UPDATES

സിനിമ

തമിഴ് സിനിമയില്‍ പൂക്കുന്ന ‘മിഷ്കിനെസ്ക്’ കാലം

തോക്കുകളും ബോംബുകളും ഉറക്കെ ശബ്ദിക്കുമ്പോഴും ജീവിതഗന്ധിയായി കഥ പറയുന്ന തുപ്പരിവാളന് രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ചര്‍ച്ചകളിലാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു

ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ കഴിഞ്ഞ ഒരു ദശകമെടുത്താല്‍, പരീക്ഷണങ്ങളും, പുതുവഴികള്‍ക്കായുള്ള അന്വേഷണങ്ങളും ഏറ്റവുമധികം നടന്നത് തമിഴ് സിനിമയിലാണെന്ന് കാണാം. ഒരു കൂട്ടം യുവ സംവിധായകരുടെ ധീരമായ ശ്രമങ്ങളുടെ ഫലമായി, ചെറിയൊരു സിനിമാവസന്തമാണ് തമിഴില്‍ സംഭവിക്കുന്നത്. സാമ്പ്രദായിക സിനിമാ രീതികളില്‍ നിന്നും മീഡിയത്തെ മോചിപ്പിച്ച്, ഘടനയില്‍ നൂതനമായ പരിഷ്കാരങ്ങളോടെ ചിത്രങ്ങളൊരുക്കി ശ്രദ്ധേയരായ തമിഴ് സംവിധായകരിലെ ട്രെന്‍ഡ് സെറ്റര്‍മാരില്‍ ഒരാളാണ് മിഷ്കിന്‍.

2006-ല്‍ റിലീസ് ചെയ്ത ‘ചിത്തിരം പെശുതെടീ’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മിഷ്കിന്‍ ഒരുപിടി വ്യത്യസ്തങ്ങളായ സിനിമകളിലൂടെ തമിഴകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളായി മാറിക്കഴിഞ്ഞു. നിരൂപകപ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരേപോലെ കരസ്ഥമാക്കുന്നത് ശീലമാക്കിയ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിശാല്‍ നായകനായ ‘തുപ്പരിവാളന്‍’. കനിയന്‍ പൂങ്ങുണ്ട്രന്‍ എന്ന പ്രൈവറ്റ് ഡിറ്റക്ടിവിന്‍റെ ജീവിതത്തിലൂടെ, തനി മിഷ്കിന്‍ ശൈലിയില്‍ ചില മനുഷ്യരെയും, അവര്‍ ചെന്നെത്തുന്ന അപരിചിതമായ ജീവിത സന്ദര്‍ഭങ്ങളെയും ഇവിടെ അനാവരണം ചെയ്യുകയാണ്. കച്ചവട സിനിമയുടെ സങ്കേതങ്ങളെയും പോപ്പുലര്‍ കാഴ്ചാ സംസ്കാരത്തേയും പൂര്‍ണമായും തള്ളിക്കളയാതെ, തികച്ചും അസാധാരണമായ ശൈലിയില്‍ രൂപപ്പെടുത്തിയ ‘തുപ്പരിവാളന്‍’ ബോക്സ് ഓഫീസില്‍ വന്‍ വിജയമായിക്കഴിഞ്ഞു. വിശാല്‍, ഭാഗ്യരാജ്, പ്രസന്ന, സിമ്രാന്‍ തുടങ്ങി തമിഴ് സിനിമയിലെ നിരവധി പ്രഗത്ഭരെ ഒരുമിച്ച് അണി നിരത്തിയുള്ള സംവിധായകന്‍റെ ആദ്യത്തെ സിനിമാ ശ്രമം എന്ന നിലയ്ക്കും ചിത്രം ശ്രദ്ധേയമാണ്.

താരാരാധനയുടെ എറ്റവും രൂക്ഷമായ അവസ്ഥാന്തരങ്ങള്‍ തമിഴകത്തിന്‍റെ പ്രത്യേകതയാണ്. മുഖ്യധാരാ നായക നടന്മാരുടെ ബിംബത്തെ മാത്രം കേന്ദ്രീകരിച്ച്, തുടര്‍ച്ചയായി ഒരേ തരം സിനിമകള്‍ നിര്‍മിക്കപ്പെടുകയും, പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം. രജനി കാന്തിനും, കമല്‍ ഹാസനും ശേഷം വിജയ്‌, സൂര്യ, അജിത്‌ എന്നിവരില്‍ എത്തി നില്‍ക്കുന്ന ഈയൊരു ഭീമന്‍ ഘടനയോട് മല്ലിട്ടാണ് സമാന്തര സിനിമകളും പരീക്ഷണങ്ങളും അവിടെ നിരന്തരം സംഭവിക്കുന്നത്.

ഗ്രാമീണ ജീവിതത്തെയും പ്രണയത്തിന്‍റെ സങ്കീര്‍ണമായ നേരവസ്ഥകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു പിടി ചിത്രങ്ങള്‍ (മൈന, അങ്ങാടിത്തെരു, പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, നാടോടികള്‍) തുടങ്ങി വച്ച ഈ തരംഗത്തിന് തുടര്‍ച്ചയുണ്ടാവുന്നത് മിഷ്കിന്‍, കാര്‍ത്തിക് സുബ്ബരാജ് (പിസ്സ, ജിഗര്‍തണ്ട, ഇരൈവി), പാ. രഞ്ജിത്ത് (മദ്രാസ്‌, കബാലി), വെട്രിമാരന്‍ (ആടുകളം, വിസാരണ), ബാല (നാന്‍ കടവുള്‍) തുടങ്ങിയവരിലൂടെയാണ്. അപ്പോഴേക്കും ക്ലീഷേ രൂപങ്ങളിലേക്ക് മാറിത്തുടങ്ങിയിരുന്ന ഗ്രാമീണ-പ്രണയ കഥാപരിസരങ്ങളില്‍ നിന്ന് സമൂലമായൊരു മാറ്റവും ദൃശ്യപ്പെടുകയായിരുന്നു. പ്രതിഭാധനരായ ഈ സംവിധായകരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയന്‍ കൂടിയാണ് സ്വന്തം ശൈലിയില്‍, തന്‍റെ കാഴ്ചപ്പാടില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെ സിനിമകള്‍ ചെയ്യുന്ന മിഷ്കിന്‍. ‘മിഷ്കിനെസ്ക്ക്’ എന്ന് പോലും വിളിക്കാവുന്ന വ്യത്യസ്തമായ രൂപശൈലീ മാതൃക പിന്തുടരുന്ന സംവിധായകന്‍, തമിഴ് സിനിമയിലെ പൂര്‍വികരില്‍ നിന്നും മാറി നടന്നുകൊണ്ടാണ് സെല്ലുലോയ്ഡില്‍ ജീവിതങ്ങള്‍ വരച്ചിടുന്നത്.

ഷണ്മുഖരാജ എന്നതായിരുന്നു മിഷ്കിന്‍റെ ആദ്യത്തെ പേര്. വിഖ്യാത റഷ്യന്‍ നോവലിസ്റ്റ് ഫയദോര്‍ ദസ്ത്യോവ്സ്കിയുടെ ‘ഇഡിയററ്’ (Idiot) എന്ന നോവലിലെ പ്രിന്‍സ് മിഷ്കിന്‍ എന്ന കഥാപാത്രത്തോടുള്ള ആരാധനയാണ് ഈ പേര് സ്വീകരിക്കാനുള്ള കാരണം. അന്‍ജാതെ, നന്ദലാല, ഓനായും ആട്ടിന്‍കുട്ടിയും, യുദ്ധം സെയ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമയില്‍ തന്‍റെതായ ഒരിടം ഉറപ്പിക്കുകയായിരുന്നു. നന്ദലാല, ഓനായും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലെ മുഖ്യ വേഷത്തില്‍ അഭിനയിച്ചതും മിഷ്കിനാണ്. പോപ്പുലര്‍ തമിഴ് സിനിമയുടെ പ്രിയപ്പെട്ട സങ്കേതങ്ങളായ അതിവൈകാരികതയും അനാവശ്യ ഗാനരംഗങ്ങളും കൈയൊഴിയുമ്പോള്‍, കഥയുടെയും കഥാപാത്രങ്ങളുടെയും ആഴവും പരപ്പുമാണ് ചിത്രങ്ങളുടെ മൂലധനം. കാണിയെ കഥാപാത്രത്തിന്‍റെ ഉള്ളാഴങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും അനായാസകരമായി നയിക്കുന്നിടത്താണ് ‘മിഷ്കിനെസ്ക്’ എഫക്ററ് അതിശയകരമാം വണ്ണം പ്രവര്‍ത്തിക്കുന്നത്.

മിഷ്കിന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് പൊതുവായുള്ള നിരവധി സവിശേഷതകളുണ്ട്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ എല്ലാ വിധങ്ങളായ ദൗര്‍ബല്യങ്ങളും കുറവുകളുമുള്ള സാധാരണക്കാരും, അസാധാരണമായി ജീവിതസന്ദര്‍ഭങ്ങളോട് പ്രതികരിക്കുന്നവരും ഇവിടെയുണ്ട്. വിധിയാല്‍ നയിക്കപ്പെട്ട് തികച്ചും അപരിചിതമായ തുരുത്തുകളില്‍ എത്തപ്പെട്ട മനുഷ്യര്‍, മനസ് കൊണ്ട് സംസാരിക്കുന്ന സിനിമാ മുഹൂര്‍ത്തങ്ങള്‍, മനസു കൊണ്ട് കഥ പറയുന്ന ഈ സംവിധായകന്‍റെ ക്രാഫ്റ്റിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു. തിരശീലയില്‍ ജീവിതം പൂക്കുന്ന അത്യപൂര്‍വമായ നിമിഷങ്ങള്‍ കൂടിയാണ് മിഷ്കിന്‍ സിനിമകള്‍.

പ്രണയത്തിന്‍റെ ഉള്‍വഴികളും ബന്ധങ്ങളുടെ സങ്കീര്‍ണ്ണ മാനങ്ങളും കൃത്യമായി അപഗ്രഥിച്ച ‘ചിത്തിരം പേശുതെടി’, ക്രൈം ത്രില്ലെര്‍ ‘അന്‍ജാതെ’ എന്നീ ഹിറ്റ്‌  ചിത്രങ്ങളിലൂടെയാണ് തമിഴ് സിനിമയിലേക്ക് മിഷ്കിന്‍ കടന്നു വരുന്നത്. തുടര്‍ന്ന് വന്ന ‘നന്ദലാല’ കച്ചവട സാധ്യതകളെല്ലാം അവഗണിച്ച് രൂപപ്പെടുത്തിയ ഹൃദ്യമായൊരു കൊച്ചു സിനിമയാണ്. സ്വന്തം  അമ്മയെ തേടിയിറങ്ങുന്ന ഒരു കുട്ടിയും മാനസികാസ്വാസ്ഥൃമുള്ള ഒരാളും പ്രത്യേക സാഹചര്യത്തില്‍ തമ്മില്‍ കണ്ടുമുട്ടുകയും ഒരുമിച്ച് യാത്ര തുടരേണ്ടി വരികയും ചെയ്യുകയാണ്. നോര്‍വേ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ കാണികളുടെ ഇഷ്ട ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘നന്ദലാല’, ‘കികുജിരോ’ എന്ന ജപ്പാന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതാണ്. ‘ഓനായും ആട്ടിന്‍കുട്ടിയും’ നിയോ നോയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ്‌. ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയുടെ എല്ലാ മുന്‍ മാതൃകളില്‍ നിന്നും പൂര്‍ണമായും വ്യതിചലിക്കുകയും നവഭാവുകത്വത്തെ സ്വീകരിക്കുകയും ചെയ്ത ഈ ചിത്രം മിഷ്കിന്‍ന്‍റെ നൂതനവും വ്യത്യസ്തവുമായ സിനിമാറ്റിക് കാഴ്ചപ്പാടിന്‍റെ ദൃഷ്ടാന്തമാണ്.

വാണിജ്യ തമിഴ് പോപ്പുലര്‍ മസാല സിനിമകള്‍ മാത്രം ചെയ്യാറുള്ള വിശാലാണ് ‘തുപ്പരിവാളന്‍’ നിര്‍മിച്ചിരിക്കുന്നത്. കനിയന്‍ എന്ന പ്രൈവറ്റ് ഡിറ്റക്റ്റിവില്‍, തന്‍റെ മെയിന്‍സ്ട്രീം ഇമേജ് കുടഞ്ഞെറിഞ്ഞ വിശാലിനെയാണ് കാണാന്‍ സാധിക്കുക. കുറ്റാന്വേഷണ സിനിമകള്‍ സാധാരണയായി പിന്‍പറ്റാറുള്ള ക്ലീഷേ മാതൃകകളെ പാടെ നിഷേധിക്കുന്ന ‘തുപ്പരിവാളന്‍’, പ്രേക്ഷക യുക്തിയെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന കഥാവഴികള്‍ മാത്രമാണ് സ്വീകരിക്കുന്നത്. വിശാലിന്‍റെ ആരാധകര്‍ക്കായി തിരുകിക്കയറ്റിയ ഒന്ന് രണ്ട് ആക്ഷന്‍ രംഗങ്ങള്‍ മാത്രമാണ് ഇതിന് ഒരപവാദം.

പ്രേക്ഷകര്‍ക്ക് പ്രവചിക്കാനാവാത്ത വിധത്തിലാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ പ്രതികരിക്കുന്നത്. നിലവിലുള്ള കാഴ്ചാശീലങ്ങളുടെ ഇത്തരത്തിലുള്ള ഒരട്ടിമറി മുന്‍ ചിത്രങ്ങളിലെന്ന പോലെ ഇവിടെയും കാഴ്ച്ചപ്പെടുന്നു. ചിത്രത്തിന്‍റെ ഗൗരവപരമായ ആഖ്യാനപരിസരത്തോട് അതിമനോഹരമായി നര്‍മ്മം കൂട്ടിച്ചേര്‍ത്തിരിക്കുന്നതും എടുത്ത് പറയേണ്ടതുണ്ട്. വയലന്‍സ് മിഷ്കിന്‍ സിനിമകളില്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതി ശ്രദ്ധേയമാണ്. വളരെ സ്വാഭാവികമായി, ഒട്ടും അതിഭാവുകത്വത്തിന് വഴി കൊടുക്കാതെയാണ് ഇത്തരം രംഗങ്ങളെ അദ്ദേഹം ചിത്രീകരിക്കുന്നത്. ഓനായും ആട്ടിന്‍കുട്ടിയുമാണ്‌ ഏറ്റവും മികച്ച ഉദാഹരണം. തുപ്പരിവാളനിലും കഥയുടെ ഗതിവേഗത്തോട് ചേര്‍ന്ന് നിന്നുകൊണ്ട്, അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ പോലും കയ്യടക്കത്തോടെ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടും.

മിഷ്കിന്‍ സിനിമകളുടെ പോരായ്മ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമാണ്. സ്ത്രീ ജീവിതങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും കാര്യമായ പ്രാധാന്യം നല്‍കാതെ എഴുതപ്പെട്ട തിരക്കഥകളുടെ പോരായ്മകളെ മറയ്ക്കുന്നത്, സംവിധായകന്‍റെ സിനിമാറ്റിക് ഭാഷയുടെ വ്യക്തതയാണ്. സിനിമകളുടെ മൂഡ്‌ അനുസരിച്ച് ഒരുക്കുന്ന കളര്‍ പാറ്റേണുകള്‍ വിദഗ്ധമായി കാമറയുടെ നോട്ടത്തെ സന്ദര്‍ഭത്തിനനുസരിച്ച് ഒരുക്കിയെടുക്കുന്നു. ത്രില്ലര്‍ സിനിമകളിലെ ഇരുണ്ട അന്തരീക്ഷവും നന്ദലാല പോലൊരു ചിത്രത്തിന്‍റെ തെളിഞ്ഞ ഫ്രേമുകളും കാണിയെ വളരെ പെട്ടെന്ന് സിനിമയുടെ മൂഡിലേക്ക് ആനയിക്കുകയും, സൂക്ഷ്മമായ തലത്തില്‍ കാണിയും സിനിമയും തമ്മിലുള്ള ആശയലോകത്തെ അനായാസകരമാക്കുകയും ചെയ്യുന്നു. കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്‍ അതിന്‍റെ വേഗം കൊണ്ടും വ്യക്തതത കൊണ്ടും അതിശയിപ്പിക്കും വിധം നവാനുഭവം പ്രദാനം ചെയ്യുന്നുണ്ട്.

‘തുപ്പരിവാളന്‍’ മുഖ്യധാരാ സിനിമയുടെ എല്ലാ സാധ്യതകളെയും ഉപേക്ഷിക്കാതെ തന്നെ, വേറിട്ടൊരു സിനിമാ ശ്രമമായി രൂപം കൊള്ളുന്നതില്‍ വിജയിച്ചിട്ടുണ്ട്. നന്മ-തിന്മ ദ്വന്തങ്ങളെക്കാള്‍, മനുഷ്യ മനസുകളുടെ അനിശ്ചിതത്വത്തില്‍ കാമറ ഫോക്കസ് ചെയ്യുന്ന മിഷ്കിന്‍ മാജിക്‌ ഇവിടെ സുവ്യക്തമാണ്. തോക്കുകളും ബോംബുകളും ഉറക്കെ ശബ്ദിക്കുമ്പോഴും ജീവിതഗന്ധിയായി കഥ പറയുന്ന തുപ്പരിവാളന് രണ്ടാം ഭാഗം ഒരുക്കുന്നതിന്‍റെ ചര്‍ച്ചകളിലാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കാമറയിലൂടെ പച്ചയായ ജീവിതം പറയുന്ന മിഷ്കിന്‍, പുതിയ കാലത്തെ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനാവുന്നതും വെള്ളിത്തിരയിലെ അപരിചിതമായ ഈ മാറി നടത്തത്തിലൂടെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍