UPDATES

സിനിമ

ഇതാ ഒരു ഇന്‍റര്‍നാഷണല്‍ ലോക്കല്‍ രമണന്‍, സംവിധായകനാണ്; ഹരിശ്രീ അശോകന്‍/അഭിമുഖം

കഥ പോകുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന തമാശകളാണ് അവയെല്ലാം. അല്ലാതെ ഒരിക്കലും തമാശകൾ കുത്തിനിറയ്ക്കാനുള്ള ശ്രമം എവിടെയും നടത്തിയിട്ടില്ല.-ഒരു ഇൻറർനാഷണൽ ലോക്കൽ സ്റ്റോറിയെ കുറിച്ച് സംവിധായകന്‍

അനു ചന്ദ്ര

അനു ചന്ദ്ര

പാർവ്വതി പരിണയം എന്ന സിനിമയിലെ ‘ഹമ്മ ഹമ്മ’ എന്ന ഗാനം പാടി ഭിക്ഷ യാചിച്ചു വന്ന പിച്ചക്കാരനെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തപ്പോൾ അത് ഹരിശ്രീ അശോകൻ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുകയായിരുന്നു. അതിനുശേഷം സുന്ദരനായും രമണനായും പലകുറി അയാൾ നമ്മളെ പൊട്ടിച്ചിരിപ്പിച്ചു. വർഷങ്ങൾ പലതും കഴിഞ്ഞിട്ടും രമണൻ ട്രോളുകളിലൂടെ നിറഞ്ഞു നിന്നു. നടനെന്ന നിലയില്‍ മലയാളി മനസ്സുകളിൽ സജീവസാന്നിധ്യമായ ഹരിശ്രീ അശോകൻ ഒരു സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഒരു ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി എന്ന സിനിമയിലൂടെ. തന്‍റെ കന്നി സംവിധാന സംരംഭമായ സിനിമയുടെ വിശേഷങ്ങൾ ഹരിശ്രീ അശോകന്‍ അഴിമുഖവുമായി പങ്കു വയ്ക്കുകയാണ് ഇവിടെ.

ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്റർനാഷണൽ ലെവലിൽ തുടങ്ങി ലോക്കൽ ഏരിയയിലൂടെ കടന്നു പോകുന്ന സിനിമ. അല്ലെ?

ഇൻറർനാഷണലിൽ നിന്നും വരുന്ന ഒരു കുടുംബത്തിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. അവർ ചില അനുഭവങ്ങളുമായി നാട്ടിലെത്തുകയും, അവരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന ചില പ്രശ്നങ്ങളും ഒക്കെയാണ് സിനിമയിലൂടെ പറയുന്നത്. അതോടൊപ്പം നല്ലൊരു സൗഹൃദത്തിന്റെ കഥകൂടി നമ്മൾ പറയാൻ ശ്രമിച്ചിട്ടുമുണ്ട്. തീർച്ചയായും ഒരുപാട് തമാശകളിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്. കഥ പോകുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന തമാശകളാണ് അവയെല്ലാം. അല്ലാതെ ഒരിക്കലും തമാശകൾ കുത്തിനിറയ്ക്കാനുള്ള ശ്രമം എവിടെയും നടത്തിയിട്ടില്ല. സന്തോഷം തരുന്നത് എന്തെന്ന് വെച്ചാൽ, തിയറ്ററുകളിൽ ജനങ്ങൾ പൊട്ടിച്ചിരിക്കുന്നുണ്ട് ഈ തമാശകള്‍ ആസ്വദിച്ചിട്ട് എന്നതാണ്. മാത്രമല്ല സിനിമയെ പറ്റി നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു എന്നതും സന്തോഷം തരുന്നു.

അഭിനേതാവായി വന്ന താങ്കൾ ഇത്രയും വർഷം എടുത്തു ഒരു സംവിധായകനാവാൻ. എന്താണ് അതിനു പുറകിലെ കാരണം?

വാസ്തവത്തിൽ സിനിമ സംവിധാനം ചെയ്യണം എന്ന ലക്ഷ്യം പെട്ടെന്ന് വന്ന ഒന്നല്ല. അത് തുടങ്ങിയിട്ട് കുറെ കാലമായി. അത്തരമൊരു സംവിധാനം എന്ന ശ്രമം നടത്തുന്നതിനു മുൻപ് ശരിക്കും പഠിച്ചിട്ടു ഇറങ്ങുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. അങ്ങനെ സിനിമ എനിക്ക് ചെയ്യാമെന്ന ഒരു ധൈര്യവും ആത്മവിശ്വാസവും വന്നപ്പോഴാണ് ഞാൻ സംവിധാനത്തിലേക്ക്‌ മാറുന്നത്. അല്ലാതെ അതിനു പുറകിൽ മറ്റു കാരണങ്ങൾ ഒന്നുമില്ല.

ഹരിശ്രീ പോലുള്ള ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സ്കിറ്റുകൾ സംവിധാനം ചെയ്തുള്ള അനുഭവമൊക്കെ ഉണ്ടായിട്ടില്ലേ?

സ്കിറ്റുകളെ സംബന്ധിച്ചിടത്തോളം അവ ഗംഭീരം ആയിരിക്കണം എന്നതാണ് ആത്യന്തികമായി നമ്മുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അതിൽ എല്ലാവരുടെയും കോൺട്രിബ്യൂഷൻ തീർച്ചയായും ഉണ്ടായിരിക്കും. കോമഡി, മൂവ്മെന്റ്‌സ്, ആക്ഷൻ തുടങ്ങി എല്ലാത്തിലും എല്ലാവരുടെയും കോൺട്രിബ്യൂഷൻ ഉണ്ടാകാറുണ്ട്. പിന്നെ ഞാൻ കോമഡി കൊട്ടേഷൻ എന്നുള്ള ഒരു ഷോ ചെയ്യാറുണ്ട്. അത് ഒരു മെഗാ ഷോ ആണ്. ഏതാണ്ട് മുപ്പതോളം ആളുകളെ വെച്ച് മൂന്ന് മണിക്കൂർ ഉള്ള ഒരു ഷോ. ആ ഷോ ഡയറക്ട് ചെയ്തിരിക്കുന്നത് ഞാൻ തന്നെയാണ്. പക്ഷേ സ്റ്റേജിന് ഒരു പരിമിതി ഉണ്ട്. ആ പരിമിതിയെ നിലനിർത്തികൊണ്ടെ നമുക്ക് ഷോ ചെയ്യാൻ സാധിക്കൂ. സിനിമ അങ്ങനെ അല്ല. അത് വൈഡ് ആണ്. എത്ര വേണമെങ്കിലും സാധ്യതകൾ ഉപയോഗിക്കാനുള്ള അവസരം അവിടെയുണ്ട്. സ്റ്റേജിൽ നടത്തുന്ന സംവിധാനവും സിനിമയിൽ നടത്തുന്ന സംവിധാനവും രണ്ടും രണ്ടു തന്നെയാണ്. പിന്നെ ആളുകളെ കോര്‍ഡിനേറ്റ് ചെയ്യാനുള്ള അനുഭവ സമ്പത്ത് സ്റ്റേജ് ഷോകളിൽ കിട്ടുന്നത് ഭാവിയിൽ സിനിമയിൽ ഉപകരിക്കും.

കന്നി സംവിധാന സംരംഭത്തിൽ മകൻ അർജുൻ അശോക് ഗായകനായി എത്തിയല്ലോ?

അവനെ ഇതിൽ അഭിനയിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ സമയത്ത് അവൻ ജൂൺ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതുകാരണമാണ് ഇതിൽ അഭിനയിക്കാൻ പറ്റാതെ വന്നത്. അങ്ങനെ അവൻ പറഞ്ഞു ഞാൻ ഒരു പാട്ടെങ്കിലും പാടാം എന്ന്. അങ്ങനെയാണ് പ്രൊമോഷൻ സോങ് അവൻ പാടുന്നത്. അത് നല്ല അഭിപ്രായവും നേടി.

ഹാസ്യനടനായി അറിയപ്പെടുന്ന താങ്കൾ ബോധപൂർവമാണോ ആദ്യസിനിമ ഒരു കോമഡി ചിത്രം ആയി തിരഞ്ഞെടുത്തത്?

തീർച്ചയായും. ആദ്യം ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതു കോമഡി ചിത്രമായിരിക്കണം എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. കാരണം ഞാൻ ഒരു സീരിയസ് സിനിമ തുടക്കത്തിലേ സംവിധാനം ചെയ്താൽ അത് ഉൾകൊള്ളാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടായിരിക്കും. ജനങ്ങൾ എന്നിൽ നിന്നും തമാശ സിനിമ പ്രതീക്ഷിക്കുന്ന സമയത്ത് നേർവിപരീതമായി ഞാനൊരു സീരിയസ് സിനിമ ചെയ്തുകഴിഞ്ഞാൽ അത് പണം മുടക്കുന്ന പ്രൊഡ്യൂസറിനെ ബാധിക്കും. അതുകൊണ്ടുതന്നെ ആദ്യം ഒരു തമാശ സിനിമ ചെയ്തതിനുശേഷമേ ഒരു സീരിയസ് സിനിമ എടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ.

താങ്കൾ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് “കൊമേഡിയന്മാരെ കൊണ്ട് തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന്”. താങ്കളുടെ സിനിമയിലും അതു പോലെയാണല്ലോ?

കഥക്ക് അനുയോജ്യമായ കോമഡി നടന്മാരെ ആണ് നമ്മൾ തിരഞ്ഞെടുത്തത്. അത് നമുക്ക് അടുപ്പമുള്ള നടന്മാരേ തന്നെ തെരഞ്ഞെടുത്തുകൊണ്ട് ഫ്രീയായി നമുക്ക് വർക്ക് ചെയ്യാൻ സാധിച്ചു. അവിടെ വലിയ സ്ട്രെയിൻ ഒന്നും എടുക്കേണ്ടി വന്നിട്ടില്ല.

ഹരിശ്രീ അശോകനെ ജനങ്ങൾക്കറിയാം. പക്ഷേ അമ്പ അശോകനെ ജനങ്ങൾക്ക് അറിഞ്ഞെന്നു വരില്ല…

പത്താം ക്ലാസ് കഴിഞ്ഞു കേബിൾ ഇടുന്ന ജോലിക്കു പോയിരുന്നു ഞാൻ. ടെലികോമിൽ. വലിയ ഭാരമുള്ള കേബിൾ പത്തിരുപതു ആളുകളുടെ സഹായത്തോടെ വലിക്കണം. അത് നല്ല വണ്ണം ഉണ്ടാകും. ഒരു താളത്തിൽ വലിച്ചില്ലെങ്കിൽ അത് അനങ്ങില്ല.അപ്പോൾ ഞാൻ അമ്പയിട്ടു കൊടുക്കും. അമ്പ എന്നു പറഞ്ഞാൽ ഈ “ഹേലോ മാലെ ഹേയ്ലസ” എന്നതാണ്. അങ്ങനെ ഡിപ്പാർട്ട്മെൻറ് അമ്പയിടുന്ന ജോലി എനിക്കായിരുന്നു. അതോടെ അമ്പ അശോകൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് ഹരിശ്രീയിലേക്ക് മാറിയപ്പോൾ ഹരിശ്രീ അശോകനും ആയി മാറി.

താങ്കളുടെ അഭിമുഖം എടുക്കുമ്പോൾ രമണനെ ഒഴിവാക്കാന്‍ പറ്റില്ല…

സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സവിത തീയറ്ററിൽ 30 കാർട്ടൂണിസ്റ്റുകൾ വരച്ച എന്റെ വിവിധ കഥാപാത്രങ്ങൾ അണിനിരത്തിയ പ്രദര്‍ശനം ഉണ്ടായിരുന്നു. കാരിക്കേച്ചർ വരച്ച് ഗംഭീരമായി അവരത് ചെയ്തിട്ടുണ്ട്. അപ്പോഴാണ് ഇത്രയൊക്കെ കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ടോ എന്ന് ഞാനും ചിന്തിച്ചത്. അതൊക്കെ അവരുടെ മനസ്സിലുണ്ട് എന്നറിയുമ്പോഴുള്ള സന്തോഷമില്ലേ, അതുപോലെതന്നെയാണ് രമണന്റെ കാര്യത്തിലും എനിക്ക്. രമണൻ എന്ന് പറയുന്നത് ഗംഭീരമായി കോമഡി ചെയ്യാൻ പറ്റിയ ഒരു വേഷമാണ്. അതൊക്കെ ജനങ്ങളുടെ മനസ്സിൽ ഇന്ന് നിലനിൽക്കുന്നത് കൊണ്ടാണ് നിങ്ങൾ ഈ ചോദ്യം പോലും ചോദിച്ചത്.

രമണനെ കുറിച്ച് ചോദിക്കുമ്പോൾ മുതലാളിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാതിരിക്കാൻ ആവില്ലല്ലോ?

മുതലാളിയായി ചെയ്തത് ഹനീഫിക്ക ആയിരുന്നു. അദ്ദേഹത്തെപ്പോലെ ഇത്രയും തമാശ ആസ്വദിക്കുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ടായിരുന്നില്ല. ചെറിയ തമാശകൾക്ക് പോലും ഭയങ്കരമായി പൊട്ടിച്ചിരിക്കുന്ന ആളായിരുന്നു അദ്ദേഹം. അതുപോലെ തന്നെ വളരെ ശുദ്ധനും. അതിലുമുപരി പാവവും. അദ്ദേഹത്തിന്റെ ഒരു തമാശയുണ്ട്. അദ്ദേഹം എവിടെ ഇരുന്നാലും വളരെ പെട്ടെന്ന് ഉറക്കം വരുന്ന ആളാണ്. ഒരു ഉറക്കക്കാരൻ ആണ് എന്നു പറയാം. ലൊക്കേഷനിൽ ആൾ ഉറങ്ങി കിടക്കുന്ന സമയത്ത് ഷൂട്ട് ചെയ്യാനായി അഭിനയിക്കാൻ ആളെ വിളിക്കും. ആൾ എഴുന്നേറ്റു പോയി അഭിനയിച്ചുകഴിഞ്ഞു വേറെ എവിടെയെങ്കിലും പോയി കിടക്കും. അപ്പോൾ ആദ്യം എഴുന്നേറ്റുപോയ സ്ഥലത്ത് ആയിരിക്കും അദ്ദേഹം ഫോൺ വെച്ച് മറന്നിട്ടുണ്ടാവുക. ഫോൺ കാണാതെ അദ്ദേഹം നമ്മുടെ അടുത്ത് വന്നു പറയും എടാ എൻറെ ഫോണിലേക്ക് ഒന്ന് വിളിക്കെന്ന്. നമ്മള് ആൾ പറയുന്ന പോലെ ആളുടെ ഫോണിലേക്ക് വിളിക്കും, അത് റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആൾ ഫോണ് കണ്ടുപിടിക്കും. ഇതെല്ലാം കഴിഞ്ഞ് അൽപം കഴിഞ്ഞാൽ/പിറ്റേ ദിവസം ആൾ നമ്മുടെ ഫോണിലേക്ക് തിരിച്ചു വിളിക്കും. നീ എന്നെ വിളിച്ചിരുന്നോ, നിന്റെ മിസ്‌കോൾ കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു. അന്നതൊക്കെ ഓർത്ത് നമ്മൾ ഒരുപാട് പൊട്ടിച്ചിരിച്ചിരുന്നു. പക്ഷേ ഇന്നു അതൊക്കെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു.

സംവിധാനം ചെയ്ത സിനിമയിൽ തന്നെ ഒരു കഥാപാത്രമായി അഭിനയിക്കുകയും ചെയ്തുവല്ലോ?

ലാൽ, ബാലചന്ദ്രമേനോൻ അങ്ങനെ എത്രയോ പേർ ഇങ്ങനെ ചെയ്യുന്നുണ്ട്. ഷോട്ടിന്റെ ഫ്രെയിമെല്ലാം നമ്മൾ വെച്ചതിനുശേഷം അസോസിയേറ്റിനെ കൊണ്ട് ആക്ഷൻ പറയിപ്പിക്കുന്നു എന്നെ അവിടെ സംഭവിക്കുന്നുള്ളു.

ജഗതി ശ്രീകുമാർ മാത്രമേ കോമഡിയിൽ കാലത്തെ അതിജീവിച്ച് മുന്നോട്ട് വന്നിട്ടുള്ളൂ എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് താങ്കൾ. ഒരു കോമഡി ചിത്രം സംവിധാനം ചെയ്ത താങ്കൾ തന്നെ പറയൂ കാലത്തെ അതിജീവിക്കാൻ സാധ്യതയുള്ള കോമഡി നടൻ ഇപ്പോൾ ആരാണുള്ളത്?

കോമഡിയിൽ എല്ലാവരും ഇപ്പോൾ ഒന്നിനൊന്നു മെച്ചമായി അഭിനയിക്കുന്ന നടന്മാർ തന്നെയാണ്. എല്ലാ നടന്മാർക്കും അവരവരുടേതായ ശൈലിയുണ്ട്. പിന്നെ ജഗതി ചേട്ടൻ എന്നു പറയുന്നത് എത്രയോ തലമുറകളോടൊപ്പം അഭിനയിച്ച ഒരു മഹാനടനാണ്. ആ ഒരു റേഞ്ചിൽ എത്തുക വളരെ പ്രയാസമാണ്. കമലഹാസൻ അഭിനയിച്ച അവ്വൈ ഷൺമുഖി എന്ന സിനിമയിൽ അദ്ദേഹം നാല് മണിക്കൂർ എടുത്തു അത്തരത്തിൽ ഒരു വേഷം ചെയ്യാൻ. പക്ഷെ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന സിനിമയിൽ നിസാര മണിക്കൂറുകൾകൊണ്ട് മേക്കപ്പ് ചെയ്ത് സാരിയുടുത്ത് വന്നപ്പോൾ അമ്പിളിചേട്ടൻ അവ്വൈ ഷണ്മുഖി തന്നെ. ശ്രീകൃഷ്ണൻ ആവണമെങ്കിലും ഭിക്ഷക്കാരൻ ആവണമെങ്കിലും, ഓഫിസർ, അച്ഛൻ, അപ്പൂപ്പൻ തുടങ്ങി ഏത് കഥാപാത്രം ആകണം എങ്കിലും അദ്ദേഹം ഓകെ ആണ്. കാരണം അത്തരത്തിലുള്ള ഒരു മുഖവും രൂപവും അഭിനയമികവും ആണ് അദ്ദേഹത്തിനു ഒത്തിണങ്ങിയിട്ടുള്ളത്. അത്തരമൊരു നടൻ ഒക്കെ വരാൻ അടുത്തകാലത്തൊന്നും സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്.’

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍