UPDATES

സിനിമാ വാര്‍ത്തകള്‍

‘അനൗദ്യോഗിക വിലക്ക് നേരിടുന്നു,അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണം’;ദിവ്യ ഗോപിനാഥ്, ദിവ്യയുമായുള്ള പ്രശ്നം മുമ്പേ പരിഹരിച്ചതെന്ന് അലൻസിയർ

അമ്മയില്‍ നിന്ന് പുറത്തു വന്ന നടിമാരെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യരുതെന്ന് ഫിലിം ഗ്രൂപ്പുകളില്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി നടന്‍ അലന്‍സിയറില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ നടിയാണ് ദിവ്യ ഗോപിനാഥ്. എന്നാൽ വെളിപ്പെടുത്തൽ തന്റെ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും അലന്‍സിയറുമായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ദിവ്യ ഗോപിനാഥ് പറയുന്നു.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിളിച്ച് തന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. പരാതി പോസ്റ്റ് വഴിയും ഇ മെയില്‍ വഴിയും അയച്ചിട്ടുള്ളതായും. എന്തുകൊണ്ടാണ് അത് അവിടെ കിട്ടാത്തതെന്നറിയില്ലെന്നും തന്നെ വിളിച്ചത് മറ്റ് സമ്മര്‍ദങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് കരുതുന്നുവെന്നും ദിവ്യ പറയുന്നു.‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യങ്ങൾ പറയുന്നത്.

പരസ്യമായി അലന്‍സിയര്‍ മാപ്പ് പറയണമെന്നതാണ് തന്റെ ആവശ്യമെന്നും. അത് മോഹന്‍ലാലിനെ അറിയിച്ചിട്ടുള്ളതായും. അലന്‍സിയറുമായി അക്കാര്യം സംസാരിക്കാമെന്നും മീറ്റിംഗ് വിളിക്കാമെന്നും മോഹന്‍ലാല്‍ വാക്ക് നൽകിയെന്നും എന്നാല്‍ അഞ്ചു ദിവസമായിട്ടും അതില്‍ മറുപടി ഉണ്ടായിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു

‘എനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത് എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഡബ്ല്യുസിസിയെ പിന്തുണച്ച പലരും നേരിട്ട പോലെ ഞാനും ഒരു അനൗദ്യോഗിക വിലക്ക് നേരിടുന്നുണ്ട്. അമ്മയില്‍ നിന്ന് പുറത്തു വന്ന നടിമാരെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യരുതെന്ന് ഫിലിം ഗ്രൂപ്പുകളില്‍ നിര്‍ദേശം നല്‍കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.’ ദിവ്യ ഗോപിനാഥ് പറയുന്നു

എന്നാൽ ദിവ്യയുമായുള്ള പ്രശനം മുമ്പേ പരിഹരിച്ചതാണെന്നും ദിവ്യയോട് മാപ്പു പറഞ്ഞുവെന്നും അലന്‍സിയര്‍ പറയുന്നു. അമ്മ പരാതിയുടെ പേരില്‍ ഇതുവരെ സമീപിച്ചിട്ടില്ല. പക്ഷേ താന്‍ ഒരു പാഠം പഠിച്ചുവെന്നും അത് പോസിറ്റീവായി എടുക്കുമെന്നും അലന്‍സിയര്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറയുന്നു

‘ഞാന്‍ എപ്പോഴും ലിംഗഭേദമില്ലാതെയും മോശം ഉദ്ദേശമില്ലാതെയുമാണ് സഹപ്രവര്‍ത്തകരോട് പെരുമാറിയിട്ടുള്ളത്. ദിവ്യയോടും അങ്ങനെ തന്നെയാണ്. അത് ദിവ്യക്ക് കംഫര്‍ട്ടബിള്‍ അല്ല എന്നു കണ്ടപ്പോള്‍ ഞാന്‍ അതില്‍ മാപ്പു പറയുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നും ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം ആ വിഷയം ഉയര്‍ത്തിക്കൊണ്ടി വന്നത് ഞെട്ടലാണുണ്ടാക്കിയത്. അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്.’ അലൻസിയർ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍