന്ന വിവാദരംഗം കട്ട് ചെയ്തു മാറ്റിയിരിക്കുന്നു

സാംസ്‌കാരിക പൊലീസിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം

പഹ്‌ലജ് നിഹലാനിയുടെ വിവാദപൂര്‍ണമായ കാലഘട്ടത്തിന് സര്‍ക്കാര്‍ തിരശീലയിട്ടുവെന്നത് വളരെ സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്.

നിഹലാനിക്ക് പകരം പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗാനരചയിതാവ് കൂടിയായ പ്രസൂണ്‍ ജോഷിയെ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (സിബിഎഫ്‌സി) ചെയര്‍മാനായി കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് നിയമിച്ചു.

മന്ത്രാലയത്തിന്റെ അധിക ചുമതല സ്മൃതി ഇറാനി ഏറ്റെടുത്ത് ഒരു മാസത്തിന് ശേഷമാണ് നിഹലാനിയുടെ രണ്ടര വര്‍ഷത്തെ സേവനത്തിന് തടയിട്ടിരിക്കുന്നത്. തന്റെ തൊഴിലുമായി ബന്ധപ്പെട്ട ഒരു കൂട്ടം പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടുപോകാന്‍ നിഹലാനിക്ക് സാധിച്ചിരുന്നില്ല.

ദുശ്ശാഠ്യക്കാരനായ അദ്ദേഹം വിവാദങ്ങളുടെ പരമ്പരയില്‍ തന്നെ ഉള്‍പ്പെട്ടു. സാംസ്‌കാരിക പൊലീസിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. സിനിമകളില്‍ ‘നിരോധിക്കപ്പെട്ട’ വാക്കുകളുടെ പട്ടിക പ്രാമാണീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ദൗത്യം.

‘2017 ഓഗസ്റ്റ് പതിനൊന്നു മുതല്‍ മൂന്ന് വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ, ഏതാണ് ആദ്യം സംഭവിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസൂണ്‍ ജോഷിയെ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ അധ്യക്ഷനെന്ന വേതനരഹിത പദവിയില്‍ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സന്തോഷമുണ്ട്’ എന്ന് ഒരു പ്രസ്താവനയില്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു.

നടി വിദ്യ ബാലന്‍, എഴുത്തുകാരന്‍ മിഹിര്‍ ഭൂട്ട, നാടകപ്രവര്‍ത്തകനായ വാമന്‍ കേന്ദ്രെ, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവര്‍ ഉള്‍പ്പെടെ പുതിയ 12 അംഗങ്ങളെ കൂടി സിബിഎഫ്‌സിയില്‍ നിയമിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അടിസ്ഥാന യാതാര്ത്യങ്ങളെ മറന്നതുപോലെ തന്നെ നിഹലാനി ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ചും മറന്നുപോയി. ഇന്ന് നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭാവുകത്വത്തെയും യാഥാര്‍ത്ഥ്യത്തെയും സങ്കീര്‍ണതകളെയും പ്രതിഫലിപ്പിക്കാന്‍ നമ്മുടെ സിനിമയെ അനുവദിക്കാതിരിക്കുന്നിടത്തോളം കാലം സിനിമയ്ക്ക് അതിന്റെ നൈസര്‍ഗ്ഗികത നഷ്ടമാവും.

"പ്രസൂണ്‍

‘എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രതിഭ തെളിയിച്ചയാളും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയായി വളര്‍ന്നുവരികയും ചെയ്ത ജോഷിയെ സിബിഎഫ്‌സിയുടെ തലവനായി നിയമിച്ചത് ഒരു നല്ല സൂചനയാണ്,’ എന്ന് ചലച്ചിത്ര നിര്‍മ്മാതാവും ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ മുകേഷ് ഭട്ട് പറഞ്ഞു.

ഈ നല്ല സൂചന എന്താണെന്ന് സിനിമ ലോകത്തിന് അറിയാം. ‘നിഹലാനിയുടെ നിയമനം നടന്നതിന് ശേഷം അംഗങ്ങള്‍ സന്തുഷ്ടരായിരുന്നില്ല. എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിലുള്ള അതൃപ്തി ഞങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടപ്പെട്ടു,’ എന്ന് സിബിഎഫ്‌സി അംഗം ചന്ദ്രപ്രകാശ് ദ്വിവേദി ചൂണ്ടിക്കാണിക്കുന്നു.

2015 ജനുവരി 19ന് നിഹലാനി ചുമതലയേറ്റത് മുതല്‍ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ‘ഉഡ്ത പഞ്ചാബ്’ എന്ന് ചിത്രത്തിന് 89 കട്ടുകള്‍ നിര്‍ദ്ദേശിക്കും സംസ്ഥാനത്തിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ തീരുമാനം കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വിഷയം മുബൈ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും പ്രദര്‍ശനത്തിന് അനുമതി ലഭിക്കുകയും ചെയ്തു.

‘ശബ്ദത്തില്‍ അശ്ലീലം’ നിറഞ്ഞ ‘സ്ത്രീ കേന്ദ്രീകൃത’ സിനിമയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അലംകൃത ശ്രീവാസ്തയുടെ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച സിബിഎഫ്‌സി നടപടി സമാനമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

"</p

ഷാരുഖന്‍ ചിത്രമായ ജെബ് ഹാരി മെറ്റ് സേജാള്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടും നിഹലാനി വിവാദം ഉയര്‍ത്തി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരേ നിഹലാനി രംഗത്തു വന്നു. ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കണമെങ്കില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അതില്‍ ഒരു ലക്ഷം വോട്ട് നേടണമെന്നായിരുന്നു സെന്‍സര്‍ ബോഡ് ചെയര്‍മാനായിരുന്ന നിഹലാനിയുടെ വിചിത്രമായ ഉപാധി. ഇന്ത്യന്‍ കുടുംബങ്ങളുടെ മനോഭാവം മാറിയോ എന്നും 12 വയസ് പ്രായമുള്ള കുട്ടികള്‍ ഇന്റര്‍കോഴ്‌സിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലേ എന്നും അറിയണമെന്നും നിഹലാനി ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയൊരു വോട്ടെടുപ്പില്‍ ഒരുലക്ഷം പേര്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ചിത്രത്തില്‍ ഉപയോഗിക്കാമെന്ന് വോട്ട് ചെയ്തതായി ഒരു ചാനല്‍ പറഞ്ഞതോടെ ആരോപണവുമായി നിഹലാനി വീണ്ടും രംഗത്തു വരികയുണ്ടായി. ഒരു ലക്ഷം പേര്‍ ഈ വാക്കിന് അനുകൂലമായി വോട്ട് ചെയ്‌തെന്നത് തനിക്ക് വിശ്വസിക്കാനാകില്ലെന്നും ഇത് ഷാരൂഖിന്റെ ആരാധകര്‍ ചെയ്തതായിരിക്കുമെന്നുമാണ് നിഹലാനി പറഞ്ഞത്. ടിക്കറ്റെടുത്ത് സിനിമ കാണുന്ന കുടുംബങ്ങള്‍ വോട്ട് ചെയ്തതിന് തെളിവ് കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

90 കട്ടുകള്‍ നടത്തിയതിനുശേഷവും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ’50 ഷേഡ്‌സ് ഓഫ് ഗ്രേ’, ഒരു ചുംബനരംഗം മുറിച്ചുമാറ്റപ്പെട്ട ഒരു ജയിംസ് ബോണ്ട് പരമ്പരയില്‍ പെട്ട ചിത്രം, ഒരു സ്ത്രീ സ്വവര്‍ഗ്ഗാനുരാഗ രംഗം മുറിച്ചുമാറ്റപ്പെട്ട അറ്റോമിക് ബ്ലോണ്ടെ എന്ന ചാര്‍ലിസ് തെറോണ്‍ ചിത്രം എന്നിവയാണ് നിഹലാനിയുടെ ഉഗ്രകോപത്തിന് ഇരയായ ഹോളിവുഡ് ചിത്രങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍