UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ഹണിബി 2.5; ഒരു പരീക്ഷണ ചിത്രം (പ്രേക്ഷകര്‍ക്ക്)

രണ്ടാം ഭാഗത്തിനു ശേഷവും ഹണി ബി ഫാന്‍ ആണെങ്കില്‍ മാത്രം ചിലപ്പോള്‍ ഈ സിനിമ രസിപ്പിച്ചേക്കാം

അപര്‍ണ്ണ

ജീന്‍ പോള്‍ ലാലിന്റെ ഹണി ബി ഒരു വിഭാഗം പ്രേക്ഷകര്‍ കൊണ്ടാടിയ സിനിമയായിരുന്നു. ആ വിജയത്തിന്റെ വാണിജ്യ സാധ്യതയെ മുതലെടുത്ത് ഹണി ബി 2 എന്ന സീക്വല്‍ സിനിമക്കുണ്ടായി. ഹണി ബിയുടെ വിജയം ആവര്‍ത്തിക്കാന്‍ രണ്ടാം ഭാഗത്തിനായില്ല. ബോക്‌സോഫീസ് കണക്കുകള്‍ക്കപ്പുറം പല വിവാദങ്ങള്‍ ആ സിനിമക്കു ചുറ്റും നടന്നു. ഒരു നടിയുടെ ബോഡി ഡബ്‌ളിങ്ങ് സംബന്ധിച്ച വിവാദമായിരുന്നു ഏറ്റവുമൊടുവില്‍ കേട്ടത്. ഇത്തരം വിവാദങ്ങള്‍ക്കു നടുവിലേക്കാണ് ഹണി ബി 2-വിന്റെ ഷൂട്ടിംഗ് സൈറ്റില്‍ ഏതാണ്ട് 80 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ച ഹണി ബി 2.5-വുമായി സംവിധായകന്‍ ഷൈജു അന്തിക്കാട് എത്തുന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും ലിജോ മോളും പ്രധാന വേഷത്തിലെത്തുന്നു.

മെറ്റാ സിനിമ വിഭാഗത്തില്‍ കുറെയൊക്കെ പെടുത്താവുന്ന സിനിമയാണ് ഹണി ബി 2.5. പോപ്പുലര്‍ മലയാള സിനിമയില്‍ പൊതുവെ ഇത്തരം പരീക്ഷണങ്ങള്‍ കുറവാണ്. അതു തന്നെയാണ് ഈ സിനിമയുടെ ആകര്‍ഷണവും. വിഷ്ണു (അസ്‌കര്‍ അലി) അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ അഭിനയമോഹിയാണ്. സിനിമയില്‍ തുടര്‍ന്നു പോരുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ കാരണം കിട്ടിയ അവസരങ്ങളില്‍ നിന്നു പോലും പുറന്തള്ളപ്പെടുന്ന ഒരവസ്ഥയില്‍ അയാള്‍ ഹണിബി 2-വിന്റെ ലൊക്കേഷനിലെത്തുന്നു. അവിടെ അയാള്‍ ചാന്‍സിനായി നടത്തുന്ന കഠിന ശ്രമങ്ങളും നേരിടേണ്ടി വരുന്ന ദുരന്താനുഭവങ്ങളും, ടച്ച് അപ്പ് ഗേളും അഭിനയമോഹിയുമായ കണ്മണിയും (ലിജോമോള്‍) അയാളും തമ്മിലുള്ള പ്രണയവും ഒക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാറേ, ഒരു ഡയലോഗ് പ്ലീസ് എന്ന ടൈറ്റിലിനൊപ്പം ചേര്‍ത്ത വണ്‍ലൈനിലേക്ക് കഥയെ കൂട്ടിയിണക്കാനുള്ള ശ്രമങ്ങള്‍ എന്നും വേണമെങ്കില്‍ ചുരുക്കാം.

"</p

സെബാന്‍ എന്ന ‘ കണ്‍ഫ്യൂസ്ഡ് യങ്ങ് മാനും’ എയ്ഞ്ചലും തമ്മിലുള്ള പ്രണയവും പ്രശ്‌നങ്ങളും അവരുടെ വീടും സൗഹൃദവും ഒക്കെയായിരുന്നു ഹണി ബി കാഴ്ചകള്‍. തൃശൂരിന് മുന്നെ മലയാള സിനിമ പിന്തുടര്‍ന്ന ഫോര്‍ട്ട് കൊച്ചി കാഴ്ചകളില്‍ കൂടിയും ഈ സിനിമ പ്രസിദ്ധമായിരുന്നു. രണ്ടാം ഭാഗം തട്ടിക്കൂട്ട് സ്വഭാവത്തിലായിരുന്നു. അതില്‍ നിന്നും ഹണി ബി 2.5 ഉരുത്തിരിഞ്ഞു വന്ന രീതിയെയാവും ഭൂരിഭാഗം പ്രേക്ഷകരും കൗതുകത്തോടെ നോക്കിയത്. ഒരു സീക്വലിന്റെയും മെറ്റാസിനിമയുടെയും ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത തരം ട്രെയിലര്‍ ഹണി ബി സീരിസ് ആരാധകരെ രസിപ്പിച്ചിരുന്നു. ഹണി ബി 2.5 വില്‍ ആകെ പ്രേക്ഷകരെ രസിപ്പിക്കാന്‍ സാധ്യത ആസിഫ് അലി, ശ്രീനാഥ് ഭാസി, ഭാവന, ബാബുരാജ്, ലാല്‍, ജീന്‍ പോള്‍, ബാലു ഒക്കെ തമ്മിലുള്ള കെമിസ്ട്രിയാണ്. ഒരു പരിധി വരെ അറിഞ്ഞോ അറിയാതെയോ സംവിധായകന്‍ സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് വിജയകരമായി നടത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധത്തിലെ അനായാസത വളരെ സ്വാഭാവികമായി സംഭവിക്കുന്നു. ഹണി ബി 2-വിലെ ലിജോ മോളുടെ 2.5-നു വേണ്ടിയുള്ള പാസിംഗ് ഷോട്ടിനെ ഒക്കെ വിജയകരമായി ഉപയോഗിക്കാന്‍ ഇതു കാരണമായിട്ടുണ്ട്. വളരെ കണ്‍വിന്‍സിങ്ങ് ആയി രണ്ടു മണിക്കൂറോളം ഹണി ബി ക്രൂ അവരായി തന്നെ നിറഞ്ഞു നില്‍ക്കുന്നു.

ഇതില്‍ നിന്ന് മാറി ഹണി ബി 2.5 എന്ന സ്വതന്ത്ര സിനിമയിലേക്കു വന്നാല്‍ വളരെ ദുര്‍ബലമായി പറഞ്ഞു ഫലിപ്പിക്കാനാവാതെ നിര്‍ത്തിയ തിരക്കഥയും സിനിമയുമാണത്. ഹണി ബി കൗതുകങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയാല്‍ സിനിമ മെഗാസീരിയലുകള്‍ക്കു വെല്ലുവിളിയുണ്ടാക്കുന്ന തരം മെലോഡ്രാമയാണ്. ഒരു നിഷ്‌കളങ്ക ഗ്രാമീണന്‍ സിനിമാ മോഹങ്ങളുമായെത്തുന്നു എന്നു കേട്ടാല്‍ ആര്‍ക്കും സിനിമ കാണാതെ തന്നെ ഊഹിക്കാവുന്ന കുറെ കഥാനുഭവങ്ങളുടെ ഒരു നിരയാണ് ഹണി ബി 2.5. അയാള്‍ ഷൂട്ടിങ്ങ് സൈറ്റിലെത്തുന്നതു മുതല്‍ ഹാപ്പി എന്‍ഡിംഗ് വരെ നടക്കുന്ന ഒന്നിനും യാതൊരു യുക്തിയും വിശ്വസനീയതുമില്ല. കാലാകാലങ്ങളായി പറഞ്ഞു വന്നതില്‍ നിന്നും ഒരിഞ്ചു പോലും എവിടെയും മാറ്റം സംഭവിച്ചിട്ടില്ല. ഹണി ബി താരങ്ങളുടെ തമാശകളിലും നിറപ്പകിട്ടിലും പോലും സിനിമ മുഴച്ചു നില്‍ക്കുന്നു. ദുരന്തവും പാട്ടും ഇടകലര്‍ത്തി രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട് സിനിമ. തമാശകള്‍ എന്നു പറഞ്ഞ് കാലു തട്ടി പാത്രം വീഴുന്നതും മണ്ടന്‍ കൂട്ടുകാര്‍ ഓടി ചാടുന്നതും ദുരന്തമായി കാണുന്നവര്‍ മുഴുവന്‍, നായകനെ കളിയാക്കുന്നതും പശ്ചാത്തല സംഗീതത്തോടൊപ്പം അവതരിപ്പിക്കുന്നതും കണ്ടാല്‍ പ്രേക്ഷകര്‍ ചിരിക്കുകയും കരയുകയും ചെയ്യുമെന്നും ഇപ്പോഴും സംവിധായകര്‍ കരുതുന്നുണ്ട് എന്നത് വിചിത്രമാണ്. ട്വിസ്റ്റും ടേണുമെല്ലാം ഇതുപോലെ ദയനീയമാണ്. എന്തിനാണെന്നറിയാത്ത കുറെ രംഗങ്ങളും പാട്ടും സിനിമയെ മടുപ്പിക്കാനെ ഉപകരിക്കൂ.

അനാവശ്യമായ ദുരന്ത നാടകങ്ങളും യുക്തിയില്ലാത്ത ട്വിസ്റ്റുകളും ആദ്യ ഭാഗമാവാന്‍ വേണ്ടി കുത്തിനിറച്ച കോമഡികളുമൊക്കെയാണ് ഹണി ബി 2-വിന്റെ ബോക്‌സ് ഓഫീസ് പരാജയത്തിന്റെ കാരണം. അതേ പാത തന്നെയാണ് കൗതുക പരീക്ഷണ സാധ്യത ഉണ്ടായിട്ടും ഹണി ബി 2.5-വും പിന്തുടരുന്നത്. നിങ്ങള്‍ രണ്ടാം ഭാഗത്തിനു ശേഷവും ഹണി ബി ഫാന്‍ ആണെങ്കില്‍ മാത്രം ചിലപ്പോള്‍ ഈ സിനിമ രസിപ്പിച്ചേക്കാം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍